വീട്ടിൽ തയാറാക്കാം തേൻ

ഉദ്യാനത്തിൽ തേൻ കൂടുതൽ ലഭ്യമായ ചെടികൾ നട്ടുവളർത്തുന്നതിനൊപ്പം ചെറുതേനീച്ചക്കൂടുകൾ കൂടി വച്ചാൽ വീട്ടാവശ്യത്തിനുള്ള തേൻ കിട്ടും.

പൂന്തോട്ടവും പൂച്ചെടികളും മനുഷ്യന് ആസ്വദിക്കാനുള്ള പ്രകൃതിവിഭവങ്ങളാണ്. പൂമൊട്ട് വിരിഞ്ഞു പൂവാകുന്നതും തേനീച്ചയോ പൂമ്പാറ്റയോ പരാഗണം നടത്തി കായ് ആയി മാറുന്നതും കണ്ണിനു കൗതുകം പകരുന്ന കാഴ്ചയാണ്. തേനും പൂമ്പൊടിയും ശേഖരിക്കാനെത്തുന്ന തേനീച്ച, പൂവിൽ മനഃപൂർവമല്ലാതെ നടത്തുന്ന പരാഗണംകൊണ്ടു മാത്രമാണ് പല ചെടികളും വംശനാശം സംഭവിക്കാതെ നിലനിൽക്കുന്നതെന്നത് ശാസ്ത്രസത്യമാണ്. 

നമ്മുടെ ഉദ്യാനങ്ങളിൽ നട്ടുപരിപാലിക്കുന്ന മിക്ക പൂച്ചെടികളും തേനീച്ചയ്ക്ക് തേനിന്റെയും പൂമ്പൊടിയുടെയും സ്രോതസ്സാണ്. മനുഷ്യസഹവാസം കൂടുതൽ ഇഷ്ടപ്പെടുന്ന ചെറുതേനീച്ച, പൂന്തോട്ടത്തിൽതന്നെ സ്വമേധയാ കൂടുകൂട്ടുന്നതും ഈ സൗകര്യമുള്ളതുകൊണ്ടാണ്. മൈക്രോവേവ് ടവറും, രാസകീടനാശിനികളും തേനീച്ചകളുടെ വംശനാശത്തിനുതന്നെ ഭീഷണിയാകുന്ന ഈ കാലഘട്ടത്തിൽ അത്രയ്ക്ക് ദൂരേക്കും ഉയരത്തിലും പറക്കുന്ന സ്വഭാവമില്ലാത്ത ചെറുതേനീച്ചകളുടെ ഒന്നുരണ്ടു കൂടുകൾ കൂടി ഉദ്യാനത്തിന്റെ ഭാഗമാക്കിയാൽ വീട്ടിലേക്ക് ആവശ്യമായ തേൻ ലഭിക്കും. കൂടാതെ, അടുക്കളത്തോട്ടത്തിലെ പാവലിനും, മത്തനും, റംബുട്ടാനും, മുരിങ്ങയ്ക്കുമെല്ലാം കായ്പിടിത്തം കൂടുകയും ചെയ്യും. തേനീച്ച സൗഹൃദ ഉദ്യാനം പരിസ്ഥിതി സംരക്ഷണത്തിനും ജീവികളുടെ സഹവർത്തിത്തത്തിനും കൂടി സഹായകരമാണ്.

തയാറാക്കുന്ന വിധം 

പ്രത്യേകമായോ  വലിയൊരു ഉദ്യാനത്തിന്റെ ഭാഗമായോ ഇത്തരം പൂന്തോട്ടം തയാറാക്കാം. ഔഷധഗുണവും വിപണിയിലെ ഡിമാന്‍ഡുംകൊണ്ട് വൻതേനിനെക്കാൾ ഏറെ മുന്നിട്ടു നിൽക്കുന്ന ചെറുതേനിന്റെ ആവശ്യത്തിനായി തയാറാക്കുന്നതാകണം ഈ ഉദ്യാനം. നമ്മുടെ നാട്ടിൽ സ്വാഭാവികമായി കാണുന്ന ചെറുതേനീച്ചകള്‍  തേനെടുക്കുന്നതു നാടൻ പൂച്ചെടികളില്‍നിന്നാണ്. ഇത്തരം ചെടികളായിരിക്കണം  ഈ പൂന്തോട്ടത്തിൽ ഉൾപ്പെടുേത്തണ്ടത്.

