തെലങ്കാനയും തേരാളിയും

ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കാനുള്ള പ്രക്ഷോഭങ്ങൾക്ക് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. സംസ്ഥാനം അനുവദിക്കണം എന്ന ആവശ്യവുമായി 53 ദിവസം ഉണ്ണാവ്രതം കിടന്ന് ഗാന്ധിശിഷ്യനായ പൊട്ടി ശ്രീരാമലു 1952ൽ കഥാവശേഷനായതൊക്കെ ഇന്നും തെലങ്കാനക്കാർക്ക് ആവേശം പകരും. അര നൂറ്റാണ്ടു കഴിഞ്ഞപ്പോൾ വീണ്ടും മണ്ണിന്റെ മക്കൾ വാദം ഉയർത്തി മറ്റൊരു രാഷ്ട്രീയക്കാരൻ പത്തു ദിവസം പട്ടിണി കിടന്നു 2009ൽ; കെസിആർ എന്ന് അനുയായികൾ വിളിക്കുന്ന കൽവകുന്ത്ള ചന്ദ്രശേഖർ റാവു. അതുവരെ ആന്ധ്രയ്ക്കു പുറത്ത് ആരുമറിയാതിരുന്ന ചന്ദ്രശേഖർ റാവു അതോടെ താരമായി. 

നെറ്റിയിൽ നീട്ടിവരച്ച കുങ്കുമക്കുറി, തനി തായ്മൊഴി തെലുങ്കിലുള്ള തീപ്പൊരി പ്രസംഗം; മേഡക് സ്വദേശിയായ റാവുവിന്റെ  ഭാഷയും ഭാവവും തെലങ്കാന വാദത്തെ തീക്ഷ്ണമാക്കിയ നാളുകളായിരുന്നു പിന്നീട്. പ്രക്ഷോഭത്തിനു വീര്യം ചോരുന്നുവെന്നു തോന്നുമ്പോഴെല്ലാം അണികൾക്ക് ആവേശം പകർന്ന് റാവു ഉയർത്തിയ മുദ്രാവാക്യം ഇങ്ങനെ, ഒാർ ഏക് ധക്ക, തെലങ്കാന പക്ക (ഒറ്റ ഉന്തു കൂടി, തെലങ്കാന ഉറപ്പ്). നാൽപതു ലക്ഷം പേർ പാർക്കുന്ന ഹൈടെക് നഗരമായ ഹൈദരാബാദ് വരെ സ്തംഭിച്ച സമരങ്ങൾക്കു പിന്നിൽ ഈ വാഗ്ൈവഭവം കൂടിയുണ്ട്. ഫലം, 2014 ജൂൺ രണ്ടിന് ആന്ധ്രപ്രദേശ് വിഭജിച്ച് ഇന്ത്യയിലെ ഇരുപത്തിയൊമ്പതാമത്തെ സംസ്ഥാനമായി തെലങ്കാന പിറന്നു. പിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്.) 119 അസംബ്ളി സീറ്റിൽ 90 എണ്ണം നേടി. ആദ്യ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ആര്‍ക്കും സംശയമുണ്ടായില്ല, റാവു തന്നെ. 

സമരനാളുകളിൽ ഉടനീളം  റാവു ഉയർത്തിയ മുഖ്യ പ്രശ്നം കാർഷിക മേഖലയായ തെലങ്കാന കാലങ്ങളായി നേരിടുന്ന കടുത്ത അവഗണന തന്നെയായിരുന്നു. അധികാരത്തിലെത്തിയ ശേഷം വാഗ്ദാനങ്ങളെല്ലാം പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും ആത്മഹത്യയുടെ വഴിയിൽ ചരിച്ചിരുന്ന കർഷകർക്ക് ഒട്ടൊക്കെ ആത്മവിശ്വാസം നൽകാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ നേട്ടം തന്നെ. സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത ഉൽപാദനം(GSDP) 2017–’18 സാമ്പത്തികവർഷം 10.4 ശതമാനത്തിലെത്തി എന്നതാണ് ചന്ദ്രശേഖർ റാവുവിന് ഏറ്റവും അഭിമാനം നൽകുന്ന പുതിയ കാര്യം. (ഇതേ സാമ്പത്തിക വർഷം രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉൽപാദനം (GDP) 6.6 ശതമാനം. കേവലം നാലു വര്‍ഷം പ്രായമായ ഒരു സംസ്ഥാനത്തിന്റെ നേട്ടമാണിതെന്ന് ഒാര്‍മിക്കുക. 

