പുലിമുരുകൻ സിനിമയിലെ മൂപ്പനെ പുതുതലമുറ പ്രേക്ഷകർ മറക്കാനിടയില്ല. നാൽപതു വർഷമായി നാടകങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും എം ആർ ഗോപകുമാർ യാത്ര ആരംഭിച്ചിട്ട്. രണ്ടു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അഞ്ചു ടിവി പുരസ്കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കി. ഗോപകുമാർ തന്റെ വീട് ഓർമകളും വഴിത്തിരിവുകളും പങ്കുവയ്ക്കുന്നു.

വിശപ്പില്ലാത്ത വീട്...

കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അന്ന് കന്യാകുമാരി കേരളത്തിന്റെ ഭാഗമായിരുന്നു. സാമൂഹിക സാംസ്കാരികപരമായി കേരളത്തനിമയുള്ള നാട് തമിഴ്നാടിനു വിട്ടുകൊടുത്തത് ചരിത്രപരമായ ഒരു മണ്ടത്തരം എന്നേ പറയാനൊക്കൂ.  അറയും പുരയുമൊക്കെയുള്ള തറവാടായിരുന്നു. അച്ഛൻ രാമകൃഷ്ണൻ നായർ തിരുവട്ടാർ ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. അമ്മ കമലാഭായി വീട്ടമ്മയും. പല വഴിക്കുള്ള അമ്മാവന്മാരുടെ കുടുംബങ്ങൾ അടക്കം നിരവധി കുടുംബങ്ങൾ ഒറ്റ മേൽക്കൂരയ്ക്കുകീഴിൽ താമസിച്ചിരുന്നു. ആ വീട്ടിൽ ഒരിക്കലും ഭക്ഷണത്തിനു പഞ്ഞമുണ്ടായിരുന്നില്ല. ഏതെങ്കിലും അടുക്കളയിൽ എപ്പോഴും അടുപ്പെരിയുന്നുണ്ടാകും. വിശേഷ ദിവസങ്ങളിൽ ഭക്ഷണവും കറികളും പരസ്പരം പങ്കുവയ്ക്കുമായിരുന്നു. തറവാട് വിഭജനം വന്നപ്പോൾ ഒരുപാട് ഓഹരികളുണ്ടായി. അതിനുവേണ്ടി പിന്നീട് തറവാട് വിൽക്കേണ്ടി വന്നു.

തിരുവനന്തപുരത്തേക്ക്...

പിജി ചെയ്യാനാണ് ഞാൻ തിരുവനന്തപുരത്തേക്ക് എത്തുന്നത്. അവിടം തൊട്ടാണ് ജീവിതത്തിലെ വഴിത്തിരിവുകൾ ആരംഭിക്കുന്നത്. പിടിപി നഗറിലാണ് ആദ്യം വാടകയ്ക്ക് താമസിക്കുന്നത്. സ്നേഹിതന്റെ വീടാണ്. അവർക്കു വാടക മേടിക്കാൻ മടി. പേരിനു 80 രൂപയാണ് ആദ്യം വാടകയായി മേടിച്ചത്. പിന്നീട് ഞാൻ നിർബന്ധിച്ചു വാടക കൂട്ടിക്കുകയായിരുന്നു. പിജി കഴിഞ്ഞു കേന്ദ്ര സർക്കാരിന്റെ ഓഡിറ്റിങ് വിഭാഗത്തിൽ ജോലിക്കുകയറി. പിന്നീട് പോസ്റ്റൽ വിഭാഗത്തിലേക്കുമാറി. 

നിയോഗം പോലെ അഭിനയം...