ഒരു നിര മാത്രം ഇതളുകളുള്ള നാടൻപൂക്കളിൽ ധാരാളം പൂമ്പൊടിയും തേനും കേസരവുമെല്ലാം ഉണ്ടാകും. റോസിന്റെയും പത്തുമണിച്ചെടിയുടെയും സങ്കരയിനങ്ങളിൽ ഒന്നിൽ കൂടുതൽ നിര ഇതളുകളുണ്ടാകും, എന്നാൽ ഇവയിൽ പൂമ്പൊടിയും തേനും വളരെ കുറവായിരിക്കും. തേനീച്ചകൾക്കായുള്ള പൂച്ചെടികൾ നട്ട് പൂവിടാൻ തുടങ്ങിയാൽ മാത്രമേ ഉദ്യാനത്തിൽ തേനീച്ചക്കൂട് സ്ഥാപിക്കാവൂ. കാലവ്യത്യാസമില്ലാതെ പൂവിടുന്നതും ചിരസ്ഥായി പ്രകൃതമുള്ളതുമായ പൂച്ചെടികൾ ഇത്തരം ഉദ്യാനത്തിൽ ഉൾപ്പെടുത്തിയാൽ പൂന്തോട്ടത്തിന്റെ ഭംഗി എന്നും ഒരുപോലെ നിലനിർത്താം എന്നതു കൂടാതെ വർഷം മുഴുവൻ തേനിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യാം.

ചെടിയിനങ്ങൾ

ചെറിയ കുറ്റിച്ചെടികൾ: ബാൾസം, മാരിഗോൾഡ്, ഗോൾഡൻ റോസ്, കുഫയ, പത്തുമണിച്ചെടി, വെർബീന, കൊങ്ങിണി, സീനിയ 

കുറ്റിച്ചെടികൾ: ഡുറാന്റാ, ചെത്തി, ഹമീലിയ, കന്നവാഴ, നാടൻ റോസ്, യൂഫോർബിയ, മന്ദാരം, സുവർണപത്രി, നാലുമണിച്ചെടി 

വളളിച്ചെടികൾ: ഗാർലിക് വൈൻ, കോറൽവൈൻ, ബ്രൈഡൽ ബൊക്കെ, പാഷൻഫ്രൂട്ട് 

മരങ്ങൾ: രാജമല്ലി, ടെക്കോമ, കണിക്കൊന്ന, ബോട്ടിൽബ്രഷ് ചെടി 

ജലസസ്യം: ആമ്പൽ 

മേൽ വിവരിച്ചവയിൽ ചെറിയ പൂക്കൾ ഉള്ള ഗോൾഡൻ റോസ്, ഹമീലിയ, ചെത്തി, യൂഫോബിയ, കുഫയ തുടങ്ങിയവയിലുള്ള തേൻ ചെറുതേനീച്ചയ്ക്കു മാത്രം എടുക്കാവുന്നവയാണ്. നാലുമണിച്ചെടിയുടെ പൂക്കൾ വൈകുന്നേരം മാത്രം വിരിയുന്നതുകൊണ്ട് ആ സമയത്തെ തേൻ ശേഖരണം ഈ പൂക്കളിൽനിന്നായിരിക്കും. മഞ്ഞ, നീല, വയലറ്റ് പൂക്കളോടാണ് തേനീച്ചകൾക്ക് കൂടുതൽ പ്രിയം എന്നതുകൊണ്ട് ഇത്തരം പൂക്കളുള്ള ചെടികൾ അധികമായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കോറൽ വൈൻ, റോസ്, പത്തുമണിച്ചെടി, രാജമല്ലി തുടങ്ങിയവ തേനിനൊപ്പം പൂമ്പൊടിയുടെയും സ്രോതസ്സാണ്. 

തേനീച്ചക്കൂട്ടിൽ, തേനീച്ചയ്ക്കും കുഞ്ഞുങ്ങൾക്കും വളരാൻ കാർബോഹൈഡ്രേറ്റ് അടങ്ങിയ തേനും പ്രോട്ടീനുള്ള പൂമ്പൊടിയും അത്യന്താപേക്ഷിതമാണ്.

