ചന്ദ്രവിമുഖി -അധ്യായം: 1 കറുത്തവാവ്. നൂലിഴ പോലെ പെയ്യുന്ന മഞ്ഞിൽ കൂരിരുട്ട് വിറങ്ങലിച്ചു കിടന്ന ധനുമാസത്തിലെ ഒരു കറുത്തവാവ്. ദേശത്തെ കുടിലുകളിലെല്ലാം എണ്ണവിളക്കണഞ്ഞിട്ട് നേരമേറെയായെങ്കിലും ചെമ്പനേഴി മനയിലെ ചില മുറികളിലും വരാന്തയിലും വിളക്ക് എരിഞ്ഞുകത്തിക്കൊണ്ടിരുന്നു. തറവാട്ടിലെ സ്ത്രീകള്‍

ചന്ദ്രവിമുഖി -അധ്യായം: 1 കറുത്തവാവ്. നൂലിഴ പോലെ പെയ്യുന്ന മഞ്ഞിൽ കൂരിരുട്ട് വിറങ്ങലിച്ചു കിടന്ന ധനുമാസത്തിലെ ഒരു കറുത്തവാവ്. ദേശത്തെ കുടിലുകളിലെല്ലാം എണ്ണവിളക്കണഞ്ഞിട്ട് നേരമേറെയായെങ്കിലും ചെമ്പനേഴി മനയിലെ ചില മുറികളിലും വരാന്തയിലും വിളക്ക് എരിഞ്ഞുകത്തിക്കൊണ്ടിരുന്നു. തറവാട്ടിലെ സ്ത്രീകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രവിമുഖി -അധ്യായം: 1 കറുത്തവാവ്. നൂലിഴ പോലെ പെയ്യുന്ന മഞ്ഞിൽ കൂരിരുട്ട് വിറങ്ങലിച്ചു കിടന്ന ധനുമാസത്തിലെ ഒരു കറുത്തവാവ്. ദേശത്തെ കുടിലുകളിലെല്ലാം എണ്ണവിളക്കണഞ്ഞിട്ട് നേരമേറെയായെങ്കിലും ചെമ്പനേഴി മനയിലെ ചില മുറികളിലും വരാന്തയിലും വിളക്ക് എരിഞ്ഞുകത്തിക്കൊണ്ടിരുന്നു. തറവാട്ടിലെ സ്ത്രീകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രവിമുഖി - അധ്യായം: 1

കറുത്തവാവ്. നൂലിഴ പോലെ പെയ്യുന്ന മഞ്ഞിൽ കൂരിരുട്ട് വിറങ്ങലിച്ചു കിടന്ന ധനുമാസത്തിലെ ഒരു കറുത്തവാവ്. ദേശത്തെ കുടിലുകളിലെല്ലാം എണ്ണവിളക്കണഞ്ഞിട്ട് നേരമേറെയായെങ്കിലും ചെമ്പനേഴി മനയിലെ ചില മുറികളിലും വരാന്തയിലും വിളക്ക് എരിഞ്ഞുകത്തിക്കൊണ്ടിരുന്നു. തറവാട്ടിലെ സ്ത്രീകള്‍ മുഴുവനും തെക്കിനിയോട് ചേർന്നുള്ള വലിയ മുറിയിലെ കട്ടിലിലും നിലത്തുമായി ഇരിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ അടഞ്ഞു കിടക്കുന്ന പൂജാമുറിക്ക് നേരെ തന്നെയായിരുന്നു. തളം കെട്ടി നിൽക്കുന്ന നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഇടയ്ക്കിടെ കുറുക്കന്മാരുടെ ഓരിയിടലുകൾ മുഴങ്ങി കേട്ടു. പുറത്തെ തണുപ്പ് ഉമ്മറപ്പടിവാതിലിലൂടെ അരിച്ചരിച്ച് കയറി മുറികളിൽ ചുടുനിശ്വാസങ്ങൾ സൃഷ്ടിച്ചു. ഉമ്മറത്തെ തെക്കെ മുറ്റത്തിനപ്പുറം ഇരുകൈകളിലും ഭംഗിയിൽ കെട്ടിവെച്ച ഓലച്ചൂട്ടുമായി കാര്യസ്ഥൻ ഗോവിന്ദൻ അക്ഷമയോടെ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് നേരമേറെയായി.

