വെന്തു മലർന്ന കപ്പയും ചട്ടിയിലെ മീൻകറിയുമായി റബേക്ക പാപ്പിയുടെ കിടക്കയ്ക്കരികിലേക്കു ചെന്നു. ആദ്യമായി ഭക്ഷണം കാണുന്നവന്റെ ആർത്തിയോടെ അയാൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. ‘‘താ...താ...’’ അയാൾ കൈ നീട്ടി.

വെന്തു മലർന്ന കപ്പയും ചട്ടിയിലെ മീൻകറിയുമായി റബേക്ക പാപ്പിയുടെ കിടക്കയ്ക്കരികിലേക്കു ചെന്നു. ആദ്യമായി ഭക്ഷണം കാണുന്നവന്റെ ആർത്തിയോടെ അയാൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. ‘‘താ...താ...’’ അയാൾ കൈ നീട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെന്തു മലർന്ന കപ്പയും ചട്ടിയിലെ മീൻകറിയുമായി റബേക്ക പാപ്പിയുടെ കിടക്കയ്ക്കരികിലേക്കു ചെന്നു. ആദ്യമായി ഭക്ഷണം കാണുന്നവന്റെ ആർത്തിയോടെ അയാൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. ‘‘താ...താ...’’ അയാൾ കൈ നീട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗോപ്യം’

(മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ മൂന്നാമധ്യായം)

ADVERTISEMENT

 

രാത്രി മുഴുവൻ പെയ്തിട്ടും വാശി തീരാതെ പുലരിയിലും മഴ ചരൽക്കല്ലുകൾ വാരിയെറിഞ്ഞു. മുട്ടറ്റം വെള്ളം നിറഞ്ഞ പള്ളിച്ചാലിലെ വീട്ടുമുറ്റത്തുകൂടി കാറ്റ് പിഴുതെറിഞ്ഞ, പച്ചയും പഴുത്തതുമായ പലതരം പാഴിലകൾ, കൊടി കെട്ടിയ കപ്പലുകൾ പോലെ നിശബ്ദം തുഴഞ്ഞുനീങ്ങി. അടുക്കള വാതിൽക്കൽ, വെള്ളത്തിലേക്കു കാൽനീട്ടി റബേക്ക, മഴയുടെ തിമിർപ്പു കണ്ടിരുന്നു. അകത്തെ മുറിയിൽ കിടക്കയിൽ പാപ്പി അപ്പോൾ തെയ്യത്താൻകുന്നിലെ മുളങ്കൂട്ടത്തിനു മറവിൽ സരോജത്തെ നെഞ്ചത്തു കിടത്തുന്നതു സ്വപ്നം കാണുകയായിരുന്നു. കാരമണമുള്ള വിയർപ്പിൽ അയാളുടെ മൂക്കുവിടർന്നു. അരക്കെട്ടിലെ ചോരക്കുഴലുകളിലൂടെ രക്തം ഇരമ്പിപ്പാഞ്ഞപ്പോൾ അസഹ്യമായ വേദനയിൽ പുളഞ്ഞ് പാപ്പി ഞെട്ടിയുണർന്നു. ഇരുകാലുകൾക്കുമിടയിൽ തൂങ്ങിക്കിടന്ന എല്ലില്ലാത്ത മാംസക്കഷണം ഇപ്പോൾ വേദനയുടെ കൂടായിരിക്കുന്നു. അത് അറുത്തുമുറിച്ചെറിയാൻ രണ്ടുതവണ ശ്രമിച്ചതാണ്. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ വീണ്ടും എല്ലാം ശരിയായേക്കും എന്ന പ്രതീക്ഷ പിച്ചാത്തിയെ പിന്നാക്കം വലിച്ചു. കട്ടിലിൽ തിരിഞ്ഞുകിടന്ന പാപ്പി കൂവി വിളിച്ചു.

 

‘‘എടീ എന്തിരവളേ, എനിക്കു വെശക്കുന്നെടീ... എന്തെങ്കിലും തന്നു കഴുവേറ്റെടീ..’’

