സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലെ സ്ഥിരം അതിഥിയാണ് രാജേഷ് ഹെബ്ബാർ. കൂടുതലും വില്ലത്തരമുള്ള വേഷങ്ങളാണ് ചെയ്യുന്നതെങ്കിലും പ്രേക്ഷകർക്ക് ഇദ്ദേഹത്തോട് ഒരിഷ്ടം കൂടുതലുണ്ട്. രാജേഷ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

മൂന്നു തലമുറ ജീവിച്ച വീട്...

ഞങ്ങൾ ഉഡുപ്പി ബ്രാഹ്മണരാണ്. മുത്തച്ഛൻ മദ്രാസിൽ ഡോക്ടറായിരുന്നു. അതോടൊപ്പം ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ബിസിനസും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് സുരക്ഷയെ കരുതി പാലക്കാട്ടേക്ക് താവളം മാറ്റുകയായിരുന്നു. 1939 ൽ പാലക്കാട് എത്തിയ അദ്ദേഹം നഗരഹൃദയത്തിൽ ധാരാളം ഭൂമി വാങ്ങി, ഫാക്ടറി പുനരാരംഭിച്ചു. 1943 ൽ അദ്ദേഹം സ്വന്തമായി ഒരു വീട് വച്ചു. അവിടെയാണ് ഇന്നും ഞങ്ങൾ താമസിക്കുന്നത്. മൂന്നു തലമുറ ജീവിച്ച ഞങ്ങളുടെ സ്വന്തം വീട്.

ചെന്നൈയിൽ അക്കാലത്തുണ്ടായിരുന്ന കൊളോണിയൽ വീടുകളിൽ താമസിച്ചാണ് അദ്ദേഹം കേരളത്തിലേക്കെത്തുന്നത്. ഇവിടെ കണ്ട നാലുകെട്ടും എട്ടുകെട്ടും അദ്ദേഹത്തെ ആകർഷിച്ചു. അങ്ങനെ ഇരുശൈലികളും സമന്വയിപ്പിച്ചാണ് മുത്തച്ഛൻ വീടുപണിതത്. ആദ്യകാലത്ത് കൂട്ടുകുടുംബമായിരുന്നു. ഇരുപതോളം ആളുകൾ വീട്ടിലുണ്ടാകും. അവർക്കെല്ലാമുള്ള മുറികൾ ഉൾപ്പെടുത്തിയാണ് വീട് പണിതത്. ആറു കിടപ്പുമുറികളും വിശാലമായ ഹാളുകളും അരയും പുരയും എല്ലാം കൂടി ഏകദേശം 6000 ചതുരശ്രയടി വരും.

കഴിഞ്ഞ 76 വർഷങ്ങൾക്കിടെ മൂന്നുതവണ വീടു പുതുക്കിപ്പണിതു. പഴയ തടിമച്ചിന്റെ ദ്രവിച്ച ഭാഗങ്ങൾ മാറ്റി. ജിഐ കൊണ്ട് മേൽക്കൂര നൽകി തടിയുടെ പെയിന്റ് അടിച്ചു. പുതിയകാല സൗകര്യങ്ങളുള്ള അടുക്കള കൂട്ടിച്ചേർത്തു. മുത്തച്ഛൻ ചെന്നൈയിൽ നിന്നും വാങ്ങിയ 200 വർഷത്തോളം പഴക്കമുള്ള ആന്റിക് ഫർണിച്ചറാണ് ഇപ്പോഴും വീട് അലങ്കരിക്കുന്നത്.

നാലുവശവും തുറന്ന നടുമുറ്റമാണ് വീടിന്റെ ഹൈലൈറ്റ്. മഴയും വെയിലുമെല്ലാം ഇവിടേക്ക് വിരുന്നെത്തുന്നു. ഇവിടെ ഒരു പാരിജാതമരം നട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ വീടിനുള്ളിൽ പൂക്കളുടെ ഗന്ധം പറക്കും.

വീട് വിട്ടു എങ്ങോട്ടുമില്ല...

സീരിയൽ ചിത്രീകരണം കൂടുതലും തിരുവനന്തപുരത്താണ്. ഒന്നുരണ്ടു ദിവസം ഇടവേള ലഭിച്ചാൽ ഞാൻ അപ്പോൾ പാലക്കാട്ടേക്ക് ടിക്കറ്റെടുക്കും.

പലരും ചോദിച്ചിട്ടുണ്ട്. കൊച്ചിയിലോ തിരുവനന്തപുരത്തോ ഒരു ഫ്ലാറ്റ് വാങ്ങി താമസിച്ചു കൂടെ എന്ന്. പക്ഷേ എനിക്കുമാത്രമല്ല മക്കൾക്കും വീടിനോട് വൈകാരികമായ അടുപ്പമുണ്ട്. മകൻ ബെംഗളുരുവിലാണ് ജോലി ചെയ്യുന്നത്. അവന് ബൈക്ക് റേസിങ്ങിൽ കമ്പമുണ്ട്. വാരാന്ത്യങ്ങളിൽ വീട്ടിൽ വരാൻ വേണ്ടി മാത്രം ബെംഗളൂരുവിൽ നിന്നും അവൻ ബൈക്ക് എടുത്തിറങ്ങും. ഈ ജന്മം മുഴുവൻ ഇവിടെ ജീവിച്ചു തീർക്കണം എന്നാണ് എന്റെ ആഗ്രഹം.

കരിയർ... 

അല്പം സാഹിത്യ വാസനയുണ്ടായിരുന്നു. എഴുത്തിലൂടെയാണ് തുടക്കം. പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ മിനിസ്ക്രീനിലേക്കെത്തി. അത്യാവശ്യം പാടാറുണ്ട്. ഒരു റോക്ക് ബാൻഡുമുണ്ട്. ഇടയ്ക്ക് സിനിമകളിലും വേഷമിടുന്നു.

കുടുംബം...

എന്റെ അച്ഛനും ഡോക്ടറാണ്. അമ്മ അധ്യാപികയാണ്. ഇരുവരും ഇപ്പോൾ തറവാട്ടിൽ താമസിക്കുന്നു. ഭാര്യ അനിത. കുറേക്കാലം ഐടി ഉദ്യോഗസ്ഥ ആയിരുന്നു. ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങും ബുടീക്കുമായി ഹാപ്പിയായി കഴിയുന്നു. മൂന്നു മക്കൾ. ആകാശ് ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനാണ്. വർഷയും രക്ഷയും ഇരട്ടക്കുട്ടികളാണ്. ഇരുവരും ബെംഗളൂരുവിൽ നിന്നും ഡിഗ്രി കഴിഞ്ഞു, ഇപ്പോൾ ജോലിക്ക് കയറാൻ കാത്തിരിക്കുകയാണ്. ചുരുക്കത്തിൽ  ലോകത്തെവിടെ പോയാലും തിരിച്ചു വിളിച്ചു മാറോടണയ്ക്കുന്ന അമ്മയെപ്പോലെയാണ് എനിക്ക് എന്റെ വീട്‌.