ADVERTISEMENT

വീട്ടിക്കാതൽ കടഞ്ഞെടുത്ത പോലെ ആറടി ഉയരവും അതിനൊത്ത വണ്ണവുമുള്ള ഗോവിന്ദൻ. വയസ്സ് അൻപത് കഴിഞ്ഞെങ്കിലും അഞ്ചെട്ടു പേരെ ഇപ്പോഴും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കരുത്തുള്ള, ചെമ്പനേഴി തറവാട്ടിൽ നിന്നും തിന്ന ഉപ്പിനോടും ചോറിനോടും കൂറുള്ള ഗോവിന്ദനോട് തറവാട്ടിലെ കുടുംബാംഗങ്ങൾക്കെല്ലാം പ്രിയമാണ്; വിശേഷിച്ചും മൂത്തകാരണവർ മിത്രൻ വൈദ്യർക്ക്.

പെട്ടെന്നാണ് പൂജാമുറിയുടെ വാതിലുകൾ ചെറിയ ശബ്ദത്തോടെ മലർക്കെ തുറക്കപ്പെട്ടത്. വരാന്തയിലും കട്ടിലിലും ഇരുന്നിരുന്ന ആള്‍ക്കാർ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു. മിത്രൻ വൈദ്യർ കൈയ്യിലൊരു മൺചിരാതുമായി പൂജാമുറിയിൽ നിന്നും പുറത്തേക്കിറങ്ങി. പ്രായം മുഖത്തും ശരീരത്തും പലവിധ ചിത്രങ്ങൾ വരച്ചുവെച്ചിട്ടുണ്ടെങ്കിലും ആരോഗ്യവാനായിരുന്നു അദ്ദേഹം. ഒറ്റ തോർത്തുമുണ്ട് മാത്രം ധരിച്ച അദ്ദേഹം ആരെയും ശ്രദ്ധിക്കാതെ നേരെ നടുമുറ്റത്തേക്കിറങ്ങി.

നിറയെ വെളുത്ത രോമങ്ങൾ നിറഞ്ഞ മാറിൽ കരിനാഗത്തെ പോലെ ചുറ്റി പിണഞ്ഞു കിടന്ന രുദ്രാക്ഷമാലയിലെ സ്വർണ്ണ തകിടുകൾ മൺചിരാതിന്റെ ശോഭയിൽ വെട്ടിതിളങ്ങി. കാര്യസ്ഥൻ ഗോവിന്ദൻ വലത്തെ കൈയ്യിലെ ഓലച്ചൂട്ട് നീട്ടികൊടുത്തു. മൺചിരാതിൽ നിന്നും അഗ്നി ഓലച്ചൂട്ടിലേക്ക് പടർന്നു കയറിയപ്പോൾ തൊടിയിലെ മുത്തശ്ശിമാവിൻ കൊമ്പിലിരുന്ന കാലൻ കോഴി നീട്ടി കൂവിക്കൊണ്ട് പറന്നകന്നു. കത്തുന്ന ഓലച്ചൂട്ട് വലതു കൈയ്യിലും കത്തിക്കാത്ത ഓലച്ചൂട്ട് ഇടതുകൈയ്യിലും പിടിച്ച് കാര്യസ്ഥൻ ഗോവിന്ദൻ മുമ്പേ നടന്നു. പത്തടി പിന്നിലായി മിത്രൻ വൈദ്യരും. കൂരാകൂരിരുട്ടിനെ കീറി മുറിച്ച് ഓലച്ചൂട്ടിന്റെ പ്രകാശകിരണങ്ങൾ ഇടവഴിയിലൂടെ വേഗത്തിൽ നടന്നു നീങ്ങി. ഇടവഴിയുടെ ഇരുവശത്തുമുള്ള കുറ്റിക്കാടുകളിൽ നിന്നും ക്ഷുദ്രജീവികളുടെ ഇലയനക്കങ്ങൾ ഇടയ്ക്കിടെ ഉയർന്നു കേൾക്കാമായിരുന്നു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

പെട്ടെന്നാണ് ഒരു സീൽക്കാരം ഇടവഴിയിൽ നിന്നുയർന്നത്. ഗോവിന്ദൻ ഓലച്ചൂട്ടൊന്ന് താഴ്ത്തി വീശി. പൂത്തിരി കത്തുന്നതു പോലെ തീപ്പൊരികൾ ഇടവഴിയിൽ ചിതറി വീണു. അതിനിടയിൽ പത്തിവിടർത്തിയാടുന്ന കരിമൂർഖൻ. ഗോവിന്ദന്റെ ഉള്ളൊന്നു പിടഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു പോയി. തിരിഞ്ഞു നോക്കാനും മുന്നോട്ടുള്ള നടത്തം നിർത്താനും പാടില്ലെന്നറിയുന്നതു കൊണ്ട് കുന്നത്ത് ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് ഗോവിന്ദൻ മുന്നോട്ട് നടന്നു. ഓലച്ചൂട്ടിന്റെ ചൂടേറ്റ് പത്തി താഴ്ത്തിയ കരിമൂർഖൻ കരിയിലകൾക്കിടയിലെവിടെയോ മറഞ്ഞു. ഇന്ന് പുലർച്ചെ ചെമ്പനേഴിയിലെ അടിച്ചു തളിക്കാരി "തമ്പ്രാൻ വിളിക്കുന്നു, പ്പം തന്നെ ചെല്ലാൻ പറഞ്ഞു" എന്ന് പറഞ്ഞപ്പോഴേ എന്തേലും കാര്യമായ പണിയുണ്ടാകുമെന്ന് ഉറപ്പിച്ചതാ. പക്ഷേ അത് ഇതാകുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല.