ADVERTISEMENT

മഴപ്പാട്ടിനു കാതുകൊടുത്തിരുന്ന റബേക്ക മിണ്ടിയില്ല. വെള്ളത്തിൽ കൂടി പിടഞ്ഞുനീന്തുന്ന പല്ലിയെ നോക്കി അവളിരുന്നു. ഉത്തരത്തിൽ കഴിഞ്ഞിരുന്ന നീ എങ്ങനാടാ ചെളിവെള്ളത്തിൽ വീണതെന്ന് അതിനോടു സ്വകാര്യംചോദിക്കുകയും കാലുകൊണ്ട് ഓളം സൃഷ്ടിച്ച് അതിരിലേക്ക് ഒഴുക്കിവിടുകയും ചെയ്തു.

‘‘എടീ...നീ ചത്തോ... എനിക്കു വെശക്കുന്നൂന്ന്....’’

റബേക്ക പതിയെ എഴുന്നേറ്റ്, മുടി മാടിക്കെട്ടി പാപ്പിയുടെ മുറിയിലേക്കു ചെന്നു. വെളിച്ചം മുഖം വീർപ്പിച്ചുനിൽക്കുന്ന മുറിയുടെ മൂലയിലെ കിടക്കയിൽ, കരിപിടിച്ച കൈക്കല പോലെ അയാൾ ചുരുണ്ടുകിടപ്പായിരുന്നു. പുതപ്പിച്ചിരുന്ന കൈലി അരക്കെട്ടിനു ചോട്ടിൽ ഊർന്നുകിടന്നു.

‘‘എന്നതാ വേണ്ടേ? വാട്ടക്കപ്പേം മീൻ മുളകിട്ടതുമാണോ അതോ പച്ചക്കപ്പേം പോത്തെറച്ചി വരട്ടിയതുമാണോ?’’

ADVERTISEMENT

റബേക്ക, അയാൾക്കരികിൽ ചെന്നു പരിഹാസച്ചിരിയോടെ ചോദിച്ചു. പാപ്പി പല്ലുകടിച്ച് ഒരു മുട്ടൻ തെറി വലിച്ചെറിഞ്ഞു.

‘‘ ഇനീം വിളി... നിങ്ങക്കതേ അറിയത്തൊള്ളല്ലോ... സത്യം പറയാം. ഇന്നീ വീട്ടിൽ ഒന്നും വച്ചിട്ടില്ല. ഒന്നും വയ്ക്കാനുദ്ദേശോമില്ല. ഒരു ദിവസം പട്ടിണികിടന്നതുകൊണ്ട് ചത്തുപോത്തൊന്നുമില്ല.’’

‘‘എടീ എന്തിരവളേ, എന്നെ അങ്ങു കൊന്നുകളയെടീ....’’

പാപ്പിയുടെ ചുണ്ടിൽ ഒരു തെറി കൂടി വരാൽപോലെ പുളച്ചു.

‘‘അയ്യോ... ആണുങ്ങളിങ്ങനെ ആയാലെങ്ങനാ... അല്ല... ആണുങ്ങളെന്നു വിളിക്കാൻ പാടുണ്ടോ ഇപ്പോ? ആണത്തമൊക്കെ പോയില്ലേ?’’

‘‘പ്ഫാ....,’’പാപ്പി നീട്ടിയൊരാട്ടു കൊടുത്തു, ‘‘എനിക്കു വെശക്കുന്നേ... നാട്ടുകാരേ, ഇവളെന്നെ പട്ടിണിക്കിട്ടുകൊല്ലുവാന്നേ...’’ കഫച്ചിലമ്പുള്ള അയാളുടെ ശബ്ദം മഴ വിഴുങ്ങി.

‘‘കുറച്ചൂടെ ഒറക്കെ കൂവി വിളിക്ക്... ലോകം മുഴുവൻ കേൾക്കട്ടപ്പാ...’’

റബേക്ക ചിരിച്ചു.

‘‘നിന്റമ്മേടെ....’’