വികസനപ്രവർത്തനങ്ങൾക്കു  സർക്കാര്‍ വൻതുക ചെലവിടുമ്പോൾതന്നെ വിവാദങ്ങൾക്കും ധൂർത്തിനും പഞ്ഞമില്ലാത്ത ഭരണം എന്ന വിമർശനവുമുണ്ട്. 

സംസ്ഥാനത്തിന്റെ വികസനത്തിനായി 2015ൽ മുഖ്യമന്ത്രി നേരിട്ടു നടത്തിയ സഹസ്രകുഞ്ജ ആയുത ചണ്ഡിയാഗം മുതൽ സർക്കാർ ഖജനാവിൽനിന്ന് 40 കോടി രൂപ ചെലവിട്ട് മുഖ്യനു വേണ്ടി നിർമിച്ച ഒൗദ്യോഗികവസതിയും ഏഴു കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് ബസും വരെ നീളുന്ന വിവാദങ്ങൾ. എന്നാല്‍ ഇതിനൊക്കെ ഇടയിലും മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന മിഷൻ ഭഗീരഥ, അലക്കുകാർക്കു സൗജന്യ വാഷിങ് മെഷീൻ, ബാർബർമാർക്ക് ആധുനിക സലൂണിനു ധനസഹായം, ഇടയസമൂഹമായ യാദവ, കുർവി വിഭാഗങ്ങൾക്ക് സൗജന്യമായി ആടുവിതരണം തുടങ്ങിയ പദ്ധതികൾ ദേശീയ ശ്രദ്ധ നേടി.  സൗരോർജ ഉൽപാദനത്തിലുണ്ടായ കുതിപ്പും തെലങ്കാനയുടെ നേട്ടം തന്നെ. കേരളം സോളർ വിവാദത്തിനു പിന്നാലെ ഒാടിയപ്പോൾ തെലങ്കാന സോളർ വൈദ്യുതി ഉൽപാദനത്തിൽ മുൻനിരയിലേക്കു കുതിക്കുകയായിരുന്നു. രാജ്യത്ത് ബിസിനസ് ചെയ്യാൻ ഏറ്റവും അനുകൂല അന്തരീക്ഷമുള്ളത് തെലങ്കാനയിലും ആന്ധ്രയിലുമാണെന്ന് ലോകബാങ്കും കേന്ദ്ര വ്യവസായ പ്രോത്സാഹന മന്ത്രാലയവും രണ്ടു കൊല്ലം മുമ്പ് വിലയിരുത്തിയത് നിക്ഷേപകരെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഫലം. തെലങ്കാനയിൽ 2500 കോടി രൂപയുടെ നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പിനുള്ള പ്രചോദനവും ഈ സമീപനമാണ്.  തെലങ്കാനയുടെ വ്യവസായ–നഗര വികസന മന്ത്രി കെ. ടി. രാമറാവുമായി ചർച്ച നടത്തി ലുലു ചെയർമാൻ എം.എ. യൂസഫലി ധാരണാപത്രത്തിൽ ഒപ്പു വച്ചു കഴിഞ്ഞു. ഹൈദരാബാദിൽ 18 ലക്ഷം  ചതുരശ്രയടി ഷോപ്പിങ് മാൾ, മേഡക് ജില്ലയിൽ പഴം–പച്ചക്കറി കയറ്റുമതിക്കായുള്ള സംഭരണകേന്ദ്രം, രംഗറെഡ്ഡി ജില്ലയിൽ ഭക്ഷ്യസംസ്കരണകേന്ദ്രം എന്നിവ ഉൾപ്പെടുന്ന സംരംഭം തെലങ്കാനയുടെ കാർഷിക മേഖലയ്ക്കു കരുത്തേകുമെന്നു തീർച്ച.

‘മുഖ്യ’കൃഷി

സ്വദേശമായ മേഡക്കിൽ അറുപതേക്കർ കൃഷിയിടമുള്ള വന്‍കിട കര്‍ഷകന്‍ കൂടിയാണ് കെ. ചന്ദ്രശേഖർ റാവു. എട്ടു വർഷം മുമ്പു തുടങ്ങിയ കൃഷിയിൽനിന്ന് കോടികളാണു  വരുമാനം. നാൽപത്തിയഞ്ച് ഏക്കറിൽ ഉരുളക്കിഴങ്ങും പത്തേക്കർ ഗ്രീൻഹൗസിൽ വ്യത്യസ്ത നിറങ്ങളിലുള്ള കാപ്സിക്കവുമാണ് മുഖ്യ വിളകൾ. ഒപ്പം പാവയ്ക്കയും ചുരയ്ക്കയും. ഹൈടെക് കൃഷിയോടാണ് കെ.സി.ആറിനു കമ്പം. മൂന്നു കോടി രൂപ ചെലവിട്ടു നിർമിച്ച ഹൈടെക് ഗ്രീൻഹൗസിൽ തുള്ളിനന, ഫെർട്ടിഗേഷനു വേണ്ടി വിദേശ നിർമിത സംവിധാനങ്ങൾ. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഹൈടെക് കൃഷി വ്യാപകമാക്കി നാഗരികർക്കാവശ്യമായ ഭക്ഷ്യവിളകൾ ഉൽപാദിപ്പിക്കുന്നതു വഴി മികച്ച വിലയും വിപണിയും ലഭിക്കുമെന്നു ചന്ദ്രശേഖർ റാവു.