തൊഴിലിന്റെ ഇടവേളകളിലുളള നേരമ്പോക്കായിട്ടാണ് നാടകത്തിലേക്ക് വരുന്നത്. പിന്നീട് അഭിനയം ജീവിതത്തിന്റെ ഭാഗമായി. 1986 ൽ ദൂരദർശൻ മലയാളത്തിലെ ആദ്യത്തെ ടെലിഫിലിം തുടങ്ങിയപ്പോൾ അതിലെ കേന്ദ്രകഥാപാത്രമാകാൻ ഭാഗ്യം ലഭിച്ചത് എനിക്കാണ്. കുഞ്ഞയ്യപ്പൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. മതിലുകളാണ് ആദ്യ സിനിമ. കരിയറിൽ വഴിത്തിരിവായത് മമ്മൂട്ടിക്കൊപ്പം ചെയ്ത വിധേയൻ എന്ന ചിത്രമാണ്. അതിനു സംസ്ഥാന അവാർഡ് ലഭിച്ചു. 

1996 ൽ സ്റ്റീവൻ സ്പിൽബർഗ് ജുറാസിക് പാർക്കിന്റെ രണ്ടാം ഭാഗത്തിൽ ഒരു ഇന്ത്യൻ കഥാപാത്രമായി അഭിനയിക്കാൻ തിരഞ്ഞെടുത്തത് എന്നെയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ വിദേശത്തു പോയി അഭിനയിക്കാനുള്ള വർക്ക് പെർമിറ്റ് സമയത്തു ലഭിക്കാഞ്ഞതുകൊണ്ട് അത് നടന്നില്ല. മറിച്ചായിരുന്നെങ്കിൽ ഹോളിവുഡിൽ ഒരു പ്രമുഖ സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ഞാനായേനെ. ആദ്യം നിരാശ തോന്നിയെങ്കിലും താമസിയാതെ മലയാളത്തിൽ കൂടുതൽ നല്ല വേഷങ്ങൾ തേടിയെത്താൻ തുടങ്ങി.

സ്വന്തം വീടുകളിലേക്ക്...

1979 തിരുവനന്തപുരം വേട്ടമുക്കിൽ 20 സെന്റ് ഭൂമി വാങ്ങി. 80 ൽ വീടുവച്ചു. അന്നുമുതൽ ഇന്നുവരെ ആ വീട്ടിലാണ് താമസിക്കുന്നത്. ആദ്യം ഏകദേശം 900 ചതുരശ്രയടിയുള്ള ഓടിട്ട വീടായിരുന്നു. അന്ന് ഏകദേശം 85000 രൂപയാണ് എനിക്ക് വീടുപണിക്കായി ചെലവായത്. പിന്നീട് കാലാന്തരത്തിൽ വീട് പലതവണ പുതുക്കിപ്പണികൾക്ക് വിധേയമായി. ഇപ്പോൾ 3000 ചതുരശ്രയടിയുള്ള ഇരുനില വീടാണ്. 

എല്ലാ മനുഷ്യരും അവരുടെ വേരുകളെ തേടും എന്നുപറയുന്നതുപോലെ ഞാനും പിന്നീട് പഴയ തറവാടിനു സമീപം കുറച്ചു ഭൂമി വാങ്ങി. വീടുവച്ചു. പരിപാലനം കണക്കിലെടുത്ത് സമകാലിക ശൈലിയിലുള്ള ചെറുവീടാണു പണിതത്. ഇടയ്ക്ക് സമയം കിട്ടുമ്പോൾ അവിടേക്ക് പോകാറുണ്ട്.

സമ്പാദ്യമായപ്പോൾ വീടിനു സമീപം കുറച്ചു ഭൂമി കൂടി വാങ്ങി. മറ്റൊരു വീടുവച്ചു. അങ്ങനെ സ്വന്തമായി പണിത വീടുകൾ മൂന്നായി. അവിടെ ഇപ്പോൾ മകൾ സൗമ്യയും കുടുംബവും താമസിക്കുന്നു. മകൻ ശ്രീജിത്ത് കൊച്ചിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു.

വീടിനെ കുറിച്ചോർക്കുമ്പോൾ എപ്പോഴും മനസിലേക്ക് ഓടിയെത്തുന്നത് പഴയ തറവാട്ടിലെ ജീവിതമാണ്. ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്നതും അത്തരം ഒത്തുചേരലുകളുടെയും പങ്കുവയ്ക്കലിന്റെയും സംസ്കാരമാണെന്നു തോന്നാറുണ്ട്.