ബഷീറിനെ നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വ്യസനമാണ് മുഹമ്മദ് മീരാൻ 25 കൊല്ലം മുൻപ് തിരൂരിലെ തുഞ്ചൻ പറമ്പിൽവച്ചു പരിചയപ്പെട്ട നേരത്ത് ആദ്യം പറഞ്ഞത്. പിറ്റേന്നു തന്നെ ഞാൻ അദ്ദേഹത്തെ ബേപ്പൂരിലെ വൈലാലിൽ കൊണ്ടുപോയി. അപ്പോഴേക്ക് ബഷീർ മരിച്ച് രണ്ടു മാസം കഴിഞ്ഞിരുന്നു. പലവട്ടം ബേപ്പൂരിൽ ചെല്ലാൻ ആലോചിച്ചതാണ്. പുറപ്പെടാൻ തീർച്ചയാക്കുന്നതിനിടയിലാണ് ആ മരണ വാർത്ത വന്നെത്തിയത്. 

തമിഴിലെ കേളികേട്ട കഥയെഴുത്തുകാരനാണെങ്കിലും അർധ മലയാളിയാണ് മീരാൻ. എഴുതിത്തുടങ്ങിയത് മലയാളത്തിൽ. ബഷീറിന്റെ പുസ്തകങ്ങൾ വായിച്ചാണു വായനയിലും എഴുത്തിലും കമ്പം തോന്നിയത്. ആദ്യം ബഷീറിന്റെ രചനകൾ തമിഴിലേക്കു പരിഭാഷപ്പെടുത്തി നോക്കി. അതു ശരിയാകുന്നില്ലെന്ന് കണ്ട് അവയുടെ അനുകരണങ്ങൾ എഴുതിനോക്കി. അതും പന്തിയാകുന്നില്ലെന്ന് കണ്ടു സ്വന്തക്കാരുടെയും നാട്ടുകാരുടെയും കിസ്സകൾ നോവലുകളായും കഥകളായും സ്വന്തം രീതിയിൽ എഴുതി പേരെടുത്തു. ആഖ്യാന ഭാഷയിലും ചിത്ര സംഭാഷണത്തിലുമെല്ലാം യഥാതഥമായ ഭാഷ. മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ നേർച്ചിത്രങ്ങൾ തമിഴ് ഭാഷയിൽ അവതരിപ്പിച്ചവരിൽ പ്രധാനിയാണ് മീരാൻ. പൗരോഹിത്യത്തെ എതിർക്കുകയും അനാചാരങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന നോവലുകളാണ് അദ്ദേഹത്തിന്റെ ഒരു കടലോര ഗ്രാമത്തിന്റെ കഥ, തുറമുഖം, ചാരുകസാല, കൂനൻ തോപ്പ്, അഞ്ചുവണ്ണ തെരുവ് എന്നിവ. ചെറുകഥകളുടെ സാമാന്യ സ്വഭാവവും ഇതുതന്നെ. 

പ്രാദേശിക ഭാഷ ഉപയോഗിച്ച് പ്രാദേശിക ജീവിതം ചിത്രീകരിക്കുന്ന സമ്പ്രദായത്തെ തമിഴ്നാട്ടിൽ വട്ടാരത്തമിഴ് എന്നു വിളിക്കും. ഈ വിളിയിൽ നിന്ദയൊന്നും ഇല്ലെങ്കിലും തന്റെ കൃതികളെ ആ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനോട് മീരാൻ യോജിച്ചിരുന്നില്ല. ഏതുകാലത്തെ ഏതു ദേശത്തെ തമിഴാണ് പ്രാദേശികമല്ലാത്തത് എന്നാണ് അദ്ദേഹം ചോദിച്ചിരുന്നത്. 

