ജൈവ, രാസകൃഷിരീതികള്‍ താരതമ്യം ചെയ്ത് നിലവിലുള്ള പൊതു ധാരണകള്‍ തിരുത്തുകയാണ് ഈ ലേഖനത്തില്‍. കൃഷിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളെല്ലാം മോശമാണ്, അതു മണ്ണിനെയും പരിസ്ഥിതിയെയും നശിപ്പിച്ചു. ഒരേയൊരു പോംവഴി ജൈവകൃഷിയാണ്. വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിലെയും പഴവർഗങ്ങളിലെയും വിഷം മൂലം കാൻസർരോഗികളുടെ എണ്ണം

ജൈവ, രാസകൃഷിരീതികള്‍ താരതമ്യം ചെയ്ത് നിലവിലുള്ള പൊതു ധാരണകള്‍ തിരുത്തുകയാണ് ഈ ലേഖനത്തില്‍. കൃഷിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളെല്ലാം മോശമാണ്, അതു മണ്ണിനെയും പരിസ്ഥിതിയെയും നശിപ്പിച്ചു. ഒരേയൊരു പോംവഴി ജൈവകൃഷിയാണ്. വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിലെയും പഴവർഗങ്ങളിലെയും വിഷം മൂലം കാൻസർരോഗികളുടെ എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവ, രാസകൃഷിരീതികള്‍ താരതമ്യം ചെയ്ത് നിലവിലുള്ള പൊതു ധാരണകള്‍ തിരുത്തുകയാണ് ഈ ലേഖനത്തില്‍. കൃഷിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളെല്ലാം മോശമാണ്, അതു മണ്ണിനെയും പരിസ്ഥിതിയെയും നശിപ്പിച്ചു. ഒരേയൊരു പോംവഴി ജൈവകൃഷിയാണ്. വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിലെയും പഴവർഗങ്ങളിലെയും വിഷം മൂലം കാൻസർരോഗികളുടെ എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവ,  രാസകൃഷിരീതികള്‍ താരതമ്യം ചെയ്ത് നിലവിലുള്ള പൊതു ധാരണകള്‍ തിരുത്തുകയാണ് ഈ ലേഖനത്തില്‍.

കൃഷിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളെല്ലാം മോശമാണ്, അതു മണ്ണിനെയും പരിസ്ഥിതിയെയും നശിപ്പിച്ചു. ഒരേയൊരു പോംവഴി ജൈവകൃഷിയാണ്. വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിലെയും പഴവർഗങ്ങളിലെയും വിഷം മൂലം കാൻസർരോഗികളുടെ എണ്ണം  കൂടി. ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന ആഹാരം കൂടുതൽ പോഷകപ്രദവും സ്വാദിഷ്ഠവും ആരോഗ്യദായകവുമാണ്. രാസകൃഷിയിൽ കൂടുതൽ വിളവു കിട്ടുമെങ്കിലും അറ്റാദായം ജൈവകൃഷിയെക്കാൾ കുറവാണ്. ജൈവകൃഷിയിൽ ഉൽപാദനം ആദ്യത്തെ മൂന്നു വർഷം മാത്രമേ കുറവായിരിക്കുകയുള്ളൂ. പിന്നീട് അതു രാസകൃഷിക്കു തുല്യമായി വരും. ജൈവകൃഷി മേഖല അതിവേഗം വളരുകയാണ്. ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കുറയ്ക്കാൻ ജൈവകൃഷി അനിവാര്യമാണ്. ഇങ്ങനെ പോകുന്നു ജൈവകൃഷിയെക്കുറിച്ചുള്ള അവകാശവാദങ്ങൾ. ഇവയോരോന്നും നമുക്കു പരിശോധിക്കാം. 

