എന്റെ ശരികളും എത്തിച്ചത് തെറ്റുകളിലേക്കാണെന്നത് ഒരു തിരിച്ചറിവാണ്. അനുഭവങ്ങളുടെ ആകെത്തുകയില്‍ ഊറിവരുന്ന സത്യം. കുറ്റബോധമോ പശ്ഛാത്താപമോ ഇല്ലാത്ത പരമസത്യം. എല്ലാ ശരികളും തെറ്റുകളില്‍ എത്തിച്ചെങ്കില്‍ തെറ്റിലൂടെ ഈശ്വരനിലേക്കു നടന്നടുക്കാന്‍ പറയുന്നവരുണ്ട്. പുറപ്പെടാനുള്ള സമയം അടുത്തിരിക്കുന്നു എന്ന് അറിയുന്നവരെ വേഗം വീഴ്ത്തുന്ന ചതിക്കെണി. എങ്കിലും, വ്യാമോഹങ്ങളുടെ കെണിയില്‍ വീഴാതെ, പ്രലോഭനങ്ങളുടെ ചതുപ്പില്‍ വഴിതെറ്റാതെ, വ്യാജവാഗ്ദാനങ്ങളില്‍ ചുണ്ടുടക്കാതെ പഴവിള രമേശന്‍ എഴുതുന്നു

അനുസരിക്കാന്‍ 

എനിക്കു 

കഴിയുന്നില്ല 

ഈ കഴിവില്ലായ്മയാണ് പഴവിള രമേശന്‍ എന്ന കവിയുടെ കരുത്ത്. അനുസരണക്കേടിന്റെ വീറും വാശിയും. ഇതദ്ദേഹം ആര്‍ജിച്ചതാകട്ടെ ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം മറഞ്ഞുപോയ ഒരു കാലത്തില്‍നിന്ന്. കാലം അകന്നുപോയെങ്കിലും ശബ്ദങ്ങള്‍ ഇന്നും ബാക്കിയാണ്.

കറുത്ത കാലം പേടിപ്പിച്ചിട്ടും ഭയരൂപങ്ങള്‍ ആര്‍ത്തട്ടഹിസിച്ചിട്ടും കൂട്ടായ്മയുടെ കരുത്തിലും ഉള്ളിലെ തീയുടെ വെളിച്ചത്തിലും പേടിയുടെ കിടങ്ങ് ചാടിക്കടന്ന കാലം. സുവര്‍ണകാലം അസ്തമിച്ചെങ്കിലും സുഹൃത്തുക്കള്‍ യാത്ര പറയാതെയും പറഞ്ഞും പിരിഞ്ഞുപോയെങ്കിലും അന്നത്തെ സൗഹൃദങ്ങളില്‍നിന്നു കൊളുത്തിയ അക്ഷരത്തിന്റെ പന്തവുമായി പഴവിള ഉറങ്ങാതിരിക്കുന്നു. കവിതയുടെ കനല്‍ ജ്വലിപ്പിച്ചും അനുഭവത്തിന്റെ മൂശയില്‍ സത്യത്തെ ഊതിക്കാച്ചിയെടുത്തും. പുറപ്പെടാനുള്ള സമയം അടുത്തുടത്തുവരുന്നു എന്നദ്ദേഹം തിരിച്ചറിയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ത്തന്നെയെന്ത്. ഈശ്വരനിലേക്കുള്ള വഴി ഏറ്റവും വലിയ ചതിക്കുഴിയാണെന്നുള്ള തിരിച്ചറിവ് ഒരേയൊരു ശരിയായിക്കരുതി അദ്ദേഹം മനുഷ്യനില്‍ എത്തുന്നു. മനുഷ്യന്‍ എന്ന ദൈവത്തില്‍. മനുഷ്യനെ വിശ്വസിച്ചിട്ടും കാല്‍ ഒരെണ്ണം പഴവിളയ്ക്ക് നഷ്ടപ്പെട്ടു. വീണുവെന്നു കരുതിയെങ്കില്‍ തെറ്റി. തളര്‍ന്നെന്നു വിചാരിച്ചെങ്കില്‍ തകര്‍ന്നു. സമയമാകുമ്പോഴും ഒരു പടക്കുതിരയുടെ വീറ് ചുരമാന്തുന്നു. കവിതയുടെ ഉള്‍ക്കനമാണു പഴവിള. 

