പ്രസവിച്ച് മൂന്നരമാസമെത്തിയ പശുവിന്റെ പാൽ ദിവസം ചെല്ലുംതോറും കുറഞ്ഞുവരുന്നെന്ന പരിഭവവുമായാണ് ഈയിടെ ഒരു ക്ഷീരകർഷകസുഹൃത്ത് മൃഗാശുപത്രിയിൽ എത്തിയത്. പാൽ ക്രമേണ കുറയുന്നെന്ന് മാത്രമല്ല ഒരു കാമ്പിൽനിന്ന് ചുരത്തുന്ന പാലിന് കുറച്ച് ദിവസമായി രക്തം കലർന്നപോലെ ചുവപ്പ് ചാലിച്ച നിറമാണന്നും അതേ പശുവിന്റെ മൂക്കിൽ നിന്ന് ഇടക്കിടെ രക്തസ്രാവമുണ്ടന്നും എത്ര തീറ്റ കഴിച്ചാലും മെലിച്ചിലാണെന്നുമെല്ലാമുള്ള അസാധാരണമായ ചില രോഗലക്ഷണങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. മാത്രമല്ല പശുവിന് വിട്ടുമാറാത്ത വയറിളക്കം തുടങ്ങിയിട്ട് ആഴ്ച മൂന്നായി. പശുവിന്റെ ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പ്രതിവിധിയായിരുന്നു അദ്ദേഹത്തിനറിയേണ്ടിയിരുന്നത്. ഏതായാലും പ്രശ്നത്തിന്റെ കാരണം കണ്ടെത്താനായി പശുവിന്റെ ചാണകവും  മൂത്രവും രക്തവും പാലും പരിശോധന നടത്താൻ തന്നെ തീരുമാനിച്ചു. ചാണകത്തിലോ മൂത്രത്തിലോ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. പാലിൽ അകിടുവീക്കലക്ഷണവുമില്ല. എന്നാൽ  രക്തപരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് പശുവിന്റെ പ്രശ്നങ്ങളുടെയെല്ലാം യഥാർഥ കാരണം പുറത്തുവന്നത്, തൈലേറിയ അണുബാധയായിരുന്നു ഇവിടെ പ്രശ്നക്കാരൻ. പശുവിന്റെ രക്തസാംപിളിൽ തൈലേറിയ അണുവിന്റെ സാന്നിധ്യം ഉയർന്ന തോതിലായിരുന്നു. പാലുൽപാദനം കുറയൽ, പാലിൽ രക്താംശം, മൂക്കിൽ നിന്ന് രക്തസ്രാവം, മാറാത്ത വയറിളക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാക്കാനുള്ള ശേഷി തൈലേറിയക്കുണ്ട്.

തൈലേറിയ, ക്ഷീരകർഷകരുടെ  തീരാതലവേദന

കേരളത്തിലെ പശുക്കള്‍ക്കിടയില്‍ അടുത്ത കാലത്തായി വ്യാപകമായ സാംക്രമിക രക്താണുരോഗമാണ് തൈലേറിയ. പശുക്കളുടെ ശരീരം ക്ഷയിക്കുന്നതിനും, ഉല്‍പ്പാദനമികവും പ്രത്യുല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയുമെല്ലാം കുറയുന്നതിനും അകാലമരണത്തിനും കാരണമാവുന്ന തൈലേറിയ രോഗം ക്ഷീരകർഷകർക്കിന്ന് തീരാതലവേദനയാണ്. കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങി കേരളത്തിലെത്തിക്കുന്ന പശുക്കളില്‍ രോഗാണുക്കള്‍ കൂടുതലായി കണ്ടുവരുന്നു. പ്രോട്ടോസോവ വിഭാഗത്തിലുള്‍പ്പെടുന്ന തൈലേറിയ എന്നയിനം ഏകകോശ രക്തപരാദജീവികളാണ് രോഗത്തിന് കാരണക്കാര്‍. രോഗകാരികളായ നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും ചുവന്ന രക്തകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന  ഓറിയന്‍റല്‍ തൈലേറിയയാണ് കേരളത്തിൽ ഏറ്റവും വ്യാപകം.