ADVERTISEMENT

? രാസവളമിട്ടാൽ മണ്ണ് മരിക്കുമോ

രാസവളമിട്ടാൽ മണ്ണു മരിക്കുമെന്ന കാര്യത്തിൽ സാഹിത്യകാരന്മാർക്കു സംശയമേയില്ല. പക്ഷേ, സാഹിത്യമല്ല ശാസ്ത്രം. ശാസ്ത്രത്തിൽ  തെളിവു വേണം. നിരീക്ഷണ–പരീക്ഷണങ്ങൾ നടത്തി വിവരങ്ങൾ ശേഖരിച്ച്, അപഗ്രഥിച്ച്, മുൻ പഠനങ്ങളുമായി താരതമ്യപ്പെടുത്തി നിഗമനങ്ങളിലെത്തുന്ന ശാസ്ത്രരീതി അനുസരിച്ചു തന്നെ മുൻപറഞ്ഞ ധാരണകളെല്ലാം പരിശോധിച്ചിട്ടുണ്ട്. അവ ഓരോന്നായി വിശദീകരിക്കാം.

കേരളത്തിലെ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൽ തെങ്ങിലും, പട്ടാമ്പിയിലും ഓണാട്ടുകരയിലും നെല്ലിലും ശ്രീകാര്യത്തു കിഴങ്ങുവർഗവിളകളിലും 30 വർഷം ഗവേഷണം നടത്തി. പലതും ഇപ്പോഴും തുടരുന്നു. ഈ പരീക്ഷണങ്ങളൊക്കെ നിർവിശങ്കം തെളിയിക്കുന്നതു ജൈവവളങ്ങളും രാസവളങ്ങളും സംയോജിതമായി ചേർത്ത കൃഷിയിടങ്ങളിൽനിന്നാണ് ദീർഘകാലത്തേക്ക് ഉയർന്ന ഉൽപാദനം ലഭിച്ചത് എന്നാണ്. രാസവളങ്ങൾ മാത്രം ദീർഘകാലം ഉപയോഗിക്കുമ്പോൾ മണ്ണിൽ അമ്ലരസം ഉണ്ടാവുക, ഫോസ്‌ഫറസിന്റെ ഈട്ടംകൂടൽ, താഴ്ന്ന ജൈവാംശവും സൂക്ഷ്മജീവി പ്രവർത്തനവും തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തി. പക്ഷേ, ജൈവവളങ്ങളും കുമ്മായവസ്തുക്കളും ചേർക്കുമ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അതേസമയം ജൈവവളങ്ങൾ മാത്രം ചേർക്കുമ്പോൾ ചെടികൾക്ക് ആവശ്യമായ അളവിലും അനുപാതത്തി ലും സമയത്തും മൂലകങ്ങൾ ലഭിക്കാത്ത പ്രശ്നമുണ്ട്. പുളി കൂടുന്നതും ചിലതരം സൂക്ഷ്മ മൂലകങ്ങൾ ലഭിക്കാതെ വരുന്നതും മണ്ണിന്റെ പരിമിതികൾ മാറ്റാൻ കഴിയാതെ വരുന്നതും പ്രശ്നമാണ്. ഏറ്റവും നല്ലതു സംയോജിതമായ സസ്യപോഷണമാണ്, മണ്ണിന്റെ ആരോഗ്യത്തിനും വിളവിന്റെ ആരോഗ്യത്തിനും. മൂത്രത്തിലുള്ള യൂറിയതന്നെയാണ് രാസവളമായ യൂറിയ. കൂടുതൽ സാന്ദ്രീകൃതമാണ് എന്നേയുള്ളൂ. ഫോസ്‌ഫറസ്, പൊട്ടാഷ് വളങ്ങൾ എന്നിവ മണ്ണിൽനിന്നു കുഴിച്ചെടുക്കുന്ന ധാതുക്കളാണ്. ഡോളോമൈറ്റ്, ബോറാക്സ്, മാഗ്നെസൈറ്റ് ഇവയെല്ലാം ധാതുക്കളാണ്. രാസവളങ്ങളുടെ പ്രയോഗക്ഷമത ഉയർത്തുക വഴി അവ മൂലമുണ്ടാകുന്ന പരിസര മലിനീകരണം വലിയൊരു പരിധിവരെ നിയന്ത്രിക്കാനാകും. ഇതിന് ഒരുപാട് വഴികളുണ്ട്.