ഞാന്‍ 

എത്തേണ്ടിടം 

ഇനിയും

കാണുന്നില്ലല്ലോ.

കാണാന്‍

കഴിയാത്തിടത്തേക്കുള്ള

ഈ യാത്രയില്‍

എനിക്കു

മനുഷ്യാ

നിന്നെയും

കാണാന്‍ കഴിയുന്നില്ലല്ലോ!

അനുഭവങ്ങളെന്നപോലെ സാമൂഹിക ചലനങ്ങളെയും  ചരിത്രസ്പന്ദനങ്ങളെപ്പോലും വ്യക്തിയധിഷ്ഠിതമായ തിരച്ചറിവിലൂടെ അരിച്ചെടുത്ത് കവിതയുടെ മായാവേഷം ധരിപ്പിച്ച കവിയാണ് പഴവിള രമേശന്‍. അരനൂറ്റാണ്ടിലേറെ പത്രപ്രവര്‍ത്തകനായും കവിയായും സാമൂഹിക നിരീക്ഷകനായും സുഹൃത്തായും സഖാവായും നിറഞ്ഞുകത്തിയ വ്യക്തിത്വം. തളര്‍ത്താനെത്തിയ രോഗങ്ങളെ അവഗണിച്ചും കിടക്കപ്പായയിലേക്കു തള്ളിയിട്ട വേദനകളെ തിരസ്കരിച്ചും ഒരു കവിയെന്ന നിലയില്‍ പഴവിഴ എന്നും ഉയിര്‍ത്തെഴുന്നേറ്റിരുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഉടല്‍ എന്ന ഏറ്റവും പുതിയ കാവ്യസമാഹാരം നോക്കുക. ആത്മാര്‍ഥതയുടെ തെളിനീരുറവയായും അനുഭവസത്യത്തിന്റെ അടിസ്ഥാനശിലകളായും അനുഭവപ്പെടുമ്പോഴും ആര്‍ദ്രതയുടെ മ‍‍ഞ്ഞും സ്നേഹത്തിന്റെ കിരണങ്ങളും മാനവികതയുടെ വെയിലും പക്ഷിയുടെ തൂവലുകള്‍പോലെ ഈ കവിതകളില്‍ ചിറകടിക്കുന്നു. നിയതമായ നിയമങ്ങള്‍ക്കോ നിശ്ഛയദാർഢ്യത്തിന്റെ വൃത്തങ്ങള്‍ക്കോ വഴങ്ങാതെ കഥയായും അനുഭവമായും കഥനമായും ഒഴുകിപ്പടരുന്ന സാന്ത്വനഗീതികള്‍. ആശയും ആവേശവും ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ആത്മാവിന്റെ നേര്‍സാക്ഷ്യങ്ങള്‍.  ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഉടലുണ്ട് പഴവിളയുടെ കവിതകൾക്ക്... അവയ്ക്ക് മരണമില്ല.

അധികാരമാറ്റങ്ങളിലൂടെ

അന്യം നിന്നുപോയ തറവാട്ടില്‍

മരണത്തിന്റെ പുരാവൃത്തങ്ങള്‍

തേടിയുള്ള

എന്റെ ഈ ഇരുപ്പ്

ഒരു നാടിന്റെ തന്നെ

സ്വരഭംഗമെന്നാണോ

പ്രിയഗാനമേ ജീവിതമേ

നീയറിയുന്നത്?