പാപ്പി വീണ്ടും തെറി കടിച്ചു. റബേക്ക, മുറിയുടെ മൂലയിലിരുന്ന പാപ്പിയുടെ മുളവടി എടുത്ത് പാപ്പിയ്ക്കരികിൽ കസേരയിൽ വന്നിരുന്നു. വടിയുടെ മുനക്കൂർപ്പ് പാപ്പിയുടെ അരക്കട്ടിനുനേരേ ഉന്നം പിടിച്ചു.

‘‘ഉം... അമ്മേപ്പറ്റിത്തന്നെ പറ... എങ്ങനാ എന്റമ്മച്ചി മരിച്ചേ? അല്ലെങ്കി വേണ്ട... ആദ്യം റെയ്ച്ചലിന്റെ കാര്യം പറ... എങ്ങനാ അവളു ചത്തേ...’’ പാപ്പി മുഖം തിരിച്ചു.

‘‘പറയപ്പാ... എങ്ങനാ അവളെ കൊന്നേ.... എന്തിനാ കൊന്നേ...?’’

റബേക്ക മുളവടിയ്ക്കൊരുമ്മകൊടുത്ത് മടിയിൽത്തന്നെ വച്ചു.

‘‘അവളു തനിയെ ചാടിച്ചത്തതാ.’’

‘‘എന്തിനാ അവളു തനിയെ ചാവുന്നേ...’’ പാപ്പി ചുണ്ടുകടിച്ചു.

‘‘നടന്നത് അതേപടി പറഞ്ഞാ കഞ്ഞിവച്ചുതരാം. അല്ലെങ്കിൽ തുള്ളിവെള്ളം തരില്ല ഇന്ന്.’’

പാപ്പി ദയനീയമായി റബേക്കയെ നോക്കി. ഇവളെന്നാണ് ഇത്ര വളർന്നത്?. ഓർമയിലെമ്പാടും പരതിയിട്ടും അവളുടെ ബാല്യകാലം അയാൾക്കു വീണ്ടെടുക്കാനായില്ല. കണ്ണടയ്ക്കുമ്പോളൊക്കെ വളക്കിലുക്കങ്ങളും സീൽക്കാരങ്ങളും മാത്രം. 

‘‘അപ്പാ.... മര്യാദയ്ക്ക് വാ തുറന്നോ... നടന്നത് അതേപടി പറഞ്ഞോ.... ഇല്ലെങ്കിൽ ഇന്നു പട്ടിണി. ഉറപ്പ്. നിങ്ങടെ ചോരതന്നെയാ ഞാനും. വാക്കു പറഞ്ഞാ വാക്ക്.’’

റബേക്ക തീർത്തു പറഞ്ഞു. പാപ്പി പതിയെ സംസാരിച്ചുതുടങ്ങി. അവൾ നിശബ്ദയായി കേട്ടിരുന്നു. 

‘‘ഇനി അമ്മച്ചി മരിച്ചതെങ്ങനാന്നുകൂടി പറ...’’

റെയ്ച്ചലിന്റെ കഥ പറഞ്ഞവസാനിപ്പിച്ച് കണ്ണടച്ചു കിടക്കുന്ന പാപ്പിയെ റബേക്ക തൊട്ടുവിളിച്ചു.

‘‘വെശക്കുന്നു... വല്ലോം കഴിച്ചിട്ട്....’’

‘‘ഇതുകൂടി പറഞ്ഞിട്ട്....’’

റബേക്ക, മുളവടിയുടെ അറ്റം കൊണ്ട് അയാളുടെ നെ‍ഞ്ചിൽതൊട്ടു.

‘‘അവളു കെണറ്റിച്ചാടിയതാ മോളേ...’’

പാപ്പി ദുർബലമായ ശബ്ദത്തിൽ പിറുപിറുത്തു. ‘മോളേ’ എന്ന വിളി അവളുടെ നെഞ്ചിനെ കീറിമുറിച്ചു. ആദ്യമായാണ് അപ്പൻ അങ്ങനെ വിളിക്കുന്നത്. അതോർത്തപ്പോൾ അവൾക്ക് അയാളോടുള്ള നിന്ദയും കോപവും ഇരട്ടിച്ചു.

