ബ്രാൻഡ് കരുത്തുമായി കൂവ

ഡോ. റഫീക്ക്

നാട്ടിൻപുറത്ത് ഒരു ചെറുപ്പക്കാരൻ ഡോക്ടറെത്തി ക്ലിനിക്ക് ആരംഭിക്കുക. അവിടുത്തെ കൃഷിക്കാരുടെ ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടാനായി സംരംഭം തുടങ്ങുക– ഒരു സിനിമാക്കഥയല്ല പറഞ്ഞുവരുന്നത്, കൂവയെന്ന അവഗണിക്കപ്പെട്ട കാർഷിക ഉൽപന്നത്തെ രണ്ടു വർഷത്തിനുള്ളിൽ ന്യൂട്രാസ്യൂട്ടിക്കൽ ബ്രാൻഡായി വളർത്തിയ സംരംഭകന്റെ കഥയാണ്. 'നമ്മൾ മറന്നു പോയ ശീലങ്ങൾ, നല്ല കാലത്തിന്റെ ഓർമകൾ' എന്നാണ് ഈ ഉൽപന്നത്തിന്റെ പരസ്യവാചകം.

അസ്സലൊരു മലയോരഗ്രാമമാണ് നിലമ്പൂരിനടുത്ത് അകംപാടം. സമീപപ്രദേശമായ മുക്കത്തുനിന്ന് ഇവിടേക്കു താമസം മാറ്റിയ ഡോ. റഫീക്ക് ചികിത്സയ്ക്കൊപ്പം കാർഷികോൽപന്ന സംരംഭം കൂടി തുടങ്ങിയത് പണം സമ്പാദിക്കാൻ വേണ്ടിയായിരുന്നില്ല. ചെറുപ്പകാലം മുതൽ കൂവയും കൂവപ്പൊടിയുമൊക്കെ റഫീക്കിന്റെ പരിസരങ്ങളിലുണ്ടായിരുന്നു. സ്വന്തം വീട്ടിലും അയലത്തുമൊക്കെ കൂവ സംസ്കരിക്കുന്നതു കാണുകയും കൂവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുകയും ചെയ്ത ഓർമകളാണ് റഫീക്കിനെ സംരംഭത്തിനു പ്രേരിപ്പിച്ചത്. കൃഷിക്കാർ കൂവയ്ക്കു വില കിട്ടാതെ വിഷമിക്കുമ്പോൾ നഗരവാസികൾക്ക് നല്ല കൂവപ്പൊടി കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. പല സ്ഥലങ്ങളിലും ചോളപ്പൊടിയാണ് കൂവപ്പൊടിയെന്ന പേരിൽ വിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രകൃതിദത്തവിഭവമായ കൂവയുടെ പേരിലിറങ്ങുന്ന ബിസ്കറ്റിൽ ഇത് അടങ്ങിയിട്ടില്ലെന്ന കാര്യം ഡോക്ടർമാര്‍പോലും മനസ്സിലാക്കിയിട്ടില്ലെന്നു ഡോ. റഫീക്ക് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സ്വയം സംരംഭത്തിനിറങ്ങിയത്. ആവശ്യക്കാരനു നിലവാരമുള്ള ഉൽപന്നം കിട്ടുന്നതിനും ഉൽപാദകനു വിപണി ഉറപ്പാക്കുന്നതിനും കൂവപ്പൊടി നന്നായി പായ്ക്കു ചെയ്ത് ബ്രാൻഡിനു കീഴിൽ വിപണിയിലെത്തിക്കണമെന്നു ഡോ. റഫീഖ് തീരുമാനിച്ചു. കൂവ എന്ന ബ്രാൻഡുണ്ടായത് അങ്ങനെ. ഇന്ന് www.amazon.in എന്ന വെബ്സൈറ്റിലൂടെ ഇന്ത്യ മുഴുവൻ ഒറി‌‍ജിനൽ കൂവപ്പൊടി എത്തിക്കാൻ റഫീക്കിന്റെ ഉദ്യമത്തിനു കഴിയുന്നു.

വായിക്കാം ഇ - കർഷകശ്രീ

തെക്കേ അമേരിക്കയിലെ ആദിവാസികൾ വിഷം പുരണ്ട അമ്പേറ്റവരിൽനിന്നു വിഷാംശം നീക്കാൻ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഈ കിഴങ്ങിന് ഇംഗ്ലിഷിൽ ആരോറൂട്ട് എന്നു പേരുണ്ടായതത്രെ. അതെന്തായാലും ഭക്ഷണത്തിലൂടെയും മരുന്നിലൂടെയും മദ്യത്തിലൂടെയുമൊക്കെ നമ്മുടെ ശരീരത്തിലെത്തുന്ന വിഷാംശം നീക്കാൻ കൂവ ഉത്തമമാണെന്ന വിശ്വാസം തലമുറകളായി ഇവിടെയുണ്ട്. ആന്തരികാവയവങ്ങളെ ശാസ്ത്രീയമായി തണുപ്പിക്കുന്ന കൂവ മൂത്രാശയപ്രശ്നങ്ങൾക്കും പ്രത്യുൽപാദനപ്രശ്നങ്ങൾക്കുമൊക്കെ പരിഹാരമായി നിർദേശിക്കപ്പെടുന്നു. ശിശുക്കളുടെ ആഹാരമായി നാം ഉപയോഗിക്കുന്ന കൂവപ്പൊടി നിർജലീകരണം തടയുന്ന ഒആർഎസ് ലായനിക്കു പകരക്കാരനായും ഉപയോഗിക്കാം. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച സ്രോതസ്സ് കൂടിയാണ് ഈ കിഴങ്ങുകൾ.

