കുറ്റിക്കുരുമുളകിലും ഗ്രാഫ്റ്റ്

വാട്ടരോഗത്തെ ചെറുക്കാൻ മാത്രമല്ല, വർഷം മുഴുവനും കുരുമുളക് ഉൽപാദിപ്പിക്കാനും ഇത്തരം ചെടികൾക്കു കഴിയും.

കുരുമുളകിനെ ബാധിക്കുന്ന പ്രധാന രോഗമാണ് ദ്രുതവാട്ടം. സ്വന്തം തോട്ടത്തിലെ അഞ്ഞൂറോളം കുരുമുളകു ചെടികൾ വാട്ടരോഗത്തെത്തുടർന്ന് നശിച്ചുപോയപ്പോഴാണ്, കോഴിക്കോട് കല്ലാനോട്ടെ സേവ്യർ മാഷിന്റെ ബുദ്ധിയിൽ ഒരു ആശയം ഉദിച്ചത്. കുരുമുളകിന്റെ കണ്ണിത്തലകൾ ഒട്ടിച്ച ഒട്ടുകുറ്റിക്കുരുമുളകുചെടി  ഉണ്ടാക്കുക. ദ്രുതവാട്ടരോഗത്തെ ചെറുക്കാൻ കഴിവുള്ള പൈപ്പർ കോളുബ്രിനം എന്ന ചെടിയാണ് ഗ്രാഫ്റ്റിങ്ങിന് മൂല കാണ്ഡമായി ഉപയോഗിച്ചത്. വാട്ടരോഗത്തെ ചെറുക്കാൻ മാത്രമല്ല, വർഷം മുഴുവനും കുരുമുളക് ഉൽപാദിപ്പിക്കാനും ഇത്തരം ചെടികൾക്കു കഴിയും.

വിളവെടുക്കാൻ എളുപ്പമായ ഇവയ്ക്കു താങ്ങുകാലുകൾ ആവശ്യമില്ലെന്നു മാത്രമല്ല, കോളുബ്രിനം ചെടിക്ക് വെള്ളക്കെട്ടിനെ ചെറുക്കാൻ കഴിവുള്ളതിനാൽ വാട്ടരോഗ ഭീതി കൂടാതെ ചതുപ്പുപ്രദേശങ്ങളിലും നീർവാർച്ച കുറഞ്ഞ സ്ഥലങ്ങളിലും കൃഷി ചെയ്യാനും സാധിക്കും. വീട്ടുവളപ്പിലെ താങ്ങുമരങ്ങളിൽ കുരുമുളക് പടർത്തുന്നതോടൊപ്പം ഇടവിളയായി കുറ്റിക്കുരുമുളക് കൃഷി ചെയ്യുന്നതിലൂടെ അധിക വരുമാനം നേടുകയും ചെയ്യാം.

ഒട്ടുകുറ്റിക്കുരുമുളക് രണ്ടു രീതിയിലാണ് ഉൽപാദിപ്പിക്കുന്നത്. രണ്ടിലും കോളുബ്രിനം ചെടിയുടെ അധികം മൂപ്പെത്താത്ത കമ്പുകൾ നടീൽമിശ്രിതം നിറച്ച ചട്ടികളിലോ നേരിട്ട് തോട്ടങ്ങളിലോ നടുന്നു. നന്നായി വേരു വന്ന് പുതിയ തളിർപ്പുകൾ ഉണ്ടായശേഷം ഗ്രാഫ്റ്റിങ് നടത്താം. ചട്ടികളിൽ നടുന്നവ ചുവട്ടിൽനിന്ന് ഒരടി ഉയരത്തിൽ വച്ചും തോട്ടങ്ങളിൽ നട്ടവ ഏകദേശം രണ്ടടി ഉയരത്തിൽ വച്ചും ഗ്രാഫ്റ്റ് ചെയ്യാം. മൂലകാണ്ഡത്തിന്റെ തലപ്പ് മുറിച്ച് നെടുകെ പിളർപ്പ് ഉണ്ടാക്കിയശേഷം കണ്ണിത്തലയുടെ ചുവപ്പുഭാഗം ആപ്പ് പോലെ ഇരുവശവും ചെത്തി ഈ പിളർപ്പിൽ ഇറക്കിവച്ച് പോളിത്തീൻ നാടകൊണ്ട് നന്നായി കെട്ടുന്നു. 

