'ഞാൻ പ്രകാശൻ' സിനിമയിൽ പ്രകാശനെ പ്രചോദിപ്പിക്കുന്ന ശ്രുതിയായി എത്തിയ അഞ്ജു കുര്യന് ഇപ്പോൾ ആരാധകർ ഏറെയാണ്. നേരത്തെ ചെറിയ വേഷങ്ങളിൽ മിന്നിമാഞ്ഞുപോയിരുന്ന അഞ്ജുവിന്റെ കരിയറിൽ വഴിത്തിരിവായിരിക്കുകയാണ് ഞാൻ പ്രകാശൻ എന്ന സിനിമ. അഞ്ജു ജീവിതത്തിൽ മനുഷ്യരുടെ വലിയൊരു സ്വപ്നം സഫലമാക്കുന്ന ശിൽപിയാണ്- ആർക്കിടെക്ട്. അഞ്ജു വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

അച്ഛൻ, അമ്മ, സഹോദരൻ എന്നിവർക്കൊപ്പം..

കുടുംബം...

കോട്ടയമാണ് സ്വദേശം. അച്ഛൻ അനു കുര്യൻ. അമ്മ സുജ. ചേട്ടൻ മാത്യു കുര്യൻ. ഇതാണ് കുടുംബം. ഞാൻ ജനിച്ച കാലയളവിൽ തന്നെയാണ് അച്ഛൻ തറവാട്ടിൽനിന്നും പുതിയ വീടുവച്ചു താമസം മാറിയത്. അതുകൊണ്ട് എനിക്കും വീടിനും ഏതാണ്ട് ഒരേ പ്രായമാണ്. അടൂരുള്ള അമ്മ വീടാണ് എന്റെ വീടോർമകളിൽ നിറഞ്ഞുനിൽക്കുന്നത്. റബർ തോട്ടത്തിനു നടുക്കുള്ള വീട്, കൂടെ കളിക്കാൻ കസിൻസിന്റെ പട. അവധിക്കാലം അമ്മ വീടിന്റെ കൂടിയായിരുന്നു. പ്ലസ്‌ടു കഴിഞ്ഞപ്പോൾ എൻജിനീയറിങ്ങും മെഡിസിനും പോകില്ല എന്നു നേരത്തെ തീരുമാനമെടുത്തിരുന്നു. ചെറുപ്പം മുതൽ അൽപം വരയ്ക്കുമായിരുന്നു. അങ്ങനെ ആർക്കിടെക്ചർ തിരഞ്ഞെടുത്തു.

ചെന്നൈ വീട്...

കഴിഞ്ഞ എട്ടുവർഷമായി ചെന്നൈ നിവാസിയാണ്. എനിക്ക് രണ്ടാം വീട് എന്നു പറയുന്നത് ഈ നഗരമാണ്. കോളജ് പഠനം ഇവിടെയായിരുന്നു. അതിനുശേഷം രണ്ടു വർഷം ഒരു ആർക്കിടെക്ചർ സ്ഥാപനത്തിൽ ജോലിചെയ്തു. കോളജ് കാലയളവിൽ മോഡലിങ് ചെയ്തിരുന്നു. അതുവഴിയാണ് സിനിമയിലേക്ക് അവസരങ്ങൾ വരുന്നത്. ഇവിടെ വാടകയ്ക്ക് ഫ്ലാറ്റിലാണ് താമസം. വാടകയ്ക്കാണെങ്കിലും ആ ഇടങ്ങൾ ഞാൻ എന്റേതായി മാറ്റിയെടുക്കുമായിരുന്നു. രണ്ടു വർഷം കൂടുമ്പോൾ ഫ്ലാറ്റ് മാറ്റുന്ന സ്വഭാവം എനിക്കുണ്ട്. ഓരോ ഫ്ളാറ്റുകൾക്കും ഒരു ആംബിയൻസ് ഉണ്ടല്ലോ..അതിൽ ഒരു പുതുമ അന്വേഷിക്കുന്നു എന്നുമാത്രം. 

