കേരളത്തില്‍ ശബരിമല വിധിക്കെതിരേ സ്ത്രീകള്‍ തെരുവിലിറങ്ങിയത് ബിജെപിയെപോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ലെന്ന് എഴുത്തുകാരന്‍ സക്കറിയ. നവോത്ഥാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ തികച്ചും ഉപരിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു. വെറുമൊരു ബ്രാന്‍ഡ് നെയിം എന്നപോലെയാണ് നവോത്ഥാനം എന്ന പദം ഉപയോഗിക്കപ്പെടുന്നത്; ഒരു പരിഹാസ പദമെന്ന അവസ്ഥ. കൃതി വിജ്ഞാനോല്‍സവത്തില്‍ എഴുത്തും നവോത്ഥാനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നവോത്ഥാനത്തെ വേരോടെ പിഴുതതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും സക്കറിയ പറഞ്ഞു. കേരളത്തില്‍ നവോത്ഥാനത്തിനുണ്ടായ തിരിച്ചടികള്‍ക്ക് രാഷ്ട്രീയകക്ഷികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആള്‍ദൈവങ്ങളെ വളര്‍ത്തി വലുതാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തത് മാധ്യമങ്ങളാണ്. മാധ്യമങ്ങളിലൂടെയാണ് വ്യക്തികള്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ എത്തിച്ചേരുന്നത്. 

ശബരിമല വിഷയത്തെ ലാഭമുണ്ടാക്കാനുള്ള മാര്‍ഗമായി കാണുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ആ വിഷയം കെട്ടടങ്ങൂ. വിഷയങ്ങളെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും പോലുള്ള കക്ഷികളില്‍ അപചയമുണ്ടായി. നേതൃത്വത്തിന്റെ തരംതാഴലും ജനാധിപത്യ ബോധമില്ലായ്മയുമുണ്ടായി. ശബരിമല വിഷയത്തില്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലപാട് മാറ്റുന്നത് കോണ്‍ഗ്രസിനെപ്പോലും തോല്‍പിക്കുന്ന തരത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന വ്യക്തിക്കല്ലാതെ മറ്റാര്‍ക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് സിപിഎമ്മിലില്ലെന്നാണ് മനസ്സിലാവുന്നത്. ബിജെപിയെപ്പോലും തോല്‍പിക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. 

കേരളത്തില്‍ ശബരിമല വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങിയത് ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ല. നവോത്ഥാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ തികച്ചും ഉപരിപ്ലവമാണ്. ഇപ്പോള്‍ വെറുമൊരു ബ്രാന്‍ഡ് നെയിം എന്നപോലാണ് നവോത്ഥാനം എന്നതിനെ ഉപയോഗിക്കുന്നത്. നവോത്ഥാനം എന്ന് എന്തിനെയും പറയുന്ന, ഒരു പരിഹാസ പദമായി മാറുന്ന അവസ്ഥയാണ് ഇന്നുള്ളത്. 

തന്റെ കൗമാരത്തിൽ പുരോഗമന സാഹിത്യം സ്വാധീനം ചെലുത്തിയിരുന്നു. അത്തരം എഴുത്തുകാരുടെ കൃതികളും തന്നെ സ്വാധീനിച്ചു. യൂറോപ്പില്‍ ക്രിസ്തുമതത്തെ പുറത്താക്കിയായിരുന്നു നവോത്ഥാനമുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ ഇന്നും മതത്തില്‍നിന്നും ജാതിയില്‍നിന്നും മുക്തി നേടാന്‍ സാധിച്ചില്ല. വര്‍ഗീയ ശക്തികളുടെ വേദിയിലെത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സിപിഎം വേദികളില്‍ ഇടം കിട്ടുമെന്ന അവസ്ഥ ഇന്നുണ്ട്. രണ്ടുപക്ഷത്തും നില്‍ക്കുകയാണ് എഴുത്തുകാര്‍, ഇവരെ തിരസ്‌കരിക്കാതിരിക്കുന്നതിലൂടെ സിപിഎമ്മും ഇരട്ടത്താപ്പ് കാണിക്കുകയാണ്. ശബരിമല വിഷയത്തില്‍ ശശി തരൂരിനെപ്പോലുള്ള നേതാവിന്റെ നിലപാടു മാറ്റം ലജ്ജാകരമാണ്. എഴുത്തുകാരും ബുദ്ധിജീവികളും കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമ്പോള്‍ പ്രസ്താവനയിറക്കുക മാത്രമാണ് പ്രതികരണമെന്ന നിലയില്‍ എഴുത്തുകാര്‍ ചെയ്യുന്നതെന്നും സക്കറിയ പറഞ്ഞു. 

രാഷ്ട്രീയ പാര്‍ട്ടികളുടെ അവസരവാദം കേരള നവോത്ഥാനത്തെ പിറകോട്ടടിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍.ഇ. സുധീര്‍ അഭിപ്രായപ്പെട്ടു. നവോത്ഥാന പാരമ്പര്യമെന്നാണ് പലപ്പോഴും പറഞ്ഞു കേള്‍ക്കുന്നത്. പാരമ്പര്യത്തെ ചോദ്യം ചെയ്തായിരുന്നു നവോത്ഥാനമെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. നവോത്ഥാനത്തിലേക്ക് തിരിച്ചുപോവണമെന്നുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. തിരിച്ചുപോവുകയല്ല മുന്നേറുകയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.