ഡോക്ടറോടു ചോദിക്കാം; പശുവളർത്തലാണോ പച്ചക്കറിക്കൃഷിയാണോ മെച്ചം?

പശുവളർത്തലാണോ പച്ചക്കറിക്കൃഷിയാണോ മെച്ചം? ജഴ്സിയാണോ എച്ച് എഫ് ആണോ കേമം? പരിമിതമായ സ്ഥലത്തുനിന്നു സുസ്ഥിര വരുമാനം നേടാൻ എന്തൊക്കെ ഇനങ്ങളാവാം? – വെറ്ററിനറി ഡോക്ടറായ ശ്രീകുമാറും കൃഷി ഒാഫിസറായ ഭാര്യ പ്രേമവല്ലിയും ദിവസവും കേൾക്കുന്ന ചോദ്യങ്ങൾ. എല്ലാറ്റിനും മറുപടി കൊടുത്തു നീങ്ങുമ്പോൾ രണ്ടുപേരുടെയും മനസ്സിൽ ഒരാഗ്രഹം; ‘സ്വന്തമായി ഒരു ഫാം തുടങ്ങിയാലോ, ഒരു മോഡൽ ഫാം...’ മൂന്നു വർഷം മുമ്പ് രണ്ടു പശുക്കളുമായി തുടങ്ങിയ സംരംഭം ഇന്നെത്തിനിൽക്കുന്നത് കൃഷിയും മൃഗസംരക്ഷണവും യോജിപ്പിച്ചുള്ള മികച്ച സമ്മിശ്രക്കൃഷിയിൽ. 

തിരുവനന്തപുരം കല്ലമ്പലത്താണ് ഉദ്യോഗസ്ഥ ദമ്പതികളുടെ വീടും കൃഷിയിടവും. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള കുരിയോട്ടുമല ഫാമിന്റെ ചുമതലയുള്ള ഡോ. പി.എസ്. ശ്രീകുമാറും ഇലകം കൃഷിഭവനിലെ കൃഷിഒാഫിസറായ പ്രേമവല്ലിയും ജോലിത്തിരക്കുകൾക്കിടയിലും സ്വന്തം കൃഷിയിടം ലാഭകരമായിത്തന്നെ പരിപാലിക്കുന്നു.

പൈക്കൾക്കു പ്രാധാന്യം

വീട്ടിൽനിന്ന് അൽപദൂരം മാത്രം അകലെ, മുപ്പത്തിയഞ്ചു സെന്റില്‍ ഒതുങ്ങിയ നന്ദനം ഫാമിൽ പശുക്കൾക്കാണു പ്രാധാന്യം. സംയോജിതകൃഷിക്കു പശുവളർത്തൽ അത്യാവശ്യമെന്നു ശ്രീകുമാർ. ചാണകത്തിന്റെ ലഭ്യതതന്നെ കാര്യം. പതിനെട്ടു പശുക്കൾക്കും പത്തിലേറെ ആടുകൾക്കും ഇരുപതോളം മുട്ടക്കോഴികൾക്കും അത്രതന്നെ താറാവിനും ഇടമുണ്ട് ഈ ഇത്തിരിവട്ടത്തിൽ. ഒപ്പം വാഴക്കൃഷി, ജൈവവള നിർമാണം, തീറ്റസൂക്ഷിക്കാനുള്ള സ്റ്റോർ സൗകര്യം, പാലും മുട്ടയും ഉൾപ്പെടെ ഫാം ഫ്രഷ് ഉൽപന്നങ്ങൾ നാട്ടുകാരായ ഉപഭോക്താക്കൾക്കു നേരിട്ടു വിൽക്കാനുള്ള കൗണ്ടർ തുടങ്ങിയവയും.

