എന്റെ മകൾ എൽകെജിയിൽ പഠിക്കുമ്പോൾ അവളെ കുളിപ്പിച്ചൊരുക്കി യൂണിഫോം ധരിപ്പിച്ചു സ്കൂളിൽ വിടുന്നതു ഞാനായിരുന്നു. പക്ഷേ എനിക്ക് അവളുടെ മുടി കെട്ടാൻ അറിയില്ലായിരുന്നു. എത്ര ശ്രമിച്ചാലും അതു ശരിയാകില്ല. കുറച്ചു നാൾ കഴിഞ്ഞ് ഒരു ദിവസം അവൾ പറഞ്ഞു, ‘പപ്പാ, എനിക്കറിയാം. യൂ ഡോണ്ട് വറി’. വർഷങ്ങൾക്കുശേഷവും, എന്റെ

എന്റെ മകൾ എൽകെജിയിൽ പഠിക്കുമ്പോൾ അവളെ കുളിപ്പിച്ചൊരുക്കി യൂണിഫോം ധരിപ്പിച്ചു സ്കൂളിൽ വിടുന്നതു ഞാനായിരുന്നു. പക്ഷേ എനിക്ക് അവളുടെ മുടി കെട്ടാൻ അറിയില്ലായിരുന്നു. എത്ര ശ്രമിച്ചാലും അതു ശരിയാകില്ല. കുറച്ചു നാൾ കഴിഞ്ഞ് ഒരു ദിവസം അവൾ പറഞ്ഞു, ‘പപ്പാ, എനിക്കറിയാം. യൂ ഡോണ്ട് വറി’. വർഷങ്ങൾക്കുശേഷവും, എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ മകൾ എൽകെജിയിൽ പഠിക്കുമ്പോൾ അവളെ കുളിപ്പിച്ചൊരുക്കി യൂണിഫോം ധരിപ്പിച്ചു സ്കൂളിൽ വിടുന്നതു ഞാനായിരുന്നു. പക്ഷേ എനിക്ക് അവളുടെ മുടി കെട്ടാൻ അറിയില്ലായിരുന്നു. എത്ര ശ്രമിച്ചാലും അതു ശരിയാകില്ല. കുറച്ചു നാൾ കഴിഞ്ഞ് ഒരു ദിവസം അവൾ പറഞ്ഞു, ‘പപ്പാ, എനിക്കറിയാം. യൂ ഡോണ്ട് വറി’. വർഷങ്ങൾക്കുശേഷവും, എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ മകൾ എൽകെജിയിൽ പഠിക്കുമ്പോൾ അവളെ കുളിപ്പിച്ചൊരുക്കി യൂണിഫോം ധരിപ്പിച്ചു സ്കൂളിൽ വിടുന്നതു ഞാനായിരുന്നു. പക്ഷേ എനിക്ക് അവളുടെ മുടി കെട്ടാൻ അറിയില്ലായിരുന്നു. എത്ര ശ്രമിച്ചാലും അതു ശരിയാകില്ല. കുറച്ചു നാൾ കഴിഞ്ഞ് ഒരു ദിവസം അവൾ പറഞ്ഞു, ‘പപ്പാ, എനിക്കറിയാം. യൂ ഡോണ്ട് വറി’.

വർഷങ്ങൾക്കുശേഷവും, എന്റെ മകളെക്കുറിച്ചുള്ള വിചാരങ്ങളിൽ ഞാൻ എന്നെ കാണുന്നത് അസമർഥനായി മകളുടെ മുടി കെട്ടിക്കൊടുക്കാൻ നിൽക്കുന്നതാണ്. ആ കാഴ്ചയിൽനിന്നു ശാഖ പിരിഞ്ഞ് അക്കാലത്തെ എന്റെ ജീവിതം ഓർമിക്കാൻ ശ്രമിച്ചാലോ; അവൾ പോയിക്കഴിഞ്ഞ് ഒച്ചകളെല്ലാം അടക്കത്തോടെ പിൻവാങ്ങുന്ന വീട്ടിൽ ഞാൻ തനിച്ചായിരുന്ന പകൽവേളകളെല്ലാം ഇത്തരം ഒരു ദൃശ്യവും ബാക്കിവയ്ക്കാതെ ഭൂതശൂന്യതയിൽ മറഞ്ഞിരിക്കുന്നു. പക്ഷേ, പെൺകുട്ടികൾ മുടി കെട്ടുന്നതു കാണുമ്പോൾ എനിക്ക് ഇപ്പോഴും മന്ദഹാസം വരും. ഒരിക്കൽ ബസിൽ യാത്ര ചെയ്യുമ്പോൾ കുറച്ചു മാറി മുൻ സീറ്റിലുള്ള ഒരു കുട്ടി കൂടെക്കൂടെ മുടി അഴിച്ചുകെട്ടുന്നതു ഞാൻ കണ്ടു. ആ ബസിലെ മറ്റെല്ലാ ബഹളങ്ങളെയും ചലനങ്ങളെയും സൂം ഔട്ട് ചെയ്ത് അവളുടെ ആ പ്രവൃത്തി മാത്രം എന്റെ റെറ്റിനയിൽ തെളിഞ്ഞുനിന്നു. എനിക്കെപ്പോഴും തോന്നാറുണ്ട്, മുടി കെട്ടുന്നതിൽ മിസ്റ്റീരിയസ് ആയ എന്തോ ഉണ്ട്. 

