പോളിഷ് നോവലിസ്റ്റായ ഓൾഗ തൊകാർചുക്കിനും ഓസ്ട്രിയൻ–ജർമൻ നോവലിസ്റ്റായ പീറ്റർ ഹൻഡ്കെയ്ക്കും ഇത്തവണ സാഹിത്യ നൊബേൽ സമ്മാനങ്ങൾ (2018,19) ഒരുമിച്ചു പ്രഖ്യാപിച്ചപ്പോൾ സംവാദപ്രേരിതമായ ചില വിഷയങ്ങൾ ഉയർന്നുവന്നു.  അതിലൊന്ന് പീറ്റർ ഹൻഡ്‍കെയുടെ രാഷ്ട്രീയനിലപാടുകളാണ്. യൂഗോസ്ലാവ് യുദ്ധകാലത്ത് സെർബുകൾ നടത്തിയ വംശഹത്യയെ ന്യായീകരിക്കുകയോ വംശഹത്യ സംഭവിച്ചിട്ടില്ലെന്നു വാദിക്കുകയോ ചെയ്യുന്ന എഴുത്തുകാരൻ, യുദ്ധക്കുറ്റങ്ങൾക്കു വിചാരണ ചെയ്യപ്പെട്ട സെർബിയ മുൻ പ്രസിഡന്റ് സ്ലൊബോദാൻ മിലോസെവിച്ചിന്റെ തുറന്ന ആരാധകനുമാണ്. അദ്ദേഹം മിലോസെവിച്ചിന്റെ സംസ്കാരച്ചടങ്ങിൽ നടത്തിയ പ്രസംഗം യൂറോപ്പിലെങ്ങും വലിയ പ്രതിഷേധമുണ്ടാക്കി. ഹൻഡ്കെക്ക് ഓരോ വട്ടം ഏതെങ്കിലും പുരസ്കാരം നൽകുമ്പോളും യൂറോപ്പിൽ വലിയ പ്രതിഷേധം ഉയരാറുണ്ട്. അതേ സമയം ഹൻഡ്‌കെ യുദ്ധാനന്തര ജർമൻസാഹിത്യത്തിൽ ജനപ്രിയനായി തുടരുകയും ചെയ്യുന്നു.

എഴുത്തുകാരന്റെ രാഷ്ട്രീയനിലപാടുകൾ ഒരുവശത്തും അയാളുടെ സാഹിത്യത്തിലെ അനുഭൂതികൾ മറുവശത്തും നിൽക്കുന്ന വൈരുദ്ധ്യമാണിത്. ഒരാൾ മനോഹരമായ രചനകൾ നടത്തുമ്പോഴും അയാൾ ഒരു ഫാഷിസ്റ്റോ വംശീയവാദിയോ ആയി തുടരുന്നുവെങ്കിൽ വായനക്കാർ എന്തു നിലപാടെടുക്കും? നല്ല രചനകൾ എപ്പോഴും നല്ലതു തന്നെ, എന്നാൽ ഗ്രന്ഥകാരനോ ഗ്രന്ഥകാരിയോ ഫാഷിസ്റ്റോ വംശീയവാദിയോ ആകുമ്പോൾ അതുണ്ടാക്കുന്ന സാംസ്കാരിക പ്രത്യാഘാതങ്ങൾ അവഗണിക്കാനില്ല. ഒരു ഫാഷിസ്റ്റിന്റെ കവിതകൾ ലോകോത്തരമായാലും തനിക്കു വേണ്ടെന്ന് പറയാം, ഫാഷിസമല്ല സാഹിത്യമാണ് തന്റെ മൂല്യബോധത്തിന് അടിസ്ഥാനം എന്ന മറുവാദവും ഉന്നയിക്കാം. ഈ പ്രശ്നം സാഹിത്യമുണ്ടായ കാലം മുതലുണ്ട്. വിഖ്യാതരായ പല എഴുത്തുകാരും പിന്തിരിപ്പൻ നിലപാടുകളുടെയും വിചിത്രവിശ്വാസങ്ങളുടെയും പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. 

പ്രധാന പ്രശ്നം, വംശീയതയും സങ്കുചിത ദേശീയതയും ആഗോളതലത്തിൽ ഭയാനകരൂപം ആർജ്ജിച്ച ഇക്കാലത്തു നോബേൽ സമ്മാനം പോലെ വലിയ പുരസ്കാരങ്ങൾ ലഭിക്കുന്ന ഗ്രന്ഥത്തിനു മാത്രമല്ല ഗ്രന്ഥകാരനും പൊതുസമൂഹത്തിലുണ്ടാകുന്ന സ്വീകാര്യതയും ആധികാരികതയുമാണ്. തീവ്രദേശീയതയ്ക്കും വംശീയതയ്ക്കും ലഭിക്കുന്ന അംഗീകാരമോ ന്യായമോ ആയി പുരസ്കാരലബ്ധി മാറുന്നുവെന്നതാണു വാസ്തവം. ഈ സാഹചര്യത്തിലാണു പീറ്റർ ഹൻഡ്കെക്കു പുരസ്കാരം നൽകാനുള്ള സ്വീഡിഷ് അക്കാദമിയുടെ തീരുമാനം വിമർശിക്കപ്പെടേണ്ടതാണെന്ന നിലപാട് ചിലർ ശക്തമായി ഉയർത്തുന്നത്.

