കാലത്തെ അതീജീവിച്ച ഒന്നിലേറെ ക്ലാസിക്കുകളുടെ രചയിതാവും കുട്ടികളുടെയും മുതിർന്നവരുടെയും എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനുമായ ചാൾസ് ഡിക്കൻസിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കുടുംബജീവിതവുമായും ഭാര്യയോടുള്ള സമീപനവുമായും ബന്ധപ്പെട്ട അസന്തുഷ്ടകരമായ സത്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നായകൻ എന്ന ഇമേജിൽനിന്ന് വില്ലനിലേക്ക് ഡിക്കൻസിനെ മാറ്റുന്ന വിവരങ്ങൾ.

ചാൾസ് ഡിക്കൻസ്, കാതറിൻ

ജീവിതകാലം മുഴുവൻ കുടുംബജീവിതത്തിന്റെയും വ്യക്തിബന്ധങ്ങളുടെയും സ്വകാര്യത നിലനിർത്തുന്നതിൽ വിജയിച്ച എഴുത്തുകാരനാണ് ഡിക്കൻസ്. തന്റെ സ്വകാര്യതകളും രഹസ്യങ്ങളും പുറത്തുപോകാതിരിക്കാൻ വ്യക്തിപരമായ വിവരങ്ങൾ പ്രതിപാദിക്കുന്ന കത്തുകൾ ജീവിതകാലത്തുതന്നെ അദ്ദേഹം തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ചാരത്തിലും തിളങ്ങുന്ന കനൽപോലെ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. ഭാര്യയുമായി അകന്ന ഡിക്കൻസ് ഒരുകാലത്ത് തന്റെ പത്തുമക്കളുടെ അമ്മയായ അവരെ മാനസികാരോഗ്യകേന്ദ്രത്തിൽ പൂട്ടിയിടാൻപോലും ശ്രമിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടിയായ ഒരു ചെറുപ്പക്കാരിയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു ഡിക്കൻസ് ഭാര്യയോട് ക്രൂരമായി പെരുമാറിയത്. 

1858 ലായിരുന്നു ഡിക്കൻസും ഭാര്യ കാതറിനും വേർപിരിഞ്ഞത്. അക്കാലത്ത് ആ വാർത്ത വലിയ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിൽമാത്രമല്ല, ലോകത്തെല്ലായിടത്തും സംഭവം വാർത്തയായി. പക്ഷേ അക്കാലത്ത് രണ്ടു ദശകക്കാലം ഒരുമിച്ചു ജീവിതം പങ്കിട്ട  ഭാര്യയെ വീട്ടിൽനിന്നു പുറത്താക്കാൻ മാത്രമല്ല, ഒരു അഭയകേന്ദ്രത്തിൽ പൂട്ടിയിടാൻപോലും ഡിക്കൻസ് ശ്രമിച്ചെന്നാണ് പുതിയ വാർത്ത. യോർക് സർവകലാശാലയിൽ ഇംഗ്ളിഷ് സാഹിത്യ അധ്യാപകനായ ജോൺ ബോവനാണ് വാർത്ത പുറത്തുവിട്ടത്.

പൊതുജനമധ്യത്തിൽ തന്റെ ഇമേജിനെക്കുറിച്ച് വളരെയധികം ബോധവാനായിരുന്നു ഡിക്കൻസ്. തന്നെക്കുറിച്ച് മോശം വാർത്തകൾ പ്രചരിക്കുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ, ഇരുപതു വർഷത്തെ കത്തുകളും സ്വകാര്യ വിവരങ്ങൾ അടങ്ങിയ കുറിപ്പുകളും 1860–ൽ തന്നെ അദ്ദേഹം കത്തിച്ചുകളഞ്ഞു. പക്ഷേ, ഡിക്കൻസിന്റെ സ്വകാര്യജീവിതത്തിന്റെ കുഴിച്ചുമൂടിയ അപ്രിയസത്യങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ഗവേഷണത്തിലായിരുന്നു കുറേനാളായി ഒരുസംഘം. ഡിക്കൻസും ഭാര്യയും തമ്മിൽ വേർപിരിഞ്ഞത് പ്രമേയമാക്കി കഥയും നോവലും ദ് ഇൻവിസിബിൾ വുമൺ എന്ന സിനിമയും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെയും പുറത്തുവരാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

വേർപിരിയലിനെക്കുറിച്ചും ഡിക്കൻസിനെക്കുറിച്ചും കാതറിൻ പരസ്യമായി സംസാരിച്ചിട്ടേയില്ല. പക്ഷേ, ഡിക്കൻസിന്റെ മരണം കഴിഞ്ഞ് ഒരു ദശകമായപ്പോൾ തന്റെ അയൽക്കാരനും തിയറ്റർ ക്രിട്ടിക്കുമായ എഡ്‍വേഡ് ഡട്ടനോട് കാതറിൻ മനസ്സു തുറന്നിരുന്നു. ഈ സംഭാഷണങ്ങളെ ആസ്പദമാക്കിയുള്ള കത്തുകൾ വിശകലനം ചെയ്താണ് ജോൺ ബോവൻ ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പത്തുകുട്ടികളുടെ അമ്മയാകുകയും സൗന്ദര്യം നശിച്ച് പ്രായമേറുകയും ചെയ്തപ്പോഴാണത്രേ ഡിക്കൻസ് കാതറിനെ ഉപേക്ഷിച്ച് ഒരു യുവനടിയുടെ പിന്നാലെ പോയത്. കാതറിൻ തന്റെ പ്രേമബന്ധത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ അവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ അടച്ചിടാനും ഡിക്കൻസ് ശ്രമിച്ചു. പക്ഷേ കാതറിൻ മാനോരോഗിയാണെന്നു തെളിയിക്കുന്ന റിപ്പോർട്ട് ഹാജരാക്കാൻ കഴിയാത്തതിനാൽ ആ ലക്ഷ്യം നടന്നില്ല.