മഴക്കാലമാണ് ഗ്രാഫ്റ്റിങ്ങിനു കൂടുതൽ യോജ്യം. മറ്റു സമയങ്ങളിൽ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത മുകൾഭാഗം  പോളിത്തീൻ ബാഗുകൊണ്ട് മുഴുവനായി മൂടിവച്ച് ഈർപ്പം നിലനിർത്തുക വഴി വിജയസാധ്യത കൂട്ടാം. രണ്ട്– മൂന്ന് ആഴ്ചകൾക്കുള്ളിൽ കണ്ണിത്തലയിൽ പുതിയ തളിർപ്പുകൾ വരുമ്പോൾ ഗ്രാഫ്റ്റിങ് പൂർണ മായി വിജയിച്ചെന്ന് അനുമാനിക്കാം.

ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്ത ചെടികൾക്ക് നല്ലൊരു താങ്ങ് കൊടുക്കുകയെന്നതാണ് പരിപാലനത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഇതുവഴി ഗ്രാഫ്റ്റ് ചെടികൾ ഒടിഞ്ഞുപോകാതെ സംരക്ഷിച്ചുനിർത്താം. താങ്ങിനായി പിവിസി പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ചട്ടിയിലുള്ളവയ്ക്ക് രണ്ട് ഇഞ്ച് പിവിസിയും നിലത്തു നട്ടവയ്ക്ക് നാല് ഇഞ്ച് പിവിസിയും ഉപയോഗിക്കുന്നു. നാല് ഇഞ്ച് പിവിസി ഉപയോഗിക്കുന്നതിനു സേവ്യർ‌ മാഷിന് തനതുശൈലിയുണ്ട്. തറയിൽ നട്ട ചെടികളിൽ ഗ്രാഫ്റ്റിങ് വിജയകരമായാൽ ഉടനെ നാല് ഇഞ്ച് വലുപ്പത്തിലുള്ള പിവിസി പൈപ്പ് കണ്ണിത്തലകൾക്കു ക്ഷതമേൽക്കാത്ത വിധത്തിൽ മുകൾഭാഗത്തുകൂടി ഗ്രാഫ്റ്റിന്റെ താഴേക്ക് ഇറക്കുന്നു. ഇത് പിന്നീട് മണ്ണിനടിയിൽ മൂന്ന് ഇഞ്ച് താഴേക്ക് ആക്കി ഉറപ്പിക്കുന്നു. ഇത് ഒട്ടുചെടികൾക്ക് താങ്ങ് നൽകുന്നതോടൊപ്പം ചെടികൾക്ക് വളപ്രയോഗത്തിനുള്ള ഉപാധിയായും വർത്തിക്കുന്നു. പിവി സി പൈപ്പിന് മുകളിലൂടെ വളങ്ങൾ നൽകുന്നത് വളത്തിന്റെ നഷ്ടം ഒഴിവാക്കുന്നതിനും ചെടികൾക്ക് അവ വളരെ എളുപ്പത്തിൽ വലിച്ചെടുക്കുന്നതിനും സഹായിക്കുന്നു.

ഒട്ടുകുറ്റിക്കുരുമുളകുകൃഷിയിൽ മാഷിന്റെ മറ്റൊരു പരീക്ഷണവും വിജയിച്ചു.  ഒട്ടുകുറ്റിക്കുരുമുളകിന്റെ ഒരു ചെടിയിൽതന്നെ പല തട്ടുകളിൽ ഗ്രാഫ്റ്റ് ചെയ്യുന്നതാണ് ഈ രീതി. ആദ്യത്തെ ഗ്രാഫ്റ്റിങ് ചുവട്ടിൽനിന്ന് രണ്ടടി ഉയരത്തിൽ ചെയ്യുന്നു. പിന്നീട് മൂലകാണ്ഡമായ കോളുബ്രിനത്തിൽ നിന്നുണ്ടാകുന്ന പുതിയ നേർക്കാ മ്പുകൾ ആദ്യഗ്രാഫ്റ്റിങ്ങിന് ഒരടി ഉയരത്തിൽ എത്തുമ്പോൾ വീണ്ടും ഗ്രാഫ്റ്റ് ചെയ്യാം. ഇങ്ങനെ ഒരേ ചെടിയിൽതന്നെ രണ്ടോ മൂന്നോ തട്ടുകളിലായി ഗ്രാഫ്റ്റ് ചെയ്ത് ഉൽപാദനം വർധിപ്പിക്കാം. ഒരു ചെടിയിൽ ഇങ്ങനെ ഒരേ ഇനമോ പല ഇനങ്ങളോ ഗ്രാഫ്റ്റ് ചെയ്യാം. ഇത്തരം ഗ്രാഫ്റ്റുകൾക്ക് ആവശ്യാനുസരണം  വളപ്രയോഗവും നല്ല താങ്ങും നൽകിയാൽ ഉൽപാദനം കൂട്ടാൻ മറ്റൊന്നും വേണ്ട.

