ആട്ട ഗലാട്ട ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക് പ്രൈസിനായി പരിഗണിക്കുന്ന പുസ്തകങ്ങളുടെ ചുരുക്ക പട്ടികയിൽ ഇടം നേടി ഉണ്ണി ആറിന്റെ കഥകളും പോൾ ചിറക്കരോടിന്റെ നോവലും. ഉണ്ണി ആർ. കഥകളുടെ ഇംഗ്ലിഷ് പരിഭാഷയായ 'വൺ ഹെൽ ഓഫ് എ ലവർ' എന്ന പുസ്തകവും പോൾ ചിറക്കരോടിന്റെ 'പുലയത്തറ' എന്ന നോവലുമാണ് ഫിക്‌ഷൻ വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിലുള്ളത്. എ റെസ്പക്ടബിൾ വുമൺ (ഈസ്റ്ററിൻ കീർ), ബ്ലൂ ഈസ് ലൈക്ക് ബ്ലൂ: സ്റ്റോറീസ് (വിനോദ് കുമാർ ശുക്ല), ഹീറ്റ് (പൂമണി), ലുക്കിങ് ഫോർ മിസ് സർഗം: സ്റ്റോറീസ് ഓഫ് മ്യൂസിക് ആൻഡ് മിസ്അഡ്‌വെഞ്ചർ (ശുഭ മുദ്ഗൽ) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റു പുസ്തകങ്ങൾ.

ഈ പുസ്തകങ്ങളിൽ നിന്ന് അവസാന വിജയിയെ നവംബർ 2 ന് പ്രഖ്യാപിക്കും. 

ഒരു ഭയങ്കര കാമുകൻ, ലീല, വാങ്ക് തുടങ്ങി പത്തൊന്‍പത് ഉണ്ണി ആർ. കഥകളുടെ പരിഭാഷയാണ് 'വൺ ഹെൽ ഓഫ് എ ലവർ'. ജെ. ദേവികയാണ് പരിഭാഷ. പ്രസാധകർ– വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻ.

1962 ൽ, ദലിത് പശ്ചാത്തലത്തിൽ പോൾ ചിറക്കരോട് എഴുതിയ പുലയത്തറ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ കാതറിൻ തങ്കമ്മയാണ്. മിനി കൃഷ്ണൻ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രസാധകർ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സാണ്.

ഫിക്‌ഷൻ വിഭാഗത്തിലെ പുരസ്കാരത്തിനായി ആട്ട ഗലാട്ട മുൻപ് പുറത്തുവിട്ട പുസ്തകങ്ങളുടെ പട്ടികയിൽ നിന്ന്– ബുഹാരി (അനുകൃതി ഉപാധ്യായ), ക്ലോൺ (പ്രിയ സരുക്കായ് ഛബ്രിയ), ഇന്ദിരാ ബായ്: ദ് ട്രയംഫ് ഓഫ് ട്രൂത്ത് ആൻഡ് വിർച്യൂ (ഗുൽവാഡി വെങ്കിട്ട റാവു), ദ് ബ്ലൂ ലോട്ടസ്: മിത്ത്സ് ആൻഡ് ഫോക്ടെയ്ൽസ് ഓഫ് ഇന്ത്യ (മീന അറോറ നായക്), ദ് ഫോറസ്റ്റ് ഓഫ് എൻചാന്റ്മെന്റ്സ് (ചിത്ര ബാനർജി ദിവാകരുണി), ദ് റേഡിയൻസ് ഓഫ് എ തൗസൻഡ് സൺസ് (മൻറീത് സോധി സോമേശ്വർ), ദ് സെന്റ് ഓഫ് ഗോഡ് (സൈകത് മജുംദാർ) എന്നീ പുസ്തകങ്ങളെ പിൻതള്ളിയാണ് അവസാന ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.