1000 ചക്കക്കുരുവിൽനിന്ന് 10,000 രൂപ

ചക്കക്കുരുത്തോടുകൊണ്ടു നിർമിച്ച പൂക്കളുമായി റോസി

ഇത്ര നിസ്സാര കാര്യത്തിനു വേണ്ടി ഇത്രയധികം തല പുകച്ച മറ്റൊരു ദിവസം റോസിയുടെ ഓർമയിലില്ല. സ്വതവേ ദുർബലമായ ഈർക്കിലിയുടെ അറ്റത്ത് ഒരു പൂവ് സ്വാഭാവികമെന്നു തോന്നുന്ന രീതിയിൽ ഉറപ്പിക്കുക. പൂവിനു നടുവിലുള്ള ദ്വാരത്തിലൂടെ കടത്തിയ ഈർക്കിലിയിൽ, താഴോട്ടോ മുകളിലേക്കോ ഊർന്നു പോകാതെ ഉദ്ദേശിച്ച സ്ഥാനത്തുതന്നെ അത് നിൽക്കണം. അത്രേയുള്ള‍ൂ കാര്യം.

ഫെവിക്കോൾ ഉൾപ്പെടെ പശകളെല്ലാം റോസിക്ക് അലർജി. മാത്രവുമല്ല, പശതേച്ച് ഒട്ടിക്കാനും ഉണങ്ങാനുമൊക്കെ ഏറെ അധ്വാനവും സമയവും വേണ്ടിവരും. നൂലുകൊണ്ടു കെട്ടി ഉറപ്പിക്കാമെന്നുവച്ചാൽ കാഴ്ചയ്ക്ക് അഭംഗി. പ്രകൃതിദത്തവസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതിനാൽ പ്ലാസ്റ്റിക്കിലും താൽപര്യമില്ല.

ചക്കക്കുരുത്തോടുകൊണ്ടു നിർമിച്ച പൂക്കൾ

അടുപ്പിൽ അരി തിളയ്ക്കുമ്പോഴും അവിയലിനു പച്ചക്കറി നുറുക്കുമ്പോഴും ചിന്ത ഈർക്കിൽതുമ്പിൽ വട്ടമിട്ടു പറന്നു. അത്താഴത്തിനു മുമ്പ് ഉത്തരം കിട്ടി. നിമിഷംകൊണ്ടു സാധിക്കാവുന്ന നിസ്സാര കാര്യം. ദിവസങ്ങൾക്കുള്ളിൽ ഈർക്കിലിത്തുമ്പത്ത് റോസി വിടർത്തിയത് ആയിരം പൂക്കൾ; വെറും പൂക്കളല്ല, ചക്കക്കുരുത്തോടുകൊണ്ടുള്ള പൂക്കൾ. ആയിരം പൂക്കൾ വിറ്റു പോയതാവട്ടെ, പതിനായിരം രൂപയ്ക്ക്!

'മോഹവില നൽകി അതു വാങ്ങിയ പെൺകുട്ടിക്ക് ഇത്രയൊക്കെ മുടക്കി അതു വാങ്ങ‍േണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടാവുമോ', റോസിയുടെ മനസ്സിൽ ആശങ്ക. വീണ്ടും വിളിച്ചു ആ പെൺകുട്ടിയെ. 'കടയിൽ കൊണ്ടുവന്ന് ദിവസങ്ങൾക്കുള്ളിൽ അതൊക്കെ വിറ്റുപോയല്ലോ ചേച്ചി, നല്ല ലാഭവും കിട്ടി'. ഫോണിന്റെ അങ്ങേത്തലയ്ക്കൽനിന്നു മറുപടി. കോഴിക്കോട് കാരന്തൂർ പള്ളിത്താഴത്തുവീട്ടിൽ റോസമ്മ എന്ന റോസി അലക്സിന്റെ അപൂർവ സംരംഭത്തെക്കുറിച്ചു നാലു പേരറിയുന്നത് അങ്ങനെ.

വായിക്കാം ഇ - കർഷകശ്രീ 

ചക്കയുടെ പോഷകഗുണങ്ങൾ, അനുദിനം ഉയരുന്ന വില, വർധിക്കുന്ന ഡിമാൻഡ്, മൂല്യവർധനയിലൂടെ ഒരു ചക്കയിൽനിന്നു രണ്ടായിരം രൂപ വരെ നേടുന്ന സംരംഭകർ; ഇങ്ങനെ ചക്കയും പ്ലാവും നിരന്തരം വാർത്തകളിൽ നിറയുമ്പോഴാണ് ചക്കക്കുരുപ്പൂക്കളുടെ ലാഭസാധ്യതകളിലേക്കും ഈ വീട്ടമ്മ സംരംഭകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

കയ്യ‍ിൽക്കിട്ടുന്ന പാഴ്‍വസ്തുക്കളെല്ലാം ഭാവനയും കരവിരുതും കൊണ്ട് കലാസൃഷ്ടികളാക്കി മാറ്റാനുള്ള കഴിവ് റോസിക്കു ബാല്യത്തിലേയുണ്ട്. പഠനത്തിനും ഉദ്യോഗത്തിനുമിടയിൽ അവയെല്ലാം വിശ്രമസമയ വിനോദം മാത്രമായി മങ്ങി നിന്നു. അടുക്കളജോലിക്കിടയിൽ, വെളുത്തുള്ളിയുടെ പൊളിച്ചുകളഞ്ഞ പുറന്തൊലി കൊണ്ടു പൂക്കളും അടുക്കളമുറ്റത്തെ പുല്ലുകൾ ഉണക്കി ഡ്രൈ ഫ്ളവർ അലങ്കാരങ്ങളും തീർത്തു. റോസിയും വീട്ടുകാരും മാത്രം അവ ആസ്വദിച്ചു.

