മലയാള കഥയുടെ ഒന്നേകാൽ നൂറ്റാണ്ടിലൂടെ ഒരു സഞ്ചാരം... ലിജീഷ് കുമാർ എഴുതുന്ന പംക്തി - 'കഥകൾ  /കഥ പറഞ്ഞ മനുഷ്യർ-ഭാഗം 1'.

വജ്രബാഹു, വജ്രസൂചി, കേസരി, ദേശാഭിമാനി, വി.കെ ഒരു നായനാര്‍, ഒരു നായര്‍ നമ്പ്യാര്‍, ഒരു മലയാളി, ചാപ്പന്‍ നായര്‍, കേരള സഞ്ചാരി, ഉദ്ദണ്ഡന്‍ !! ഒരു കാലത്ത് മലയാളം മാസികകളിൽ എഴുത്തുകാരന്റെ പേരായി പ്രത്യക്ഷപ്പെട്ട പേരുകളാണിവ. എല്ലാത്തിനും ഉടമ ഒരാളാണ്, വേങ്ങയിൽ കുഞ്ഞിരാമന്‍ നായനാർ. അയാൾ മലയാളത്തിന്റെ മാർക് ട്വയിനാണെന്ന് ഉള്ളൂർ പറഞ്ഞത് ചുമ്മാതല്ല, ആ തൂലികാ നാമങ്ങൾ പോലും എന്നാ സറ്റയറാണെന്നേ.

ഒരിക്കൽ സഞ്ജയന്റെയും ഇ.വി.കൃഷ്ണപിള്ളയുടെയും പൊട്ടിച്ചിരിയെ നിരൂപിച്ചപ്പോൾ ഇഎംഎസ് എഴുതി: നായനാരെക്കാളും ഉയർന്ന സ്ഥാനമൊന്നും ഇവരാരും അർഹിക്കുന്നില്ല !! സത്യമാണത്, അന്നത്തെ വായനാലോകം അത് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി. അച്യുതമേനോന്റെ വിദ്യാവിനോദിനിയില്‍ 'വാസനാവികൃതി' അച്ചടിച്ചു വന്നപ്പോഴുള്ള കാര്യമറിയുമോ, കഥയുടെ കൂടെ എഴുതിയയാളുടെ പേരില്ല. രാജശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ രസികനായ ഒരു കള്ളൻ, ഇക്കണ്ടക്കുറുപ്പ്. ആ കള്ളന്റെ ഏറ്റുപറച്ചിലാണ് വാസനാവികൃതി. ആശയവും എഴുത്തിലെ നർമവും മതിയായിരുന്നു അതിന്റെ ഉടമസ്ഥാവകാശം കുഞ്ഞിരാമന്‍ നായനാർക്കാണെന്ന് ലോകം ഉറപ്പിക്കാൻ.

അതിനു മുമ്പും മലയാളഭാഷയില്‍ കഥകൾ അച്ചടിച്ചുവന്നിട്ടുണ്ട്. പുരാണകഥകളും ഉപദേശകഥകളും മൊഴിമാറ്റകഥകളും വന്നിട്ടുണ്ട്. 1824 ല്‍, വാസനാവികൃതിക്കും 67 വര്‍ഷം മുമ്പ്, കോട്ടയം സിഎംഎസ് പ്രസ്സില്‍നിന്ന് ‘ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം’ എന്ന പേരിൽ മൊഴിമാറ്റകഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1849 ൽ ജ്ഞാ‌‌നനിക്ഷേപം മാസികയില്‍ ആനയെയും തുന്നനെയും കുറിച്ചുള്ള കഥ വന്നിട്ടുണ്ട്. 1860 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മദിരാശി ഗവണ്‍മെന്റിന് വേണ്ടി തയാറാക്കിയ മലയാളം പാഠമാലയിലും 1867 ല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാൻ തയാറാക്കിയ പാഠാവലിയിലും കഥകള്‍ ഉണ്ട്. 1873 ൽ, എഴുതിയതാരാണെന്ന് ഇന്നും നിശ്ചയമില്ലാത്ത 'അയല്‍ക്കാരനെ കൊന്നവന്റെ കഥ' എന്ന കഥ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസികയായ വിദ്യാവിലാസിനിയുടെ ഒന്നാം ലക്കത്തില്‍ത്തന്നെ 'ഒരു കല്ലന്‍' എന്ന കഥ ഉണ്ട്, അങ്ങനെ പലതുമുണ്ട്. 

