മില്ലറ്റ് ബിരിയാണി; അതൊന്നു വേറെ

കന്യ ഓർഗാനിക് റസ്റ്ററന്റ്

കോയമ്പത്തൂരിലെ ശരവണംപട്ടിയിൽ പി.ജെ. ലിൻ നടത്തുന്ന കന്യ ഓർഗാനിക് റസ്റ്ററന്റ് വ്യത്യസ്ത വിഭവങ്ങളാൽ സമൃദ്ധമാണ്. പൊങ്കല്‍ മുതൽ മട്ടൻ ബിരിയാണി വരെയുള്ള മുന്നൂറോളം വിഭവങ്ങളാണ് ഇവരുടെ മെനുവിലുള്ളത്. ഇവയ്ക്ക് ഒരു സവിശേഷതയുണ്ട് – എല്ലാം ചെറുധാന്യങ്ങൾ കൊണ്ടാണ് തയാർ ചെയ്യുന്നത്. ‘‘ഭക്ഷണം തന്നെയാണ് മരുന്ന്’’ – സിദ്ധവൈദ്യം പഠിച്ചപ്പോൾ കിട്ടിയ ഈ തിരിച്ചറിവാണ് കന്യ എന്ന സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്നു കേരളത്തിൽ വേരുകളുള്ള ലിൻ പറയുന്നു. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ തിരുവനന്തപുരം വാമനപുരം സ്വദേശിയാണ്.

വായിക്കാം ഇ - കർഷകശ്രീ

മില്ലറ്റ്സ് എന്നറിയപ്പെടുന്ന ചെറുധാന്യങ്ങളെ ലോകം വീണ്ടും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുകയാണെന്നും ഈ രംഗത്ത് ഏറെ സംരംഭസാധ്യതകളുണ്ടെന്നും ലിൻ ചൂണ്ടിക്കാട്ടി. ഭക്ഷ്യകാർഷിക സംഘടനപോലും ഭാവിയുടെ ഭക്ഷണമായി ഇവയെ ചൂണ്ടിക്കാണിക്കുന്നതിനു കാരണമുണ്ട്. അമിതമായി അന്നജമില്ലാത്ത, അലര്‍ജിയുണ്ടാക്കുന്ന ഗ്ലൂട്ടൻ തീരെയില്ലാത്ത ചെറുധാന്യങ്ങളിൽ മറ്റു പോഷകങ്ങളെല്ലാം വേണ്ടുവോളമുണ്ട് – വിറ്റമിനുകൾ, ധാതുക്കൾ, അമിനോ അമ്ലങ്ങൾ... എന്നിങ്ങനെ മനുഷ്യനു വേണ്ടതെല്ലാം ഒറ്റ സ്രോതസ്സിൽ കണ്ടെത്താം.

സംഗതിയൊക്കെ ശരി തന്നെ. പക്ഷേ റാഗിയും മുതിരയുമൊക്കെ അതേപടി കഴിക്കാൻ ഇന്നത്തെ കാലത്ത് ആരുണ്ടാവും. ഇതു മനസ്സിലാക്കിയാണ് പുതുതലമുറയുടെ രുചിഭേദങ്ങൾക്കനുസരിച്ച് ചെറുധാന്യങ്ങളുടെ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലയ്ക്ക് ലിൻ തുടക്കമിട്ടത്. സസ്യഭക്ഷണം മാത്രമല്ല മീനും മുട്ടയും കോഴിയിറച്ചിയുമൊക്കെ ചേർത്ത സസ്യേതര വിഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. പക്ഷേ, നാടൻ ഇനങ്ങൾ മാത്രമാണ് ഇതിനുപയോഗിക്കുക. രുചിയുടെ കാര്യത്തിൽ ഓരോ വിഭവവും ഒന്നിനൊന്നു മെച്ചം. തിരക്കേറിയ ബിസിനസുകളിൽ നിന്നാണ് ലിന്നും പങ്കാളിയായ വെങ്കിടേശും ‘കന്യ’ എന്ന സുസ്ഥിരകൃഷി പ്രസ്ഥാനത്തിലേക്കു മാറുന്നത്.