ADVERTISEMENT

അപ്പോൾ അകലാപ്പുഴയുടെ അപ്പുറത്തെ മണിയൂർ മലയിടുക്കിലൂടെ ചെങ്കനലെന്നോണം സൂര്യൻ ഉദിച്ചു വരുന്നതേയുണ്ടായിരുന്നുള്ളു. ഞാനിവിടെയെത്തുമ്പോൾ മിത്രൻ വൈദ്യർ വരാന്തയുടെ തെക്കെ മൂലയിലെ ചാരുകസേരയിൽ ഇരുന്ന് ഓല വായിക്കുകയായിരുന്നു. ചുവന്ന സൂര്യകിരണങ്ങളേറ്റ് അദ്ദേഹത്തിന്റെ മുഖം വിഗ്രഹം പോലെ തിളങ്ങി. ഏഴു ദിക്കിലും അറിയപ്പെടുന്ന ചെമ്പനേഴി മനയുടെ കാരണവർ. കോഴിക്കോട് രാജ്യത്തിനപ്പുറം കോലത്തു നാട്ടിലെയും വള്ളുവനാട്ടിലെയും വൈദ്യശാസ്ത്രത്തിലെ അവസാനവാക്കുകളിൽ ഒന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ പാരമ്പര്യം ഒരു തരി പോലും പോറലേൽപ്പിക്കാതെ കാത്തുസൂക്ഷിക്കുന്ന മനീക്ഷി. ഒരു കാര്യസ്ഥൻ എന്നതിലുപരി അടുത്ത സുഹൃത്തായിട്ടാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്.

"ഗോവിന്ദാ.. ദേശത്തെ നാടുവാഴി തമ്പ്രാന്റെ ഓലയുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് നീ പോയ ശേഷാ ദൂതന്‍ എത്തിയത്..." ഞാനടുത്തെത്തിയപ്പോൾ മിത്രൻ വൈദ്യർ ഓലയിൽ നിന്ന് കണ്ണെടുത്ത് എനിക്ക് നേരെ നീട്ടി പറഞ്ഞു. രാജകുടുംബത്തിലെ ആർക്കാണ് അസുഖം ബാധിച്ചതെന്ന ഉത്കണ്ഠയോടെ ഞാൻ മിത്രന്‍ വൈദ്യരുടെ അടുത്ത വാക്കിനായി കാത്തു നിന്നു. "വടക്കാംകൂർ തറവാട്ടിലെ ഇളയ തമ്പുരാന്റെ ഒരേയൊരു കൺമണി... ഇന്നലെ വൈകിട്ട് തോഴിമാരോടൊപ്പം തറവാട്ടമ്പലത്തിൽ പോയി തിരിച്ചു വരുന്ന വഴിയാണ് കടിയേറ്റത്." അതും പറഞ്ഞ് മിത്രന്‍ വൈദ്യർ എഴുന്നേറ്റു.

"ചികിത്സപ്പുരയിലെ ഒന്നാംതട്ടിലുള്ള നാല് രോഗികളെയും താഴത്തെ നിലയിലേക്ക് മാറ്റണം.. ഒന്നാം തട്ടിലെ മുറികളൊക്കെ എത്രയും പെട്ടെന്ന് തൂത്തുവാരി വൃത്തിയാക്കണം. ചാത്തനെയും കോവാലനെയും മറ്റു പണിക്കാരെയും കൂട്ടിക്കോ.. ഒന്നിനും ഒരു കുറവുണ്ടാകാൻ പാടില്ലെന്ന് നിനക്കറിയാല്ലോ..?" ഒന്നു നിർത്തി അദ്ദേഹം തിരിഞ്ഞെന്നെ നോക്കി. "രാജകുടുംബത്തിലെ ഇളമുറ തമ്പുരാട്ടിയാണ് ചികിത്സയ്ക്കായി വരുന്നതെന്ന ബോധം ഉള്ളിലുണ്ടാവണം." രാജകുടുംബത്തിലെ ഇളമുറ തമ്പുരാട്ടിയാണ് വരുന്നതെന്നറിഞ്ഞ് ഗോവിന്ദന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു. കൂടെ ഉത്തരവാദിത്തവും. "അതൊക്കെ ഞാനേറ്റു." ഗോവിന്ദൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