പശുക്കൾതന്നെയാണ് ഫാമിന്റെയും വരുമാനത്തിന്റെയും കേന്ദ്രബിന്ദു. മൂന്നിൽ രണ്ടു ഭാഗം പശുക്കൾ പാലുൽപാദനത്തിലും ബാക്കിയുള്ളവ ചെനയിലും നിൽക്കുമ്പോഴാണ് പശുവളർത്തൽ ആദായകരമായി പോകുന്നതെന്നു ശ്രീകുമാർ. എച്ച്എഫും ജഴ്സിയുമാണ് ഇനങ്ങൾ. പാലുൽപാദനത്തിന്റെ കാര്യത്തിൽ എച്ച്എഫിന്റെ തൊട്ടുപിന്നിലെത്തും ജഴ്സിയും. എച്ച്എഫ് ഇരുപത്തിരണ്ടു ലീറ്റർവരെ ചുരത്തിയിട്ടുണ്ടെങ്കിൽ ഇരുപതുവരെയെത്തിയ ജഴ്സിയുമുണ്ടിവിടെ. എല്ലാക്കാലത്തും, അതായത് വീണ്ടും ചെന പിടിച്ച് കറവ നിർത്തുന്നതുവരെയും, പാലുൽപാദനം കാര്യമായ ഏറ്റക്കുറച്ചിലില്ലാതെ തുടരും എന്നതാണ് എച്ച്എഫിന്റെ നേട്ടം. എന്നാൽ പാലിനു താരതമ്യേന കൊഴുപ്പു കുറവ്. ചെന പിടിക്കുന്നതോടെ പാലുൽപാദനത്തിൽ ഇടിവുണ്ടാകുമെന്നതാണു ജഴ്സിയുടെ പോരായ്മ. പാലിനു പക്ഷേ കൊഴുപ്പു കൂടുതൽ.  അതുകൊണ്ടുതന്നെ പാലിന്റെ ഗുണമേന്മ ലക്ഷ്യമിട്ട് മൂന്നിലൊരു ഭാഗമായി ജഴ്സിയെക്കൂടി ഫാമിന്റെ ഭാഗമാക്കുന്ന രീതിയാണ് ശ്രീകുമാറിന്റേത്. 

പശുക്കളെ കുളിപ്പിക്കുന്നതു വല്ലപ്പോഴും. കറവസമയത്ത് അകിടു നന്നായി വൃത്തിയാക്കി മിൽക്കിങ് മെഷീൻ ഘടിപ്പിക്കും. എപ്പോഴും നനച്ചും കഴുകിയും തൊഴുത്തിന്റെ തറയിൽ സദാ ഈർപ്പവും വെള്ളവും കെട്ടിനിൽക്കുന്നത് അണുബാധയ്ക്കു വഴിവയ്ക്കും. തറ വൃത്തിയായി സൂക്ഷിക്കുകയാണു പ്രധാനം. അതിന് രണ്ടു നേരം അടിച്ചുവാരിയാൽ മതിയാകും. നല്ല ഉയരത്തിൽ, വായുസഞ്ചാരം ഉറപ്പുവരുത്തി നിർമിച്ചിരിക്കുന്ന തൊഴുത്തിൽ പുൽത്തൊട്ടി നിർമിച്ചിട്ടില്ല എന്നതാണു കൗതുകം. പുല്ലായാലും പെല്ലറ്റായാലും സിമന്റു തറയിൽ വെറും നിലത്തുതന്നെ നൽകുന്നതാണു രീതി. പുൽത്തൊട്ടി അനാവശ്യമെന്ന പക്ഷക്കാരനാണ് ശ്രീകുമാർ. പുൽത്തൊട്ടിയുടെ മൂലകളിൽ അഴുക്ക് അടിഞ്ഞുകൂടി രോഗകാരികളായ ബാക്ടീരിയകൾ വളരും. പുൽത്തൊട്ടിയുടെ കോണുകളിൽ അവശേഷിക്കുന്ന തീറ്റബാക്കി തേടിയാണ് ഈച്ചകളെത്തുന്നതും.  

