ബോളിവുഡ് താരങ്ങളായ സൈഫ് അലി ഖാന്റെയും കരീനയുടെയും വിവാഹവേദി എന്ന നിലയ്ക്കാണ് പട്ടൗഡി പാലസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 

ഹരിയാനയിലെ 'ഇബ്രാഹിം കോതി' എസ്റ്റേറ്റിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. പത്തേക്കറിലായി 150 മുറികളുടെ വിശാലതയിൽ അത്യാഡംബരവും എന്നാല്‍ പഴമയുടെ എല്ലാ പ്രൗഢിയും ചേര്‍ന്നതാണ് പട്ടൗഡി പാലസ്. ഏഴ് വലിയ കിടപ്പുമുറികൾ‍, ബില്യാര്‍ഡ് മുറികൾ, അതിവിശാലമായ ഹാൾ, ഡ്രസിങ് മുറികള്‍, ഡൈനിങ് മുറികള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ് പട്ടൗഡി പാലസ്. 

800 കോടി രൂപയാണ് നിലവിലെ വസ്‌തുവകകളുടെ ഏകദേശ മൂല്യം. സൈഫിന്റെ കുടുംബത്തിന്റെ പൈതൃകസ്വത്ത് കൂടിയാണ് പട്ടൗഡി പാലസ്. 

നവാബായിരുന്ന ഇഫ്ത്തിക്കര്‍ അലി ഖാനില്‍ നിന്നാണ് സൈഫിന്റെ പിതാവ് മന്‍സൂര്‍ അലി ഖാന് കൊട്ടാരം പൈതൃകസ്വത്തായി ലഭിച്ചത്. ഇവര്‍ രണ്ടുപേരും ക്രിക്കറ്റ്‌ താരങ്ങളായിരുന്നു. എന്നാല്‍ മൂന്നാം തലമുറയിലെ അവകാശിയായ സൈഫ് സിനിമാനടനായി. പല വമ്പന്‍ സിനിമകളുടെ വേദി കൂടിയായിട്ടുണ്ട് പട്ടൗഡി പാലസ്. ജൂലിയ റോബര്‍ട്ട്‌സിന്റെ ഈറ്റ് പ്രേ ലവ്, ബോളിവുഡ് ചിത്രങ്ങളായ മംഗല്‍ പാണ്ടേ ,വീര്‍ സാര, ഗാന്ധി, മൈ ഫാതര്‍ ആന്‍ഡ്‌ മൈ ബ്രദര്‍ കി ദുല്‍ഹാന്‍ എന്നിവയും പട്ടൗഡി പാലസില്‍ ചിത്രീകരിച്ച സിനിമകളാണ്. 

1990 കളില്‍ പഴയ പട്ടൗഡി പാലസ് പുതുക്കി കൊളോണിയല്‍ ശൈലിയില്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. 2005 - 2014 കാലഘട്ടത്തില്‍ ഇവിടെ 'പട്ടൗഡി പാലസ് ഹോട്ടല്‍ ' പ്രവര്‍ത്തിച്ചിരുന്നു. സൈഫിന്റെ പിതാവ് മന്‍സൂര്‍ അലിഖാന്‍ ഒരു വൻകിട ഹോട്ടൽ ശൃംഖലയുമായി ഉണ്ടാക്കിയ കരാർ പ്രകാരമായിരുന്നു ഇത്. സൈഫ് വീണ്ടും പാലസിന്റെ അധികാരം ഏറ്റെടുത്തതോടെ അകത്തളങ്ങൾ പുതുക്കിപ്പണിതിരുന്നു. മകന്‍ തൈമൂറിനും ഭാര്യ കരീനയ്ക്കുമൊപ്പം ശിശിരകാലം ആഘോഷിക്കാന്‍ സൈഫ് ഇപ്പോള്‍ എത്തുക ഇവിടെയാണ്‌. തൈമൂറിന്റെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്ക് വേദിയായതും ഇവിടമാണ്.