വിപണിയിൽ പ്രിയങ്കരം നെല്ലിക്ക ഉൽപന്നങ്ങൾ

ഉൽപന്നങ്ങൾ തയാറാക്കുന്ന വിധവും സംരംഭസാധ്യതകളും

നെല്ലിക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾക്കു  നല്ല ഡിമാൻഡുണ്ട്. അതുകൊണ്ടു  സംരംഭസാധ്യതയുമേറെ. ഓഗസ്റ്റ് മുതൽ ഫെബ്രുവരിവരെ  വിപണിയിൽ നെല്ലിക്ക സുലഭം. വലുപ്പം കുറഞ്ഞ നാടൻ നെല്ലിക്കയും വലുപ്പമുള്ള ചമ്പക്കാടൻ ലാർജ് ഇനവുമാണ്  നല്ല പങ്കും.  രണ്ടിനവും മൂല്യവർധനയ്ക്കു നന്ന്. 

അമലാരിഷ്ടം, നെല്ലിക്ക വൈൻ എന്നിവയുണ്ടാക്കാൻ നാടനാണ് യോജ്യം. നെല്ലിക്ക പ്രിസർവ് (തേൻ നെല്ലിക്ക), അച്ചാർ, ഉപ്പിലിട്ടത്, നെല്ലിക്ക സ്ക്വാഷ് എന്നിവയ്ക്ക്  വലുപ്പമുള്ള ഇനവും. നെല്ലിക്കാപ്പൊടി, ഉണങ്ങിയ നെല്ലിക്ക എന്നിവയ്ക്കും ഡിമാൻഡ് ഉണ്ട്. ഇവ തയാറാക്കുന്ന വിധം ചുവടെ.

ഉണക്കിയ നെല്ലിക്ക

ആയുർവേദ ഔഷധങ്ങളിൽ പ്രധാന ചേരുവകളാണ് ഉണക്കിയ നെല്ലിക്കയും നെല്ലിക്കാപ്പൊടിയും. നെല്ലിക്ക സാധാരണ രീതിയിൽ വെയിലത്ത് ഉണങ്ങുമ്പോൾ കുമിള്‍ബാധ കാണാറുണ്ട്. അതുണ്ടാകാത്ത വിധത്തിൽ ശ്രദ്ധാപൂർവം ഉണക്കണം. ഡ്രയർ ഉപയോഗിച്ച് ഉണക്കുന്നതാണ് നല്ലത്. നെല്ലിക്കയുടെ കുരു നീക്കം ചെയ്തും ഉണക്കാം. ഉണക്കിയ നെല്ലിക്ക പൾവറൈസറിൽ പൊടിച്ച് നെല്ലിക്കാചൂർണമായും വിപണനം നടത്താം.

നെല്ലിക്ക അരിഷ്ടം

വിളർച്ച, ക്ഷീണം എന്നിവ ഉള്ളവർക്കും ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്നവർക്കും എളുപ്പം രോഗപ്രതിരോധശേഷിയും ആരോഗ്യവും വീണ്ടെടുക്കാൻ ഇത് ഉപകരിക്കും. നെല്ലിക്ക, ശർക്കര, സുഗന്ധവ്യഞ്ജനങ്ങളായ ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, ചുക്ക്, തിപ്പലി എന്നിവയാണ്  ചേരുവകള്‍. കഴുകി വൃത്തിയാക്കിയ ഒന്നര കിലോ നാടൻ നെല്ലിക്കയ്ക്ക് മുക്കാൽ കിലോ എന്ന തോതില്‍  ശർക്കര ചീകിയെടുത്ത് ചേർക്കണം.  വൃത്തിയുള്ള മൺഭരണിയിലോ ചീനഭരണിയിലോ നെല്ലിക്കയും ശർക്കരയും   ഒന്നിടവിട്ട് അടുക്കുകളായി നിറയ്ക്കുക.  രണ്ടോ മൂന്നോ ഗ്രാമ്പൂവും  ഏലയ്ക്കയും, ചെറിയ കഷണം ചുക്ക്, തിപ്പലി എന്നിവയും ചതച്ചു ചേർക്കാം. ഇത് നിറച്ചതിനുശേഷം ഭരണി വായു കടക്കാത്തവിധം  ഒന്നര മാസത്തോളം മൂടിക്കെട്ടി വയ്ക്കുക. രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ഭരണി നന്നായി കുലുക്കി വയ്ക്കണം.  പിന്നീട് മൂടി തുറന്ന് ലായനി അരിച്ചെടുക്കുക. നെല്ലിക്ക പൂർണമായും ചുരുങ്ങി ജലാംശം പുറത്തു വന്നിട്ടുണ്ടാകും. 

അരിച്ചെടുത്ത ലായനി വൃത്തിയുള്ള ബോട്ടിലുകളിൽ നിറച്ച് അടച്ചു സൂക്ഷിക്കാം. നിറമുള്ള ഗ്ലാസ് ബോട്ടിലുകളിൽ നിറയ്ക്കുന്നതാണ് നല്ലത്. സൂര്യപ്രകാശം നേരിട്ടു പതിക്കാത്ത രീതിയിൽ  വയ്ക്കാൻ ശ്രദ്ധിക്കണം.