രാവിലെ അഞ്ചിനുള്ള കറവയ്ക്കു ശേഷം പെല്ലറ്റും പിന്നാലെ പുല്ലും നൽകും. ഉച്ചതിരിഞ്ഞുള്ള കറവ കഴിഞ്ഞും ഇതേ തീറ്റതന്നെ. പാൽ ചുരത്തുമ്പോൾ വികസിക്കുന്ന അകിടിലെ മുലക്കാമ്പുകളുടെ അറ്റത്തെ മസിലുകൾ പൂർവസ്ഥിതിയിലാവാൻ ഏറെ സമയമെടുക്കും. ഇതുമൂലം, കറവ കഴിഞ്ഞ ഉടനെ പശു നിലത്തുകിടന്നാൽ അകിടിൽ അണുബാധയുണ്ടാവാം. കറവയ്ക്കു പിന്നാലെ തീറ്റ നൽകിയാൽ ഉടനെ കിടക്കുന്നത് ഒഴിവാക്കാമെന്നു ഡോക്ടർ. മേൽപറഞ്ഞ രണ്ടു നേരമല്ലാതെ ഇടയ്ക്കിടെ തൊഴുത്തിലേക്കു പോകുന്ന ശീലം കർഷകർ ഒഴിവാക്കണമെന്നും ശ്രീകുമാർ ഒാർമിപ്പിക്കുന്നു. ഭക്ഷണശേഷം നിലത്തുകിടന്ന് വിശ്രമിച്ച് അയവെട്ടിയാൽ മാത്രമേ പശുക്കൾക്ക് നല്ല ദഹനവും അതുവഴി ആരോഗ്യവും ലഭ്യമാകൂ. ഉടമ ഒാരോ തവണ തൊഴുത്തിൽ ചെല്ലുമ്പോഴും പശു എഴുന്നേൽക്കും. അയവെട്ടൽ നിർത്തും. പശുക്കൾക്ക് സുഖകരമായി വിശ്രമിക്കാനും കൂടി ഉദ്ദേശിച്ചുള്ളതാണ് റബർമാറ്റ്. മുന്നിലുള്ള ഒാട്ടമാറ്റിക് ഡ്രിങ്കർ എപ്പോഴും കുടിവെള്ളം ലഭ്യമാക്കുന്നതിനാൽ അതിനായും ഇടയ്ക്കിടെ തൊഴുത്തിൽ പോകേണ്ടി വരുന്നില്ല.ഇത്തിരി സ്ഥലം ഒത്തിരി നേട്ടംമുകളിൽ ആട്ടിൻകൂടും താഴെ താറാവിൻകൂടും ഒരുക്കി സ്ഥലപരിമിതി മറികടക്കുന്ന കാഴ്ചയും നന്ദനം ഫാമിൽ കാണാം. മലബാറിയാണ് ആടിനം. ഒന്നര വയസ്സെത്തുന്നതോടെ ഇറച്ചിക്കു വിൽക്കുകയാണു പതിവ്. ആട്ടിൻകൂടിന്റെ തറ പാളികളായി വാങ്ങി യോജിപ്പിക്കുന്ന ബലമേറിയ പ്ലാസ്റ്റിക് സ്ലേറ്റുകൊണ്ടാണു നിർമിച്ചിരിക്കുന്നത്. കാഷ്ഠവും മൂത്രവും ഈ പ്ലാസ്റ്റിക് സ്ലേറ്റഡ് ഫ്ലോറിങ്ങിന്റെ താഴെ ക്രമീകരിച്ചിരിക്കുന്ന ഷീറ്റിൽ വീഴും. പുറത്തേക്കുവലിച്ചു നീക്കി അതു വൃത്തിയാക്കാം. അതിനു താഴെ പാർക്കുന്ന ചാര ചെമ്പല്ലി താറാവുകളാവട്ടെ സുരക്ഷിതരും സന്തുഷ്ടരും. ചാണക ടാങ്കിനു മുകളിലാണ് കലിംഗബ്രൗണും ഗ്രാമശ്രീയും ഉൾപ്പെടുന്ന സങ്കരയിനം മുട്ടക്കോഴികൾക്ക് കൂട് ഒരുക്കിയിരിക്കുന്നത്. അതും സ്ഥലലാഭം നോക്കിത്തന്നെ. 

