വലന്റൈൻ ദിനാഘോഷത്തിന്റെ വരവോടെ മലയാളിയുടെ പ്രണയമെന്നത് ശരീരാഘോഷമായി മാറിയിരിക്കുകയാണ്. കാംപസുകളിലെയും യുവജനങ്ങൾക്കിടയിലെയും പ്രണയ ദിനാഘോഷം പലപ്പോഴും ഡീജെ പാർട്ടികളായി മാറുന്നു. ശരീരാഘോഷവും പ്രണയവും തമ്മിൽ ഒരു ബന്ധവുമില്ല. ഞാൻ‌ പ്രിൻസിപ്പലായിരുന്ന കോളജിൽ ഒരു വലന്റൈൻസ് ദിനത്തിൽ കുട്ടികൾ പറഞ്ഞത് ഇന്ന് ഡീജെ പരിപാടിയുണ്ടെന്നാണ്.

പ്രണയം എന്നത് ഒരു ദിവസത്തിൽ ഒതുക്കാനാകുമോ? ഫെബ്രുവരി 14 എന്നത് പ്രണയത്തിന്റെ പേരിൽ കൂട്ടമായി കാട്ടിക്കൂട്ടുന്ന ഒരു പരിപാടി മാത്രമായി കണ്ടാൽ മതി.

ഏകാന്തമായ, സ്വകാര്യമായ, മധുരിതമായ പ്രണയത്തിന്റെ അനുഭൂതിയൊന്നും പ്രണയ ദിനാഘോഷത്തിന്റെ പേരിലുള്ള പ്രകടനപരവും പ്രദർശനപരവുമായ ആഘോഷങ്ങളിലൊന്നുമില്ല. വലന്റൈൻസ് ദിനാഘോഷം കേരളത്തിൽ ആഘോഷമാകാൻ തുടങ്ങിയിട്ട് 20 വർഷമേ ആയിട്ടുള്ളൂ. അതിനു മുൻപും ഇവിടെ തീവ്രമായ പ്രണയങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രകടനപരമായ, പ്രണയദിനാഘോഷങ്ങളൊന്നുമില്ലാത്ത വിശുദ്ധവും തീവ്രവുമായ പ്രണയങ്ങളും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല.

16 വർഷം മുൻപ് ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ വാലന്റൈൻ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാൻ ഞാൻ പോയതോർക്കുന്നു. ബലൂണുകളെയും പ്രാവുകളെയും പറത്തിയും സംഗീതവും നൃത്തവും ചേർന്ന ആഘോഷ പരിപാടി അക്കാലത്ത് അത്ര പ്രചാരമില്ലായിരുന്നു. ഇതൊക്കെയാണെങ്കിലും മലയാള ചെറുകഥയിൽ വലന്റൈൻ ദിനം എന്ന പദം ആദ്യം ഉപയോഗിച്ചതും ഞാനാണ്. 20 വർഷം മുൻപ് ഞാനെഴുതിയ ‘ആധുനികോത്തര പ്രണയകഥ’ എന്ന ചെറുകഥയിലായിരുന്നു ഈ പദപ്രയോഗം.

ഞാൻ എഡിറ്റ് ചെയ്ത പ്രണയകഥകളും പ്രണയ കവിതകളും പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അന്തരിച്ച മൾബെറി ഷെൽവി പ്രണയത്തിന്റെ ഒരു ആശംസാ കാർഡ് ചേർത്താണ് പുസ്തകം വിപണിയിലെത്തിച്ചത്.പ്രണയം എന്നത് ഒരു ദിവസത്തിൽ ഒതുക്കാനാകുമോ?