‘‘കിണറ്റിച്ചാടി ചാവാനാന്നെങ്കിൽ വയ്യാത്ത അമ്മച്ചിക്ക് പണ്ടേ അതു പറ്റുമായിരുന്നല്ലോ... ഞാൻ വിശ്വസിക്കില്ല.’’

‘‘വിശ്വസിക്ക്... സത്യമാ പറേന്നേ...’’

‘‘വെറുതേ അങ്ങു ചാടിയോ...’’ പാപ്പി നിശബ്ദനായി.

‘‘വെറുതെയല്ല....’’

 

പാപ്പി കണ്ണടച്ചുകൊണ്ടാണു സംസാരിച്ചത്. ഓർമ അയാളെ വീണ്ടും കിണറ്റുകരയിലെ സന്ധ്യയിൽ കൊണ്ടുനിർത്തി. ഉടുതുണിയില്ലാതെ കിണറ്റുകരയിൽ കുത്തിയിരിക്കുന്ന അയാളുടെ മേലെകൂടി ഏലിയാമ്മ  വെള്ളംകോരിയൊഴിക്കുകയായിരുന്നു. ഏലിയാമ്മയുടെ വിരലുകൾ സോപ്പുപതയ്ക്കൊപ്പം ഉടലിലൂടെ സഞ്ചരിച്ചപ്പോൾ അയാളുടെ ചോരക്കുഴലുകൾ ഉണർന്നു. അരക്കെട്ടിൽ ഉറഞ്ഞുകൂടിയ വേദനയ്ക്കിടയിലും അയാൾ ഏലിയാമ്മയെ കയറിപ്പിടിച്ചു.  

 

‘‘തൊടരുതെന്നെ...,’’ഏലിയാമ്മ അലറി, ‘‘കണ്ടവളുമാരെ തൊട്ട കൈകൊണ്ടിനി എന്റെ മേത്തു തൊടരുത്...’’

പാപ്പി അതുകേൾക്കാതെ വീണ്ടും അവളെ പിടിക്കാനാഞ്ഞു.

‘‘തൊടരുതെന്ന്... തൊട്ടാൽ ഞാനിപ്പോ കിണറ്റിച്ചാടും...’’

ഏലിയാമ്മ തീർത്തുപറഞ്ഞു. പക്ഷേ, വാക്കുകൾക്കു കടന്നുചെല്ലാനാവാതെ അയാളുടെ കാതുകൾ അടഞ്ഞുപോയിരുന്നു. വിയർപ്പിന്റെ മണംതേടി മൂക്കുവിടർന്നു. പാപ്പി കൈനീട്ടി ഏലിയാമ്മയുടെ ചേലയിൽ പിടികൂടി. അടുത്ത നിമിഷം അവൾ കിണറ്റുപടിയിലേക്കു ചാടിക്കയറി.

‘‘ചുരുക്കത്തിൽ അമ്മച്ചിയെയും അപ്പൻ കൊന്നു,’’ റബേക്ക പിറുപിറുത്തു, ‘‘അപ്പനിപ്പോ കുറ്റബോധമുണ്ടോ? ചെയ്തതൊക്കെ തെറ്റായിപ്പോയെന്നു തോന്നുന്നുണ്ടോ?’’

‘‘എനിക്കു വെശക്കുന്നു.’’

‘‘വെശപ്പ്...കൊതി...കൊതി...വെശപ്പ്... അതേക്കുറിച്ചല്ലാതെ വേറെന്തെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇതുവരെ? അപ്പനെക്കുറിച്ചല്ലാതെ മറ്റുള്ളോരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?’’

‘‘എനിക്കു വല്ലോം തിന്നാൻ കൊണ്ടുത്താടി ഒരുമ്പെട്ടോളേ...’’

പാപ്പി അലറി. റബേക്ക എഴുന്നേറ്റു മുളവടി മൂലയിൽ ചാരിവച്ചു.

‘‘എന്താ വേണ്ടത്...’’

