തമിഴ്‌നാടിനെ വിറപ്പിച്ച ക്രൂരനായ കൊലപാതകി ഓട്ടോ ശങ്കറിന്റെ കഥ പറയുന്ന വെബ്സീരിസിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ശരത് കുമാർ. ശരത്തിന്റെ കരിയറിൽ വഴിത്തിരിവായേക്കാവുന്ന കഥാപാത്രമാകും ഓട്ടോ ശങ്കർ. കഷ്ടപ്പാടിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഉയർന്നുവന്ന കഥയാണ് ശരത്തിനു പറയാനുള്ളത്.

വാടകവീടുകളുടെ കാലം...

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന ഒരു ദരിദ്രമലയാളിയുടെ വീട് എങ്ങനെയിരിക്കും? അതായിരുന്നു ചെറുപ്പത്തിൽ ഞാൻ വളർന്ന വീട്. തിരുവനന്തപുരം അരുവിക്കരയാണ് സ്വദേശം. അച്ഛൻ സുകു റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു. അമ്മ മായ വീട്ടമ്മയും. സഹോദരി ശരണ്യ. ദാരിദ്ര്യവും കഷ്ടപ്പാടും ഒരുപാട് അനുഭവിച്ചാണ് വളർന്നുവന്നത്. അച്ഛന്റെ കൂട്ടുകുടുംബമായിരുന്നു. എല്ലാവർക്കും അവിടെ താമസിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തീരെ ചെറുപ്പത്തിൽ വാടകവീടുകളായിരുന്നു ശരണം. രണ്ടു വർഷം കൂടുമ്പോൾ വീടുമാറും. അപ്പോൾ എല്ലാം കെട്ടിപ്പെറുക്കി അടുത്ത വീട്ടിലോട്ട്.. ഇങ്ങനെ കുറേവർഷങ്ങൾ. പിന്നീട് ഓരോരുത്തരായി ഭാഗംവച്ചു മാറി. ഞങ്ങൾ തറവാട്ടിലേക്ക് തിരിച്ചെത്തി. അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചു മരിച്ചത് ആ വീട്ടിലായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് തറവാടിനോട് വൈകാരികമായ അടുപ്പമുണ്ടായിരുന്നു.

നാടകം രക്തത്തിൽ...

പട്ടിണിയും കഷ്ടപ്പാടും ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ കലയുണ്ടായിരുന്നു. നാടകമാണ് എന്റെ തട്ടകം. മൂന്നാം ക്‌ളാസ് മുതൽ അരങ്ങിൽക്കേറി. പിന്നീട് തെരുവുനാടകം, അമച്വർ നാടകം, പ്രഫഷനൽ നാടകം എന്നിവയിൽ പങ്കാളിയായി. പിന്നീട് കാവാലം നാരായണപ്പണിക്കർ സാറിന്റെ കൂടെ ചേർന്നു. പിജി പഠിച്ചതും നാടകമാണ്. അതുവഴിയാണ് സിനിമയിലേക്കെത്തുന്നത്.

എല്ലാം തന്നത് സിനിമ...

എന്റെ കരിയറിലും ജീവിതത്തിലും വഴിത്തിരിവായ സിനിമയാണ് അങ്കമാലി ഡയറീസ്. അതിനുശേഷം തമിഴിലും അവസരങ്ങൾ തേടിവന്നു. അത്യാവശ്യം സമ്പാദ്യമായപ്പോൾ  ഞാൻ പഴയ വീട് പുതുക്കിപ്പണിതു. കൂടുതൽ മുറികളും സൗകര്യങ്ങളും കൂട്ടിച്ചേർത്തു. ഞങ്ങളുടെ കുടുംബവീടിനു പിന്നിലുള്ള റബർതോട്ടത്തിലായിരുന്നു അച്ഛൻ ജോലിക്ക് പോയിരുന്നത്. ഇപ്പോൾ അവിടെ ഞങ്ങൾ പണിക്കാരെ നിർത്തിയിട്ടുണ്ട്. അതാണ് ജീവിതത്തിൽ സിനിമ തന്ന മാറ്റം!

സിനിമാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസം. ഭാര്യ രേഷ്മ നർത്തകിയാണ്. മകൾ തിയാമ. അതെ അങ്കമാലിയിലെ പ്രശസ്തമായ ആ പാട്ടുതന്നെ!  

അങ്കമാലിയിലെ വീടുകൾ...

എന്റെ കരിയറിൽ വഴിത്തിരിവായ സിനിമയാണ് അങ്കമാലി ഡയറീസ്. അതിലെ രണ്ടു വീടുകളോട് മാനസികമായ അടുപ്പമുണ്ട്. ഒന്ന് ഞാൻ സിനിമയിൽ ഭാര്യയോട് വഴക്കിടുന്ന ഒരു സീനുണ്ട്. എന്റെ ജീവിതത്തിൽ ആദ്യമായി ഏറ്റവും കയ്യടി കിട്ടിയ നിമിഷമായിരുന്നു അത്. അതുകൊണ്ടുതന്നെ ആ സീൻ ചിത്രീകരിച്ച വീട് ഇന്നും മറക്കാതെ മനസ്സിലുണ്ട്. രണ്ട് ചെമ്പൻ ചേട്ടൻ എന്നെ കുത്തിക്കൊല്ലുന്ന രംഗം ചിത്രീകരിച്ച വീട്. അതും മായാതെ കിടക്കുന്ന അനുഭവങ്ങളാണ്.

വെളിപാടിന്റെ പുസ്തകത്തിൽ ലാലേട്ടനോടൊപ്പമുള്ള രംഗങ്ങൾ ചിത്രീകരിച്ച വീടുകളും സ്പെഷലാണ്. ഇവയെല്ലാം ഞാൻ ജനിച്ചു വളർന്ന ജീവിതസാഹചര്യങ്ങളുമായി ചേർന്നു നിൽക്കുന്ന വീടുകളാണ്. തേക്കാത്ത, പൊട്ടിയടർന്ന ചുവരുകളുള്ള, ജനലുകൾ ഇല്ലാത്ത, അടച്ചുറപ്പുള്ള വാതിലുകൾ ഇല്ലാത്ത, ചോരുന്ന മേൽക്കൂരയുള്ള വീടുകൾ...കുടുംബത്തിന്റെ കണ്ണുനീരിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ഈശ്വരൻ ഇപ്പോൾ ഞങ്ങൾക്ക്  തന്നത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.