മലയാള സാഹിത്യരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിക്കുന്ന നവപ്രതിഭകള്‍ക്ക്, അവരുടെ രചനകള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ വായനക്കാരിൽ എത്തിക്കാം. നവമാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് പുതിയ രചനകള്‍ എത്തിക്കാനുള്ള ഡിജിറ്റല്‍വഴികള്‍ പരിചയപ്പെടുത്തുകയാണ് ഹോളിവുഡ് സംവിധായകനും കവിയുമായ സോഹന്റോയ്. പാക്കിസ്ഥാന്റെ പിടിയിലകപ്പെട്ട വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനനന്ദന് ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ള സോഹന്‍ റോയിയുടെ ''അഭിനന്ദന്‍'' കവിത സമാഹാരത്തിന് ''പോയട്രോള്‍'' എന്ന മൊബൈല്‍ ആപ്പിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കിക്കൊണ്ടാണ് അദ്ദേഹം ഈ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമിട്ടത്. 

നിരവധി ആസ്വാദകരെ, കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ നവമാധ്യമങ്ങളിലൂടെ സൃഷ്ടിക്കാന്‍ സാധിക്കുന്നത് ഈ മേഖലയിലേക്ക് ഒട്ടനവധി പ്രതിഭകളുടെ കടന്നുവരവിന് ഇടയാക്കും. അതോടൊപ്പം ആസ്വാദകര്‍ ഒരു സാഹിത്യസൃഷ്ടി ആസ്വദിക്കാനായി പണം ചിലവിടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട്, സാഹിത്യമേഖലയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വ്യവസായിക ഗ്രൂപ്പുകളുടെ സഹകരണത്തോടെ ഇത്തരം ഡിജിറ്റല്‍ പ്രസിദ്ധീകരണത്തിന് ആവശ്യമുള്ള ചിലവുകള്‍ കണ്ടെത്താനാവും എന്നും സോഹന്‍ റോയി അഭിപ്രായപ്പെട്ടു.

''ഇത്തരത്തിലുള്ള ഒരു രീതി സാര്‍വത്രികം ആവുകയാണെങ്കില്‍, കഴിവ് മാത്രം കൈമുതലായുള്ള പുതിയ എഴുത്തുകാര്‍ക്ക് അത് വളരെ പ്രയോജനം ചെയ്യുകയും അവര്‍ മലയാള സാഹിത്യലോകത്തെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരുകയും ചെയ്യും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ '' അദ്ദേഹം പറഞ്ഞു. 

സോഹന്‍ റോയ് രചന നിര്‍വഹിച്ച 'അഭിനന്ദനം' എന്ന കവിത മുമ്പ് നവമാധ്യമങ്ങളിലുള്‍പ്പടെ വൈറലായിരുന്നു. വായനക്കൊപ്പം കവിതയുടെ തീവ്രത ഒട്ടും ചോരാതെ സംഗീതരൂപത്തില്‍ക്കൂടി അത് ആസ്വദിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്ന 'പോയട്രോള്‍ ' എന്ന അപ്ലിക്കേഷന്റെ പ്രത്യേകത.

ഏരീസ് ഗ്രൂപ്പാണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകന്‍ ബി.ആര്‍. ബിജുറാം ആണ് സോഹന്‍ റോയിയുടെ വരികള്‍ സംഗീതരൂപത്തില്‍ ആസ്വാദകരില്‍ എത്തിച്ചിരിക്കുന്നത്. ''POETROLL'' എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ കവിതകളുടെ ഡിജിറ്റല്‍ രൂപം ആസ്വദിക്കാനാകും. നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ മാത്രം ലഭ്യമായിട്ടുള്ള ആപ്പ് വൈകാതെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാകും.

നവസാഹിത്യകാരന്മാര്‍ക്കുള്‍പ്പടെ തങ്ങളുടെ സൃഷ്ടികള്‍ ഈ ആപ്പിലൂടെ പങ്കുവെയ്ക്കാനും, അത് ആസ്വാദകരിലേക്ക് എത്തിക്കുവാനും പോയട്രോള്‍ ആപ്പിന്റെ അണിയറക്കാര്‍ സൗകര്യമൊരുക്കുന്നുണ്ട്.