ആധുനികതയെ ദൈവത്തിലേക്കു സന്നിവേശിപ്പിക്കുകയാണു ശ്രീനാരായണഗുരു ചെയ്തതെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ പൂർണമായ അർഥത്തിൽ മനസിലാക്കുന്നതിൽ സമൂഹം പരാജയപ്പെട്ടതായും സുനിൽ പി. ഇളയിടം. കൃതി വിജ്ഞാനോത്സവത്തിൽ ഗുരുദർശനം എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആധുനികതയുടെ ധാർമികവും നൈതികവുമായ അടിസ്ഥാനം ഇന്നു കൈമോശം വന്നു. സാഹോദര്യം, കാരുണ്യം എന്നീ ആശയങ്ങളിലൂന്നി ഗുരു ആധുനികതയെ ദൈവത്തിലേക്കു സന്നിവേശിപ്പിച്ചു. ആധുനികതയുടെ നൈതിക മൂല്യങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. മത ജീവിതത്തെ സാഹോദര്യ ഭാവത്തിലേക്കു മാറ്റാനാണു ഗുരു ശ്രമിച്ചത്. മതം ശാശ്വതമായ, ഒരേ തരത്തിൽ നിലനിൽക്കുന്ന ഒന്നല്ല. ഒരു മതം മാത്രം ശരിയെന്ന അഭിപ്രായം ശ്രീനാരായണ ഗുരു വച്ചുപുലർത്തിയിരുന്നില്ല.    ഗുരു യുക്തിവാദിയാണെന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ശരിയല്ലെന്നും എന്നാൽ ഗുരു ഒരിക്കലും യുക്തിചിന്ത കൈവിട്ടിരുന്നില്ലെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.