മറുവശത്ത് ഓൾഗ തൊകാർചുക്കിനെ നോക്കൂ. ഹൻഡ്‌കെ എന്തിനെല്ലാം വേണ്ടി ശബ്ദമുയർത്തുന്നുവോ അതിന്റെയെല്ലാം എതിർചേരിയിലാണു തൊകാർചുക്. ലോകമെമ്പാടുമുള്ള പരിസ്ഥിതി സമരങ്ങളെ പിന്തുണയ്ക്കുകയും രാഷ്ട്രീയസമരങ്ങൾക്കായി തെരുവിലിറങ്ങുകയും ചെയ്യുന്ന എഴുത്തുകാരിയുടെ ഇഷ്ടപ്രമേയം കുടിയേറ്റവും സ‍ഞ്ചാരവുമാണ്. പോളണ്ടിൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ കടുത്ത വിമർശകയാണ്. പോളണ്ട് സർക്കാരിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളെയും തുറന്നെതിർക്കുന്നു. 90 കളിൽ എഴുത്തിലേക്കു വന്ന ഓൾഗയുടെ നോവലുകളും ലേഖനങ്ങളും പോളണ്ടിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നു. എന്നാൽ കഴിഞ്ഞവർഷം വരെ അവരെ പോളണ്ടിനു പുറത്ത് അധികമാരും അറിഞ്ഞിരുന്നില്ല. ഓൾഗയുടെ ദ് ഫ്ലൈറ്റ്സ് എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ 2017ൽ ഇറങ്ങി. അതിനു 2018ൽ മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം കിട്ടിയതോടെ ആഗോളതലത്തിൽ ഈ പോളിഷ് എഴുത്തുകാരിയുടെ ശ്രദ്ധേയമായ പല പുസ്തകങ്ങളും ഇനി മൊഴിമാറ്റം ചെയ്തു വരാനിരിക്കുന്നതേയുള്ളു. 

ദ് ഫ്ലൈറ്റ്സിനെ കുറിച്ച് ചിലതു പറയാം: യാത്രകൾക്കിടയിൽ, ട്രെയിനിലും വിമാനത്തിലും ബസിലും, മ്യൂസിയം പടവുകളിലും റസ്റ്ററന്റ് മൂലകളിലും ഉദ്യാന ബെഞ്ചുകളിലും ഇരുന്നു തുണ്ടുകടലാസുകളിലും പോസ്റ്റ് കാർഡുകളിലും നാപ്‌കിനുകളിലും പുസ്തകവക്കുകളിലും എഴുതിയതാണു ഈ നോവൽ. ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളെക്കുറിച്ചുള്ള കൗതുകകരമായ നിരീക്ഷണങ്ങൾ, വിമാനയാത്രയുമായി ബന്ധപ്പെട്ട പലതരം കഥകൾ ഈ നോവലിലുണ്ട്. സഞ്ചാരമെന്നതു മനുഷ്യാവസ്ഥയുടെ ഏറ്റവും കരുത്തുളള ആവിഷ്കാരമായിട്ടാണ് തൊകാർചുക് കാണുന്നത്. പലയാളുകൾ പിടിച്ചു മിനുസമായ കൈവരി. പലർ നടന്നു മിനുസമായ കൽപ്പാത. അവയിലെ മുദ്രകളുടെ അദൃശ്യതകളാണു പിന്നീടു നമ്മെ നോവലായി പിന്തുടരുക എന്ന് എഴുത്തുകാരി പറയുന്നു. 

വിമാനയാത്രാപ്പേടിക്കാർക്കുവേണ്ടി യൂറോപ്പിനു കുറുകെ രാത്രികളിൽ മാത്രം ഓടുന്ന ട്രെയിനുകളെപ്പറ്റി ഫ്ലൈറ്റ്സിൽ ഒരിടത്തു പറയുന്നുണ്ട്. ആ ട്രെയിനുകൾ മെല്ലെയാണ് ഓടുക. ഉദാഹരണത്തിന് പോളണ്ടിലെ സിഷെസണിൽനിന്നു വ്രോത്സ് വാഹ്ഫിലേക്കുള്ള നിശാട്രെയിൻ. 200 മൈൽ യാത്ര. നാലുമണിക്കൂർ മതി. എന്നാൽ ഈ ട്രെയിൽ രാത്രി 10. 30 പുറപ്പെട്ടാൽ രാവിലെ ഏഴിനേ എത്തൂ. ട്രെയിനിലെ ബാർ രാത്രി മുഴുവൻ തുറന്നിരിക്കുകയും ചെയ്യും. യാത്രയ്ക്കിടയിൽ അത് പാടങ്ങൾക്കു നടുവിൽ മഞ്ഞിൽ കുറച്ചുനിർത്തിയിടുകയും ചെയ്യും.   

