ഓപ്പൺ വിത്ത് ലവ് പേന

വിത്തുപേനയുമായി ലക്ഷ്മി മേനോൻ

മഷി തീരുമ്പോൾ മണ്ണിലേക്കു വലിച്ചെറിഞ്ഞേക്കുക, മൂന്നാം നാൾ മുളച്ചുയരും ഈ പേന. ആഴ്ചകൾക്കുള്ളിൽ ഇലകളും ചില്ലകളും വിരിയും. മാസങ്ങൾക്കുള്ളിൽ പൂക്കളും കായ്കളും നിറഞ്ഞ മരം.

മാങ്ങയണ്ടി കുഴിച്ചിട്ടു മിനിറ്റുകൾക്കുള്ളിൽ മാവും മാമ്പഴവും സൃഷ്ടിക്ക‍ുന്ന മാന്ത്രികന്റെ കൺകെട്ടുവിദ്യയല്ല ഇത്. മറിച്ച്, ലക്ഷ്മി മേനോൻ എന്ന ഇക്കോപ്രണറുടെ സംരംഭപ്പുതുമ. പേപ്പർകൊണ്ടു നിർമിച്ച് ഉള്ളിൽ വിത്ത് ഒളിപ്പിച്ചുവച്ച ലക്ഷ്മിയുടെ 'ഓപ്പൺ വിത്ത് ലവ് പേന'കൾക്ക് ഇന്നു രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാരേറെ.

പ്രമുഖ ഐടി കമ്പനിയായ വിപ്രോയിലും ഗുജറാത്തിലെ ഗാന്ധി ആശ്രമത്തിലും വിവിധ സർവകലാശാലകളിലും കോളജുകളിലും സ്കൂളുകളിലുമെല്ലാം ലക്ഷ്മിയുടെ പേപ്പർപേനകൾ 'എഴുത്തുകാർക്ക്' കൗതുകവും ആനന്ദവും പകരുന്നു. മമ്മൂട്ടിയെയും അമിതാഭ് ബച്ചനെയുമെല്ലാം വിസ്മയിപ്പിച്ച പേപ്പർപേനകളെക്കുറിച്ചും ആ ഇക്കോപ്രണറെ (പരിസ്ഥിതി സംരംഭക) സംബന്ധിച്ചും കൂടുതൽ അറിയും മുമ്പ് പാലക്കാടുവരെ പോയി വരാം.

വായിക്കാം ഇ - കർഷകശ്രീ

പാലക്കാടു ജില്ലയിലുള്ള ഗവൺമെന്റ് ഓറിയൻറൽ ഹൈസ്കൂളിലെ ഏതാനും കുട്ടികൾ മാസങ്ങൾ മുമ്പ് രസകരമായ ഒരു അന്വേഷണം നടത്തി. 2500 കുട്ടികൾ പഠിക്കുന്ന തങ്ങളുടെ സ്കൂളിൽനിന്നു വർഷം എത്രത്തോളം മഷി തീർന്ന ബോൾപേനകൾ പ്രകൃതിയിൽ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്ന് അറിയാനുള്ള ശ്രമത്തിൽ സംഘം രണ്ടു മാസത്തിനുള്ളിൽ മണ്ണിൽനിന്നു മാത്രം ശേഖരിച്ചത് ഉപേക്ഷിക്കപ്പെട്ട 9325 പേനകൾ. ഒരു വിദ്യാർഥി ഒരു പേന ഉപയോഗിക്കുന്നത് ഏറിയാൽ ഏഴു ദിവസം. 2500 വിദ്യാർഥികൾ ഒരു അധ്യയനവർഷം പ്രകൃതിയിലേക്കു തള്ളുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷം.

ഒരു പേന = ഒരു മരം

കേരളത്തിലെ മുഴുവൻ വിദ്യാർഥികളുടെയും കണക്കെടുത്താൽ ഉപേക്ഷിക്കപ്പെടുന്ന പേനകളുടെ എണ്ണം എട്ടോ പത്തോ കോടി വരും. പേന ഉപ‍‍യോഗിക്കുന്നത് വിദ‍്യാർഥികൾ മാത്രമല്ലല്ലോ. അപ്പോൾ എണ്ണം പിന്നെയും വർധിക്കുന്നു. കടുത്ത പരിസ്ഥിതിവാദികളുടെപോലും കണ്ണിൽപ്പെടാത്ത പ്ലാസ്റ്റിക് കൂമ്പാരം. ഈ പേനകളുടെ ചെറിയ ശതമാനമെങ്കിലും പരിസ്ഥിതി സൗഹൃദ പേനകൾകൊണ്ട് പകരം വയ്ക്കാനായാൽ പ്രകൃതിയുടെ മേലുള്ള പ്ലാസ്റ്റിക് ഭീഷണി അത്രത്തോളം കുറയും. തീർന്നില്ല, അതിലെ സംരംഭസാധ്യത എത്ര വലുതാണെന്നു കൂടി ചിന്തിച്ചു നോക്കൂ, കടലാസുപേന നിർമാണം കടലാസുപുലിയല്ലെന്നു മനസ്സിലാവും.

