ചില തീരുമാനങ്ങൾ ജീവിതത്തിലും സമൂഹത്തിലും മാറ്റങ്ങൾ കൊണ്ടുവരും എന്ന് കേട്ടിട്ടില്ലേ ? അതാണ് യഥാർഥത്തിൽ കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശികളായ ഇജാസ് ഹക്കിമിന്റെയും   ഭാര്യ അജ്നയുടെയും ജീവിതം. വിവാഹത്തിലൂടെ രണ്ട് വ്യക്തികൾ ഒന്നായി പുതിയൊരു ജീവിതം ആരംഭിക്കുമ്പോൾ അത് സമൂഹത്തിനു മാതൃകയാക്കണം എന്ന് കരുതിയാണ് ഇജാസും അജ്നയും മഹർ ആയി പൊന്നു നൽകുന്നത് ഒഴിവാക്കി പുസ്തകങ്ങൾ നൽകിയത്. വാർത്ത സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഇജാസിനെയും അജ്നയെയും തേടി കഴിഞ്ഞ ദിവസം തിരുവിതാംകൂർ കൊട്ടാരത്തിന്റെ ആദരവുമെത്തി. 

തിരുവിതാംകൂറിന്റെ പ്രിയപ്പെട്ട അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി ദമ്പതിമാരെ ഇരുവരെയും കവടിയാർ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തി സന്തോഷം പങ്കിടുകയായിരുന്നു. ഇതേപ്പറ്റി ഇജാസ് പറയുന്നതിങ്ങനെ :-

‘‘കഴിഞ്ഞ ദിവസം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു’’. ‘‘ എന്റെ പേര് ലക്ഷ്മി എന്നാണ് ,തിരുവന്തപുരത്ത് നിന്ന് വിളിക്കുകയാണ്. ഞാൻ നിങ്ങളുടെ കല്യാണ വിശേഷം ഒരു ഇംഗ്ലിഷ് പത്രത്തിൽ വായിച്ചിരുന്നു. ഒരുപാട് സന്തോഷം ആയി ഇത്തരം ഒരു വാർത്ത കണ്ടപ്പോൾ. അവരുടെ ഓഫീസിൽ നിന്നും നമ്പർ എടുത്തു വിളിക്കുകയാണ്. എനിക്ക് നിങ്ങൾക്ക് കുറച്ചു പുസ്‌തകങ്ങൾ സമ്മാനമായി തരണം എന്നുണ്ട്’’. എന്നൊക്കെ പറഞ്ഞു.

‘‘ ഒരുപാട് സന്തോഷം.ഞാൻ തിരുവന്തപുറത്തേക്ക് വരുമ്പോൾ നേരിട്ട് വന്ന് കൈപ്പറ്റാം അല്ലെങ്കിൽ അനിയനെ വിട്ട് എടുപ്പിക്കാം’’ എന്ന് ഇജാസ് മറുപടിയും പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കൽ ഉള്ള വ്യക്തി വീണ്ടും സംഭാഷണം തുടർന്നു. പിന്നെയും കുറേ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.  അവസാനം എവിടെയാണ് വീട്, എന്താണ് ചെയ്യുന്നത് എന്ന് ഇജാസ്  ചോദിച്ചപ്പോൾ ആണ് ഞെട്ടിച്ചു കൊണ്ട് അപ്പുറത്ത് നിന്ന് മറുപടി  വന്നത്. ‘‘ഞാൻ താമസം കവടിയാർ കൊട്ടാരത്തിൽ ആണെന്നും എന്റെ മുഴുവൻ പേര് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി'' എന്നാണെന്നും.

അപ്രതീക്ഷിതമായ ആ ഉത്തരത്തോടെ ഇജാസിന്റെയും അജ്നയുടെയും കിളി പോയി എന്ന അവസ്ഥയായി. തൊട്ടടുത്ത ദിവസം തന്നെ ഇജാസും അജ്നയും തമ്പുരാട്ടിയെ വിളിച്ചു. നേരിട്ട് കോട്ടാരത്തിൽ പോയി കണ്ടു. കുറേനേരമിരുന്നു സംസാരിച്ചു. തമ്പുരാട്ടിക്കും മകനും ഒപ്പം കൊട്ടാരം മുഴുവൻ നടന്നു കണ്ടു. തമ്പുരാട്ടി സ്വന്തമായി എഴുതിയതും അല്ലാത്തതും ആയ കുറേ പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. 

English Summary : Aswathy Thirunal Gouri Lakshmi Bhai Invites Ijas And Ajana To Palace