പ്രകൃതിയുടെ സ്വന്തം കാവൽവിളകൾ

കീടാക്രമണം കുറയുന്നതിനായി കൃഷിയിടത്തിൽ നട്ടുവളർത്താവുന്ന സസ്യങ്ങൾ

മുഖ്യ ഊർജസ്രോതസുകളെ മാറ്റാതെതന്നെ ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകളാണ്  ഇക്കോളജിക്കൽ എൻജിനീയറിങ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ ഈ ശാസ്ത്രശാഖയിലെ പല കണ്ടെത്തലുകളും പുറത്തുവന്നത് രണ്ടായിരാമാണ്ടിനു ശേഷമാണ്. 

ഉദാഹരണത്തിലൂെട ഈ ആശയം കൂടുതൽ വ്യക്തമാക്കാം. ബീറ്റിൽ ബാങ്ക് എന്നറിയപ്പെടുന്ന ഒരു പുല്ലിനമുണ്ട്. കൃഷിയിടത്തിന്റെ മധ്യത്തിൽ ഒരു വരിയായി ഇവ നട്ടുവളർത്തിയാൽ ധാരാളം മിത്രപ്രാണികൾ അതിൽ താമസമാക്കുന്നതായി കാണാം. യോജ്യമായ കാലാവസ്ഥയിൽ കൃഷിയിടത്തിലെ മുഞ്ഞകളെയും മറ്റ് കീടങ്ങളെയും ആഹാരമാക്കി ഇവ കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇക്കോളജിക്കൽ എൻജിനീയറിങ്ങാണ് ഇതുവഴി സാധ്യമായത്.

ഇപ്രകാരം മിത്രപ്രാണികളെ ആകർഷിച്ച് കൃഷിയിടത്തിൽ കൊണ്ടുവരുന്നതിനായി  നമ്മുടെ നാട്ടിലെ വാഴക്കൃഷിയിലും പച്ചക്കറിക്കൃഷിയിലും ചില സവിശേഷ സസ്യങ്ങളെ കൂടി വളർത്താനാവും. ഇവ ഇടവിളയായോ അതിരുകളിലോ നട്ടാൽ മതി. ശരിയായ അകലത്തിൽ നട്ടാൽ ഇവ ഫലപ്രദമാണ്. പൂച്ചെടികളാണ് ഇപ്രകാരം നടുന്നതെങ്കിൽ കൃഷിയിടം കൂടുതൽ മനോഹരമാവുകയും ചെയ്യും.

യോജിച്ച കാവൽവിളകൾ

െചണ്ടുമല്ലി, മാങ്ങാനാറി: നിമാവിരകളെ അകറ്റി നിറുത്തുന്നു. മിത്രപ്രാണികൾക്കാവശ്യമായ തേനും പൂമ്പൊടിയും നൽകുന്നു.

ആവണക്ക്: പുഴുക്കളുടെ ശലഭങ്ങളെ പ്രധാന വിളയിൽനിന്ന് ആകർഷിക്കുന്നു. ആവണക്കിൽ മുട്ടയിട്ടു പെരുകുന്ന പുഴുക്കൾ പ്രധാന വിളയിൽ ആക്രമണം കുറയ്ക്കുന്നു.

മണിച്ചോളം: നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ പ്രതിരോധിക്കുന്നു.

തുളസി:  ആക്രമണകാരികളായ കീടങ്ങളെ വികർഷിക്കുന്നു.

ചീര: പയർ, മറ്റ് പച്ചക്കറികൾ എന്നിവയെ ആക്രമിക്കുന്ന മുഞ്ഞയെ നശിപ്പിക്കാൻ കഴിവുള്ള  മിത്രകീടങ്ങളെ ആകർഷിക്കുന്നു. കൃഷിയിടത്തിൽ ഈ മിത്രകീടങ്ങളുെട സാന്നിധ്യം ഉറപ്പുവരുത്താൻ ചീരയ്ക്കു സാധിക്കും. പയറിന് ഇടവിളയായി ചീരയുണ്ടെങ്കിൽ കീടനിയന്ത്രണത്തിനൊപ്പം അധിക വരുമാനവും കിട്ടും.

പുതിന: വെള്ളീച്ചകളെ പ്രധാന വിളയിൽനിന്ന് അകറ്റിനിറുത്തുന്നു.

മേൽപറഞ്ഞ ചെടികളെ കീടാകർഷണികൾ, കീടങ്ങളെ തുരത്തുന്നവർ, മിത്ര കീടങ്ങളെ ആകർഷിക്കുന്നവർ എന്നിങ്ങനെ മൂന്നായി തിരിക്കാം. പെറ്റൂണിയ, ടാൻസി, നാസ്റ്റ്യൂർഷ്യം  എന്നീ പൂച്ചെടികളെയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം. നാട്ടിൽ ലഭിക്കുന്നതും കാലാവസ്ഥയ്ക്ക് ഇണങ്ങിയതുമായ വിളകളെയാണ് ജൈവ കീടനിയന്ത്രണത്തിനായി ഉപയോഗപ്പെടുത്തേണ്ടത്. കുറഞ്ഞ ചെലവുള്ളതും പരിസ്ഥിതിക്കിണങ്ങിയതുമാണ് ഇക്കോളജിക്കൽ എൻജിനീയറിങ് മാതൃകകൾ.

ഫോൺ: 9447529904