ഉദ്യാനത്തിൽ നേരിട്ടു വെയിൽ കിട്ടുന്നിടങ്ങളിൽ ചെറിയ കുറ്റിച്ചെടികളും ചിരസ്ഥായി ഇനങ്ങളും കൂട്ടമായാണ് വളർത്തേണ്ടത്. ഒരേയിനം ചെടികൾ കൂട്ടമായി നടുമ്പോൾ തേനീച്ചയ്ക്ക് എളുപ്പത്തിൽ പൂക്കൾ കണ്ടെത്തി തേൻ ശേഖരിക്കാൻ സാധിക്കും. ഈ വിധത്തിൽ പത്തിൽ കുറയാത്ത ചെടിക്കൂട്ടങ്ങൾ ഇത്തരം ഉദ്യാനത്തിലുള്ളതാണ് ഉത്തമം. പൂന്തോട്ടത്തിന്റെ അതിരിലോ അല്ലെങ്കിൽ പ്രത്യേകം തയാറാക്കിയ ട്രെല്ലിയിലോ വള്ളിച്ചെടികൾ പടർത്തിക്കയറ്റാം.

ചെടിക്കൂട്ടങ്ങൾ ഒരുക്കുമ്പോൾ ഉയരം കൂടിയവ പുറകിലും ഉയരം കുറഞ്ഞവ മുൻപിലുമായോ നടാം. അല്ലെങ്കിൽ ഉയരം കൂടിയവ നടുവിലും ഉയരം കുറഞ്ഞവ ചുറ്റും വൃത്താകൃതിയി ലും നടാം. പൂക്കൾ ഏറെനാള്‍ കൊഴിയാതെ നിൽക്കുന്ന ഇനങ്ങള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മരത്തണ ലിലോ അല്ലെങ്കിൽ വീടിനോടു ചേർന്നോ ഉറുമ്പുശല്യമില്ലാത്ത ഇടങ്ങളിലാണ് തേനീച്ചക്കൂടു വയ്ക്കണ്ടത്.  ചെറുതേനിന്റെ കൂട് പൂച്ചെടികൾക്കടുത്തായി അഞ്ചാറ് അടി ഉയരത്തിലും താഴെ വയ്ക്കാൻ ശ്രദ്ധിക്കണം. ഉദ്യാനത്തിന്റെ തണലുള്ള ഒരു ഭാഗത്ത് പരന്ന പാത്രത്തിൽ തേനീച്ചയ്ക്കു കുടിക്കാന്‍   വെള്ളം വയ്ക്കണം. പാത്രത്തിൽ  വെള്ളാരംകല്ലുകളിട്ടു െവള്ളം വച്ചാല്‍ കല്ലുകളിൽ വന്നിരുന്ന് ഈച്ചകള്‍ക്ക് അനായാസം കുടിക്കാം. 

മറ്റ് ഉദ്യാനങ്ങളിലെന്നപോലെ ചെടികളുടെ പരിപാലനവും സംരക്ഷണവും ഈ പൂന്തോട്ടത്തിലും ആവശ്യാനു സരണം നൽകണം. 

കുറ്റിച്ചെടികൾ കമ്പുകോതി ഉയരം ക്രമീകരിക്കുന്നപക്ഷം ചെടികളില്‍ കൂടുതല്‍ ശാഖകളും പൂക്കളും ഉണ്ടാകും. പൂക്കൾക്ക്  കൂടുതൽ ആയുസ്സും നിറവും കിട്ടാന്‍  ജൈവവളങ്ങള്‍ നല്‍കുക. കീടനിയന്ത്രണത്തിനു ജൈവ കീടനാശിനികൾ മാത്രം ഉപയോഗിക്കുക. രാസകീടനാശിനികൾ  തേനീച്ചയെ  അകറ്റും. അവയ്ക്കു ദോഷവുമുണ്ടാക്കും.  ചെടികൾക്കൊപ്പം തേനീച്ചയ്ക്കും  കീടശല്യമുണ്ട്. ഉറുമ്പ്, പല്ലി, കടന്നൽ, നിശാശലഭം മുട്ടയിട്ടുണ്ടാകുന്ന പുഴുക്കൾ എല്ലാം ചെറുതേനീച്ചയെ ആഹാരമാക്കുന്നവയാണ്. ഇവയെയും രാസകീടനാശിനി ഉപയോഗിക്കാതെതന്നെ നിയന്ത്രിക്കണം.