അവളുടെ ചോദ്യത്തിനു നേരേ പാപ്പി രോഷത്തിന്റെ പുരികം വളച്ചു.

‘‘കാര്യമായിട്ടു ചോദിക്കുവാ... കപ്പ പുഴുങ്ങിത്തന്നാൽ മതിയോ? ഇന്നലത്തെ മത്തിക്കറിയിരിപ്പൊണ്ട്. അതും ചൂടാക്കിത്തരാം.’’

പാപ്പിയുടെ നാവിൽ വെള്ളമൂറി. റബേക്ക, കുടചൂടി മുറ്റത്തേക്കിറങ്ങി. കിണറ്റുകരയിൽനിന്ന കപ്പ അവളെ തലയാട്ടിവിളിച്ചു. അതിന്റെ ചോട്ടിലിരുത്തിയാണ്, അമ്മച്ചി അപ്പനെ കുളിപ്പിച്ചത്. ഒരുപക്ഷേ, അമ്മച്ചി അവസാനമായി തൊട്ട കപ്പ. റബേക്ക, വല്ലാത്തൊരു വാശിയോടെ അതു പിഴുതു. നനഞ്ഞമണ്ണിൽ  വിള്ളൽതീർത്ത് ‘ഞാൻ പോകുവാണേ’ എന്നു കരഞ്ഞ്, ഭൂമിയുടെ ഒരംശവുമായി അത് അടർന്നുപോന്നു.  മൺതിട്ടയിലെ വിടവിൽനിന്ന്് ചീറ്റിയൊഴുകുന്ന മഴവെള്ളത്തിൽ കപ്പ കഴുകിയെടുക്കുമ്പോൾ അവൾ ഒരിക്കൽക്കൂടി അമ്മച്ചിയെ ഓർത്തു. തിടുക്കമായിരുന്നു എന്നും ഏലിയാമ്മയ്ക്ക്. ‘അയ്യോ...അങ്ങേരുവരാൻ നേരമായി വേഗം തേങ്ങതിരുമ്മെടീ...’എന്നോ ‘അങ്ങേരിങ്ങെത്തി... ഇനീം മീൻ വെട്ടിത്തീർന്നില്ലേ’ എന്നോ ഒക്കെ എപ്പോഴും തിരക്കുകൂട്ടിക്കൊണ്ടിരുന്നു. പാപ്പിയായിരുന്നു ഏലിയാമ്മയുടെ അടയാളക്കല്ലും നാഴികമണിയും. അയാൾക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹമായിരുന്നു അവൾ. അവളുടെ വേനലും കാലവർഷവും മാത്രമല്ല, ദിവസത്തിന്റെ ദൈർഘ്യംപോലും അയാൾ നിശ്ചയിച്ചു. അയാൾക്കുവേണ്ടി മാത്രം അവൾ ഉറക്കമുണരുകയും ജീവിക്കുകയും ചെയ്തു. എന്നിട്ടും....

 

ഓർക്കുന്തോറും റബേക്കയ്ക്ക് പാപ്പിയോടുള്ള വെറുപ്പ് ഇരട്ടിച്ചു. കപ്പ അരിഞ്ഞ് അടുപ്പിൽ വച്ച് അവൾ വീണ്ടും ഉമ്മറപ്പടിയിൽ വന്നിരുന്നു. മഴ പിന്നെയും കരുത്തുകാട്ടുകയാണ്. ഒരിക്കലും തോരാനുദ്ദേശിക്കാത്തതുപോലെ അത് ആർത്തിരമ്പുന്നു. മുറ്റത്തെ വെള്ളത്തിൽ കുമിളകൾ ഉറവെടുക്കുംമുൻപേ പൊട്ടിത്തകരുന്നു. ദൂരെ തലക്കരയെയും മുടിയൻകുന്നിനെയും മഴ മറച്ചിരിക്കുന്നു. തെയ്യത്താൻകുന്ന് പുകപോലെ കാണാനുണ്ട്. 