കൃഷിക്കാരിൽനിന്നു സംഭരിക്കുന്ന കൂവ സംസ്കരിച്ച് പൊടിയെടുക്കുന്നതിനായി വിവിധ സംഭരണകേന്ദ്രങ്ങളിൽ കരാറുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കൂവ അരച്ചശേഷം ഏഴു ദിവസം ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുന്നു. തുടർന്ന് ഏഴു ദിവസം ഉണക്കുക കൂടി ചെയ്യുന്നതോടെ കൂവപ്പൊടി വിൽപനയ്ക്കു തയാർ. മതിയായ നിലവാര പരിശോധനകൾക്കു ശേഷം കൂവ എന്ന പേരിൽ നന്നായി ലേബലൊട്ടിച്ച ബോട്ടിലുകളിൽ വിപണിയിലെത്തിച്ചപ്പോൾ ആവശ്യക്കാരും വർധിച്ചു. പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഇദ്ദേഹം കൂടുതലായി കൂവ വാങ്ങുന്നത്. വെള്ളക്കൂവയാണ് പ്രധാനമായും സംസ്കരിക്കുന്നത്. കിലോയ്ക്ക് മുപ്പതു രൂപ നിരക്കിലാണ് ഇതു വാങ്ങുക. കൃഷിയായി കൂവ വളർത്തുന്നവർക്ക് വെള്ളക്കൂവയായിരിക്കും ആദായകരമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. ഔഷധഗുണം കൂടുതലുള്ള നീലക്കൂവയും മഞ്ഞക്കൂവയും സംസ്കരിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ പ്രകൃതിദത്ത‌മായുണ്ടാകുന്ന ഇവ കിലോയ്ക്ക് 16–20 രൂപ നിരക്കിൽ വാങ്ങും. ഒരു കിലോ പൊടി കിട്ടുന്നതിനു 12–13 കിലോ നീലക്കൂവയും മഞ്ഞക്കൂവയും വേണ്ടിവരുമ്പോൾ വെള്ളക്കൂവ ആറു കിലോ മതി. നാടൻ കൂവയുടെ പൊടി 100 ഗ്രാമിനു 148 രൂപ നിരക്കിലും വെള്ളക്കൂവ 90 രൂപ നിരക്കിലുമാണ് വിൽക്കുന്നത്. ഉൽപാദനക്ഷമതയിൽ വെള്ളക്കൂവയാണ് മുമ്പിലെന്നു ഡോ. റഫീക്ക് പറഞ്ഞു. അതുകൊണ്ടാണ് വെള്ളക്കൂവയുടെ പൊടിക്കു വിലക്കുറവും കിഴങ്ങിനു വില കൂടുതലും കിട്ടുന്നത്.

സംസ്കരണത്തോളം തന്നെ പ്രയാസമുള്ള കാര്യമാണ് ഉൽപന്നം ബ്രാൻഡ് രേഖപ്പെടുത്തിയ പായ്ക്കുകളിൽ സംസ്ഥാനമെമ്പാടും എത്തിക്കുന്നതെന്ന് റഫീക്ക് ചൂണ്ടിക്കാട്ടി. വിവിധ അനുമതികൾ വാങ്ങുന്നതിനൊപ്പം ഉൽപന്നത്തിന്റെ പോഷകനിലവാരം സംബന്ധിച്ച പരിശോധനാറിപ്പോർട്ട് ലേബലിൽ ചേർക്കുകയും വേണം. രണ്ടു വർഷത്തിനകം സംസ്ഥാനത്തെമ്പാടും സാന്നിധ്യമറിയിക്കാനായെങ്കിലും വിൽപന ഉദ്ദേശിച്ച തലത്തിലേക്ക് ഇനിയും ഉയരേണ്ടതുണ്ട്. കഴിഞ്ഞ വർഷം 50 ടൺ കൂവക്കിഴങ്ങാണ് ഇവർ കൃഷിക്കാരിൽനിന്നു വാങ്ങിയത്. ഇതുവരെ സംസ്കരിച്ചു കിട്ടിയ 12 ടൺ കൂവയിൽ രണ്ടു ടൺ ഇനിയും വിറ്റു തീരേണ്ടതുണ്ട്. സൂക്ഷിപ്പുകാലം കൂടുതലുളളതിനാൽ കേടാകുമെന്ന ഭയമില്ല. ഈ വർഷം കൂടുതൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ വിൽപന കുത്തനെ ഉയർത്താമെന്ന ആത്മവിശ്വാസത്തിലാണിത്. വിപണനതന്ത്രങ്ങളും പരസ്യങ്ങളുമൊക്കെ തയാറായി വരുന്നു.

ഫോൺ – 9846785122
വെബ് – www.koova.in
ഇമെയിൽ– rootproducts@gmail.com