മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് അഞ്ജന അപ്പുകുട്ടൻ. സീരിയലുകളിലൂടെയെത്തി കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അഞ്ജന വേദിയിലെത്തുമ്പോൾതന്നെ പ്രേക്ഷകരിലേക്ക് ചിരിപടരും. സിനിമകളിലെ ചെറിയ വേഷങ്ങളും ഈ കലാകാരിയുടെ കൈകളിൽ ഭദ്രമാണ്. പക്ഷേ ആ ചിരിയുടെ പിന്നിൽ ചെറിയ കണ്ണീർ ഓർമകളുമുണ്ട്. അഞ്ജന വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

അച്ഛൻ അപ്പുക്കുട്ടൻ നായർ മാധ്യമപ്രവർത്തകനായിരുന്നു. അമ്മ വിജയലക്ഷ്മി വീട്ടമ്മയും. എനിക്കൊരു സഹോദരൻ ഗണേഷ്. ഇതായിരുന്നു ഞങ്ങളുടെ കൊച്ചുകുടുംബം. അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതവും പറിച്ചുനടപ്പെട്ടുകൊണ്ടിരുന്നു. വാടകവീടുകളിലും ഞങ്ങൾ സ്വന്തം വീടിനെ കണ്ടെത്തിയിരുന്നു. അച്ഛൻ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ ജനിക്കുന്നത്. പിന്നീട് ഒന്നാം ക്‌ളാസ് മുതൽ കൊച്ചിയിലേക്ക് കൂടുമാറി. 

അച്ഛന്റെ തറവാട് തിരുവല്ലയായിരുന്നു. പക്ഷേ ചെറുപ്പത്തിൽ കണ്ട നേർത്ത ഓർമയെ എനിക്ക് ആ വീടിനെക്കുറിച്ചുണ്ടായിരുന്നുള്ളൂ. കൊച്ചിയിൽ താമസമാക്കിയപ്പോൾ തറവാട് വിറ്റു. അച്ഛന്റെ അകന്ന ഒരു ബന്ധുവാണ് വീട് മേടിച്ചത്. തറവാട്ടിൽ സർപ്പക്കാവുണ്ട്. അടുത്തിടെ അവിടെ ഞങ്ങൾ വിളക്കുവയ്ക്കാൻ പോയിരുന്നു. വേരുകൾ തേടിയുള്ള ആ യാത്ര രസകരമായിരുന്നു. ആ മുതിർന്ന അമ്മാവൻ ഒരു ഗൈഡിനെപ്പോലെ ഞങ്ങളെ വീടു കൊണ്ടുനടന്നുകാണിച്ചു. പണ്ടൊക്കെ പ്രസവം വീട്ടിൽത്തന്നെയാണല്ലോ. അച്ഛൻ ജനിച്ച മുറിയൊക്കെ ഇപ്പോഴുമുണ്ട്.

അമ്മയുടെ തറവാട് നാഗർകോവിലായിരുന്നു. നാലുകെട്ട് മാതൃകയിലുള്ള തറവാടായിരുന്നു. ഭാഗം വച്ച് കഴിഞ്ഞപ്പോൾ തറവാട് ഏറെക്കാലം അനാഥമായി കിടന്നു. പിന്നീട് വിറ്റു. അടുത്തിടയ്ക്ക് ഞങ്ങൾ നാഗർകോവിലിൽ പോയപ്പോൾ തറവാട് കാണാൻ പോയിരുന്നു. പക്ഷേ അതിന്റെ സ്ഥാനത്ത് ഇപ്പോൾ മറ്റൊരു വീടാണ് കാണാൻ കഴിഞ്ഞത്.

ഏതൊരു മലയാളികളെയും പോലെ ഞങ്ങളുടെയും സ്വപനമായിരുന്നു സ്വന്തമായി ഒരു വീട്. അതിനായുള്ള അന്വേഷണങ്ങൾ തകൃതിയായി നടക്കുന്ന സമയത്തായിരുന്നു അച്ഛന്റെ ആകസ്മിക നിര്യാണം. അത് ഞങ്ങളുടെ ജീവിതത്തിൽ വല്ലാത്തൊരു ശൂന്യത സൃഷ്ടിച്ചു. ഒന്നിലും താൽപര്യമില്ലാതായി. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഞങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതേയുള്ളൂ. ഇനി വീണ്ടും വീട് അന്വേഷണം തുടങ്ങണം. 

യാത്രകൾ പോയി വരുമ്പോൾ എന്തെങ്കിലുമൊക്കെ ക്യൂരിയോസ് മേടിച്ചുകൊണ്ടുവരുന്ന ശീലം എനിക്കുണ്ട്. എന്നിട്ട് വീട് അലങ്കരിക്കും. അതുപോലെ ഗാർഡനിങ്ങും ഇഷ്ടമാണ്. ഇപ്പോൾ താമസിക്കുന്ന വാടകവീട്ടിൽ ഇത്തിരിവട്ടത്തിലും ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്വന്തമായി ഒരു വീട്ടിലേക്കു മാറിയിട്ടുവേണം ഇനി ആഗ്രഹങ്ങളൊക്കെ ഒന്ന് വിപുലമാക്കാൻ.