? ജൈവകൃഷി ആഹാരം കൂടുതൽ പോഷകപ്രദമാണോ

ADVERTISEMENT

ജൈവ കർഷകരും സർട്ടിഫൈയിങ് ഏജൻസികളും എപ്പോഴും പറയുന്ന കാര്യമാണിത്. ഇക്കാര്യം ശാസ്ത്രീയമായി പരിശോധിച്ചുകൊണ്ടുള്ള  പഠനങ്ങളുടെ ഒരു പഠനമുണ്ട്. ഇത്തരം ബൃഹദ് പരിശോധന (Meta analysis) പഠനങ്ങളാണ്  ഏറ്റവും ഉയർന്ന തെളിവായി ശാസ്ത്രം സ്വീകരിക്കുന്നത്. ഈ വിഷയത്തിലുള്ള 98,727 പഠനങ്ങളുടെ പഠനത്തിലെ (Dangour et al, 2010) നിഗമനം ഇങ്ങനെയാണ്: ‘‘ജൈവാഹാരം നല്ല പോഷകങ്ങൾ നൽകി മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാക്കുമെന്നതിനു തെളിവില്ല.’’

? ജൈവാഹാരം കൂടുതൽ സ്വാദിഷ്ഠമാണോ

ഏറെ പ്രചാരമുള്ള ധാരണയാണിത്. ‘രാസവളമിടാത്ത നല്ല നാടൻ പച്ചക്കറി’ എന്നാണല്ലോ പ്രയോഗം തന്നെ. ഈ ധാരണയും പരിശോധിക്കപ്പെടേണ്ടതുണ്ട്.  എല്ലാ മൂലകങ്ങളും ആവശ്യത്തിനും ശരിയായ അനുപാതത്തിലും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൊടുത്താലാണ് ഏറ്റവും സ്വാദിഷ്ടമായ ഉൽപന്നമുണ്ടാവുക. വെള്ളത്തിൽ മാത്രം ചെയ്യുന്ന കൃഷിയായ ഹൈഡ്രോപോണിക്സിൽ ഇതു കൃത്യമായി മനസ്സിലാകും. ഹൈഡ്രോപോണിക്സിൽ വളരുന്ന തക്കാളിച്ചെടിക്ക് ഒരു ജൈവവളവും കൊടുക്കുന്നില്ല. എല്ലാ മൂലകങ്ങളും രാസമായി മാത്രം. എങ്കിലും തക്കാളിക്ക് ഒരു സ്വാദു കുറവുമില്ല. നേന്ത്രവാഴയ്ക്ക് ആവശ്യത്തിനു പൊട്ടാഷ് കൊടുത്താൽ വാഴപ്പഴത്തിനു നല്ല സ്വാദുണ്ടാകും. കോളിഫ്ളവറിന് ആവശ്യത്തിനു ബോറോൺ കൊടുത്താൽ പൂക്കൾ ചീയാതിരിക്കും. ഗ്രോബാഗിൽ വളർത്തുന്ന തക്കാളിക്കും പച്ചമുളകിനും ആവശ്യത്തിനു കാൽസ്യം കിട്ടിയില്ലെങ്കിൽ കായയുടെ അറ്റം ചീയും. തെങ്ങിനു സൾഫർ കിട്ടിയില്ലെങ്കിൽ തേങ്ങാക്കഷണം വായിലിട്ടു ചവച്ചാൽ റബർപോലിരിക്കും.   പരമ്പരാഗതകൃഷിയെ അപേക്ഷിച്ച് ജൈവോൽപന്നങ്ങൾക്കു കൂടുതൽ ഗുണനിലവാരമുണ്ടെന്ന ധാരണയ്ക്കു തെളിവില്ലെന്നാണ് ഇതു സംബന്ധിച്ച ബൃഹത്തായ അപഗ്രഥനം കാണിക്കുന്നത്.

മണ്ണൊരുക്കുന്നതിനൊപ്പം അടിവളം

ഉൽപാദനക്ഷമതയിലെ കുറവ്

ADVERTISEMENT

ജൈവകൃഷിയിൽ ഉൽപാദനക്ഷമത കുറവാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ഇതു സംബന്ധിച്ച  ബൃഹദ് അപഗ്രഥനം കാണിക്കുന്നത് ഉൽപാദനക്ഷമതയിൽ 25% ശരാശരി കുറവുണ്ടെന്നാണ്. 34 തരം വിളകൾ അപഗ്രഥിച്ചതിൽ ഉൽപാദനക്ഷമതയിലെ ഇടിവ് 4–34% വരെ ആയിരുന്നു. പഴവർഗങ്ങളിൽ 3%, എണ്ണക്കുരുക്കളിൽ 11%, ധാന്യങ്ങളിൽ 26%, പച്ചക്കറികളിൽ 33% എന്ന തോതിൽ. അതേസമയം ദീർഘകാല വിളകളിൽ ചെറിയ കുറവ് മാത്രമെ കാണപ്പെട്ടുള്ളൂ.