രോഗാണുക്കളെ പശുക്കളിലേക്ക് പടര്‍ത്തുന്നത് രക്തം ആഹാരമാക്കുന്ന പട്ടുണ്ണികള്‍ എന്ന് വിളിക്കുന്ന ബാഹ്യപരാദങ്ങളാണ്. പട്ടുണ്ണികള്‍ രക്തമൂറ്റിക്കുടിക്കുമ്പോള്‍ അവയുടെ ഉമിനീര്‍ വഴി പശുക്കളുടെ ശരീരത്തിലെത്തുന്ന തൈലേറിയ രോഗാണുക്കള്‍ ചുവന്നരക്തകോശങ്ങളെയും വെളുത്ത രക്തകോശങ്ങളെയും ആക്രമിച്ച് നശിപ്പിക്കും. ക്രമേണ കരള്‍, വൃക്ക തുടങ്ങിയ വിവിധ അവയവങ്ങളിലേക്ക് കടന്ന് കയറുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യും. രക്തകോശങ്ങളുടെ നാശം പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിനും കുരലടപ്പന്‍, അകിടുവീക്കം  അടക്കമുള്ള  വിവിധ പാര്‍ശ്വാണുബാധകള്‍ക്കും  ഇടയാക്കും. 

മതിയായ ആരോഗ്യപരിശോധനകളില്ലാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി ഇറക്കുമതി, രോഗവാഹകരായ പശുക്കളുടെയും രോഗം പരത്തുന്ന പട്ടുണ്ണികളുടെയും വര്‍ധന, ഉല്‍പ്പാദനശേഷി ഉയര്‍ന്ന സങ്കരയിനം പശുക്കളുടെ കുറഞ്ഞ രോഗപ്രതിരോധശേഷി, മതിയായ പോഷകാഹാരങ്ങളുടെ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാണ്  രോഗനിരക്ക് ഉയരാന്‍ ഇടയാക്കിയത്. കിടാക്കളെ മുതല്‍ഏത് പ്രായത്തിലുള്ള പശുക്കളെയും രോഗം ബാധിക്കും. തൈലേറിയ രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില ഉയർന്നതായതും  കർഷകർക്ക് ഒരു വെല്ലുവിളിയാണ്.

