ചെറുതുരുത്തി, ചാലക്കുടി, ഷൊർണൂർ എന്നിവിടങ്ങളിലായിരുന്നു കവി ആറ്റൂർ രവിവർമയുടെ സ്കൂൾ വിദ്യാഭ്യാസം. ഏഴു പതിറ്റാണ്ടിലേറെ നീണ്ട കാവ്യജീവിതം ആരംഭിക്കുന്നത് കോഴിക്കോട് സാമൂതിരി കോളജിലെ ഇന്റർമീഡിയറ്റ് പഠനകാലത്ത്. കമ്യൂണിസ്റ്റ് ചിന്താധാരയ്ക്കനുസരിച്ചു കാവ്യഹൃദയവും രൂപപ്പെട്ടു. വിദ്യാർഥി സമരത്തിന്റെ പേരിൽ അറസ്റ്റും ലോക്കപ്പ് വാസവും അനുഭവിക്കേണ്ടിവന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഉപരിപഠന കാലത്ത് ഒഎൻവി കുറുപ്പ് അടക്കമുള്ള സമകാലീന കവികളുമായി ചങ്ങാത്തത്തിലായത് സാഹിത്യ ജീവിതത്തെ മാറ്റിമറിച്ചു. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപന ജീവിതം തുടങ്ങി. തലശേരി ബ്രണ്ണൻ കോളേജിലെ അധ്യാപനകാലത്ത് മഹാകവി പി. കുഞ്ഞിരാമൻ നായരുമായി അടുപ്പത്തിലായി. ‘പി’യെക്കുറിച്ചെഴുതിയ മേഘരൂപൻ എന്ന കവിത പിൽക്കാലത്തു പ്രശസ്തമായി. 

കവിതയ്ക്കും വിവർത്തനത്തിനും കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻ പുരസ്കാരം, സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, മഹാകവി പി. കുഞ്ഞിരാമൻ നായർ പുരസ്കാരം എന്നിവയടക്കം ഒട്ടേറെ ബഹുമതികൾ ലഭിച്ചു. 

ഭാര്യ: ശ്രീദേവി. മക്കൾ: നൗഷദ് (എൻജിനീയർ, യുഎസ്), ഡോ. പ്രവീൺ (കാർഡിയോളജിസ്റ്റ്, തൃശൂർ ജൂബിലി മിഷൻ ആശുപത്രി), റീത്ത. മരുമക്കൾ: ശങ്കരവാരിയർ (റിട്ട. എൻജിനീയർ പവർഗ്രിഡ് ), ഡോ. ജാനകി മേനോൻ (അസോഷ്യേറ്റ് പ്രഫ. പീഡിയാട്രിക് വിഭാഗം, തൃശൂർ മെഡിക്കൽ കോളജ്), ഷെറിൽ (യുഎസ്). 

1986ൽ ജോലിയിൽ നിന്നു വിരമിച്ച ശേഷം തൃശൂർ രാഗമാലികാപുരത്തെ ശഹാന എന്ന വീട്ടിലായിരുന്നു എഴുത്തുജീവിതം. കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് അംഗമായും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 

കവിത, കേരള കവിതാഗ്രന്ഥാവരി, ആറ്റൂർ രവിവർമയുടെ കവിതകൾ (ഒന്നും രണ്ടും ഭാഗങ്ങൾ) എന്നിവ പ്രധ‍ാന സൃഷ്ടികൾ. ജെജെ ചില കുറിപ്പുകൾ, പുളിമരത്തിന്റെ കഥ, നാളെ മറ്റൊര‌‍ുനാൾ മാത്രം, രണ്ടാം യാമങ്ങളുടെ കഥ എന്നീ തമിഴ് നോവലുകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. പുതുനാനൂറ്, ഭക്തികാവ്യം എന്നീ കവിതകളും തമിഴിൽ നിന്നു വിവർത്തനം ചെയ്തു.