? ജൈവകൃഷിയിൽ ചെലവ് കുറവാണോ

ചെടിക്ക് ആവശ്യമുള്ള മൂലകങ്ങൾ മുഴുവൻ ജൈവമായി കൊടുക്കുന്നതിനു വലിയ ചെലവു വരും. ഉദാഹരണം പറയാം. നമ്മുടെ പാടശേഖരങ്ങളിലെല്ലാം മഗ്നീഷ്യം കുറഞ്ഞ പരിധിക്കും (ക്രിട്ടിക്കൽ ലിമിറ്റ്) താഴെയാണ്.   ഹെക്ടറിന് 25 കിലോ മഗ്നീഷ്യം കിട്ടണം. ഇതു മഗ്നീഷ്യം സൾഫേറ്റായി കൊടുത്താൽ 5500 രൂപയേ വരൂ. എന്നാൽ ഇതു പച്ചിലവളമായി കൊടുക്കാൻ അഞ്ചു ടൺ പച്ചില വേണം. ഇതിന്റെ വിലയും കടത്തുചെലവും കൂടി കൂട്ടിയാൽ 15,000 രൂപയെങ്കിലും വരും. ഏകദേശം മൂന്നിരട്ടി. മറ്റു മൂലകങ്ങളുടെ കാര്യവും ഇതു പോലെതന്നെ. പച്ചില ഇട്ടാൽ മറ്റു ഗുണങ്ങൾ ഒരുപാടുണ്ടെങ്കിലും മഗ്നീഷ്യം കുറഞ്ഞാൽ തീർച്ചയായും വിളവിൽ കുറവു വരും. ജൈവിക നിയന്ത്രണോപാധികൾ കീട–രോഗങ്ങൾ വരുന്നതിനു മുമ്പു തന്നെ ഉപയോഗിച്ചു തുടങ്ങണം. പല തവണ ഉപയോഗിക്കേണ്ടിവരും. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ കീട–രോഗ നിയന്ത്രണം ഫലപ്രദമാവുകയുമില്ല. അതു വീണ്ടും ചെലവു കൂട്ടും.

സർട്ടിഫൈഡ് ജൈവ കൃഷി 

ജൈവകൃഷിയിൽ ഒരു രാസവസ്തുവും അനുവദനീയമല്ലെന്നാണു പൊതുധാരണ. എന്നാൽ സർട്ടിഫൈഡ് ജൈവകൃഷിയിൽ ഒട്ടേറെ രാസവസ്തുക്കൾ അനുവദനീയമാണ്. അമേരിക്കൻ കൃഷിവകുപ്പിന്റെ ജൈവകൃഷിയിൽ തുരിശും ക്ലോറിൻ മിശ്രിതവും ബോറിക് ആസിഡും മഗ്നീഷ്യം സൾഫേറ്റും അടക്കം 20 രാസവസ്തുക്കൾ അനുവദനീയമാണ്. ഇന്ത്യയിലെ സർട്ടിഫൈഡ് ഏജൻസികളുടെ ചട്ടപ്രകാരവും ഇത്തരം രാസവസ്തുക്കൾ അനുവദനീയമാണ്.