കരിമുണ്ട, പന്നിയൂർ‌–1, വയനാടൻ ഇനങ്ങളാണ് മാഷ് കൂടുതലായും കൃഷി ചെയ്യുന്നത്. എല്ലുപൊടിയും നേർപ്പിച്ച ബയോഗ്യാസ് സ്ലറിയും പതിവായി നൽകുന്നു.വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നനയ്ക്കുകയും  ചെയ്യും.  രോഗ,കീടബാധ  വളരെക്കുറവ്. എന്നാലും ഇലകളിലെ രോഗബാധ ഒഴിവാക്കാൻ മഴക്കാലത്തിനു മുമ്പ് ബോർഡോമിശ്രിതം പതിവായി തളിക്കാറുണ്ട്.

ഇത്തരം ഗ്രാഫ്റ്റ് ചെടിയിൽനിന്നു വർഷം മുഴുവനും വിളവു ലഭിക്കുന്നു. ചെടികളെ നല്ലവണ്ണം പരിപാലിക്കുന്നപക്ഷം ശരാശരി രണ്ടു കിലോ പച്ചക്കുരുമുളക് ഒരു ചെടിയിൽനിന്ന് പ്രതിവർഷം ലഭിക്കും. ഒട്ടുകുറ്റിക്കുരുമുളകിനോടൊപ്പം ഗ്രാഫ്റ്റ് ചെയ്ത വള്ളിച്ചെടികളും  കൃഷി ചെയ്യുന്നുണ്ട്. കേറുതലകളാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. ഇതുമൂലം നേരത്തേ കണ്ണിപൊട്ടി ഒന്നാം വർഷംതന്നെ  ഉൽപാദനം ലഭിക്കും. ഇവയിലും   ചുവട്ടിൽനിന്ന് ഒന്നര – രണ്ട് അടി ഉയരത്തിൽ   ഗ്രാഫ്റ്റ് ചെയ്താൽ ഇലകളിലെ വാട്ടരോഗവും ഒഴിവാക്കാം. ഗ്രാഫ്റ്റ് ചെയ്ത വള്ളികളും  രണ്ടു രീതിയിൽ കൃഷി ചെയ്യുന്നു. വീട്ടുവളപ്പിൽ തന്നെയുള്ള മരങ്ങളിൽ പടർത്തുന്നതാണ് ഒരു രീതി. മറ്റൊന്ന് നീളമുള്ള പിവിസി പൈപ്പുകളിലും. ഇതിനായി നാല് ഇഞ്ച് വലുപ്പവും നാല് മീറ്റർ‌ നീളവുമുള്ള പിവിസി പൈപ്പുകളിൽ ചെറിയ ദ്വാരങ്ങൾ വിവിധ ഭാഗങ്ങളിലായി ഇടുന്നു. ഇവ തോട്ടത്തി ൽ ചുവടുഭാഗം 50 സെ.മീ. മണ്ണിനടിയിലാകത്തക്കവിധത്തിൽ ഉറപ്പിക്കുന്നു. അതിനുശേഷം പിവിസി പൈപ്പ് മുഴുവനായി പ്ലാസ്റ്റിക് തണൽവല ഉപയോഗിച്ച് ചുറ്റിക്കെട്ടുന്നു. ഇവയിൽ പിന്നീട് ചകിരിച്ചോറ് നിറച്ചതിനു ശേഷം കേറുതല ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്ത കുരുമുളകുവള്ളികൾ ചുവട്ടിൽ നട്ടുകൊടുക്കാം. ഇത്തരം വള്ളികളുടെ വളർച്ച സാധാരണ വേരുപിടിപ്പിച്ച വള്ളിത്തലകളെക്കാൾ കൂടുതലായാണ് കണ്ടുവരുന്നത്. ഉൽപാദനവും നേരത്തേ ലഭിക്കും.  ഗ്രാഫ്റ്റ് ചെയ്ത ഒട്ടുകുറ്റിക്കുരുമുളകുചെടികൾ പരിമിതമായ തോതിൽ വിതരണം ചെയ്യുന്നുണ്ട്. 

ഫോൺ: 9495859483

വിലാസം: കൃഷിവിജ്ഞാനകേന്ദ്രം, 

ഭാരതീയ സുഗന്ധവിള ഗവേഷണ 

സ്ഥാപനം, പെരുവണ്ണാമൂഴി  

കോഴിക്കോട് – 673 528