തൈലേറിയ രോഗാണുക്കൾ

പശുവിന് ഈ ലക്ഷണങ്ങളിൽ ചിലതുണ്ടോ എങ്കിൽ സംശയിക്കാം തൈലേറിയ

  • ഇടക്കിടെയുണ്ടാവുന്ന പനി, വായിൽ നിന്നും തുള്ളികളായോ നൂലുപോലെയോ കൂടുതലായിഉമിനീരൊലിക്കൽ, വെള്ളം പോലെയോ പഴുപ്പ് കലർന്നിട്ടോ മൂക്കൊലിപ്പ്.
  • അമിതമായ കിതപ്പും ശ്വാസമെടുക്കാനുള്ള പ്രയാസവും ചുമയും, മൂക്കിൽ നിന്ന് ഇടക്കിടയ്ക്ക് രക്തസ്രാവം
  • കണ്ണിൽ കുടുതലായി പീള കെട്ടൽ, കണ്ണുകളിലെ മൂന്നാമത്തെ കൺപോള ചുവത്ത് തടിച്ച് വീങ്ങി പുറത്തുചാടൽ, നേത്രപടലത്തിന് (കോർണിയ) ഇളം വെളുപ്പ് നിറവ്യത്യാസം.
  • ചെവിക്കുടയുടെ ഉള്ളിൽ കടുത്തമഞ്ഞനിറം, ചെവിയുടെ പുറത്തും കണ്ണിനു ചുറ്റും രോമക്കൊഴിച്ചിൽ.
  • തീറ്റ കഴിക്കുമെങ്കിലും പാലിൽ ഘട്ടം ഘട്ടമായുണ്ടാവുന്ന കുറവ്.
  • തീറ്റ കഴിക്കുന്നത് കുറയുന്നതിനൊപ്പം പാലിൽ ക്രമേണയുണ്ടാവുന്ന കുറവ് ഒപ്പം മെലിച്ചിലും, കിടാരികളിൽ വളർച്ചാ മുരടിപ്പ്,  ആദ്യത്തെ മദി വൈകൽ.
  • അകിടുവീക്കത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതെ തന്നെ ഒന്നോ രണ്ടോ കാമ്പുകളിൽ നിന്നോ അല്ലെങ്കിൽ നാലുകാമ്പുകളിൽ നിന്ന് പുറത്തു വരുന്ന പാലിന് ഇളം ചുവപ്പ്/ പിങ്ക് നിറം,കറക്കുമ്പോൾ കാമ്പിന് കട്ടികൂടുതലും പാൽ വരുന്നതിനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടൽ.
  • ഇടയ്ക്കിടെ വന്നുപോവുന്ന അകിടുവീക്കം, ഫാമിലെ പശുക്കൾക്ക് പല തവണ കൃത്രിമ ബീജാധാനം നടത്തിയിട്ടും ഗർഭധാരണം നടക്കാതിരിക്കൽ, കൃത്യമായി മദിയുടെ ലക്ഷണങ്ങൾ കാണിക്കാതിരിക്കൽ, പ്രസവാനന്തരം അടുത്ത മദി വൈകൽ, പശുക്കളുടെ ഗർഭമലസൽ, മറുപിള്ള പുറത്ത് പോവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലായി കാണൽ.
  • വിരമരുന്നുകൾ, ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ നൽകിയിട്ടും വിട്ടുമാറാത്ത വയറിളക്കം, ചാണകത്തിൽ രക്തത്തിന്റെയും ശ്ലേഷ്മത്തിന്റെയും അംശം, ഇടയ്ക്കിടെ ഉണ്ടാവുന്ന വയറുസ്തംഭനവും വയറുവീക്കവും.
  • ശരീരത്തിൽ രക്തക്കുറവ്/ വിളർച്ച ബാധിച്ച് കണ്ണിലേയും മോണയിലേയും യോനി ദളത്തിലെയും ശ്ലേഷ്മസ്തരങ്ങളുടെ ചുവപ്പുനിറം മാറി വെളുത്ത് വിളറിയിരിക്കൽ, ലെദർ പോലെ കട്ടികൂടി പരുപരുത്ത ത്വക്ക്, പശുവിന്റെ ത്വക്കിൽ വെളുത്ത രോമമുള്ള ഭാഗങ്ങളിൽ രോമത്തിന് ഇളംചുവപ്പ് നിറം, ത്വക്കിലെ കറുത്ത രോമങ്ങൾക്ക് ചെമ്പൻനിറം.
  • മൂത്രത്തിന് ഇടക്കിടേയോ സ്ഥിരമായോ മഞ്ഞ, ഇളം കാപ്പി, കട്ടൻ കാപ്പി നിറം എന്നിങ്ങനെ നിറവ്യത്യാസം. മൂത്രം ഒഴിക്കുമ്പോൾ അമിതമായി പതയൽ.
  • നടക്കുമ്പോൾ പിൻകാലുകൾക്ക് ബലക്ഷയം, മുടന്ത്, സന്ധികളിൽ വേദന, എഴുന്നേൽക്കുന്നതിനോ കിടക്കുന്നതിനോ ബുദ്ധിമുട്ട് , കൂടുതൽ സമയം കിടക്കാനുള്ള പ്രവണത, പ്രസവത്തെ തുടർന്ന് വീണുപോവുന്ന പശുക്കൾക്ക് കാത്സ്യം നൽകുന്നത് ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയാലും എഴുന്നേൽക്കാതിരിക്കൽ.
  • പശുക്കളുടെ ശരീരത്തിൽ പ്രത്യേകിച്ച് രോമം കുറഞ്ഞ ഭാഗങ്ങളിലും ചെവിയുടെ അറ്റത്തുമെല്ലാം ധാരാളം പട്ടുണ്ണി അഥവാ ടിക്കുകളുടെ സാന്നിധ്യം.

കർഷകർ ചെയ്യേണ്ടതും ചെയ്യരുതാത്തതും

രോഗം സംശയിച്ചാല്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. സ്വയം ചികിത്സയോ മുറിവൈദ്യമോ അരുത്. സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മറ്റ് രോഗങ്ങളില്‍ നിന്നെല്ലാം തൈലേറിയയെ പ്രത്യേകം വേര്‍തിരിച്ച് മനസ്സിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി  വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്. കൃത്യമായ മരുന്നുകൾ നൽകി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗബാധ കാണുന്ന പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണനിലവാരമുള്ളതും ചീലേറ്റഡ് വിഭാഗത്തിൽ പെട്ടതുമായ ധാതുലവണ മിശ്രിതം 50 ഗ്രാം വീതം ദിവസവും (ഉദാഹരണം- പ്രോമിൽക് മിക്സ്ചർ,അഗ്രിമിൻ, ന്യൂട്രിസെൽ)  നൽകാവുന്നതാണ്.  അതോടൊപ്പം കരളിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും പോറലുകൾ പരിഹരിക്കാനും നല്ലൊരു നോൺ ഹെർബൽ  ലിവർ ടോണിക് കൂടി തീറ്റയിൽ ഡോക്ടറുടെ നിർദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തണം. രക്തം കുറവാണെങ്കിൽ ഇരുമ്പുസത്ത് അടങ്ങിയിട്ടില്ലാത്ത ടോണിക്കുകൾ നൽകാം. 

