വിവാഹ ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ പല തരികിടകളും ഒപ്പിക്കൽ ഇന്നൊരു പതിവാണ്. കല്യാണക്ഷണം മുതൽ താലികെട്ടും റിസപ്ഷനും വരെ കൗതുകകരമാക്കാൻ ശ്രമിക്കാറുണ്ട് ദമ്പതികൾ. പ്രവാസി എഴുത്തുകാരനായ അഷ്‌റഫ് പേങ്ങാട്ടയില് മകന്റെ കല്യാണത്തിനായി ഒരുക്കിയിരിക്കുന്നത് വെറും ഒരു ക്ഷണക്കത്തല്ല; ക്ഷണപുസ്തകമാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നോവലാണ് കല്യാണക്ഷണ പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നത്. പുസ്തകത്തിന്റെ പുറംചട്ട കല്യാണക്ഷണം കൂടിയാണ്. ഹ്രസ്വായുസ്സുകളായ വെഡ്ഡിങ് ഇന്‍വിറ്റേഷന്‍ കാര്‍ഡുകളെ തോൽപിച്ചു കൊണ്ട് എല്ലാക്കാലവും സൂക്ഷിച്ചു വയ്ക്കുമെന്ന പ്രത്യേകത മാത്രമല്ല ഈ ക്ഷണപ്പുസ്തകത്തിനുള്ളത്. അത് പുസ്തകവായനയിലേക്കുള്ള ഒരു ക്ഷണം കൂടിയാണ്. തലമുറകള്‍ക്ക് കൈമാറാവുന്ന വിശിഷ്ടമായ ഒരു സാഹിത്യ കൃതി വിവാഹക്ഷണമാക്കിയിരിക്കുകയാണ് ഈ പ്രവാസി എഴുത്തുകാരൻ. 

മകന്‍ അബ്ദുള്ളയുടെയും തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി അബിത ബഷീറിന്റെയും വിവാഹക്ഷണക്കത്താണ് അഷ്‌റഫ് വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്. ഡിസി ബുക്‌സാണ് 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന പുസ്തകത്തിന്റെ പ്രസാധകർ. ക്രിസ്തുമസ്-പുതുവത്സര ആശംസാകാര്‍ഡിനു പകരമായി ഗ്രീറ്റിങ്ങ് ബുക്ക് എന്ന ആശയം ഡിസി ബുക്‌സ് മുന്‍പ് പുറത്തിറക്കിയിരുന്നു.