വിശ്വസാഹിത്യത്തിലെ കൊടുമുടിയാണു ഫയദോർ ദസ്തയേവ്‌സ്കിയുടെ കാരമസോവ് സഹോദരൻമാർ. എഴുത്തുകാരൻ എന്ന നിലയിൽ ഏറെ അത്ഭുതങ്ങൾ സൃഷ്ടിച്ച ദസ്തയേവ്‌സ്കിയുടെ അവസാന നോവൽ കൂടിയാണിത്. ‘ഒരു മഹാപാപിയുടെ ജീവിതം’ എന്നപേരിൽ എഴുതാൻ തീരുമാനിച്ച നോവൽ പരമ്പര അദ്ദേഹത്തിനു പൂർത്തിയാക്കാൻ സാധിച്ചില്ല. നോ‌വൽ ഒരു മാസികയിൽ പരമ്പരയായി പ്രസിദ്ധീകരണം തുടങ്ങി 4 മാസത്തിനകം അദ്ദേഹം മരിച്ചു.

ഫയദോർ പാവ്‌ലോവിച്ച് കരമസോവിന്റെയും മക്കളുടെയും കഥയാണു നോവലിൽ പറയുന്നത്. ആദ്യ പകുതിയിൽ ഫയദോറിന്റെയും മക്കളുടെയും ജീവിതമാണു വിശദീകരിക്കുന്നത്. രണ്ടാം പാതിയിൽ ഫയദോറിന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ്. 4 മക്കളാണ് അയാൾക്ക്. ഫയദോറിനു രണ്ടു ഭാര്യമാരിൽ പിറന്നവരാണ് 3 മക്കൾ. ഒരാൾ ജാരസന്ധതിയും. പിതാവിന്റെ പരിഗണന ലഭിക്കാതെയാണു മക്കളുടെ വളർച്ച. മൂത്ത മകൻ ദിമിത്രി പിതാവിന്റെ തനി സ്വരൂപമാണ്. തന്റെ  ഇഷ്ടങ്ങൾക്കനുസരിച്ചാണ് അയാളുടെ ജീവിതം. പിതാവിന്റെ ഇഷ്ടക്കാരി ഗ്രഷാങ്കയുമായി അയാൾ അടുക്കുന്നു. പിതാവിനെ ശത്രുവായി പരിഗണിക്കുന്നു.  ദുർനടപ്പിനായി പിതാവിൽ നിന്നു പലപ്പോഴായി അയാൾ പണം വാങ്ങുന്നുണ്ട്. ആ പേരിൽ കുടുംബ വിഹിതം അയാൾക്കു നഷ്ടപ്പെടുന്നു. തന്റെ പ്രണയത്തെ പണംകൊണ്ടു സ്വന്തമാക്കാൻ ശ്രമിക്കുന്ന പിതാവിനെ വധിക്കാൻ അയാൾ പദ്ധതിയിടുന്നു.

ദിമിത്രിയുടെ അനുജന്മാരാണ് ഇവാനും അലോഷിയും. ഏറെ പഠിപ്പും വായനയുമുള്ള ഇവാൻ ബുദ്ധിജീവിയാണ്. ഒപ്പം നിരീശ്വരവാദിയും വിപ്ലവകാരിയും. ഏറ്റവും ഇളയവനായ അലോഷി വിശ്വാസിയാണ്. സാത്വികനും ദൈവഭക്തനുമാണ്. അയാൾ ഒരു സന്യാസാശ്രമത്തിൽ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. 

അലോഷിയുടെ ആത്മീയഗുരു സോസിമാ പാതിരി, ഫയദോറിന്റെ പാചകക്കാരൻ,  ജാരസന്ധതി സ്മർഡിയോക്കോവ്  എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങൾ. ഫയദോറിന്റെ വീട്ടിലെ  വേലക്കാരനായാണ് സ്മർഡിയോക്കോവിന്റെ ജീവിതം. 

അയാളും പിതാവിനെ വധിക്കാൻ തക്കം പാർത്തിരിക്കുകയാണ്. 

കഥയുടെ പകുതിയിൽ പിതാവു കൊല്ലപ്പെടുന്നു. 3 മക്കൾക്കും പിതാവിന്റെ കൊലപാതകത്തിൽ പഴി കേൾക്കേണ്ടി വരുന്നു. സ്മർഡിയോക്കോവ് ഇവാനോട് താനാണ് പിതാവിനെ കൊന്നതെന്നു വെളിപ്പെടുത്തുന്നു. ഒപ്പം പിതാവിന്റെ കൊലപാതകത്തിൽ  ഇവാനും ഉത്തരവാദിത്വമുണ്ടെന്നു സ്ഥാപിക്കുന്നു. അതോടെ പിതാവിന്റെ മരണത്തിനു പിന്നിൽ താനാണെന്നു വിശ്വസിക്കുന്ന ഇവാൻ കുറ്റം ഏറ്റെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇവാന്റെ കാമുകി കാതറിൻ, ദിമിത്രി തനിക്കെഴുതിയ ഒരു കത്ത് കോടതിയിൽ സമർപ്പിക്കുന്നു. അതിൽ പിതാവിനെ താൻ കൊല്ലുമെന്ന് ദിമിത്രി എഴുതിയിട്ടുണ്ട്. സാഹചര്യ തെളിവുകളനുസരിച്ച്, നിരപരാധിയായ ദിമിത്രി കുറ്റക്കാരനാണെന്നു കോടതി വിധിക്കുന്നു. ശിക്ഷയ്ക്കായി കൊണ്ടുപോകുന്ന സഹോദരനെ രക്ഷിക്കാൻ ഇവാനും ഗ്രഷാങ്കയും പദ്ധതി ഒരുക്കുന്നു. അങ്ങനെ ആകാംഷയുടെ മുൾമുനയിൽ വായനക്കാരെ കുരുക്കിയിട്ട് കഥ അവസാനിക്കുന്നു. ലോക സാഹിത്യത്തിലെ ഈ കൊടുമുടി വായനയെ സ്നേഹിക്കുന്നവരുടെ എക്കാലത്തെയും പ്രിയപ്പെട്ട പുസ്തകമാണ്.