പി.ജെ. ലിൻ

ആദ്യഘട്ടം ബോധവൽക്കരണ ക്ലാസുകളായിരുന്നു. ജൈവ ഉൽപാദനരീതികൾ സ്വീകരിക്കുന്ന കൃഷിക്കാരുടെ ഉൽപന്നങ്ങൾ തിരികെ വാങ്ങുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജൈവകൃഷി പ്രചരിപ്പിച്ച അവർ ക്രമേണ ഒരു സത്യം തിരിച്ചറിഞ്ഞു. ഉപജീവനത്തിനായി കൃഷി ചെയ്യുന്ന ചെറുകിട കർഷകന് ജൈവരീതിയിൽ തുടരുക എളുപ്പമല്ല. അതോടെ ലിൻ ശൈലി മാറ്റി. ജൈവകൃഷിയുടെ പ്രാധാന്യം ഹൃദയത്തിൽ ഏറ്റുവാങ്ങിയവരും മറ്റു വരുമാനമാർഗ്ഗങ്ങളുള്ളവരുമായ കൃഷിക്കാർ മാത്രമാണ് ഇപ്പോൾ പങ്കാളികൾ. അവർ ജൈവരീതിയിൽ ഉല്‍പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ സംസ്കരിച്ച് കന്യ ബ്രാൻഡിൽ വിൽക്കുന്നതിനാണ് ആധുനികശൈലിയിൽ എസി റസ്റ്ററന്റ് ആരംഭിച്ചത്.

ജൈവകൃഷിക്കു കൂടുതൽ സാധ്യതയുള്ള ചെറുധാന്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത് അങ്ങനെ. വിതച്ച ശേഷം പരിപാലനം തീരെ ആവശ്യമില്ലാത്ത ചെറുധാന്യങ്ങള്‍ സ്വാഭാവികമായും വിഷരഹിതമായാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. കൃഷിയിറക്കിയാൽ പിന്നെ വിളവെടുപ്പിനു മാത്രമേ വയലിലെത്തേണ്ടതുള്ളൂ. മഴക്കുറവുള്ള സ്ഥലങ്ങളിൽ പാവപ്പെട്ട കൃഷിക്കാരുടെ വരുമാനമാണെന്നതും ചെറുധാന്യങ്ങളിൽ താൽപര്യം വർധിപ്പിച്ചു.

മലയാളനാട്ടില്‍ അരി മുഖ്യ ആഹാരമായത് 1930നു ശേഷമാണെന്നു ലിൻ. അതുവരെ ആഘോഷവേളകളിൽ മാത്രമാണ് മിക്കവാറും നാം അരി ഉപയോഗിച്ചിരുന്നത്. നിത്യഭക്ഷണം ചക്കയും ചെറുധാന്യങ്ങളുമൊക്കെയായിരുന്നു. ഉൽപന്നവൈവിധ്യം ഇല്ലാതെ പോയതും ചെറുധാന്യങ്ങളുടെ പ്രചാരം കുറയാൻ കാരണമായെന്നു ലിൻ കരുതുന്നു.

