മനുഷ്യര്‍ മനുഷ്യരോടാണു സംസാരിക്കുന്നത്. അതാണു ജീവിതത്തിന്റെ പതിവ്. പക്ഷേ, മൃതദേഹത്തോടു സംസാരിച്ച ഒരു മനുഷ്യനുണ്ട്. ആ സംസാരത്തിലൂടെ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസവും സാന്ത്വനവും പകര്‍ന്ന മനുഷ്യന്‍. ജഡവസ്തുക്കളോടു പോലും സംസാരിച്ച്, തെളിവുകളിലേക്ക് സഞ്ചരിച്ച് ജനന-മരണങ്ങളുടെ നിഗൂഢത കണ്ടെത്താന്‍ ശ്രമിച്ച മനുഷ്യന്‍. ആ മനുഷ്യനും ഓര്‍മയായിരിക്കുന്നു- ഡോ.ബി. ഉമാദത്തന്‍. 

പൊലീസ് സര്‍ജന്‍ എന്ന ജോലിയിലൂടെ ഫൊറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയ വ്യക്തിയായിരുന്നു ഉമാദത്തന്‍. സത്യസന്ധമായും ആത്മാര്‍ഥമായും ജോലി ചെയ്തു എന്നു മാത്രമല്ല, തന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും അദ്ദേഹം രസകരമായും കൗതുകകരമായും രേഖപ്പെടുത്തുകയും ചെയ്തു. അപൂര്‍വമായ ഒരു ശാസ്ത്രശാഖയ്ക്കു ലഭിച്ച വിലപ്പെട്ട സംഭാവനകള്‍. കുറ്റാന്വേഷണത്തിന്റെ വൈദ്യശാസ്ത്രം, ക്രൈം കേരളം, ഒരു പൊലീസ് സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍, അവയവ ദാനം-അറിയേണ്ടതെല്ലാം എന്നീ പുസ്തകങ്ങളിലൂടെ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രമാണ് ഉദാമത്തന്‍ എഴുതിയത്. 

മൃതദേഹത്തില്‍നിന്നുമാണ് കേരളത്തെ ഞെട്ടിച്ച പ്രമാദമായ പല കൊലക്കേസുകളുടെയും അന്വേഷണം ഡോ.ഉമാദത്തന്‍ തുടങ്ങുന്നത്. കൊലപാതകമോ ആത്മഹത്യയോ ആകാം. അപകടമരണമോ ഒറ്റപ്പെട്ട യാദൃഛികമായ മരണമോ ആകാം. മൃതദേഹം കാണപ്പെടുന്നതോടെ കുടുംബം ഉണരുന്നു. സമൂഹം ഉണരുന്നു. നീതിപീഠവും സര്‍ക്കാരും ഉണരുന്നു. അതോടെ ഡോക്ടറുടെ ജോലി തുടങ്ങുകയായി. സംസാരിക്കാത്ത, ജീര്‍ണിച്ച, അടുത്തു ചെല്ലാന്‍ അറപ്പു തോന്നിക്കുന്ന ഒരു മൃതദേഹം എങ്ങനെയാണ് അന്വേഷണത്തെ സഹായിക്കുക എന്ന ചോദ്യം സ്വാഭാവികം. ഇവിടെയാണ് ഫൊറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയുടെ സാധ്യതകള്‍. ഡോക്ടറുടെ അസാധാരണമായ കഴിവുകള്‍ പ്രവര്‍ത്തിക്കുക. ഓരോ മൃതദേഹവും കുറെയധികം തെളിവുകള്‍ അവശേഷിപ്പിക്കുന്നുണ്ട്. അവ മനസ്സിലാക്കുകയും തെളിവുകളെ മനുഷ്യരുമായി ബന്ധിപ്പിച്ച് വിശ്വാസനീയ സാഹചര്യങ്ങളിലേക്ക് കൊണ്ടുപോകുകയുമാണ് ഡോക്ടര്‍ ചെയ്യുന്നത്. മൃതദേഹം സംസാരിക്കുന്നത് കൃത്യമായി, സൂക്ഷ്മമായി മനസ്സിലാക്കുക എന്നതാണു കഴിവ്. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂര്‍ സോമന്‍ കേസ്, റിപ്പര്‍ കൊലപാതകങ്ങള്‍, ഇന്നും പൂര്‍ണമായി ചുരുളഴിയാത്ത അഭയാ കേസ് എന്നീ കുപ്രശസ്തക സംഭവങ്ങളിലെല്ലാം അന്വേഷകന്റെ റോളില്‍ ഡോക്ടര്‍ ഉണ്ടായിരുന്നു. ഫൊറന്‍സിക് മെഡിസിന്‍ സാധ്യതകള്‍ ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഇടപെടലുകളാണ് പല കേസുകള്‍ക്കും തുമ്പുണ്ടാക്കിയതും കേരളത്തിന്റെ ആകാംക്ഷ ശമിപ്പിച്ചതും.