പ്രകാശനിലെ വീടുകൾ...

സത്യൻ സാറിന്റെ സിനിമകളിൽ വീടുകൾക്കെല്ലാം ഒരു പ്രത്യേക ഭംഗിയുണ്ട്. എറണാകുളത്തുള്ള ഒരു പഴയ ക്രിസ്ത്യൻ തറവാടാണ് ശ്രുതിയുടെ വീടായി വേഷമിട്ടത്. അകത്തേക്ക് കയറുമ്പോൾ തന്നെ റെഡ് ഓക്സൈഡ് നിലത്തിന്റെ തണുപ്പ് കാലിലേക്ക് ഇരച്ചുകയറും. ഇപ്പോൾ താമസമില്ലാതെ കിടക്കുകയാണ്. പച്ചക്കറി തോട്ടം സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ടതാണ്. 

ടീന മോളുടെ വീടായി കാണിക്കുന്നത് കൊച്ചി ഞാറയ്ക്കലുള്ള കൊളോണിയൽ ശൈലിയിലുള്ള ഒരു വലിയ തറവാടാണ്. ഒരുപാട് മുറികളുണ്ട് ആ വീട്ടിൽ, അവയെ ബന്ധിപ്പിച്ചു കൊണ്ട് ഇടനാഴികളും നടുമുറ്റവും. ഒരു മേരി ആന്റിയും അങ്കിളുമാണ് അതിന്റെ ഉടമസ്ഥർ. മേരി ആന്റിക്ക് ഗാർഡനിങ് വലിയ ഇഷ്ടമാണ്. ആ വീടിന്റെ മുക്കിലും മൂലയിലും ചെറിയ ചെടികൾ വച്ചിട്ടുണ്ട്. അവിടെ ഒരു ആർക്കിടെക്ട് എന്ന നിലയിൽ എന്നെ ആകർഷിച്ച ഒരു കാര്യമുണ്ട്. വൈദ്യുതി ഉപയോഗിക്കാതെ വെള്ളം ചൂടാക്കുന്ന സംവിധാനം. ഒരു ചരുവത്തിന്റെ അടിയിൽ വിറകുവച്ചു ചൂടാക്കി അപ്പുറത്തുള്ള ടാപ്പിലൂടെ ചൂടുവെള്ളം ലഭിക്കുന്ന വിധം ക്രമീകരിച്ചിരിക്കുന്നു.

ശ്വസിക്കുന്ന വീടുകൾ...

സുഹൃത്തുക്കൾ പലരും എന്നോട് ഇന്റീരിയർ ഡിസൈൻ ഉപദേശങ്ങൾ തേടാറുണ്ട്. എനിക്ക് അകത്തളങ്ങളിൽ സാധനങ്ങൾ കുന്നുകൂടുന്നത് ഇഷ്ടമല്ല. മിനിമലിസത്തിലാണ് സൗന്ദര്യം എന്നാണ് അഭിപ്രായം. അതുകൊണ്ട് ഞാൻ പറയും വീടിനകം ഭംഗിയാക്കാൻ അധികം സാധനങ്ങൾ വാങ്ങി വയ്ക്കുകയല്ല, കുന്നുകൂടിയ സാധനങ്ങൾ എടുത്തുമാറ്റി വീടിനു ശ്വസിക്കാനുള്ള ഇടം കൊടുക്കുകയാണ് വേണ്ടത്. നമ്മൾക്ക് കയറിച്ചെല്ലാൻ തോന്നുന്ന ഇടമാകണം വീട്. ഭാവിയിൽ ഞാൻ നിർമിക്കാൻ ആഗ്രഹിക്കുന്നതും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളുള്ള, പച്ചപ്പുള്ള, ക്രോസ് വെന്റിലേഷനുള്ള ഇടങ്ങളുടെ കൂട്ടമായിരിക്കും. ചുരുക്കത്തിൽ ഒച്ചപ്പാടില്ലാത്ത ഒരു കുഞ്ഞുവീട്.