വെന്തു മലർന്ന കപ്പയും ചട്ടിയിലെ മീൻകറിയുമായി റബേക്ക പാപ്പിയുടെ കിടക്കയ്ക്കരികിലേക്കു ചെന്നു. ആദ്യമായി ഭക്ഷണം കാണുന്നവന്റെ ആർത്തിയോടെ അയാൾ കിടക്കയിൽ എഴുന്നേറ്റിരുന്നു.

‘‘താ...താ...’’

അയാൾ കൈ നീട്ടി.  റബേക്ക പാത്രം കിടക്കയിൽ വച്ച് മാറിനിന്നു. റബേക്ക നീട്ടിയ പാത്രത്തിലെ വെള്ളത്തിൽ കൈമുക്കിയെന്നു വരുത്തി, അയാൾ കപ്പപ്പാത്രത്തിൽ പിടുത്തമിട്ടു. കപ്പ പൊട്ടിച്ച് മീൻകറിയിൽ മുക്കി ആർത്തിയോടെ വായിൽ വയ്ക്കുമ്പോൾ അയാളുടെ പീളകെട്ടിയ കണ്ണുകൾ നിറഞ്ഞൊഴുകി. ആദ്യത്തെ കഷണംതന്നെ തൊണ്ടയ്ക്കു തടഞ്ഞു. ശ്വാസം മുട്ടി നെഞ്ചുതടവുന്ന അയാൾക്കരികിലേക്ക് റബേക്ക വെള്ളം നീക്കിവച്ചു.

‘‘ആരും തട്ടിപ്പറിച്ചോണ്ടുപോകത്തില്ല. സമാധാനമായിട്ട് മുഴുവൻ കഴിച്ചോ... ഇനി ചെലപ്പോ കിട്ടിയില്ലെങ്കിലോ?’’

 

അവൾ ഒറ്റക്കണ്ണടച്ചു ചിരിച്ചു. റബേക്ക, അലമാരയിൽനിന്ന് ഏലിയാമ്മയുടെ റേഡിയോ എടുത്തു. ചീറ്റലും പൊട്ടലും പുറത്തേക്കെറിഞ്ഞ് പതിയെ അതു പാടിത്തുടങ്ങി. പാപ്പി അതു ശ്രദ്ധിച്ചതേയില്ല. അയാളുടെ ശ്രദ്ധ ഭക്ഷണത്തിൽ മാത്രമായിരുന്നു. കഴിച്ചുതീർത്ത് ഏമ്പക്കം വിടുന്നതുവരെ റബേക്കയും അതേ ഇരിപ്പിരുന്നു.

 

‘‘വേവു പാകമായിരുന്നോ? മീൻകറിക്ക് പുളികൂടിയോ? എന്തെങ്കിലുമൊന്നുപറ....’’

റബേക്ക പരിഹാസച്ചിരികൊണ്ട് അയാളെ കുത്തി. 

‘‘ഒന്നു ചോദിച്ചോട്ടെ, അപ്പൻ എന്നെങ്കിലും അമ്മച്ചിയേം മക്കളേം സ്നേഹിച്ചിട്ടൊണ്ടോ? സത്യം പറ...’’

അയാളുടെ കൈകഴുകിത്തുടയ്ക്കുമ്പോൾ റബേക്ക ചോദിച്ചു. പാപ്പി അർഥം വ്യാഖ്യാനിക്കാനാവാത്തൊരു നീണ്ട മൂളലിൽ മറുപടിയൊതുക്കി.

‘‘അപ്പനിപ്പഴും പെണ്ണുങ്ങളെ സ്വപ്നം കാണാറുണ്ടോ?’’

കൈലിത്തുമ്പുകൊണ്ട് മുഖം തുടച്ച് പാപ്പി മുഖം വെട്ടിച്ചു കണ്ണടച്ചു കിടന്നു.

‘‘അപ്പനിങ്ങോട്ടു നോക്കിയേ...’’