മുൻ റബർ പ്രൊഡക്ഷൻ കമ്മീഷണർ പി.കെ. നാരായണന്റെ മകളാണ് ലക്ഷ്മി മേനോൻ. ജ്വല്ലറി ഡിസൈനിങ്ങിൽ അമേരിക്കയിൽ ഉപരിപഠനം. തുടർന്ന് അവിടെത്തന്നെ ഒരു ഗാലറിയിൽ ആർട്ടിസ്റ്റായി ദീർകാലം. അച്ഛനു കൃഷിയോടും പ്രകൃതിയോടുമുണ്ടായിരുന്ന നിറഞ്ഞ സ്നേഹം മകളെയും പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ഡിസൈനിങ്ങിലേക്ക് എത്തിച്ചു. ഏതാനും വർഷം മുമ്പ് നാട്ടിലേക്കു മടങ്ങിയ ലക്ഷ്മി, അമ്മൂമ്മത്തിരിയെന്ന ആശയം കൊണ്ട് ദേശീയ ശ്രദ്ധനേടി.

നവതി പിന്നിട്ട മുത്തശ്ശിക്കു നേരമ്പോക്കിനും ഉന്മേഷത്തിനുമാണ് വിളക്കുതിരിയുണ്ടാക്കുന്ന ജോലി ലക്ഷ്മി ഏൽപിക്കുന്നത്. തിരി തെറുക്കുന്നത് ചെറിയൊരു വ്യായാമവുമാണല്ലോ. മുത്തശ്ശിക്ക് ജോലി ഇഷ്ടപ്പെട്ടു. തിരികളുടെ എണ്ണം കൂടിയപ്പോൾ പായ്ക്കറ്റിലാക്കി അമ്മൂമ്മത്തിരിയെന്നു ലേബലും പതിച്ചു ബന്ധുക്കൾക്കു സമ്മാനിച്ചു. ലേബലിൽ ഒരു വാചകംകൂടിയുണ്ട‍ായിരുന്നു, ചുമ്മാതിരിക്കാതെ ചുമ്മാ 'തിരിച്ചത്'.

ആയിടയ്ക്ക് ഒരു വൃദ്ധസദനം സന്ദർശിച്ചപ്പോൾ ഒരമ്മ‍ൂമ്മ ലക്ഷ്മിയോട് ഒരാഗ്രഹം പറഞ്ഞു, 'മോളെ, രണ്ടു പരിപ്പുവട വാങ്ങിത്തരുമോ...' ഉറ്റവർ ഉപേക്ഷിച്ചവരുടെയും ആരും തുണയില്ലാത്തവരുടെയും നിസ്സഹായത ചങ്കിൽ തറച്ചെന്ന് ലക്ഷ്മി. അമ്മൂമ്മത്തിരി വീടിനു പുറത്തേക്കു നീളുന്നതങ്ങനെ.

ഇന്നിത് തേവര, പൂജപ്പുര തുടങ്ങി ഏതാനും വൃദ്ധസദനങ്ങളിലെ അമ്മ‍ൂമ്മമാർക്ക് അഭിമാനത്തോടെ സ്ഥിര വരുമാനം നൽകുന്ന സംര‍ംഭമാണ്. നൂല് ലക്ഷ‍്മി വാ‍ങ്ങി നൽകും. അ‍മ്മൂമ്മമാർ അതു തിരിയാക്കി ഒരു മാസത്തേക്കുള്ള 30 എണ്ണം വീതം ഓരോ പായ്ക്കറ്റിലാക്കും. വില അഞ്ചു രൂപ. ലക്ഷ്മി അതു വിറ്റ് അവർക്കു പണം നൽകും, നയാപൈസ ലാഭമെടുക്കാതെ. മുഴുവൻ ലാഭവും അമ്മൂമ്മമാർക്ക്.

‌വല്ലപ്പോഴും മക്കളെ സന്ദർശിക്കാൻ ഭാഗ്യം ലഭിക്കുമ്പോൾ അധ്വാനിച്ചു നേടിയ തുകകൊണ്ട് അഭിമാനത്തോടെ വാങ്ങിയ മധുരപലഹാരങ്ങൾ കൊച്ചുമക്കൾക്കായി ഈ അമ്മൂമ്മമാർ കൈയിൽ കരുതും.