നെല്ലിക്ക അച്ചാറുകൾ

നെല്ലിക്ക ഉപയോഗിച്ച് പലതരം അച്ചാറുകളും ഉപ്പിലിട്ടതും ഉണ്ടാക്കാം. ചെറിയ നെല്ലിക്കകൊണ്ടുള്ള കായം നെല്ലിക്ക, കരിനെല്ലിക്ക, വലിയ നെല്ലിക്ക അച്ചാർ എന്നിവ വളരെ രുചികരവും പോഷകസമ്പന്നവുമാണ്. ചെറിയ നെല്ലിക്കയിൽ മുളകുപൊടി, കായം, ഉപ്പ് എന്നിവ മാത്രം ചേർത്ത് നല്ലെണ്ണയിൽ വഴറ്റി ഭരണിയിൽ നിറച്ച് വെയിലത്തു വയ്ക്കുന്നു. ജലാംശം വറ്റി ചേരുവകളെല്ലാം നെല്ലിക്കയിൽ പിടിക്കുന്നതുവരെ ഇത് തുടർച്ചയായി  വെയിലത്തു വയ്ക്കണം. 

നന്നായി ജലാംശം വറ്റിയതിനുശേഷം ബോട്ടിലുകളിൽ നിറയ്ക്കാം. കാന്താരിമുളക്, കറിവേപ്പില, നല്ലെണ്ണ, ഉപ്പ് എന്നിവ ചേർത്ത് നെല്ലിക്ക തുടർച്ചയായ ദിവസങ്ങളിൽ ചെറുതീയിൽ വേവിക്കുന്നു. നെല്ലിക്കയുടെ ജലാംശം പൂർണമായും വറ്റി അതിന് നല്ല കറുപ്പുനിറം വന്നിട്ടുണ്ടാകും. വാട്ടിയെടുത്ത് കുരു നീക്കം ചെയ്ത നെല്ലിക്കയ്ക്കും വെളുത്തുള്ളി, ഇഞ്ചി, മുളകുപൊടി, കായം, വിനാഗിരി എന്നിവ ചേർത്തുണ്ടാക്കുന്ന നെല്ലിക്ക അച്ചാറിനും വിപണിയിൽ നല്ല പ്രിയമാണ്. തിളപ്പിച്ചാറിയ വെള്ളത്തിൽ ലീറ്ററിന് 80 ഗ്രാം എന്ന തോതിൽ ഉപ്പും പൊട്ടാസ്യം മെറ്റാ ബൈ സൾഫൈറ്റും ചേർത്തുണ്ടാക്കിയ ലായനിയിൽ ഇട്ടുവയ്ക്കുന്ന നെല്ലിക്കയ്ക്കും ആവശ്യക്കാരുണ്ട്.

നെല്ലിക്ക ജാം, ലേഹ്യം

നെല്ലിക്ക, മുന്തിരി, പൈനാപ്പിൾ, ഈന്തപ്പഴം, ബ്രഹ്മി എന്നിവ ചേർത്ത് കുഞ്ഞുങ്ങൾക്കുവേണ്ടി ജാം/ബ്രഡ് സ്പ്രെഡ് പോലുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കാം. 

നെല്ലിക്കയ്ക്കൊപ്പം, ബ്രഹ്മി, കുടങ്ങൽ പോലുള്ള ഔഷധസസ്യ ങ്ങളും  ഉണക്കമുന്തിരി, ഈന്തപ്പഴം,  ശർക്കരപ്പാനി, നെയ്യ് എന്നിവയും ചേർത്തുണ്ടാക്കുന്ന  ലേഹ്യവും വിപണിയിൽ  വിജയിക്കുന്ന ഉൽപന്നങ്ങൾ.

നെല്ലിക്ക ചേർത്ത പാനീയങ്ങൾ

പഞ്ചസാര/ ശർക്കര എന്നിവ ചേർത്തുണ്ടാക്കാവുന്ന നെല്ലിക്കചേർന്ന ദാഹശമിനികൾ വിപണിയിൽ പ്രചാരത്തിലുണ്ട്. നെല്ലിക്കാ പൾപ്പിനൊപ്പം കാന്താരി, ഇഞ്ചിനീര്, എന്നിവ ചേർത്ത് മധുരപാനീയമായും മധുരം ഉപയോഗിക്കാത്തവർക്ക് ഉപ്പു ചേർത്തും കഴിക്കാം. ആവിയിൽ വേവിച്ച് കുരു നീക്കിയ നെല്ലിക്ക, കാന്താരിമുളകു ചേർത്ത് അരച്ച് പൾപ്പാക്കി, കിലോയ്ക്ക് ഒന്നര ലീറ്റർ വെള്ളം, ഒന്നേമുക്കാൽ കിലോ പഞ്ചസാര, 10 ഗ്രാം സിട്രിക് ആസിഡ് എന്നിവ ചേർത്തു തിളപ്പിച്ച് അരിച്ചെടുക്കുക. പഞ്ചസാരയ്ക്കു പകരം ഉപ്പു ചേർത്തും ഈ പാനീയം ഉണ്ടാക്കാം. വിപണിയിൽ കുറഞ്ഞ വിലയ്ക്ക് നെല്ലിക്ക ലഭിക്കുന്ന സമയത്ത് സൂക്ഷിപ്പുഗുണമുള്ള ഉൽപന്നങ്ങൾ തയാറാക്കിയാൽ ലാഭകരമായി വിറ്റഴിക്കാനാകും.