പക്ഷേ ഈ കഥകളിലൊന്നും മലയാളിയോ അവൻ ജീവിച്ച പരിസരമോ ഇല്ല. ഉദാഹരണത്തിന് 'ഒരു കല്ലന്‍' എന്ന കഥയെടുത്താല്‍, അതു തുടങ്ങുന്നത് 'ജപ്പാന്‍ ദ്വീപില്‍ ഒരിക്കല്‍' എന്നു പറഞ്ഞുകൊണ്ടാണ്. അപ്പോൾ വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ എന്നത് ഒരു ചുമ്മാ പറച്ചിലല്ല. മലയാളിത്തമില്ലാത്ത ദേശങ്ങളെയും ജീവിതങ്ങളെയും കടന്ന് മലയാളി തന്നെ കണ്ടെത്തുകയായിരുന്നു വാസനാവികൃതിയിൽ. അപ്പോൾ മലയാളി കഥ വായിച്ച് തുടങ്ങിയ കൊല്ലമല്ല 1891, അത് മലയാളി സ്വന്തം കഥ വായിച്ചു തുടങ്ങിയ വർഷമാണ്.

പയ്യന്നൂരിനടുത്ത് പാണപ്പുഴയിലാണ് കുഞ്ഞിരാമൻ നായനാരുടെ വേങ്ങയില്‍ വീട്. അതദ്ദേഹത്തിന്റെ തറവാടാണ്. തലശ്ശേരിക്കും കതിരൂരിനുമിടയിൽ അദ്ദേഹം രണ്ടു വീടുകൾ വച്ചിട്ടുണ്ട്, ചെറിയ കപ്പരട്ടി എന്നും വലിയ കപ്പരട്ടി വീട് എന്നുമാണ് അവയുടെ പേര്. ആ വീടുകൾ ഇന്നും അവിടുണ്ട്. റോഡിന് അദ്ദേഹത്തിന്റെ പേരാണ്, ‘നായനാർ റോഡ്.' 

കഥ അനുദിനം മാറുകയല്ലേ. ഒരു കൗതുകത്തിനല്ലാതെ പഴയതൊക്കെ നാം നെഞ്ചേറ്റി വായിക്കുമോ? അങ്ങനെ വായിക്കപ്പെടേണ്ടതുണ്ടോ? അറിയില്ല. ചിലതെല്ലാം ഇങ്ങനൊക്കെയായിരിക്കും ഓർമിക്കപ്പെടുക; വഴിയായും വീടായും ഒക്കെ.

ഒരിക്കൽ മൂര്‍ക്കോത്ത് കുമാരനോട് ചന്തുമേനോന്‍ പറഞ്ഞത്രേ, ''എഴുതുമ്പോള്‍ നായനാരെപ്പോലെ എഴുതാന്‍ ശീലിക്കണം'' എന്ന്. നോക്കൂ, ആ എഴുത്താണിത്. കുഞ്ഞിരാമൻ നായനാർ കഥ പറയുന്നത് കേൾക്കൂ:

''എന്റെ വീട് കൊച്ചിശ്ശീമയിലാണ്. കാടരികായിട്ടുള്ള ഒരു സ്ഥലത്താണെന്നു മാത്രമേ ഇവിടെ പറയാൻ വിചാരിക്കുന്നുള്ളൂ. ഒരു തറവാട്ടിൽ ഒരു താവഴിക്കാർ കറുത്തും വേൊരു താവഴിക്കാർ വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങൾക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാൽ നിറഭേദമുള്ളതു ദേഹത്തിനല്ല, മര്യാദയ്ക്കാണ്. എല്ലാ കാലത്തും ഒരുവകക്കാര് മര്യാദക്കാരും മറ്റേ വകക്കാര് അമര്യാദക്കാരുമായിട്ടാണ്. ഈ വേർതിരിവ് ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണവന്മാരുടെ കാലത്തേ ഉള്ളതാണ്. അമര്യാദ താവഴിയിലാണ് എന്റെ ജനനം.''

ഒന്നേകാൽ നൂറ്റാണ്ട് മുമ്പുള്ള ഒരു മനുഷ്യന്റെ കഥ പറച്ചിലാണിത്. കുഞ്ഞിരാമൻ നായനാരെ വായിക്കണം. വാസനാവികൃതി മാത്രമല്ല, ദ്വാരകയും മദിരാശിപ്പിത്തലാട്ടവുമെല്ലാം വായിക്കണം. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർക്ക് സ്തുതി.

മലയാളത്തിലെ ആദ്യത്തെ ചെറുകഥ വാസനാവികൃതി വായിക്കാൻ ക്ലിക്ക് ചെയ്യുക.