ഓർമക്കുറിപ്പുകൾ എഴുതാൻ മാത്രം വയസ്സായോ നിനക്കെന്ന് പലരും ചോദിക്കാറുണ്ടെന്ന് എഴുത്തുകാരി ഫൗസിയ കളപ്പാട്ട്. ഏതു പ്രായത്തിലും ആ പ്രായത്തിനനുസരിച്ചുള്ള ഓർമകളിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എഴുത്തിലേക്കു ഞാൻ കടന്നു വന്നതു തന്നെ ഓർമക്കുറിപ്പുകളിലൂടെയാണ്. അവയിൽ ചിലത് തൂവൽ പോലെയും ചിലത് കരിങ്കല്ലു പോലെയും നെഞ്ചിൽ അള്ളിപ്പിടിച്ചിരിക്കും. അവ അലിഞ്ഞിറങ്ങി പോവുക അക്ഷരങ്ങളായി ജനിക്കുമ്പോഴാണ്. അപ്പോഴേക്കും പുതിയ ഓർമഭ്രൂണങ്ങൾ ജനിച്ചിരിക്കും. എന്റെ ഓർമകളിൽ മിന്നിത്തെളിഞ്ഞ ജീവിതങ്ങളെ മറവിയിലേക്കു തള്ളിവിടാതെ അക്ഷരങ്ങളാക്കാനായി എന്നതാണ് വലിയ കാര്യം – ഫൗസിയ പറയുന്നു.

ഷാർജ  രാജ്യന്തര പുസ്തകമേളയിൽ ഫൗസിയയുടെ ഓർമക്കുറിപ്പുകൾ  ഓർമകളുടെ ഉറുമ്പനക്കങ്ങൾ പ്രകാശനം ചെയ്യുന്നുണ്ട്. നവംബർ എട്ടിന് വൈകി‌ട്ട് 7‌.30 ന് എഴുത്തുകാരനും സിനിമാ നിർമാതാവുമായ വേണു കുന്നപ്പിള്ളി എഴുത്തുകാരൻ വി.ആർ.സുധീഷിന് കൊടുത്താണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

മിന്നാമിന്നികൾ എന്നോട് പറഞ്ഞത്, മഴ നനഞ്ഞ മണ്ണിടങ്ങൾ എന്നീ ലേഖനസമാഹാരങ്ങളും നിലാവിൽ ഒരു പ്രണയ ശലഭം എന്ന കവിതാ സമാഹാരവും പബ്ലിഷ് ചെയ്തിട്ടുണ്ട്. ആ കഥയും മറ്റു കഥകളും എന്ന കഥാസമാഹാരവും ഉടൻ പുറത്തിറങ്ങും.

‘ഒരു വളർത്തു പൂച്ചയുടെ ചിരപരിചയത്തോടെ വായനക്കാരന്റെ മനസ്സിനെയും ഓർമകളെയും ചാരിയുരുമ്മി സ്നേഹപൂർവം കറങ്ങുന്നുണ്ട് ഈ പുസ്തകത്തിലെ സത്യസന്ധമായ ഓരോ കുറിപ്പും. ചെറുതും വലുതുമായ കുറിപ്പുകളിൽ ഒരു ജീവിത ദർശനം വെളിവാക്കുന്നുണ്ട് എഴുത്തുകാരി. അത് മതത്തിനും മതിലുകൾക്കും അതീതമായ നമ്മുടെ കാലത്തിന് അപരിചിതമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ ജീവിത ദർശനമാണ്. അതിന്റെ എത്രയും ലഘുവും ലളിതവുമായ സ്നേഹ പാഠങ്ങളാണ് ഫൗസിയ കളപ്പാട്ടിന്റെ ഓരോ എഴുത്തും’ എന്ന് എന്ന് രഞ്ജി പണിക്കർ പുസ്തകത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.