മിനിസ്ക്രീനിലും സിനിമയിലും അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ സീമ ജി. നായർ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കുടുംബം...

കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ മുണ്ടക്കയമാണ് എന്റെ സ്വദേശം. അച്ഛൻ ഗോപിനാഥൻ പിള്ള, അമ്മ സുമതി. രേണുക, അനിൽ എന്നിവർ സഹോദരങ്ങൾ. ഇതായിരുന്നു കുടുംബം. വാടക വീടുകളിൽ ആയിരുന്നു ചെറുപ്പത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. പിന്നീട് പ്രീഡിഗ്രി സമയത്താണ് അച്ഛൻ സ്വന്തമായി മുണ്ടക്കയത്ത് വീടു വയ്ക്കുന്നത്. അമ്മൂമ്മയുടെ പേരായ ജാനകിയും ചേർത്തു ജാനകീമന്ദിരം എന്നായിരുന്നു വീടിനു പേരിട്ടത്.

മതിലുകൾ ഇല്ലാതിരുന്ന ആ വീടുകൾ...

അയൽപക്ക ബന്ധങ്ങൾ ദൃഢമായിരുന്ന കാലത്താണ് എന്റെ ബാല്യം കടന്നുപോയത്. വീടുകൾക്കിടയിൽ മതിലുകൾ ഉണ്ടായിരുന്നില്ല. അയൽക്കാർ തമ്മിൽ പരസ്പര സഹകരണവും സ്നേഹവും ഉണ്ടായിരുന്നു. അമ്മ തിരക്കുള്ള നാടകനടിയായിരുന്നു. അമ്മ ഇല്ലാത്ത സമയം അയൽവീടുകളിൽ ഞങ്ങൾക്ക് ഭക്ഷണം ഒരുക്കുമായിരുന്നു. ഇന്ന് പല വീടുകളുടെയും അയലത്ത് താമസിക്കുന്നത് ആരാണെന്നു നോക്കാൻ പോലും പലരും മെനക്കെടാറില്ല. 

എറണാകുളത്തേക്ക്...

ചേച്ചി തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളജിലാണ് പഠിച്ചത്. ചേച്ചിയെ പിന്തുടർന്ന് ഞാനും അവിടെയെത്തി. അങ്ങനെ മുണ്ടക്കയത്തെ വീടു വിറ്റ് ഞങ്ങൾ കൊച്ചി എളമക്കരയിൽ 5 സെന്റ് വാങ്ങി വീടുവച്ചു. സംഗീതം ഇഷ്ടവിഷയം ആയിരുന്നത് കൊണ്ട് 'സപ്തസ്വര' എന്നായിരുന്നു വീടിനു പേരിട്ടത്.

ദിൽ എന്ന വീട്...

മിനിസ്ക്രീനിലും സിനിമയിലും വർഷങ്ങളായി സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് വൈറ്റിലയ്ക്ക് സമീപം ഭൂമി വാങ്ങി 2002 ൽ  വീടുവയ്ക്കുന്നത്. അന്ന് വൈറ്റില തെളിഞ്ഞു വരുന്നതേ ഉള്ളൂ. പലരും ചോദിച്ചു എന്തിനാ ഈ പട്ടിക്കാട്ടിൽ വീടു വയ്ക്കുന്നതെന്ന്...ഇപ്പോൾ വൈറ്റില കേരളത്തിലെ ഏറ്റവും വലിയ ജങ്ഷനായി. നഗരഹൃദയത്തിൽ തന്നെ എന്നാൽ അതിന്റെ ബഹളങ്ങൾ അധികം കടന്നുവരാത്ത ഇടത്താണ് വീട്. ചുറ്റും തെങ്ങിൻതോപ്പുകളുണ്ട്,  മുന്നിൽ കണിയാമ്പുഴ ഒഴുകുന്നു.

മൂന്നു കിടപ്പുമുറി, സ്വീകരണമുറി, അടുക്കള, പൂജാമുറി എന്നിവയാണ് വീട്ടിലുള്ളത്. പുറമെ നോക്കിയാൽ ഇരുനില പോലെ തോന്നുമെങ്കിലും ഒരുനില വീടാണ്. തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. മകൻ ആരോമൽ ഡിഗ്രി കഴിഞ്ഞു. ഇപ്പോൾ ഉപരിപഠനത്തിനു പോകാൻ തയാറെടുക്കുന്നു. ഞാൻ കൂടുതലും യാത്രകളിൽ ആയതിനാൽ വീട്ടിൽ അവനോടൊപ്പം അധിക സമയം ചെലവഴിക്കാൻ സാധിക്കാറില്ല. 

പൂജാമുറിയാണ് എന്റെ ഫേവറിറ്റ് കോർണർ. ഭഗവദ് ഗീതയിലെ സന്ദേശങ്ങൾ ഭിത്തിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.  എന്റെ പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്, വീട്ടിൽ വന്നാൽ പോകാനേ തോന്നില്ല എന്ന്. യാത്രകൾ കഴിഞ്ഞു തിരികെ വീട്ടിൽ എത്തുമ്പോൾ ലഭിക്കുന്ന സന്തോഷവും സമാധാനവും ഒന്നുവേറെതന്നെയാണ്.