വിവിധ സംസ്ഥാനങ്ങളിലെ കൃഷിക്കാരിൽനിന്നു വാങ്ങുന്ന ചെറുധാന്യങ്ങള്‍ സംസ്കരിക്കുന്നതിനും ഉൽപന്നങ്ങൾ നിർമിക്കുന്നതിനുമായി പ്രത്യേക മില്ലും ഇവർ സ്ഥാപിച്ചിട്ടുണ്ട്. വിപണിയിൽ കിട്ടുന്ന ചെറുധാന്യ ഉൽപന്നങ്ങളിൽ ഏറെയും മൈദ ചേരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുധാന്യങ്ങൾക്കൊപ്പം ധാന്യപ്പൊടി കൂടി ചേർത്തുമാത്രമേ ഉൽപന്നങ്ങളുണ്ടാക്കാനാവൂ എന്നാണ് ഗവേഷണസ്ഥാപനങ്ങൾപോലും സംരംഭകരെ പഠിപ്പിക്കുന്നത്. എന്നാൽ സ്വന്തമായി കണ്ടെത്തിയ സംസ്കരണ രീതികളിലൂടെ നൂറു ശതമാനവും ചെറുധാന്യങ്ങൾ മാത്രമുള്ള ഉൽപന്നങ്ങൾ ‘കന്യ’ വിപണിയിലെത്തിക്കുന്നു. ആധുനിക സമൂഹത്തിന്റെ ജീവിതശൈലിക്കനുസൃതമായി പതിനഞ്ചു മിനിട്ടുകൊണ്ട് ഭക്ഷണമുണ്ടാക്കാവുന്ന വിധത്തിലാണ് ഇവ തയാറാക്കുന്നത്. ചെറുധാന്യങ്ങളുടെ പുറംതോട് നീക്കി വെളുപ്പിച്ചശേഷമാണ് പല കമ്പനികളും വിപണിയിലെത്തിക്കുക. ചെറുധാന്യവിഭവങ്ങളുടെ പോഷക നിലവാരവും രൂപഭദ്രതയുമൊക്കെ ഇതുവഴി നഷ്ടമാകും. നാരംശം നീക്കാത്ത ഉൽപന്നങ്ങളാണ് തങ്ങളുടേതെന്ന് കന്യ അവകാശപ്പെടുന്നു. കേരളത്തിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്യാൻ സാധിക്കില്ലെന്നതു തെറ്റിധാരണയാണെന്നു ലിൻ. മഴക്കുറവുള്ള സ്ഥലങ്ങളിലാണ് ഇവ കൃഷി ചെയ്യാറുള്ളതെങ്കിലും നീർവാർച്ചയുള്ള മണ്ണാണെങ്കിൽ കേരളത്തിലും ചെറുധാന്യങ്ങള്‍ നന്നായി വിളയും. പാടങ്ങളിൽ വേനൽവിളയായും കൃഷി ചെയ്യാം.

ചെറുധാന്യങ്ങള്‍ക്കൊപ്പം ചെമ്പരത്തി, രാമച്ചം, പുതിന, നറുനീണ്ടി, നോനി, മുതിര, കടുക്ക, മറ്റ് പഴങ്ങൾ എന്നിവയിൽനിന്നുള്ള ആരോഗ്യപാനീയങ്ങളും കന്യ അവതരിപ്പിക്കുന്നു. പഞ്ചസാര ചേർക്കാതെയാണ് ഇവ തയാറാക്കുന്നത്. പത്തു രൂപ മാത്രം ഈടാക്കി ഇവ വിപണനം ചെയ്യാവുന്ന പോർട്ടബിൾ ചില്ലിങ് ഡിസ്പൻസറിനു കന്യ രൂപം നൽകിയിട്ടുണ്ട്. ചെറുകിട സംരംഭകർക്ക് ഈ വെൻഡിങ് മെഷീൻ മുപ്പതിനായിരം രൂപ മുടക്കി സ്ഥാപിച്ചാൽ ദിവസേന 500 രൂപയെങ്കിലും വരുമാനം നേടാമെന്ന് ലിൻ അവകാശപ്പെട്ടു. ചെറുധാന്യങ്ങളുടെ റസ്റ്ററന്റ്, ഹെർബൽ ജ്യൂസ് കൗണ്ടർ എന്നിവ ഫ്രാഞ്ചൈസി മാതൃകയിൽ വ്യാപകമാക്കാൻ തുടക്കംകുറിച്ചുകഴിഞ്ഞു. ഈ മേഖലയിൽ താൽപര്യമുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർക്കായി ക്ലാസുകളും പ്രദർശനങ്ങളും നടത്തുന്നതിനു തയാറാണെന്നും ലിൻ വ്യക്തമാക്കി.

ഫോൺ– 9364656642