? ജൈവകൃഷി വിസ്തീർണവും ഉൽപാദനവും കൂടുകയാണോ

ജൈവകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണവും ഉൽപാദനവും ദിനംതോറും കൂടുകയാണെന്നാണു നമ്മുടെ ധാരണ. 'The World of Organic Agriculture 2017' എന്ന റിപ്പോർട്ട് വളരെ നല്ല ചിത്രം അവതരിപ്പിക്കുന്നു. അതു കർക്കശമായി പരിശോധിച്ചാൽ കാണുന്നതു ലോകത്ത് ആകെയുള്ള കൃഷിസ്ഥലത്തിന്റെ 1.1% മാത്രമാണ് ജൈവകൃഷി ചെയ്യുന്ന സ്ഥലം. അതിന്റെ തന്നെ മൂന്നിലൊന്ന് (33%) പശുക്കളുടെ മേച്ചിൽപുറ ഭൂമിയാണ്. യഥാർഥ കൃഷിഭൂമി 20% മാത്രം. അതിൽതന്നെ 39 ലക്ഷം ഹെക്ടർ മാത്രമാണു ധാന്യക്കൃഷി. 25 ലക്ഷം ഹെക്ടർ തീറ്റപ്പുൽക്കൃഷിയാണ്. അതായത്,  കോടിക്കണക്കിനു ജനത്തിന്റെ പഥ്യാഹാരമായ ധാന്യങ്ങളുടെ കൃഷിയുടെ 99 ശതമാനവും ആധുനിക കൃഷിയാണ്. അതുകൊണ്ടാണ് ലോകത്തിൽ പട്ടിണിമരണങ്ങൾ കുറ ഞ്ഞുനിൽക്കുന്നതും.

ജൈവ സർട്ടിഫൈയിങ് ഏജൻസികള്‍

ഇന്ത്യയിൽ 18 സർട്ടിഫൈയിങ് ഏജൻസികൾ പ്രവർത്തിക്കുന്നു. ഇവയ്ക്കൊന്നും  സർക്കാർ നിയന്ത്രണമില്ല. പരമ്പരാഗത കൃഷി മണ്ണിനെയും മനുഷ്യനെയും പരിസ്ഥിതിയെയും നശിപ്പിക്കും എന്ന ധാരണ പരത്തി ജൈവകൃഷി പ്രചരിപ്പിക്കുകയാണിവർ. സർട്ടിഫൈ ചെയ്യാൻ ഉയർന്ന ഫീസും ഈടാക്കും. എന്നാൽ പിന്നീടു കൃഷിക്കാരനു കുറഞ്ഞ ഉൽപാദനം മൂലമുള്ള വരുമാനനഷ്ടം പരിഹരിക്കാൻ ഈ ഏജൻസികൾ ഒരു ശ്രമവും നടത്താറില്ല. ജൈവകൃഷിയിടങ്ങളിൽ പകർച്ചവ്യാധികൾ വന്നു വിള നശിച്ചാല്‍   നഷ്ടം കൃഷിക്കാരനു മാത്രം. യൂറിയ ഉപയോഗിക്കരുത്, യൂറിൻ ഉപയോഗിക്കണം എന്നാണു പറയുന്നത്. നമ്മുടെ മണ്ണിൽ  യോജ്യമായതും കിലോയ്ക്കു 14 രൂപ വിലയുള്ളതുമായ പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിക്കാൻ പറ്റില്ല. കിലോയ്ക്കു 160 രൂപ വില വരുന്ന, അമ്ലരസമുള്ള നമ്മുടെ മണ്ണിനു യോജിക്കാത്ത പൊട്ടാസ്യം സൾഫേറ്റ് ഉപയോഗിക്കാം എന്നതാണു മറ്റൊരു നിയന്ത്രണം. ചില ഏജൻസികൾ പൊട്ടാഷിനു പകരമായി ബയോ പൊട്ടാഷ് എന്ന പേരിൽ ഫ്രാറ യൂറിയ എന്ന സൂക്ഷ്മജീവി വളം കൊടുക്കുന്നുണ്ട്. ഇതു കൃഷിക്കാരെ ചതിക്കലാണ്. ഈ സൂക്ഷ്മജീവിക്കു മണ്ണിലുറച്ചുപോയ പൊട്ടാഷ് ലയിപ്പിക്കാനേ കഴിയൂ. പക്ഷേ, നമ്മുടെ മണ്ണിൽ പൊട്ടാഷ് കുറഞ്ഞതാണ് പ്രശ്നം.