"പിന്നെ ഇന്ന് കറുത്ത വാവ്. ചന്ദ്രവിമുഖി പറിക്കണം." മിത്രൻ വൈദ്യർ ഒരു സ്വകാര്യമെന്നപോലെ പതുക്കെ പറഞ്ഞു. പേവിഷബാധയ്ക്കുള്ള ഔഷധ ചെടിയാണ് ചന്ദ്രവിമുഖി. പേവിഷത്തിനു പുറമെ എല്ലാവിധ വിഷ ചികിത്സയ്ക്കും അത്യുത്തമം. പക്ഷേ ആ ഔഷധസസ്യം ഏതാണെന്ന് തിരിച്ചറിയാൻ കഴിവുള്ള ഒരേ ഒരു ആളെ ദേശത്തുള്ളൂ. ചെമ്പനേഴി തറവാട്ടിലെ മൂത്ത കാരണവര്‍. പൂജാമുറിയിലെ അനേകം ഔഷധഗ്രന്ഥങ്ങൾക്കിടയിൽ ചന്ദ്രവിമുഖിയെ വർണ്ണിക്കുന്ന താളിയോലക്കെട്ടിന് പ്രത്യേക സ്ഥാനമുണ്ടെന്നാണ് കേട്ടുകേഴ്‌വി. അത് വായിച്ച് മനസ്സിലാക്കാനുള്ള അവകാശം പാരമ്പര്യമായി മൂത്ത കാരണവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

ADVERTISEMENT

തറവാട്ടമ്പലമായ കുന്നത്ത് ഭഗവതി ക്ഷേത്രത്തിന്റെ തെക്കെ പറമ്പ് വലിയൊരു കാവാണ്. ഇടതൂര്‍ന്ന മരങ്ങളും വള്ളിച്ചെടികളും കുറ്റിച്ചെടികളും നിറഞ്ഞ കാവ്. കരിമൂർഖന്മാരുടെയും മറ്റ് ക്ഷുദ്ര ജീവികളുടെയും ആവാസവ്യവസ്ഥയാണ്. നട്ടുച്ചനേരത്തു പോലും സൂര്യപ്രകാശം പതുങ്ങിച്ചെല്ലാൻ മടിക്കുന്ന കാവിനുള്ളിലെ കാട്ടുചെടികൾക്കിടയിൽ കറുത്തവാവു ദിവസം അർദ്ധരാത്രിക്കാണ് ചന്ദ്രവിമുഖി പറിക്കാൻ ചെമ്പനേഴിയിലെ മൂത്ത കാരണവന്മാര്‍ കാലാകാലങ്ങളിൽ പോയിരുന്നത്. കറുത്ത വാവു ദിവസം മാത്രമെ ചന്ദ്രവിമുഖിയെ തിരിച്ചറിയാൻ കഴിയുമായിരുന്നുള്ളു.

ഇടവഴി കടന്ന് തറവാട്ടമ്പലത്തിന്റെ കിഴക്കുഭാഗത്തു കൂടി ഒഴുകുന്ന അകലാപ്പുഴയുടെ തീരത്തെ കൽപ്പടവുകൾക്കരികിൽ ഗോവിന്ദൻ നിന്നു. പിന്നെ വലതുകൈയ്യിലെ ആളിക്കത്തുന്ന ചൂട്ട് ഉയർത്തി പിടിച്ചു. എവിടെനിന്നോ പാഞ്ഞെത്തിയ കുളിർന്ന കാറ്റിൽ ചൂട്ടിലെ തീനാളങ്ങൾ നൃത്തം ചെയ്യാൻ തുടങ്ങി. അകലാപ്പുഴയുടെ ജലപ്പരപ്പിൽ അവ കണ്ണാടി നോക്കി. പിന്നാലെ വന്ന മിത്രൻ വൈദ്യർ തണുത്തുറഞ്ഞ അകലാപ്പുഴയുടെ കുളിരിലേക്ക് മുങ്ങി നിവരാനായി പതുക്കെ കൽപ്പടവുകൾ ഇറങ്ങി.

