അരനൂറ്റാണ്ട് മുമ്പാണ് ഡി. ബാബുപോള്‍ ഔദ്യോഗികജീവിതം തുടങ്ങുന്നത്. 1962-ല്‍ ജൂനിയര്‍ എന്‍ജിനീയറായി. സുദീര്‍ഘമായ കരിയറിനുശേഷം ഔദ്യോഗിക ജീവിതത്തിനു സംതൃപ്തി നിറഞ്ഞ ചിരിയോടെ വിരാമമിട്ട ബാബുപോള്‍ എഴുതിയ ഒരു വാചകമാണ് ഇന്നും സിവില്‍സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ ധര്‍മവാക്യം. 57 വര്‍ഷത്തിനുശേഷവും മാറ്റമില്ലാതെ നില്‍ക്കുന്ന പ്രതിഭയുടെ സ്ഫുരണം- ‘കരുണയുടെ കസവുകരയാണ് നീതിക്ക് ഭംഗി പകരുന്നത്.’

അച്യുതാനന്ദനാൽ വേട്ടയാടപ്പെടുകയും, നായനാരാൽ 'ഓംബുഡ്‌സ്‌മാനാ'യിരുന്നപ്പോൾ ഐഎഎസിൽനിന്നു പുറത്താക്കപ്പെടുകയും, കെ.എം. മാണിയുടെ പ്രേരണയിൽ എ.കെ. ആന്റണിയാൽ പിരിച്ചുവിടപ്പെടുകയും ചെയ്‌ത വ്യക്തി എന്ന് സ്വന്തം കരിയറിനെ സരസമായി നിര്‍വചിച്ച അദ്ദേഹം മലയാളത്തിലെ ആദ്യത്തെ സര്‍വീസ് സ്റ്റോറിയുടെ രചയിതാവ് കൂടിയാണ്. 1962 മുതല്‍ 2001 വരെ നീണ്ട ഔദ്യോഗികജീവിതത്തിന്റെ സരസവും ഗഹനവും ആര്‍ദ്രവും കഠിനവുമായ അനുഭവങ്ങളുടെ സമാഹാരം. എല്ലാ സിവില്‍ സര്‍വീസുകാര്‍ക്കുമുള്ള പാഠപുസ്തകം. സർവീസ് ജീവിതത്തിന്റെ ഉള്ളറകളിലേക്ക് സരള സഞ്ചാരം നടത്തുന്ന ‘കഥ ഇതുവരെ’ എന്ന ആത്മകഥ അദ്ദേഹം സമർപ്പിച്ചിത് ആദ്യ ശിപായി രാമൻ നായർ മുതൽ അവസാനത്തെ മന്ത്രി ടി.കെ. രാമകൃഷ്ണൻ വരെ താങ്ങായും തണലായും നാലു പതിറ്റാണ്ട് കൂടെനടന്ന എല്ലാ സഹപ്രവർത്തകർക്കും. 

പച്ചപ്പു നിറഞ്ഞ ഒരു തണല്‍മരണത്തിന്റെ ഓര്‍മയാണ് കേരളത്തെ നവീകരിച്ച സംരംഭങ്ങളുടെയും പദ്ധതികളുടെയും മുഖ്യശിൽപികളിലൊരാളായി പ്രവർത്തിച്ച ബാബുപോളിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ എന്നും പങ്കുവച്ചിട്ടുള്ളത്. കാര്യപ്രാപ്തിയും നീതിബോധവും ഇഴുകിച്ചേര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമ. ഉദ്യോഗസ്ഥമേധാവിയായി അധികാരത്തിന്റെ ഇടനാഴികളില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച അദ്ദേഹം സിവില്‍ സര്‍വീസിന്റെ പുറത്തുകടന്നപ്പോഴാകട്ടെ സമ്പന്നവും വിപുലവുമായ സാഹിത്യ-സാംസ്കാരിക ജീവിതത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ഒന്നിനുപിന്നലെ ഒന്നായി അദ്ദേഹത്തിന്റെ തൂലികയില്‍നിന്നു പുറത്തുവന്നതാകട്ടെ പകരം വയ്ക്കാനില്ലാത്ത അമൂല്യഗ്രന്ഥങ്ങള്‍. തിരിച്ചറിവുകള്‍. ഉള്‍ക്കാഴ്ചകള്‍. 

ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയും വെട്ടം മാണിയുടെ പുരാണ വിജ്ഞാനകോശവും ഭാഷാ സാഹിത്യത്തിലെ അനശ്വരകൃതികളാണെങ്കില്‍ ഈ ഗണത്തിലേക്ക് ആധുനിക മലയാളം സമ്മാനിച്ച അതിശയ കൃതിയാണ് ‘വേദശബ്ദ രത്നാകര’മെന്ന ബൈബിൾ നിഘണ്ടു. ക്രൈസ്തവര്‍ക്കും ക്രൈസ്തവേതരര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥത്തിലുള്ളത് 4000 ടൈറ്റിലുകളും ഏകദേശം ആറുലക്ഷം വാക്കുകളും!  ദീർഘകാലം ഒരു തപസ്സനുഷ്ഠിക്കുന്ന ശ്രദ്ധയോടുകൂടി മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ച് തയാറാക്കിയതാണ് ഇൗ കൃതി തന്നെയാണ് ഡി. ബാബുപോളിന്റെ മാസ്റ്റര്‍പീസ്. ഓർമ കുറിച്ച നാൾമുതൽ തന്നിലെ സംസ്കൃതിയെ ഉണർത്തിയും ഉത്തേജിപ്പിച്ചും ഉയർത്തിയ ദൈവഗ്രന്ഥത്തിലൂടെ ബാബുപോളിലെ ചരിത്ര – ശാസ്ത്രീയ മനസ്സ് നീണ്ട നാളുകളിലായി നടത്തിയ നിദ്രാസ‍ഞ്ചാരങ്ങളുടെ സാക്ഷാത്കാരം.  കേരള സാഹിത്യഅക്കാഡമി അവാർഡും, ഏറ്റവും നല്ല ദ്രാവിഡ ഭാഷാ നിഘണ്ടുവിനുള്ള ഇന്റർനാഷണൽ സൊസൈറ്റി ഫോർ ദ്രവീഡിയൻ ലിംഗുസ്റ്റിക്സിന്റെ ഗുണ്ടർട്ട് പുരസ്കാരവുമുൾപ്പെടെ ഒന്നര ഡസനിലധികം ബഹുമതികള്‍ നേടിയിട്ടുണ്ട് ഈ ഗ്രന്ഥം. 

സിപിഎം നേതാവും ഇടതുപക്ഷ ചിന്തകനുമായ എം.എ. ബേബിയെപ്പോലുള്ളവര്‍ ബാബുപോളിന്റെ മികച്ച കൃതിയായി വിലയിരുത്തിയത് മറ്റൊരു ഗ്രന്ഥത്തെ- ക്രൈസ്തവ സഭയുടെ പരമോന്നത നേതാവായ ഫ്രാൻസിസ് മാർപാപ്പയെ പറ്റി എഴുതിയ ‘ഫ്രാൻസിസ് വീണ്ടും വന്നു’ എന്ന കൃതി. യേശുക്രിസ്തുവിന്റെ വിമോചനപാതയിലൂടെ ക്രൈസ്തവരെ നയിക്കാൻ ബദ്ധശ്രദ്ധനായി പൊരുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അപൂർവ വ്യക്തിത്വമായ ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ കൃതി. 

‘അച്ചൻ, അച്ഛൻ, ആചാര്യൻ’ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. സി.എ. അബ്രഹാം, പി. ഗോവിന്ദപ്പിള്ള എന്നിവരോട് ചേർന്നാണ് ബാബുപോള്‍ എഴുതിയത്. ഇ.എം.എസുമായി ചേർന്ന് ഗ്രന്ഥമെഴുതിയിട്ടുള്ള പി.ഗോവിന്ദപ്പിള്ള ബാബുപോളുമൊത്ത് ഗ്രന്ഥമെഴുതാൻ തയാറായതുതന്നെ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരം. ഒപ്പം ബാബുപോളിന്റെ പിതാവ് പി.എ. പൗലോസ് കോർ എപ്പിസ്കോപ്പയോടുള്ള ആദരവിന്റെയും പ്രതിഫലനം. ഗിരിപർവ്വം, വേദശബ്ദരത്നാകരം തുടങ്ങി മുപ്പതിലധികം കൃതികൾ കൈരളിക്കു സംഭാവന ചെയ്ത ബാബുപോള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍മാരിലെ എഴുത്തുകാരനും എഴുത്തുകാരന്‍മാരിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമാണ്.