വളങ്ങൾ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്ന പത്രപോഷണം (ഇലയിൽ തളിക്കൽ) പറ്റില്ല, ഉയർന്ന ഉൽപാദനം തരുന്ന സങ്കരഇനങ്ങൾ പറ്റില്ല, ജനിതകമാറ്റം വരുത്തിയ വിളകൾ പറ്റില്ല, രാസവളങ്ങളും കീടനാശിനികളും ഹോ‍ർമോണുകളും പറ്റില്ല, വെള്ളത്തിലൂടെ വളം കൊടുക്കുന്ന ഫെർട്ടിലൈസേഷൻ പറ്റില്ല തുടങ്ങിയ അയിത്തങ്ങൾ ജൈവകൃഷിയിൽ കാണാം.

ജൈവകൃഷിയും  ഭക്ഷ്യസുരക്ഷയും

ഭാവിതലമുറയുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇന്നത്തെ തലമുറയുടെ ആവശ്യങ്ങൾ തൃപ്തമാക്കുന്ന കൃഷിയാണ് സുസ്ഥിര കൃഷി. നമ്മുടെ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവയ്ക്കു തകരാറു പറ്റാതെ കൃഷി ചെയ്യാൻ സാധിക്കണം. ആധുനിക കൃഷിയുടെ അടിസ്ഥാനം ശാസ്ത്രമാണ്. അതിന് ഒന്നിനോടും അയിത്തമില്ല. എല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ സ്വാംശീകരിക്കൂ എന്നു മാത്രം. ജൈവകൃ ഷി അയിത്തം കൽപിച്ചു പുറത്തു നിർത്തിയിരിക്കുന്ന പല സാങ്കേതികവിദ്യകളും വളരെ സുസ്ഥിരമാണ്. കൃഷി മുഴുവൻ ജൈവമാർഗത്തിലായാൽ ഉൽപാദനം വളരെ കുറയും, ഭക്ഷ്യോൽപന്നങ്ങൾക്കു വില കൂടും, ഭക്ഷ്യപ്രതിസന്ധിയുണ്ടാകും, ഭക്ഷ്യലഹളപോലുമുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ ഭരണ കർത്താക്കൾക്ക് അതറിയാം എന്നതുകൊണ്ടു തന്നെയാണ് ജൈവകൃഷി വളരെ ഉദാത്തവും പവിത്രവുമാണെന്നു കരുതുന്നുണ്ടെങ്കിലും അതു രാജ്യത്തിന്റെ കാർഷിക നയമാക്കി മാറ്റാത്തത്.

എവിടെയൊക്കെയാകാം ജൈവകൃഷി?

ഇതൊക്കെപ്പറഞ്ഞാലും ജൈവകൃഷി തീരെ പാടില്ലെന്നു പറയാനാവില്ല. പക്ഷേ, ‘‘അവകാശവാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല’’ എന്ന വിവരം പാക്കറ്റിന്റെ/ ഉൽപന്നത്തിന്റെ മുകളിൽ രേഖപ്പെടുത്തണം എന്നു മാത്രം. ഉയർന്ന വരുമാനമുള്ളവർക്കു വേണ്ടിയും കയറ്റുമതിക്കു വേണ്ടിയും ജൈവകൃഷിയാകാം. തായ്‌വേരുള്ള വൃക്ഷവിളകളിൽ ജൈവകൃഷി ചെയ്താൽ വിളവ് അധികം കുറയാൻ സാധ്യതയില്ലാത്തതിനാൽ അതൊരു സാധ്യതയാണ്. സുഗന്ധവിളകൾ, ഔഷധസസ്യക്കൃഷി എന്നിവയ്ക്കും യോജ്യം. ഹോബി എന്ന നിലയിലും കൊള്ളാം. പക്ഷേ, സ്കൂളുകളിലും കോളജുകളിലും ജൈവകൃഷി മാത്രമാകുന്നതു വിദ്യാർഥികളുടെ ഇടയിൽ ആധുനിക കാർഷിക സാങ്കേതികവിദ്യകളോട് അകൽച്ചയുണ്ടാക്കും. ശാസ്ത്രത്തിനെതിരായ ശക്തമായ വികാരം നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. പുതിയ തലമുറ ശാസ്ത്രം പഠിക്കുന്നുണ്ടെങ്കിലും ചെയ്യുന്നതു ശാസ്ത്രത്തെ നിരസിക്കുന്ന ജൈവകൃഷിയാണെന്നതു പ്രതി ലോമകരമാണ്. അവിടെ ജൈവവും ശാസ്ത്രീയവുമായ കൃഷി വെവ്വേറെ ചെയ്തു മുഴുവൻ കാര്യങ്ങളും അള ന്നു രേഖപ്പെടുത്തണം. മണ്ണു പരിശോധന മുതൽ ഇതു ചെയ്യണം. അതൊരു വലിയ പ്രോജക്ട് ആയിത്തന്നെ വരട്ടെ.