പല തലങ്ങളിലുള്ള അംഗീകാരം ഈ എഴുത്തുകാരൻ നേടിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ചാരുകസാലക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1997). ഇംഗ്ലിഷ്, ഹിന്ദി, മലയാളം തുടങ്ങി പല ഭാഷകളിലേക്കും ആ കൃതികളിൽ പലതും പരിഭാഷാ രൂപത്തിൽ ചെന്നെത്തിയിട്ടുണ്ട്. പ്രശസ്ത ഭാഷാ ശാസ്ത്രപണ്ഡിതൻ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ ‘കൂനൻ തോപ്പിന്’ തയാറാക്കിയ മലയാള വിവർത്തനം പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി (2005). 

പരിഷ്കരിച്ച അറബി ലിപിയിൽ മലയാളമെഴുതുന്ന കേരളത്തിലെ മുസ്‌ലിംകളുടെ സമ്പ്രദായം പോലെ ഒരു ലിഖിത പാരമ്പര്യം തമിഴിലും ഉണ്ട്. ഇതിന് അറബിത്തമിഴ് എന്നു പേര്. ചുരുക്കി ‘അർവി’ എന്നും. കേരളത്തിലേതിന്റെ ചരിത്രം കണ്ടുകിട്ടുന്നത് 17–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെങ്കിൽ തമിഴിലേതിന്റെ ചരിത്രം 14–ാം നൂറ്റാണ്ടിലേ ആരംഭിക്കും. ഇപ്പറഞ്ഞ രണ്ടു ധാരകളോടും സജീവമായ ബന്ധം പുലർത്തിപ്പോന്ന ഈ എഴുത്തുകാരന് അറബി– മലയാളത്തിലെ മോയിൻകുട്ടി വൈദ്യരുടെ കൃതികളോടും ഉറ്റ ബന്ധമുണ്ട്. വൈദ്യരുടെ ഹുസ്നുൽ ജമാൽ എന്ന കാവ്യത്തിന് ഞാൻ തയാറാക്കിയ ഗദ്യാവിഷ്കാരം അദ്ദേഹം തമിഴിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. 

കേരളത്തോടുള്ള ബന്ധം ജീവിതകാലം മുഴുവൻ മീരാൻ ഊഷ്മളമായി നിലനിർത്തി. മലബാറിലെ പല സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുകയും ഇവിടത്തെ മലയാള പ്രസിദ്ധീകരണങ്ങളിൽ മലയാളത്തിൽത്തന്നെ ലേഖനങ്ങൾ എഴുതുകയും പതിവായിരുന്നു. 

നമ്മുടെ എൻ.പി. മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുല്ല, യു.എ. ഖാദർ, പി.കെ. പാറക്കടവ് തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ മൊഴിമാറ്റം നടത്തിയതിലൂടെ മലയാളത്തിന് തന്നോടുള്ള കടപ്പാട് അദ്ദേഹം കനപ്പിച്ചിരിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഞാൻ തയാറാക്കിയ വൈക്കം മുഹമ്മദ് ബഷീർ (2008) എന്ന ഗ്രന്ഥം തമിഴാക്കിയത് അദ്ദേഹമാണ് എന്നത് ഞങ്ങൾക്കിരുവർക്കും ഒരുപോലെ ചാരിതാർത്ഥ്യത്തിന് വകയായി. 

എനിക്കിപ്പോൾ നഷ്ടമായത് കളങ്കമറിയാത്ത ഒരു കുടുംബ സുഹൃത്തിനെയും മടിയറിയാത്ത ഒരു സഹപ്രവർത്തകനെയുമാണ്. ഞങ്ങളുടെ അഭിരുചികളും താൽപര്യങ്ങളും അത്രമേൽ ഒരുമപ്പെട്ടിരുന്നു. 

യാദൃച്ഛികമാവാം, ബാല്യകാല സഖി ഇറങ്ങുന്ന വർഷത്തിലാണ് മീരാൻ ജനിച്ചത്. ബഷീറിന്റെ 25–ാം ചരമവാർഷികം ആചരിക്കുന്ന സന്ദർഭത്തിലാണ് അദ്ദേഹം അന്തരിച്ചത്.