ഒരു പ്ലോട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും നമ്മൾ ഒരു ഗൃഹത്തിന്റെ പ്ലാൻ വരയ്ക്കുന്നത്. ആദ്യം ഒരു പ്ലോട്ട് തിരഞ്ഞെടുത്ത് ശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങളൊക്കെ അതിൽ നോക്കിയതിനു ശേഷമാണ് അളവുകൾ സമാഹരിച്ചു പ്ലാൻ വരയ്ക്കുന്നത്.

വാസ്തു ശാസ്ത്രം അനുസരിച്ച് ഗൃഹം ചെയ്യുമ്പോൾ മുറികളുടെയൊക്കെ പുറംചുറ്റളവ് അഥവാ ഉൾചുറ്റളവ് എന്നു പറയുന്ന ചില കണക്കുകൾക്കു കൂടി വാസ്തു ശാസ്ത്രത്തിൽ പ്രാധാന്യമുണ്ട്. അങ്ങനെയുള്ള അളവുകൾ സ്വീകരിച്ച് ഗൃഹം പണിയുമ്പോൾ അതിന്റേതായ ഗുണം ഗൃഹനാഥനും ആ ഗൃഹത്തിൽ വസിക്കുന്നവര്‍ക്കും ലഭ്യമാകും എന്നുള്ളത് അനുഭവത്തിൽ നിന്ന് പറയാൻ പറ്റും.

കിടപ്പുമുറികളുടെ സ്ഥാനം

ഒരു പ്ലാൻ വരയ്ക്കുമ്പോൾ ഏറ്റവും പ്രധാനമായി നോക്കേണ്ടത് താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കിടപ്പുമുറികൾ എവിടെ വേണം എന്നുള്ളതാണ്.

തെക്കിനി പ്രാധാന്യമായ വടക്ക് ദർശനമായ ഗൃഹമാണോ അഥവാ പടിഞ്ഞാറ്റീ പ്രാധാന്യമായ കിഴക്ക് ദർശനമായ ഗൃഹമാണോ എന്നുള്ളത് വളരെ പ്രധാനമർഹിക്കുന്നു. അതിനനുസരിച്ചാണ് കിടപ്പുമുറികളുടെ സ്ഥാനം ക്രമീകരിക്കേണ്ടത്.

ആദ്യം കിടപ്പുമുറി താഴത്തെ നിലയിലും മുകളിലത്തെ നിലയിലും എത്ര വേണം എങ്ങനെ വേണമെന്ന് മനസ്സിലാക്കി അതിനനുസരിച്ച് കിടപ്പുമുറികൾ ക്രമീകരിക്കുകയും രണ്ടാം നിലയിലേക്ക് എടുക്കുന്ന മുറികളിലേക്ക് കയറിച്ചെല്ലാൻ പാകത്തിന് ഗൃഹമധ്യസൂത്രം തടസ്സപ്പെടാത്ത വിധത്തിൽ കോണി ക്രമീകരിക്കുകയും ചെയ്യുക.

അടുക്കളയുടെ സ്ഥാനം

സ്ത്രീകളെ സംബന്ധിച്ചിടത്തോളം കിടപ്പുമുറിയായാലും അടുക്കളയായാലും ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഈ മുറികളിലാണ്. അതിന്റെ സ്ഥാനം, അളവ്, ക്രമീകരണം എന്നുള്ളത് വാസ്തു ശാസ്ത്രത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. അതു കൊണ്ടുതന്നെ അടുക്കള എന്നത് വടക്കു വശത്തുള്ള വിങ്ങിൽ എവിടെ വേണമെങ്കിലും ആകാം.

വടക്കു ഭാഗത്ത് മൂന്ന് മുറികൾ പണിയാം. വടക്കുപടിഞ്ഞാറെ മൂലയിൽ അടുക്കളയാവാം. വടക്കുവശത്ത് ഭാഗത്ത് മധ്യഭാഗത്തുള്ള മുറി അടുക്കളയാക്കാം. വടക്കുഭാഗത്ത് മൂലയിലുള്ള മുറിയും കിഴക്കുവശത്ത് കിഴക്കിനിയിലുള്ള മുറിയും അടുക്കളയാക്കാം.

കിഴക്കുവശത്ത് ഈശാനകോണിലുള്ള ജലത്തിന്റെ മൂലയാ യിട്ടുള്ള വടക്കു കിഴക്കേ മൂലയിൽ അടുക്കളയ്ക്ക് സ്ഥാന മുണ്ട്. കിഴക്കു വശത്ത് മധ്യഭാഗത്തു വരുന്ന മുറി അടുക്ക ളയാക്കാം. തെക്കു കിഴക്കേ മൂലയായിട്ടുള്ള അഗ്നി കോണിലും അടുക്കളയ്ക്ക് സ്ഥാനമുണ്ട്.

പലർക്കും ഒരു ധാരണയുണ്ട്, വാസ്തുശാസ്ത്രം അനുസരിച്ച് പ്ലാൻ വരയ്ക്കുമ്പോൾ അവിടെ നമുക്ക് ഫ്ലെക്സിബിലിറ്റി ഉണ്ടാവില്ല എന്ന്. ഇത് തീർത്തും തെറ്റാണ്. മുറികളെ സംബന്ധിച്ചു പറയുമ്പോൾ ഒരു കാര്യത്തിന് തന്നെ ഒരുപാട് ചോയിസുകൾ വാസ്തു ശാസ്ത്രത്തിൽ ലഭിക്കുന്നുണ്ട്.

ഒരു കോണിൽ പറ്റില്ലെങ്കിൽ മറ്റൊരു കോണിലാവാം എന്നുള്ള ചോയിസസ് വാസ്തു ശാസ്ത്രത്തിൽ നിന്ന് ലഭിക്കും. വാസ്തുശാസ്ത്രം കൈകാര്യം ചെയ്യുന്ന കൺസൽറ്റന്റ് പറയുന്നിടത്തു മാത്രമേ മുറി പണിയാൻ സാധിക്കൂ, നമുക്ക് മാറ്റാൻ പറ്റില്ല എന്ന് ധരിക്കുന്ന പകുതിയിൽ കൂടുതൽ ആൾക്കാർക്കു വേണ്ടിയിട്ടാണ് ഞാനിത്രയും പറഞ്ഞത്.