സ്‌പിനോസയുടെ വിദ്യാർഥിയായിരുന്ന ഫിലിപ് വേർഹെയൻ എന്ന അനാട്ടമിസ്റ്റിന്റെ കഥ കൂടി പറയാം. 17–ാം നൂറ്റാണ്ടിലേതാണ്. ഈ നോവലിലെ ഏറ്റവും ശക്തമായ ആഖ്യാനങ്ങളിലൊന്നാണിത്. ഫിലിപ് വേർഹെയന്റെ കാലിൽ ഒരിക്കൽ ആണി കൊണ്ടോ മറ്റോ ഒരു ചെറിയ മുറിവുണ്ടായി. അതു പിന്നീടു പഴുത്തു വഷളായതോടെ കാൽമുട്ടിനു താഴെ വച്ചു മുറിച്ചുനീക്കേണ്ടി വന്നു.  അദ്ദേഹം അത് മറവു ചെയ്യാൻ അനുവദിക്കാതെ തന്റെ പഠനമുറിയിൽ ഒരു ചില്ലുപാത്രത്തിൽ കേടുവരാതെ പാനീയത്തിൽ സൂക്ഷിക്കാൻ തീരുമാനിച്ചു. 20 വർഷത്തോളം വേർഹെയൻ തന്റെ മുറിച്ചുനീക്കിയ ആ കാൽ കീറിപ്പൊളിച്ചു പഠിക്കുന്നു. എന്നാൽ, ഈ മുറിച്ചുമാറ്റിയ കാൽഭാഗത്തിനു വേദനിക്കുന്നതായി വേർഹെയനു ചിലപ്പോൾ അനുഭവപ്പെട്ടിരുന്നു. ഇല്ലാത്ത കാലിലെ വേദനയുമായി പല രാത്രികളിലും ഫിലിപ് ഞെട്ടി ഉണരുന്നുണ്ടായിരുന്നു. 

സഞ്ചാരത്തിന്റെയും കുടിയേറ്റത്തിന്റെയും ബഹുമുഖമായ അവസ്ഥകൾ, അതിന്റെ പൊരുളുകൾ എന്നിവ തിരയുന്ന ‘ഫ്ലൈറ്റ്സ് ’ ലോക സഞ്ചാരികളായവരും ആത്മസഞ്ചാരം നടത്തുന്നവരും കൊണ്ടുനടന്നു വായിക്കേണ്ടതാണ്. ഈ നോവലിൽനിന്നു ഞാൻ പഠിച്ച പുതിയ പദങ്ങളിലൊന്ന് peregrination ആണ്. പലദിക്കുകളിലേക്കും ദിശകളിലേക്കുമുള്ള യാത്ര എന്നാണ് അർഥം. 

സത്യത്തിൽ നോവൽ ഏതെങ്കിലും ഒരു സ്ഥലത്തിന്റെയോ ദേശത്തിന്റെയോ വ്യക്തിയുടെയോ മാത്രം ആഖ്യാനമായിരിക്കുന്നതിനേക്കാൾ ഒന്നിലധികം കഥകളുടെയും സമുച്ചയം ആകുന്നതാണ് എനിക്കിഷ്ടം. ഒരു കഥയിലൂടെ പോകുമ്പോൾ പൊടുന്നനെ മറ്റൊരു കഥയിലേക്ക് ദിശാഭ്രംശമുണ്ടാകുന്നതാണ്, ഒരു വിചാരത്തിൽനിന്നു മറ്റൊരു വിചാരത്തിലേക്ക് ശ്രദ്ധാവ്യതിയാനമുണ്ടാകുന്നതാണ് ഏറ്റവും ശക്തമായ നോവൽ ലക്ഷണം എന്നു ഞാൻ കരുതുന്നു. വോൾഗ തൊകാർചുക്കിന്റെ സവിശേഷത അതാണ്. I am the anti-Antaeus എന്നാണു ഫ്ലൈറ്റ്സിലെ നായികയുടെ പ്രഖ്യാപനം. ആന്റീയാസ് യവന പുരാണകഥാപാത്രമാണ്. അയാളുടെ ശക്തിവരുന്നത് സ്വന്തം അമ്മയായ ഭൂമിയിൽനിന്നാണ്. മണ്ണിൽ ഉറച്ചുനിൽക്കുമ്പോൾ അയാൾക്ക് അപാരമായ ശക്തി കിട്ടുന്നു. എതിരാളികളെ കീഴ്പ്പെടുത്തിവധിക്കുന്നു. എന്നാൽ സഞ്ചാരിയായ ആൾ ആന്റീയാസല്ല. അയാൾ ഒരിടത്തും ഉറച്ചുനിൽക്കുന്നില്ല. അയാൾക്ക് ശക്തി വരുന്നത് ചലനത്തിൽനിന്നാണ്– കുലുങ്ങിപ്പായുന്ന ബസിൽനിന്ന്, വിമാനത്തിന്റെ മൂളക്കത്തിൽനിന്ന്, ട്രെയിനിന്റെയും ബോട്ടുകളുടെയും കുലുക്കത്തിൽനിന്ന്.

ശുഭം.