ബഹളങ്ങളില്ലാതെ എഴുത്തിന്റെ വഴിയിലൂടെ നിശബ്ദമായി കടന്നുപോകുന്ന എഴുത്തുകാരനാണ് വി.ജെ. ജയിംസ്. ജീവിതത്തിൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ കണ്ടെത്താൻ കഴിയുന്ന ചില മനുഷ്യരാണ് അയാളുടെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങൾ. മിത്തുകളും പുരാവൃത്തങ്ങളും ഇഴചേർന്ന കഥാന്തരീക്ഷമാണു വയലാർ പുരസ്കാരം നേടിയ ‘നിരീശ്വരൻ’ എന്ന കൃതി. ഈ പുസ്തകം ജയിംസിനു ഭാഗ്യപുസ്തകമാണെന്നു പറയാം. കഴിഞ്ഞ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും തോപ്പിൽ രവി അവാർഡും ഇതിനായിരുന്നു. ഏത് എഴുത്തുകാരനും ചാരിതാർഥ്യം നൽകുന്നതാണ് വയലാർ അവാർഡ് എന്ന് ജയിംസ് പറയുന്നു.

‘‘അവാർഡുകളുടെ കാര്യത്തിൽ ഞാൻ പ്രതീക്ഷകൾ വച്ചുപുലർത്താറില്ല. എന്നാൽ, അക്ഷരങ്ങൾ പഠിക്കുന്ന കാലം മുതൽ സംഗീതമായി മനസ്സിൽ ഒപ്പമുള്ള വയലാറിന്റെ പേരിലുള്ള പുരസ്കാരത്തിന് അർഹനായതിൽ സന്തോഷവും അഭിമാനവുമുണ്ട്’’– ജയിംസ് മനോരമയോടു പറഞ്ഞു. ഇത്തവണത്തെ പുരസ്കാര നിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെയും ജയിംസ് തള്ളുന്നു. ‘എന്റെ ലക്ഷ്യം എഴുത്തു മാത്രമാണ്. കൃതി ജനിച്ചു കഴിഞ്ഞാൽ പിന്നെ എഴുത്തുകാരൻ ഇല്ല.’

‘പുറപ്പാടിന്റെ പുസ്തകം’ മുതൽ ‘ആന്റി ക്ലോക്ക്’ വരെയുള്ള എഴുത്തുകളുടെ സഞ്ചാരം ?

'പുറപ്പാടിന്റെ പുസ്തകം’ മലയാറ്റൂർ അവാർഡു നേടിയപ്പോൾ പുരസ്കാര വിതരണ ചടങ്ങിൽ എഴുത്തുകാരൻ സേതുവും ഉണ്ടായിരുന്നു. രണ്ടാമത്തെ കൃതിയാണ് ഒരു എഴുത്തുകാരന്റെ കരുത്ത് ശരിക്കും പരീക്ഷിക്കുന്ന രചനയെന്ന് അദ്ദേഹം പറഞ്ഞു. അതു വലിയൊരു തിരിച്ചറിവായിരുന്നു. ഒന്നിൽ നിന്നു വേറിട്ടു നിൽക്കുന്ന കൃതി എന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള ആഗ്രഹം. ‘ലെയ്ക്ക’, ‘നിരീശ്വരൻ’, ‘ആന്റി ക്ലോക്ക്’ എന്നിങ്ങനെ എഴുതിയ 7 നോവലുകളും മറ്റു കൃതികളും ആ ദാർശനിക സഞ്ചാരപാതയിലൂടെ കടന്നു പോയതാണ്. പുതിയ അന്തരീക്ഷം, പുതിയ ഭൂമിക അതു കണ്ടെത്താനാണു ശ്രമം.  എത്ര വിജയിച്ചിട്ടുണ്ടെന്നു വിലയിരുത്തേണ്ടതു വായനക്കാരാണ്.

നിരീശ്വരനെപ്പറ്റി ? 

മനസ്സിൽ തങ്ങിക്കിടന്ന ‘നിരീശ്വരൻ’ എന്ന പേരിൽ നിന്നാണ് ആ നോവൽ ജനിച്ചത്.  വിശ്വാസങ്ങൾക്കു മുകളിൽ നിന്നു ജീവിതത്തെ നോക്കിക്കാണുന്നതാണ് നിരീശ്വരൻ. സാധിച്ചുകിട്ടുമെന്ന ആഗ്രഹങ്ങൾ യാഥാർഥ്യമാകുമ്പോൾ അതിനു പിന്നിലൊരു അതീന്ദ്രിയമായ ശക്തി പ്രവർത്തിച്ചു എന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭാരതീയർ. 

വിഎസ്‌എസ്‌സിയിൽ എൻജിനീയറായ എഴുത്തുകാരന്റെ ജീവിതത്തിലേക്കു സാഹിത്യം കടന്നുവന്നതെങ്ങനെയാണ്? 

എഴുത്തിന്റെ ഭാഷ കവിതയും കഥയും സൃഷ്ടിക്കുന്നതു പോലെയാണു ശാസ്ത്രത്തിന്റെ ഭാഷ റോക്കറ്റ് നിർമിക്കുന്നത്. ശാസ്ത്രമാണു നിരീശ്വര ഭാവത്തെ ഉൾക്കൊള്ളാൻ തുണച്ചത്. എഴുത്ത് ജോലിയല്ല, അക്ഷരത്തോടുള്ള അർപ്പണമാണ്.

നാടും കുടുംബവും?

ബാല്യത്തിലെ ഓർമകൾ കുട്ടനാടുമായി ബന്ധപ്പെട്ടാണുള്ളത്. ചെളിയും പാടവും വെള്ളവുമെല്ലാം ചേർന്നു നിന്ന ജീവിതം. ‘പുറപ്പാടിന്റെ പുസ്തകത്തി’ൽ പറയുന്ന കൊച്ചിയിലെ കായലോര ഗ്രാമത്തെക്കുറിച്ച് എഴുതാൻ സാധിച്ചതു കുട്ടനാട് നൽകിയ അറിവിൽ നിന്നാണ്.

ചങ്ങനാശേരി വാഴപ്പിള്ളിയിലാണു തറവാട്. വല്ലയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ ഇപ്പോൾ അവിടെയുണ്ട്. 

ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണു താമസം. ഭാര്യ അശ്വതി മാത്യു അധ്യാപികയാണ്. മകൾ താര മെഡിസിനും മകൻ സൂര്യൻ മെക്കാനിക്കൽ എൻജിനീയറിങ്ങിനും പഠിക്കുന്നു.