എഴുത്തുകാരിയും അഭിനേത്രിയുമായ ഷഹ്നയുടെ പുസ്തകത്തിൽ പ്രണയത്തിന്റെ ഗന്ധമുലഞ്ഞ ‘‘മൂക്കുത്തി’’ എന്ന കഥ അത് വായിച്ചവരാരും മറക്കാൻ ഇടയില്ല. ഷഹ്നയുടെ പ്രിയ പ്രണയ പുസ്തകമേതാണ്?  

‘എല്ലാ പ്രണയങ്ങളും സ്വപ്നങ്ങളിൽ തുടങ്ങുകയും‌ം മറ്റൊരു സ്വപ്നമായി അവസാനിക്കുകയും ചെയ്യുന്നവയാണോ? നഷ്ടപ്രണയാനുഭവങ്ങളിൽനിന്നു ജീവിതത്തെ വേർതിരിച്ചെടുക്കാൻ കാലമെത്ര കഴിയേണ്ടിവരും? ഓരോ വാലന്റൈൻസ് ഡേ ആഘോഷം കാണുമ്പോഴും ഉള്ളിൽ ഉണരുന്ന ഇത്തരം  ചോദ്യങ്ങൾക്ക് ഉത്തരമാകാൻ ശ്രമിക്കുന്നത് വർഷങ്ങളായി ഒപ്പമുള്ള ഒരു പുസ്തകമാണ്. വായന ശീലമാക്കിത്തുടങ്ങിയ കൗമാരകാലത്തു ലഭിച്ച സ്നേഹ സമ്മാനം. സാഹിത്യവിശേഷങ്ങളെ ശ്രദ്ധിക്കാത്ത, വായനശീലം ഇല്ലാത്ത ഒരാൾ എനിക്കായി അയച്ചു തന്ന‌ പുസ്തകമായിരുന്നു മൾബറി പബ്ലിക്കേഷന്റെ ‘മലയാളത്തിന്റെ പ്രണയകഥകൾ’.

പ്രണയമെന്ന വികാരത്തിന്റെ വിവിധഭാവങ്ങളെ മലയാള സാഹിത്യത്തിലെ പ്രമുഖരായ ഇരുപത്തിയേഴു പേർ പ്രകടമാക്കിയ പ്രസിദ്ധമായ കഥകൾ ഉൾപ്പെടുന്ന പുസ്തകം. ഓരോന്നും മലയാളത്തിന്റെ പ്രണയഭാവനയെ ഉണർത്തിയ, നിരാശയുടെ ആഴത്തെ ഓർമപ്പെടുത്തിയ, നഷ്ടപ്പെടലിന്റെ നോവിനെ അളക്കാൻ കഴിയാതെ പെയ്തു തീർത്ത ഒരു കൂട്ടം കഥാപാത്രങ്ങൾ. മലയാള സാഹിത്യത്തിന് എന്നും അഭിമാനിക്കാവുന്ന ആ ഇരുപത്തിയേഴു കഥകളിൽ ബഷീറും മാധവിക്കുട്ടിയും അഷ്ടമൂർത്തിയും ഉറൂബും സാറാ ജോസഫും അടക്കമുള്ള മുൻനിര എഴുത്തുകാർ ഉൾപ്പെടുന്നു.

മധുരിച്ചും വേദനിച്ചും തിളക്കമാർന്നും നിർദോഷമായി മാറിയ ഒരു കാലത്തെ ഓർമിക്കുന്നതിൽ ഈ വായന ഇന്നും പ്രേരകമാകുന്നു. തിരശ്ശീല വീണുപോയ സ്റ്റേജിന്റെ ഉള്ളിൽ‌ ജീവിതത്തിന്റെ യാഥാർഥ്യ മുഖവുമായി പൊരുത്തപ്പെടുമ്പോഴും മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത  ഒന്നായിരിക്കും ഇന്നും ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ സ്നേഹ സമ്മാനം’.

English Summary : Shahna Talks About Her Favourite Book