ഇത്തിരി മണ്ണിൽ ഒത്തിരിക്കാര്യം

ആകെ  പത്തോ മുപ്പതോ  സെന്റ് സ്ഥലം,  അവിടെ എന്തു കൃഷി ചെയ്യാനാ എന്നു പരിതപിക്കുന്നവർക്ക് തിരുവനന്തപുരം കുറ്റിച്ചൽ കള്ളോട് റംലാ മൻസിലിൽ സിമി ഷാജി ആവേശം പകരുമെന്ന് തീർച്ച. അത്രയ്ക്കുണ്ട് ഈ യുവതി മുപ്പതു സെന്റിൽ പരിപാലിക്കുന്ന കൃഷിക്കാഴ്ചകൾ.

പച്ചക്കറികൾക്കൊപ്പം അലങ്കാര മൽസ്യങ്ങളും ആട്, കോഴി, തേനീച്ച എന്നിവയും ഔഷധസസ്യങ്ങളുമൊക്കെ ചേർന്ന സമിശ്രകൃഷിയാണ് സിമിയുടേത്. ഒപ്പം പച്ചക്കറികളുടെ മൂല്യവർധിത ഉൽപന്നങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.

മയിൽപ്പീലിച്ചീര, സുന്ദരിച്ചീര, പാൽ ചീര, പട്ടുചീര, വയൽച്ചീര, പാലക് ചീര, വെള്ളച്ചീര, ചുവന്ന ചീര തുടങ്ങി ഒട്ടേറെ ചീരയിനങ്ങള്‍.  മുളകുകളുടെ നിരയിൽ ബജി മുളക്, നീല മുളക്, പച്ചമുളക്, കാന്താരിമുളക്, ഉണ്ടമുളക്, വെള്ളക്കാന്താരി എന്നിവയും  വിപണിയിലെ താരമായ ജിമിക്കി ഇനവുമുണ്ട്. പയറിനങ്ങൾ ആറെണ്ണം.   ചുവപ്പ് വെണ്ട, ആനക്കൊമ്പൻ വെണ്ട തുടങ്ങിയ വെണ്ടയിനങ്ങളും ലെറ്റൂസ്, സെലറി, ജർജീർ തുടങ്ങിയ വിദേശി പച്ചക്കറിയിനങ്ങളുമുണ്ട്്. മല്ലി, പുതിന, കോവൽ, ആഫ്രിക്കൻ മല്ലി, അമര, ബീൻസ്, കൊത്തമര, കുമ്പളം, കത്തിരി, പീച്ചിങ്ങ, ചുരയ്ക്ക, നീളൻ ചതുരപ്പയർ, റാഡിഷ്, ബീറ്റ്റൂട്ട്, കാബേജ് എന്നിങ്ങനെയും  നീളുന്നു പച്ചക്കറി നിര. പച്ചക്കറികൾ വിൽക്കുന്ന പതിവില്ല. വീട്ടാവശ്യം കഴിഞ്ഞുള്ളത് അയൽക്കാർക്കും ബന്ധുക്കൾക്കും നൽകുന്നു. 

കിഴങ്ങുവിളകളായ ചേമ്പ്, ചേന, കാച്ചിൽ, ബുഷ് കാച്ചിൽ, ആഫ്രിക്കൻ കാച്ചിൽ, വയലറ്റ് കാച്ചിൽ,  ചെറുകിഴങ്ങ്, മുക്കിഴങ്ങ്, അടതാപ്പ് എന്നിവയും മഞ്ഞൾ, മാങ്ങാ ഇഞ്ചി, കസ്തൂരിമഞ്ഞൾ, കരിമഞ്ഞൾ തുടങ്ങിയ സുഗന്ധവിളകളും സിമിയുടെ കൃഷിയിടത്തിലുണ്ട്.

അപൂർവ  മരുന്നുചെടികളുടെ ശേഖരമാണ് മറ്റൊരു കൗതുകം. നെയ് വള്ളി, ഗരുഡപ്പച്ച, ഗരുഡക്കൊടി, നാഗദന്തി, തിപ്പലി (മധുരത്തിപ്പലി, ആനത്തിപ്പലി, ചിരവത്തിപ്പലി, ആൻഡമാൻ തിപ്പലി, കാട്ടുതിപ്പലി, മര ത്തിപ്പലി), വള്ളിപ്പാല, ചെമ്മുള്ളി, കരളകം,  ദന്തപ്പാല  സോമലത, നാൽപ്പാമരം, ചമത, കുടങ്ങൽ, ഓരില, ഈരില, മൂവില, ഒറ്റപ്പരണ്ട, ഇരുപ്പരണ്ട, മുപ്പരണ്ട, ചങ്ങലംപരണ്ട, വനപ്രദേശങ്ങളിൽ മാത്രം കാണുന്ന ചുവപ്പു കൊടുവേലി, വെള്ളക്കൊടുവേലി, നീലക്കൊടുവേലി, ആമ്പൽ മുത്തിൾ, തായ്‌ലൻഡ് മുത്തിൾ, കരിമുത്തിൾ, ആന കുടങ്ങൽ എന്നിവയെല്ലാം ഇവിടെ സമൃദ്ധമായി വളരുന്നു. തുളസി വെറ്റില, രുദ്രാക്ഷം, മധുരത്തുളസി, പച്ചക്കർപ്പൂരം, നാരങ്ങാതുളസി, കൃഷ്ണതുളസി, രാമതുളസി, അഗസ്ത്യ തുളസി അയമോദകം, രക്തചന്ദനം എന്നിങ്ങനെ ഒട്ടേറെ ഒൗഷധസസ്യങ്ങൾ ഇവിടെയുണ്ട്.