റബേക്ക, പാപ്പിയെ കുലുക്കിവിളിച്ചു. അയാൾ കണ്ണുതുറക്കുമ്പോൾ റബേക്കയുടെ നഗ്നമായ ഉടൽ കൺമുന്നിൽ. അയാൾ ചുണ്ടുകടിച്ചുപൊട്ടിച്ചു മുഖം തിരിച്ചു. അതുകണ്ട് റബേക്ക ഉറക്കെ ചിരിച്ചു.

‘‘റെയ്ച്ചലിന്റെ ദേഹം കണ്ട് അപ്പന് അരുതാത്തതു തോന്നിയതല്ലേ? ഇപ്പോ എന്താ തോന്നാത്തേ.... ഞാനും പെണ്ണുതന്നെയാ...’’

‘‘പോടീ കൺമുന്നീന്ന്.’’

പാപ്പി അലറി. റബേക്ക അലറിച്ചിരിച്ചു.

‘‘അപ്പനൊരു പൊട്ടനാ,’’ ചിരിയുടെ അലയൊടുങ്ങിയപ്പോൾ വസ്ത്രം ധരിച്ചുകൊണ്ട് റബേക്ക പറഞ്ഞു, ‘‘വെറും പൊട്ടൻ. പെണ്ണെന്നു വച്ചാൽ അപ്പനെന്താ വിചാരിച്ചേക്കുന്നേ?’’

‘‘പോടീ...’’

പാപ്പി പിന്നെയും അലറി.

 

‘‘അപ്പനെന്തിനാ ഇപ്പോ ദേഷ്യപ്പെടുന്നേ? ഞാനും അപ്പന്റെ മോളാ... അപ്പന്റെ ചിന്തേം വിചാരോമൊക്കെ എനിക്കും മനസ്സിലാക്കാനൊക്കും. അപ്പനിങ്ങനെ വിറകുകൊള്ളിപോലെ കിടന്നാൽ ആരു നോക്കുമെന്നു വിചാരിച്ചാ? എനിക്കവിടെ വീട്ടിൽ നിന്നുതിരിയാനാവാത്തപോലെ ജോലിയുണ്ട്. ചിട്ടിഫണ്ടിന്റെ കണക്കും കാര്യോമൊക്കെ ഇപ്പോ ഞാനാ നോക്കുന്നേ... ഇവിടെ വന്നു നിന്നാൽ അതു മുടങ്ങും. അല്ല... അതിന്റെ കാര്യോമില്ല. വയ്യാത്ത കാലത്ത് നോക്കാനാരെങ്കിലും വേണമെന്നൊരു വിചാരമൊണ്ടാരുന്നോ അപ്പന്? എന്തിയേ പണ്ടു കൂടെക്കെടന്ന പെണ്ണുങ്ങളൊക്കെ? അതുകൊണ്ട് ഞാനൊരു പുണ്യപ്രവൃത്തി ചെയ്തു. എന്താന്നോ? അപ്പനിത്തിരി വിഷം തന്നു...’’

‘‘എടീ എരണം കെട്ടവളേ.... നീ മുടിഞ്ഞുപോകുമെടീ...’’

പാപ്പി നെഞ്ചത്തു കൈവച്ച് ചാടിയെഴുന്നേറ്റു.

‘‘പേടിക്കണ്ട അപ്പാ....അപ്പൻപോലുമറിയാതെ പ്രാണനങ്ങു പറന്നുപോകും. ഒരാളും അറിയാൻ പോകുന്നില്ല.’’

‘‘അയ്യോ...ഇവളെന്നെ കൊല്ലുന്നേ....’’

പാപ്പി അലറിക്കരഞ്ഞു.

 

‘‘എത്ര അലറിവിളിച്ചാലും ആരും കേൾക്കില്ലാന്നു ഞാൻ പറഞ്ഞല്ലോ. അല്ലെങ്കിത്തന്നെ എന്തിനാ അലറുന്നേ? ഇങ്ങനെ ജീവിച്ചിട്ടെന്തിനാ? അപ്പൻതന്നെ പിച്ചാത്തീമെടുത്ത് രണ്ടുതവണ ജീവിതം തീർക്കാൻ നോക്കിയതല്ലേ മുൻപ്?’’