കല്ലിടുക്കുകളിൽ മയങ്ങിയിരുന്ന കരിമീനുകൾ വെള്ളമിളകിയതോടെ ഞെട്ടി, ആഴങ്ങളിലേക്ക് കുതിച്ചു പാഞ്ഞു. മിത്രൻ വൈദ്യർ മൂന്നു പ്രാവശ്യം മുങ്ങി നിവർന്നു. പിന്നെ ഉടുത്തിരുന്ന ഒറ്റ തോർത്തുമുണ്ട് പുഴയ്ക്ക് നൽകി കൽപ്പടവുകൾ കയറി വന്നു. ഗോവിന്ദൻ ചൂട്ടുവീശി ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്തേക്ക് പതുക്കെ മുന്നിൽ നടന്നു. ക്ഷേത്രത്തിന്റെ വടക്കു കിഴക്കെ മൂലയിലുള്ള ഊട്ടുപുരയ്ക്ക് മുന്നിലുള്ള കൽത്തറയ്ക്ക് അടുത്തെത്തിയപ്പോൾ ഗോവിന്ദൻ നിന്നു. 

ചന്ദ്രവിമുഖി പറിക്കുന്ന ദിവസം കാര്യസ്ഥന് കൽത്തറവരെയെ പ്രവേശനമുള്ളു. ഇടതു കൈയ്യിലെ കത്തിക്കാത്ത ചൂട്ടിൽ തീ പടർത്തി, കൽത്തറയിൽ വെച്ച് ഗോവിന്ദൻ ഊട്ടുപുരയുടെ വരാന്തയിൽ കയറി നിന്നു. കൽത്തറയിൽ നിന്നെടുത്ത ചൂട്ടുമായി മിത്രൻ വൈദ്യർ ശ്രീകോവിലിന് മുന്നിലെത്തി നമസ്കരിച്ചു. കൊടും തണുപ്പിലും മിത്രൻ വൈദ്യരുടെ നഗ്നമായ ശരീരത്തിൽ നിന്നും അകലാപ്പുഴ തോർന്നു കൊണ്ടിരുന്നു. പ്രാർഥനക്ക് ശേഷം കൂരിരുട്ട് പന്തലിച്ചു കിടക്കുന്ന കാവിനുള്ളിലേക്ക് ഒറ്റ ചൂട്ട് വെളിച്ചത്തിൽ മിത്രൻ വൈദ്യർ പതുക്കെ നടന്നു കയറി.

അപ്പോൾ മരക്കൊമ്പുകളിൽ ഇരയെ കാത്തുകിടന്ന മൂങ്ങ നീട്ടി മൂളിക്കൊണ്ട് ചിറകടിച്ച് പറന്നു. കുറുനരികൾ കാട്ടുപൊന്തകൾക്കിടയിലൂടെ ചൂട്ടു വെളിച്ചത്തിലേക്ക് ഒരു നിമിഷം നോക്കി നിന്നു. പിന്നെ ഇരുളിലെങ്ങോ പോയ് മറഞ്ഞു. ഊട്ടുപുരയുടെ വരാന്തയിൽ നിന്നിരുന്ന ഗോവിന്ദന്റെ കണ്ണിൽ കാവിനുള്ളിലെ ചൂട്ടു വെളിച്ചം മരങ്ങൾക്കിടയിലൂടെ കണ്ണാരം പൊത്തികളിച്ചു. പിന്നെ പിന്നെ അന്ധകാരത്തിൽ പൂർണ്ണമായും ലയിച്ചു. നിമിഷങ്ങൾ കരിമൂർഖനെ പോലെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. കെട്ടുപോകുമായിരുന്ന ഓലച്ചൂട്ട് ഇടയ്ക്കിടെ വീശി ഗോവിന്ദൻ തീ പടർത്തിക്കൊണ്ടിരുന്നു.

പെട്ടെന്നാണ് കാവിനുള്ളിൽ നിന്നും ഭീകരമായ ഒരലർച്ച കേട്ടത്. ഗോവിന്ദൻ ഞെട്ടിത്തിരിഞ്ഞു. കനല് മാത്രമായ ഒറ്റച്ചൂട്ട് ആഞ്ഞുവീശി വീണ്ടും തീ പടർത്തി. ആ മങ്ങിയ ചുവന്ന വെളിച്ചത്തിൽ കാവിനുള്ളിലെ കൂരിരുട്ടിൽ നിന്നും ഒരു കറുത്ത രൂപം മിന്നായം കണക്കെ പുറത്തേക്ക് കുതിച്ചു പായുന്നത് ഒരുൾക്കിടിലത്തോടെ ഗോവിന്ദൻ കണ്ടു.

(തുടരും)

English Summary:

Chandravimukhi Enovel by Bajith CV Episode One