സർക്കാർ സർവീസിൽ മുപ്പതു വർഷം നഴ്സായി ജോലി ചെയ്തു വിരമിച്ചപ്പോൾ ഇഷ്ടംപോലെ സമയം ബാക്കി. പള്ളിയുമായി ബന്ധപ്പെട്ട് ചില സേവനപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞപ്പോൾ നിർധനരെ സഹായിക്കാൻ സ്വന്തം കലാവിരുതുകൾ തുണയാവുമെന്നു തോന്നി.

പൂവ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ

കറിവയ്ക്കാനായി ചക്കക്കുരു ചിര‍ണ്ടുമ്പോഴെല്ലാം തോടിന്റെ‌ മിനുസവും ബലവും റോസിയെ ആകർഷിച്ചിരുന്നു. ചിരണ്ടുന്നതിനിടയിൽ ഊരിപ്പോന്ന തോടുകൾകൊണ്ട് ചിലതൊക്കെ നിർമിച്ചും നോക്കി. ഉണങ്ങി ചുരുണ്ടു പോകുംമുമ്പ് തോട് കുരുവിൽനിന്നു കേടുപറ്റാതെ എങ്ങനെ വേർപെടുത്താമെന്നായി ചിന്ത.

പൂവ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ

ചക്കക്കുരുവിന്റെ തോടു മാത്രം വട്ടത്തിൽ മുറിച്ച് ചെറുതായൊന്ന് തിരിച്ച് എളുപ്പത്തിൽ ഊരിയെടുത്തു. തോടിൽ ചെറിയൊരു കത്രികവേല നടത്ത‍ിയപ്പോൾ വെണ്മയും ഭംഗിയുമുള്ള പൂവ് തയാർ. പൂന്തണ്ടായി പച്ച ഈർക്കിൽ തിരഞ്ഞ‌െടുത്തു. ഈ ഘട്ടത്തിലാണ് ആദ്യം പറഞ്ഞ 'നിസ്സാര കാര്യം' കടന്നുവരുന്നത്. ഈർക്കിലിയിൽനിന്ന് ഓല ചീകിമാറ്റുമ്പോൾ പൂർണമായും നീക്കാതെ മുകൾതൊട്ട് താഴെ വരെ കാൽഭാഗം ബാക്കി വയ്ക്കുക. ഓലയിൽ ചെറിയൊരു വെട്ടു വീഴ്ത്തിയ ശേഷം ഈർക്കിലിയിലൂടെ ഊർത്തിയെടുക്കുന്ന പൂവിന്റെ അടിഭാഗം വെട്ടിലേക്കു തിരുകി കയറ്റുക. ഞൊടിയിടയിൽ ഒന്നാന്തരം ലോക്കിങ്.

പൂക്കൾക്കു നിറം പകരുകയാണ് അടുത്ത ഘട്ടം. ചക്കക്കുരുത്തോടിൽ പ്രകൃതിദത്ത നിറങ്ങളൊന്നും ഫലിക്കാത്തതിനാൽ ഇക്കാര്യത്തിൽ മാത്രം റോസി പ്രകൃതിയെ വിട്ട് ഫേബ്രിക് പെയ്ന്റിലേക്കു തിരിഞ്ഞു.

പൂവും പൂങ്കുലകളുമെല്ലാം ഒരുങ്ങിയാൽ അവയെ ച‌ട്ടിയിലാക്കുന്നതാണ് അടു‍ത്ത പടി. കുഴച്ചെടുത്ത മണ്ണ് മൺച‌ട്ടിയിൽ നിറച്ച് പൂന്തണ്ടുകൾ മണ്ണ‍ിൽ കുത്തിയുറപ്പിച്ച് ഭാവനയ്ക്കനുസരിച്ചുള്ള ഡിസൈനുകളിൽ പുഷ്പാലങ്കാരം. കുതിർന്ന മണ്ണ് ഉണ‍ങ്ങുന്നതോടെ വിൽപനയ്ക്കു തയാർ. ച‍ക്കക്കുരുപ്പൂക്കൾ കൊണ്ടുള്ള പുഷ്പാലങ്കാരം ആസ്വദിച്ച് പലരും റോസിയോടു കൗതുകത്തോടെ ചോദിക്കുന്നു, 'ഏതിനം പൂക്കളാണിത്, വാടാതെ എത്ര ദിവസം നിൽക്കും, വെള്ളം ഒഴിക്കണോ....?'

നുറുങ്ങു ഭാവനയ്ക്ക് ഇത്രയൊക്കെ അംഗീകാരവും വിപണനമൂല്യവും കിട്ടുന്നതുതന്നെ വലിയ സന്തോഷമെന്നു റോസി.

ഫോൺ: 9746590008