ജയിൽസുഖം

മലേഷ്യയിലെ ക്വാലലംപുരിൽനിന്നുള്ള ദന്ത ഡോക്ടർ എങ് ഇൻ വോയും ബിസിനസുകാരൻ ഒാങ് ബൂൺ ടെക്കും ഈയിടെ വിമാനം പിടിച്ച് തെലങ്കാനയിലെത്തിയത് ജയിലിൽ കിടക്കാനുള്ള കൊതികൊണ്ടാണ്. ആയിരം രൂപ ഫീസടച്ച് ആഘോഷമായി രണ്ടു ദിവസം കിടന്നു. ജയിൽ ആസ്വദിക്കാനുള്ള അവസരം തെലങ്കാന സർക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമാണ്. 1796ൽ നൈസാമിന്റെ ഭരണകാലത്ത് നിർമിച്ച സംഗറെഡ്ഡി ജയിൽ മ്യൂസിയത്തിലാണ് സർക്കാരിന്റെ ജയിൽ ടൂറിസം പദ്ധതിയുള്ളത്. പൈതൃക പദവിയുള്ള ജയിലിൽ തടവുകാരുടെ വസ്ത്രവും ഭക്ഷണവും പുതപ്പുമൊക്കെയായി കഴിയാൻ ഫീസ് ദിവസം 500 രൂപ. 

ഫാം ടൂറിസത്തിലും തെലങ്കാന ശ്രദ്ധവയ്ക്കുന്നുണ്ടിപ്പോൾ. ഐടി യുവത്വത്തെ ലക്ഷ്യമിട്ടുള്ള ഫാം ഹൗസുകൾ ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിൽ  ഉയർന്നു വരുന്നു. കൃഷിയിട ടൂറിസത്തിന്റെ സാധ്യതകൾ തേടുന്ന ആരിഫ റാഫിയെ പോലുള്ള കർഷകരെ തുടർപേജുകളിൽ പരിചയപ്പെടാം.

തെലങ്കാന തരും

നമ്മുടെ അടുക്കളയിൽ ആന്ധ്ര, തെലങ്കാന മേഖലകൾക്ക് പണ്ടേയുണ്ട് ആധിപത്യം. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിൽനിന്നു വർഷം ശരാശരി ഏഴര ലക്ഷം ടൺ അരിയാണ് കേരളത്തിലെത്തുന്നത്. ഉഴുന്നുപരിപ്പും തുവരപ്പരിപ്പും മുളകും വരുന്നത് ഗുണ്ടൂർ മേഖലയിൽനിന്ന്. പരുത്തിപ്പിണ്ണാക്കും കടലപ്പിണ്ണാക്കുമൊക്കെ തരുന്നത് തെലങ്കാന.

സാറ്റലൈറ്റ് കൃഷി

സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി തെലങ്കാനയ്ക്കു കേന്ദ്രം വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറിക്ക് പാലക്കാട് കോച്ച് ഫാക്ടറിയുടെ അതേ ഗതി തന്നെയായിരുന്നു. ആന്ധ്രപ്രദേശ് വിഭജിച്ച് ആറു മാസത്തിനുള്ളിൽ കോച്ച് ഫാക്ടറി എന്നായിരുന്നു വാഗ്ദാനം. റെയിൽവേ പക്ഷേ വാക്കു മാറ്റി. റെയിൽവേയുടെ കാരുണ്യത്തിനു കാത്തുനിൽക്കാതെ മേധ സെർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്ന് സ്വന്തം നിലയ്ക്കു പദ്ധതിയുമായി മുന്നോട്ടു നീങ്ങുന്ന തെലങ്കാന, ഇപ്പോൾ കാണുന്ന സ്വപ്നം സ്വന്തമായി ഒരു ഉപഗ്രഹമാണ്. കാർഷിക വികസനം, ഗ്രാമവികസനം, വിദൂര വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യുകയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ ലക്ഷ്യം.