പഴവർഗങ്ങളുടെ വൈവിധ്യമാണ് മറ്റൊരു വിസ്മയം. സാന്റോൾ, അബിയൂ, വിയറ്റ്നാം സൂപ്പർ ഏർലി, ബുഷ് ഒാറഞ്ച്, ഡ്രാഗൺ ഫ്രൂട്ട് (മഞ്ഞ, പിങ്ക്, വെള്ള), മിൽക്ക് ഫ്രൂട്ട്, ചൈനീസ് ഓറഞ്ച്, ഇസ്രായേൽ ഓറഞ്ച്, ലിച്ചി, അവക്കാഡോ (വെണ്ണപ്പഴം), മിറക്കിൾ ഫ്രൂട്ട് തുടങ്ങി ഒട്ടേറെ വിദേശ ഇനങ്ങൾ.

ജൈവരീതിയിലാണ് സിമിയുടെ കൃഷിയത്രയും. വിളകള്‍ക്കിടയിൽ തുളസിപോലുള്ള ഔഷധസസ്യങ്ങൾ വളരുന്നത് ഗുണകരമാണെന്നു സിമി. തുളസിയുടെ സാമീപ്യം കൊതുകിനെയും കീടങ്ങളെയും അകറ്റും. കീടശല്യം ഒഴിവാക്കാൻ പുകയ്ക്കുന്ന പതിവുമുണ്ട്. അടുക്കള വേസ്റ്റും, കോഴിക്കാഷ്ഠവും ചാണകവുമാണ് എല്ലാറ്റിനും വളം.

മുറ്റത്തു മാത്രമല്ല, മട്ടുപ്പാവിലുമുണ്ട്   കൃഷി.  ഇഷ്ടികയും ഓടുകഷണങ്ങളും നിരത്തി ടെറസ് സുരക്ഷിതമാക്കി, അതിനുമുകളിൽ വെള്ളവും വളവും നിൽക്കുന്ന രീതിയിൽ തടം തയാറാക്കിയാണ് കൃഷി. നനയ്ക്കു തുള്ളിനന സംവിധാനം. അടുക്കളമാലിന്യങ്ങളിൽനിന്ന് ജൈവവളം  തയാറാക്കുന്നതിനുള്ള ടാങ്കും ടെറസ്സിൽ തയാര്‍. കരോളി, സിരോഹി, ജമ്നാപ്യാരി, ബീറ്റൽ, മലബാറി എന്നീ ആടിനങ്ങളും, മൂന്നു പശുക്കളും, തിലാപ്പിയ, ഗിഫ്റ്റ്, കട്‌ല എന്നീ മത്സ്യയിനങ്ങളും  ഈ കൃഷിയിടത്തില്‍ വളരുന്നു. ബ്ലാക്ക് മോളി, വൈറ്റ്, മോളി, ഓറഞ്ച് മോളി, ഗോൾഡ് ഫിഷ്, എന്നിവയുമുണ്ട്. കൃഷിയിടത്തോടു ചേർന്ന പുരയിടത്തിൽ ഞൊടിയൻ, ചെറുതേനീച്ച എന്നിവയുടെ  കോളനികള്‍ വച്ചിരിക്കുന്നു. 

കൗതുകത്തിനായി ന്യൂസിലാൻഡ് വൈറ്റ്,സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയ്ന്റ് എന്നീമുയൽ ഇനങ്ങളെയും വളര്‍ത്തുന്നുണ്ട്.   കോഴി, താറാവ്, വാത്ത തുടങ്ങിയവയുമുണ്ട്. പഴം–പച്ചക്കറികളുടെ  മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിമി ഇപ്പോൾ. കുറ്റിച്ചൽ കൃഷിഭവന്‍ തന്റെ സംരംഭത്തിനു നല്ല തുണ നൽകുന്നുണ്ടെന്നു  സിമി.  മികച്ച മട്ടുപ്പാവു കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ 2017–’18 ലെ അവാർഡ്  സിമിക്കാണു ലഭിച്ചത്.

ഫോൺ: 7907480021