ഡെയറി ഫാം നടത്തുന്ന എല്ലാവരുടെയും പ്രശ്നമാണ് പരിസര മലിനീകരണവും ദുർഗന്ധവും. ഇഎം ലായനി ഒഴിച്ചു ചാണകത്തിന്റെ ദുർഗന്ധം ഒഴിവാക്കിയ ശേഷം മറ്റു രണ്ടു പ്ലോട്ടുകളിലായുള്ള സ്വന്തം വാഴ–പച്ചക്കറിക്കൃഷിക്കായി പ്രയോജനപ്പെടുത്തുകയായിരുന്നു മുമ്പ്. ഇപ്പോഴാകട്ടെ, ചാണകം നിലത്തു നിരത്തി ഈർപ്പം മാറിയ ശേഷം വേപ്പിൻപിണ്ണാക്ക് ചേർത്തിളക്കി അതിൽ ട്രൈക്കോഡെർമ വളർത്തി ഒരേ സമയം സമ്പുഷ്ടീകരിച്ച ജൈവവളവും രോഗപ്രതിരോധകാരിയുമാക്കി മാറ്റുന്നു. 100 കിലോ ചാണകം, 10 കിലോ വേപ്പിൻപിണ്ണാക്ക്, രണ്ടു കിലോ ട്രൈക്കോഡെർമ എന്നാണ് അനുപാതം. രണ്ടാഴ്ചകൊണ്ടാണ് ജൈവവളം തയാറാവുക. പായ്ക്ക് ചെയ്ത് കിലോ പതിനഞ്ചു രൂപയ്ക്കു വിൽക്കുന്ന ഈ മൂല്യവർധിത ചാണകത്തിനും മികച്ച ഡിമാൻഡുണ്ട്. 

മുഖ്യമായും ഫാമിലെ ജൈവവളം പ്രയോജനപ്പെടുത്തിയാണ് വാഴ–പച്ചക്കറിക്കൃഷി. സ്ഥലപരിമിതിയുണ്ടെങ്കിലും ഫാമിന്റെ മതിലിനോടു ചേർന്ന് നെറ്റ് കുത്തനെ കെട്ടി വെർട്ടിക്കൽ രീതിയിൽ പാഷൻഫ്രൂട്ട് വളർത്താനുള്ള ശ്രമവും ഈ ദമ്പതികൾ തുടങ്ങിക്കഴിഞ്ഞു. വീട്ടിന്റെ അടുക്കളമുറ്റത്തോടു ചേർന്നു കൂടൊരുക്കി പരിപാലിക്കുന്ന കനേഡിയൻ ഡ്വാർഫ് ഫാൻസി ആടുകളാണ് മറ്റൊരു കൗതുകം. അരുമകളായി പരിപാലിക്കാൻ ഫാൻസി ആടുകളെ തേടുന്നവരും ഇന്നു കേരളത്തിലുണ്ടെന്ന് ഇരുവരും പറയുന്നു.പശുവളർത്തലുമായി ബന്ധിപ്പിച്ച് പരിമിതമായ സ്ഥലത്ത് സാധ്യമാകുന്ന തങ്ങളുടെ സംയോജിത കൃഷിയിടത്തിൽനിന്ന് മാസം കുറഞ്ഞത് മുപ്പതിനായിരം രൂപ നേടാനാവുന്നുവെന്നു ശ്രീകുമാറും പ്രേമവല്ലിയും. ഉദ്യോഗസ്ഥരായതിനാൽ സമയപരിമിതി മൂലം തൊഴിലാളികളെ നിയോഗിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടാണ് നേട്ടം മുപ്പതിനായിരത്തില്‍ ഒതുങ്ങുന്നത്.  തൊഴിലാളികളെ പരമാവധി ഒഴിവാക്കി സ്വന്തം നിലയ്ക്ക് അധ്വാനിക്കാൻ സന്നദ്ധരാവുന്ന കർഷകർക്ക് ഇതിന്റെ ഇരട്ടി വരുമാനം പ്രതീക്ഷിക്കാമെന്ന് ഇരുവരും ഒാർമിപ്പിക്കുന്നു.

ഫോൺ: 9447218074