? രാസകീടനാശിനികൾ മനുഷ്യസമൂഹത്തിനു ശാപമാണോ

കേന്ദ്ര കീടനാശിനി ബോർഡിൽ 270 രാസവസ്തുക്കൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമവിധേയമായി ഉപയോഗിക്കുന്ന ഒട്ടേറെ വ്യാവസായിക രാസവസ്തുക്കളുണ്ട്. ആധുനിക വൈദ്യത്തിലെ മരുന്നുകളും റജിസ്റ്റർ ചെയ്യപ്പെട്ട രാസവസ്തുക്കളാണ്. ഇവയെക്കുറിച്ചൊക്കെ ശാസ്ത്രം അതിവിപുലമായ അറിവുണ്ടാക്കിയിട്ടുണ്ട്. നേർത്ത അളവിലുള്ള കീടനാശിനി ലായനി മനുഷ്യനു സാധാരണഗതിയിൽ വിഷബാധ ഉണ്ടാക്കുകയില്ല. അതായത് ഏതു വിഷത്തിനും ഒരു അനുവദനീയമായ മാത്രയുണ്ട്. ഇതാണ് കീടനാശിനി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാന തത്വം. ആധുനിക വൈദ്യത്തിലെ മരുന്നുകളുടെ തത്വവും ഏറെ വ്യത്യസ്തമല്ല.

ശാസ്ത്രീയമായി നോക്കിയാൽ ജൈവം എന്നൊന്നില്ല. എല്ലാ ജൈവവും രാസമാണ്. എല്ലാ രാസവസ്തുക്കളും തന്മാത്രകളും ആറ്റങ്ങളും അയോണുകളുംകൊണ്ടു നിർമിച്ചവയാണ്. ജൈവം, ജൈവകൃഷി, ജൈവാഹാ രം എന്നൊക്കെ പറയാമെന്നു മാത്രം. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വളപ്രയോഗവും സംയോജിത സസ്യസംരക്ഷണവും തന്നെയാണ് ആധുനിക കൃഷിശാസ്ത്രം പരീക്ഷിച്ചു വിജയിച്ചതി ന്റെ, തെളിവുകളുടെ അടിസ്ഥാനത്തിൽ നിർദേശിക്കുന്നത്. ജൈവകൃഷി ചെയ്യാനുദ്ദേശിക്കുന്നവർക്ക് അതാ കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, അതൊരു പുണ്യപ്രവൃത്തി, മറ്റേതു പാപം, മനുഷ്യവംശത്തിനു പ്രതിലോ മപരം എന്നു കരുതരുത്. നമ്മുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റു ആഹ്വാനം ചെയ്ത ശാസ്ത്രീയ മനോവൃത്തി (Scientific temper) ഓരോ കൃഷിക്കാരനും വികസന പ്രവർത്തകനുമുണ്ടാകണം.

(ലേഖനത്തിലെ  അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)

 വിലാസം: പ്രഫസർ, കാർഷിക കോളജ്, പടന്നക്കാട്, കാസർകോട്. 

വായനക്കാര്‍ക്കു പ്രതികരിക്കാം

ജൈവകൃഷിയും  ജൈവകൃഷി ഉല്‍പന്നങ്ങളും സംബന്ധിച്ച് പൊതുവെയുള്ള ധാരണകള്‍ പൊളിച്ചെഴുതുകയാണ് ഈ ലേഖനം. െജെവകൃഷിയെക്കുറിച്ച് തുറന്ന ഒരു സംവാദത്തിനു തുടക്കം കുറിക്കുകയാണ് ഈ ലക്കത്തില്‍. അയയ്ക്കേണ്ട വിലാസം: പത്രാധിപര്‍, കര്‍ഷകശ്രീ, മലയാള മനോരമ, കോട്ടയം. ഇ– മെയില്‍: karsha@mm.co.in