അന്യസംസ്ഥാനങ്ങളിൽ ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) നിരീക്ഷിക്കാനും, രക്തം പരിശോധിച്ച് തൈലേറിയ രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. തൈലേറിയ രോഗം ഗുരുതരമായി ബാധിച്ച പശുക്കൾ ചിലപ്പോൾ പ്രസവത്തോടനുബന്ധിച്ചും മറ്റും വീണ് കിടപ്പിലാകാറുണ്ട്. ഇങ്ങനെ വീഴുന്ന പശുക്കളെ ഹിപ് ലോക്ക് / കൗ ലിഫ്റ്റർ ഉപയോഗിച്ച് ബലമായി പൊക്കി നിർത്താൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ പശുക്കൾ അധികം താമസിയാതെ ശ്വാസകോശം തിങ്ങി വീങ്ങി ദാരുണമായി മരണപ്പെടും എന്നത് തീർച്ച.

തൈലേറിയ തടയാൻ വാക്സീനുണ്ട്, പക്ഷേ

തൈലേറിയക്കെതിരായ പ്രതിരോധവാക്സീനുണ്ടെങ്കിലും കേരളത്തില്‍ വ്യാപകമായ തൈലേറിയ  ഓറിയെന്റലിസ് എന്നയിനം രോഗാണുവിനെതിരെ വാക്സീന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല. രോഗത്തെ തടയാനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. ഇതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം അനിയോജ്യമായ ഒരു പട്ടുണ്ണിനാശിനി തിരഞ്ഞെടുത്ത് ഉപയോഗിക്കാം. ഓരോ തവണയും മുന്‍പ് ഉപയോഗിച്ചതില്‍ നിന്നും വ്യത്യസ്തമായ പട്ടുണ്ണി കീടനാശിനികള്‍ വേണം ഉപയോഗിക്കാന്‍, പട്ടുണ്ണികള്‍ മരുന്നിനെതിരെ പ്രതിരോധശേഷിയാര്‍ജിക്കുന്നത് തടയാനാണിത്. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. 

കീടനിയന്ത്രണ ലേപനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അതേ അളവിലും ഗാഢതയിലും ചേര്‍ത്ത് പ്രയോഗിക്കേണ്ടത്  പ്രധാനമാണ്. ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും പശുവിന്റെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടത്  മരുന്നിന്റെ ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്. ലേപനങ്ങള്‍ മേനിയില്‍ തളിച്ച ശേഷം ചുരുങ്ങിയത് അരമണിക്കൂറെങ്കിലും പശുവിനെ തണലില്‍ പാര്‍പ്പിക്കണം. ഉടന്‍ വെയില്‍ കൊള്ളുന്ന പക്ഷം തൊലിപ്പുറത്തെ മരുന്ന് നിര്‍വീര്യമാവാന്‍ സാധ്യതയുണ്ട്. പശുക്കളുടെ ശരീരത്തില്‍ പ്രയോഗിച്ചതിന്റെ  ഇരട്ടി ഗാഢതയില്‍ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് തൊഴുത്തിലും പരിസരത്തും തളിക്കണം. ഉദാഹരണമായി സൈപ്പര്‍മെത്രിന്‍ എന്ന മരുന്ന് ഒന്നര മില്ലിലീറ്റര്‍ വീതം ഒരു ലീറ്റര്‍ ജലത്തില്‍ ചേര്‍ത്താണ് പശുവിന്റെ പുറത്ത് ഉപയോഗിക്കുന്നതെങ്കില്‍ 3-5 മില്ലിലീറ്റര്‍ മരുന്ന് ഒരു ലീറ്റര്‍ ജലത്തില്‍ ചേര്‍ത്ത് വേണം തൊഴുത്തില്‍ പ്രയോഗിക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ തറയിലെയും ഭിത്തിയിലെയുമെല്ലാം ചെറുസുഷിരങ്ങളിലും വിള്ളലുകളിലും മരുന്നെത്താന്‍ ശ്രദ്ധിക്കണം. കാരണം പട്ടുണ്ണികളുടെ മുട്ടകളും അവ വിരിഞ്ഞിറങ്ങുന്ന ലാര്‍വകളും ഒളിച്ചിരിക്കുന്നത് ഇത്തരം സുഷിരങ്ങളിലാണ്. ബാഹ്യപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ ചേര്‍ത്ത് തൊഴുത്തിന്‍റെ ഭിത്തികളില്‍ വെള്ളപൂശുകയും ചെയ്യാം. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ പശുവിന്റെ ശരീരത്തിലും തളിക്കുന്നതും പട്ടുണ്ണികളെ അകറ്റും. കാട്ടിൽ മേയാൻ വിടുന്നതിന് മുൻപ് പശുക്കളുടെ മേനിയിൽ പട്ടുണ്ണികളെ അകറ്റുന്ന ലേപനങ്ങൾ പ്രയോഗിക്കുന്നത് ഉചിതമാണ്. 

English summary: Treatment of theileriosis in cattle and care