''കഴിഞ്ഞ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്തും ഞാൻ ബഹിഷ്കൃതനായി. െഎക്യകക്ഷി വന്നപ്പഴും ഞാൻ ത്യാജ്യനായി. സംഗീതവും സാഹിത്യവും അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്തവരാണ് ഇതിൽ പലരും. ആയിരം കഴുതകളുടെ കൂടിയാലോചനയിൽനിന്ന് ഒരു മനുഷ്യബുദ്ധി സംജാതമാകുന്നില്ല. അതു പോട്ടെ. അതെക്കുറിച്ച് അവിടുന്ന് വിഷമിക്കണ്ട. സാറിന്റെ സുകു എന്നും ഇൗയുള്ളവരെക്കാളും മിടുക്കനാണ്. അവരൊന്നിച്ച് ഒരു ഘോഷയാത്രയായി വന്നാലും കലാപരമായും സാഹിത്യപരമായും അവിടുത്തെ വാൽസല്യം നിറഞ്ഞ സുകുവിനെ ജയിക്കാൻ പോകുന്നില്ല. അവിടുന്ന് അങ്ങിനെ സമാധാനപ്പെടണം.'' – തിക്കുറിശ്ശി സുകുമാരൻ നായർ ആദ്യകാല നിർമാതാവ് കെ. വി. കോശിക്ക് അയച്ച കത്തിലെ ആദ്യവരികളാണിത്. 

കൊച്ചി മറൈൻഡ്രൈവിലെ പ്രസ്റ്റീജ് അപ്പാർട്മെന്റ്സിലെ 2072 ാം നമ്പർ ഫ്ലാറ്റിൽ ഇൗ കത്ത് അപൂർവ നിധി പോലെ കാക്കുകയാണ് കെ. കെ. ചെറിയാൻ, മലയാള സിനിമയിലെ ആദ്യകാല നിർമാതാവ്  കെ. വി. കോശിയുടെ മകൻ. ആദ്യകാലത്ത് സിനിമാ മേഖലയിൽ പ്രവർത്തിച്ചവരുടെ സ്നേഹകൂട്ടായ്മയുടെ തെളിവുകളായ, അവരുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകളും സിനിമയുമായി ബന്ധപ്പെട്ട ആദ്യകാല പ്രസിദ്ധീകരണകളും ചെറിയാന്റെ ശേഖരത്തിലുണ്ട്. 

വക്കീലായി ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് സിനിമാ വ്യവസായത്തിൽ മുഴുവൻ സമയവും ചെലവഴിച്ചതിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ‘എന്റെ സിനിമാ സ്മരണകൾ’. കെ. വി. കോശിയുടെ അന്ത്യകാലത്താണ് പുസ്തകത്തിന്റെ ആദ്യപതിപ്പിറങ്ങിയത്. ആ കോപ്പി മുഴുവൻ തീർന്നു പോയതിനാൽ പല ആവശ്യക്കാർക്കും പല തവണ പുസ്തകത്തിന്റെ ഫോട്ടോകോപ്പിയെടുത്തു നൽകേണ്ടി വന്നു. 

കെ. വി. കോശി താമസിച്ചിരുന്ന വള്ളംകുളത്തെ വീടിനടുത്തുള്ള റോഡിന് ഇരവിപേരൂർ പഞ്ചായത്ത് 'കെ. വി. കോശി' റോഡ് എന്നു നാമകരണം ചെയ്ത വേളയിൽ മകൻ കെ. കെ. ചെറിയാനാണ് ‘എന്റെ സിനിമാ സ്മരണകൾ’ പുനഃ പ്രസദ്ധികരിച്ചത്.