 

പാപ്പിയ്ക്കു ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഉടലിൽ പ്രാണൻ ചുഴലി തിരിയുന്നു.

 

‘‘അപ്പനു വേദപുസ്തകം വായിച്ചു കേൾക്കണമെന്നുണ്ടോ?’’

റബേക്ക, പാപ്പിയുടെ അരികിലേക്കു കസേര വലിച്ച് വീണ്ടുമിരുന്നു. അയാൾ കാൽനീട്ടി  തൊഴിക്കുന്നതിനുമുമ്പ് അവൾ ഒഴിഞ്ഞുമാറി.

 

‘‘ഈ നേരത്തെങ്കിലും മനസ്സിനെ വരുതിക്ക് നിർത്ത്. ഞാൻ പ്രാർഥന ചൊല്ലാം. അപ്പൻ കേട്ടോ...’’

റബേക്ക, കണ്ണടച്ചു പ്രാർഥനചൊല്ലി

 

‘‘ക്രൂശിതനായ ഈശോ, മരണം എന്നെ സമീപിക്കുകയും എന്റെ പഞ്ചേന്ദ്രിയങ്ങൾ ബലഹീനങ്ങളാകുകയും ചെയ്യുമ്പോൾ അങ്ങയുടെ സഹായം ലഭിക്കുന്നതിനുവേണ്ടി ഇപ്പോൾ ഞാൻ നടത്തുന്ന ഈ പ്രാർഥന കാരുണ്യപൂർവം സ്വീകരിക്കേണമേ...’’

 

പാപ്പി വീണ്ടും കിടക്കയിലേക്കു ചരിഞ്ഞു. പുറത്ത് മഴ ഇരമ്പി. പക്ഷേ, അയാളറിഞ്ഞില്ല. മേൽക്കൂരയിൽനിന്നു ചിതറിത്തെറിക്കുന്ന നീർമുത്തുകൾ പാതിചാരിയ ജനാലയിലൂടെ അയാളുടെ ശിരസ്സിലേക്കു മൂറോൻവെള്ളം പോലെ പതിച്ചു. 

 

‘‘ഏറ്റം മാധുര്യവാനായ ഈശോ. ഞാൻ തീർത്തും ക്ഷീണിതനായി, കൺപോളകൾ ഉയർത്തി അങ്ങയെ നോക്കുവാൻ ശക്തിയില്ലാത്തവനായി ശയിക്കുമ്പോൾ എന്റെമേൽ കൃപ തോന്നണമേ....’’

 

പ്രാർഥന തീരുമ്പോഴേക്കും പാപ്പിയുടെ കണ്ണടഞ്ഞുവരുന്നുണ്ടായിരുന്നു. മൂടൽമഞ്ഞിനപ്പുറം കരിനീലിച്ച മുലയുമായി ഒരു പെണ്ണ് നിലവിളിച്ചോടുന്നതുകണ്ടു. കിണറ്റിൻപടിയിൽനിന്ന് താഴേക്കടരുന്ന ഒരു ജീവന്റെ അവസാനക്കുതിപ്പിനെതിരെ അയാൾ മുഖം വെട്ടിച്ചു. ഇപ്പോൾ കാഴ്ചയുടെ ഇത്തിരിവട്ടത്തിൽ റെയ്ച്ചലിന്റെയല്ല, റബേക്കയുടെ വട്ടമുഖമാണു നിറഞ്ഞുനിൽക്കുന്നത്. അവളാകട്ടെ, മുറിയുടെ മൂലയിൽനിന്ന് അയാളുടെ മുളവടി ഒരിക്കൽക്കൂടി എടുത്ത് കിടക്കയിൽ പൂതലിച്ച ഉടലിനോടു ചേർത്തുവച്ചു. അയാൾ വിറയ്ക്കുന്ന കൈകൊണ്ട് വടി മുറുകെപ്പിടിച്ചു.

‘‘പ്ഫോ....’’

പാപ്പി അലറി. റബേക്ക ചിരിച്ചു; പുറത്ത് മഴയും.

 

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar