ഇത് കിടിലൻ, സീത-ദി വാരിയര്‍ ഓഫ് മിഥില കവര്‍ പേജ് പുറത്തിറങ്ങി!!

സീത ആക്‌ഷൻ നായികയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഒരു പോരാളിയുടെ വേഷത്തില്‍ ഉയര്‍ന്നു പൊങ്ങി സംഘട്ടനത്തിലേര്‍പ്പെടുന്നതാണ് കവര്‍ ഇമേജ്.

പ്രമുഖ എഴുത്തുകാരന്‍ അമിഷ് ത്രിപാഠിയുടെ പുതിയ പുസ്തകമായ സീത-വാരിയര്‍ ഓഫ് മിഥിലയുടെ കവര്‍ പേജ് പുറത്തിറങ്ങി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് അമിഷിന്റെ രാമചന്ദ്രസീരിസിലെ രണ്ടാം പുസ്തകമായ സീത-വാരിയര്‍ ഓഫ് മിഥില.

പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ തെരഞ്ഞെടുക്കുന്നതിനായി അമിഷ് സോഷ്യല്‍ മീഡിയയിലൂടെ മത്സരം സംഘടിപ്പിച്ചിരുന്നു. ഡിസൈന്‍ഫോര്‍ അമിഷ് എന്ന കോണ്ടെസ്റ്റിന് വന്‍പ്രതികരണമായിരുന്നു ലഭിച്ചത്.

ബോളിവുഡ് താരം രവീണ ടണ്ടനുമൊന്നിച്ചാണ് മുംബൈയില്‍ സീതയുടെ കവര്‍ ലോഞ്ച് ചെയ്തത്. സീതാ ദേവിയെ വ്യത്യസ്ത കോണിലൂടെ അവതരിപ്പിക്കുന്നതാണ് പുസ്തകത്തിലെ ഇതിവൃത്തം. അതുകൊണ്ടുതന്നെ കവര്‍ പേജും വ്യത്യസ്തമാണ്. സീത ആക്‌ഷൻ നായികയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഒരു പോരാളിയുടെ വേഷത്തില്‍ ഉയര്‍ന്നു പൊങ്ങി സംഘട്ടനത്തിൽ ഏർപ്പെടുന്നതാണ് കവര്‍ ഇമേജ്.

ലിംഗ സമത്വത്തിന്റെ സന്ദേശമുണര്‍ത്തുകയെന്ന ഉദ്ദേശ്യത്താലാകണം സീതയുടെ ദേഹത്ത് പൂണൂലും ദൃശ്യമാണ്. ശിവനെയും രാമനെയും വേറിട്ട ഭാവത്തില്‍ അവതരിപ്പിച്ച ശേഷമാണ് അമിഷ് സീതയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നത്. ശക്തിയുടെ ഊര്‍ജ്ജസ്രോതസ്സെന്ന നിലയില്‍ എന്തിനെയും എതിരിടാന്‍ പ്രാപ്തയായ സീതയെ ആണ് പുതിയ പുസ്തകത്തില്‍ കാണാനാവുക. 

പുസ്തകത്തിന്റെ കവര്‍ ഇമേജിന് വന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശിവപുരാണത്രയത്തില്‍ അമിഷ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളും തുടര്‍ന്ന് വന്ന രാമചന്ദ്ര സീരിസിലെ ആദ്യ പുസ്തകമായ സിയോണ്‍ ഓഫ് ഇക്ഷ്വാക്കുവും ബെസ്റ്റ് സെല്ലേഴ്‌സ് ആയിരുന്നു. വെസ്റ്റ്‌ലാന്‍ഡ് ബുക്ക്‌സ് ആണ് പ്രസാധകര്‍. 248 രൂപയാണ് ആമസോണില്‍ പുസ്തകത്തിന്റെ വില.