‌ഇതൊക്കെയാണെങ്കിലും കേരളത്തിലെ ക്ഷേത്ര ഭരണസമിതിക്കാരോട് ലക്ഷ്മിക്ക് കടുത്ത പ്രതിഷേധമുണ്ട്. ആയിരക്കണക്കിന് എണ്ണത്തിരികളാണ് ഓരോ ക്ഷേത്രത്തിലും നിത്യേന ആവശ്യമുള്ളത്. കുറേ അമ്മൂമ്മമാർക്ക‍ു ഗുണം ലഭിക്കുന്ന ഈ തിരികൾ ക്ഷേത്രാവശ്യത്തിലേക്ക് വാങ്ങുമോ എന്ന് തിരക്കിയപ്പോൾ ഒരാൾപോലും സന്നദ്ധത കാട്ടിയില്ല. ശിവകാശിയിലെ ഫാക്ടറിയിൽ നിന്നു ലഭിക്കുന്നതിന് അമ്പതു പൈസ കുറവാണത്രെ. നാമം ജപിച്ചുകൊണ്ട് അമ്മൂമ്മമാർ തിരിക്കുന്ന തിരിയിൽ മനം തെളിയാത്ത ദേവനുണ്ടാവില്ല എന്നു സമിതിക്കാരറിയണമെന്ന് ലക്ഷ്മി. ഡിസി ബുക്സിന്റെ അദ്ധ്യാത്മ രാമായണത്തിന്റെയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മ‍ീഭായ് തമ്പുരാട്ടിയുടെ ഗ്രന്ഥമായ രുദ്രാക്ഷമാലയുടെയും കോപ്പികൾക്കൊപ്പം അമ്മ‍ൂമ്മത്തിരികൾ വിതരണം ചെയ്തപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അമ്മൂമ്മത്തിരിക്കു തൊട്ടുപിന്നാലെയാണ് കടലാസുപേനകളുടെ വരവ്. സ്റ്റാർ പ്ലസ് ചാനലിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച 'ആജ് കി രാത് ഹെ സിന്ദഗി' എന്ന ഷോയിലേക്ക് അമ്മ‍ൂമ്മത്തിരി സംരംഭം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബച്ചനു സമ്മാനിക്കാൻ കയ്യിൽ കടലാസുപേനയും കരുതി. അദ്ദേഹത്തെ വിസ്മയിപ്പിച്ച ഈ പേനകളിൽ പുതുമകൾ സൃഷ്ടിച്ചുകൊണ്ട് ലക്ഷ്മി അതിനെ ലാഭകരമായ സംരംഭമാക്കി വളർത്തിയിരിക്കുന്നു. എറണാകുളത്തിനടുത്ത് അരയൻകാവിലുള്ള ലക്ഷ്മിയുടെ വീടുതന്നെയാണ് പേനനിർമാണശാല. ജോലിക്കാരായി അഞ്ചു സ്ത്രീകൾ. കടലാസുപേനയുടെ വില ഒന്നിനു 12 രൂപ.

പേപ്പർ പേനകൾ

സമീപത്തുള്ള പ്രസ്സിൽനിന്നു ശേഖരിക്കുന്ന പാഴ്ക്കടലാസുകൾ പ്രയോജനപ്പെടുത്തിയാണ് പേന നിർമാണം. ജി‍ല്ലാ ആശുപത്രിയുടെ കേസ് ഷീറ്റുകൾ അച്ചടിച്ചശേഷം മുറിച്ചു മാറ്റുന്ന തുണ്ടു കടലാസിന് കൃത്യം ഒരു പേനയുടെ വലുപ്പമെന്നു ലക്ഷ്മി. നിർമാണം പൂർണമായും കൈവേല. ഒരോ ആവശ്യത്തിനും ഇണങ്ങിയ ചിത്രങ്ങളും എഴുത്തുകളും സ്ക്രീൻ പ്രിന്റ് ചെയ്ത് പേന ആകർഷകമാക്കും. ഉദാഹരണത്തിന് ഗാന്ധി ആശ്രമത്തിലേക്ക് അയയ്ക്കുന്നവയിൽ ഗാന്ധി സൂക്തങ്ങൾ. സെമിനാറുകൾക്കുള്ളവയിൽ അതതു ചർച്ചാവിഷയങ്ങൾ. ദൈവങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ‍്ത പേനകൾക്ക് പരീക്ഷക്കാലത്ത് വലിയ ഡിമാൻഡാണ്.

അഗസ്ത്യമരത്തിന്റെ വിത്തുകൾ ഒളിപ്പിച്ച പേനകൾ പുറത്തിറക്കിയതോടെ പേപ്പർ പേനകൾക്ക് ഡിമാൻഡ് കൂടി. പേനയ്ക്കായി നിർമിക്കുന്ന അടപ്പുകളിൽ ചിലതിന് നിർമാണവേളയിൽ കേടുണ്ടാകാറുണ്ട്. ഉള്ളിൽ വിത്തു നിറച്ച് ഇരുവശവും ഒട്ടിച്ച് അവയും വിപണനത്തിനുണ്ട്.

പേനയിൽ കൂടുതൽ ഇനങ്ങളുടെ വിത്തുകൾ ഒളിപ്പിക്കാനൊരുങ്ങുകയാണ് ലക്ഷ്മി. 'ഇടമില്ല, അല്ലെങ്കിൽ പേപ്പർപേനയിൽ ചക്കക്കുരുതന്നെ ഒളി‍പ്പിച്ചേനെ'യെന്നും ചിരിയോടെ ലക്ഷ്മി.

ഇ-മെയിൽ: 2pureliving@gmail.com