അന്തരിച്ച മലയാളിയായ തമിഴ് എഴുത്തുകാരൻ തോപ്പിൽ മുഹമ്മദ് മീരാനെ സംസ്ഥാന സർക്കാരും കേരള സാഹിത്യ അക്കാദമിയും അവഗണിച്ചതായി ആക്ഷേപം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരന് അന്ത്യാഞ്ജലി അർപ്പിക്കാൻ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് ആരുമെത്തിയില്ല. മലയാളത്തിലടക്കം ഒട്ടേറെ കൃതികൾ എഴുതി, നിരവധി മലയാള കൃതികൾ തമിഴിലേക്കു വിവർത്തനം ചെയ്ത മീരാന്റെ നിര്യാണത്തിൽ സാഹിത്യ അക്കാദമിയും മൗനം പുലർ‍ത്തി. സർക്കാരിനെയോ സാഹിത്യ അക്കാദമിയെയോ പ്രതിനിധീകരിച്ച് ആരുടെയും സന്ദേശം ലഭിച്ചില്ലെന്നു മീരാന്റെ മകൻ ഷമീം അഹമ്മദും തിരുവനന്തപുരത്തു കഴിയുന്ന ബന്ധുക്കളും മനോരമയോടു പറഞ്ഞു.

വിദേശയാത്ര ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മീരാന്റെ നിര്യാണത്തിൽ രണ്ടുവരി അനുശോചന കുറിപ്പ് ഇറക്കിയെങ്കിലും അതേപ്പറ്റിയും സന്തപ്ത കുടുംബാംഗങ്ങൾക്കു വിവരമില്ല. തിരുനൽവേലി വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടാമെങ്കിലും ഫോൺ വഴിയെങ്കിലും ഒരാശ്വാസവാക്ക് മീരാന്റെ കുടുംബത്തിനു ലഭിച്ചില്ല.

മലയാള സാഹിത്യ ലോകവുമായി തോപ്പിൽ മുഹമ്മദ് മീരാന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സാമൂഹിക പരിവർത്തനങ്ങൾ തന്റെ രചനകളിലൂടെ അദ്ദേഹം വരച്ചുകാട്ടിയെന്നുമാണു മുഖ്യമന്ത്രി അനുശോചനക്കുറിപ്പിലെഴുതിയത്. പുതുതലമുറയിലടക്കം മലയാളത്തിലെ എഴുത്തുകാരുമായി ഉറ്റബന്ധമുണ്ടായിരുന്നെങ്കിലും പേരെടുത്തു പറയാനെങ്കിലും ഒരെഴുത്തുകാരൻ പോലും അവസാനമായി കാണാനെത്തിയില്ല. 

തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വവും എഴുത്തുലോകവും അർഹിക്കുന്ന യാത്രാമൊഴിയാണു നൽകിയത്. ഡിഎംകെ നേതാക്കളായ സ്റ്റാലിൻ, കനിമൊഴി എന്നിവർ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചു ദു:ഖം രേഖപ്പെടുത്തി. ചെന്നൈയിൽ ഡിഎംകെ നേതാവിന്റെ മരണത്തെ തുടർന്നാണ് എത്തിച്ചേരാൻ കഴിയാത്തതെന്നും അടുത്ത ദിവസം തന്നെ വീട്ടിലെത്തുമെന്നും കനിമൊഴി അറിയിച്ചിട്ടുണ്ട്. 

എംഡിഎംകെ നേതാവ് വൈകോ നേരിട്ടെത്തി അന്ത്യാജ്ഞലി അർപ്പിച്ചു. തമിഴ്നാട്ടിലെ ഒട്ടേറെ എംഎൽഎമാരും എഴുത്തുകാരും അന്ത്യയാത്രയിൽ പങ്കെടുത്തു.

കന്യാകുമാരി ജില്ലയുടെ രൂപീകരണത്തോടെയാണ് തെക്കൻ തിരുവിതാംകൂറുകാരനായിരുന്ന മീരാൻ തമിഴ്നാട്ടുകാരനായത്. 

മലയാളിയായതിനാൽ തമിഴകവും തമിഴ് ഭാഷയിൽ എഴുതുന്നതിനാൽ മലയാള സാഹിത്യലോകവും തന്നെ അവഗണിക്കുവെന്നായിരുന്നു ജീവിച്ചിരിക്കുമ്പോൾ തോപ്പിൽ മുഹമ്മദ് മീരാന്റെ സങ്കടം. മരണത്തിൽ പക്ഷേ തമിഴകം മര്യാദ പുലർത്തി, കേരളം കണ്ടില്ലെന്നു നടിച്ചു.