ADVERTISEMENT

രണ്ടു വർഷം മുൻപ് ഐഎഫ്‌എഫ്‌കെയിൽ ഞാൻ ആദ്യ ദിവസം കണ്ട അർജന്റീനയിൽനിന്നുള്ള ഒരു സിനിമയിലെ ആദ്യ ദൃശ്യം തന്നെ അതായിരുന്നു – മുകളിലേക്കുയർത്തി മുടി കെട്ടി വയ്ക്കുന്ന കൈവിരലുകളുടെ ചലനങ്ങൾ. അത് ആ സിനിമയിൽ ഒരു മെറ്റഫർ പോലെ ആവർത്തിക്കുന്നുണ്ടായിരുന്നു.

ഈ വർഷം ഞാൻ വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആനി ഇർനോയുടെ ദി ഇയേഴ്‌സ്, എഴുത്തുകാരിയുടെ സ്മരണകളിലെ ഇത്തരം ദൃശ്യങ്ങളുടെ പുസ്തകമാണ്. പഴയ ഫോട്ടോഗ്രഫുകൾ നിരത്തിവച്ച് അവ ഓരോന്നും എടുത്ത് അതിലെ ദൃശ്യത്തെ സൂചിപ്പിച്ച് ആ നാളുകളുടെ കഥ പറയുന്ന രീതിയാണ് ഇർനോ സ്വീകരിച്ചത്. ആത്മകഥാപരമായ ഈ ആഖ്യാനത്തിലൂടെ വ്യക്തിജീവിതം മാത്രമല്ല, രണ്ടാം ലോകയുദ്ധകാലം മുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെയുള്ള ഫ്രാൻസിന്റെയും യൂറോപ്പിന്റെയും സാമൂഹിക ചരിത്രം കൂടിയാണു നാം വായിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യത ആഖ്യാനം ചെയ്യപ്പെടുമ്പോൾ അത് ആ തലമുറയുടെ ജീവചരിത്രം കൂടിയായി മാറുന്നതാണ് ഈ പുസ്തകത്തിന്റെ ശക്തി. കഥാനായിക വിവാഹിതയായി, കുഞ്ഞിന്റെ അമ്മയായി, അധ്യാപികയായി, കുടുംബിനിയായി കഴിയുമ്പോൾ അവൾ പുസ്തകവുമായല്ല ഒരു കുഞ്ഞിനെയും കൊണ്ടാണു സഞ്ചരിക്കുക. അങ്ങനെ അവളും കുഞ്ഞും മാത്രമാകുന്ന അധികനേരങ്ങളിലും, അല്ലെങ്കിൽ കുഞ്ഞിനേക്കാൾ അവൾ തനിച്ചാകുന്ന പതിവുനേരങ്ങളിലും വരുന്നതാണു ചിന്തകൾ. അവൾക്കു വായിക്കാൻ പോലും സമയമില്ല, പിന്നെങ്ങനെ എഴുതും? എഴുതാനോ വായിക്കാനോ നേരമില്ലാത്ത ജീവിതമായാലും പക്ഷേ, ചിന്തകൾ ഇല്ലാതാകുകയില്ല. ഒരു തിരക്കിനും ചിന്തകളെ പിടിച്ചുകെട്ടാനാവില്ല. അപാരമായ ചിന്തകളുടെ തനിച്ചാകലുകൾ സംഭവിച്ചുകൊണ്ടേയിരിക്കും. അതാണ് എഴുപത്തിയെട്ടാം വയസ്സിൽ ആനി ഇർനോയുടെ ആഖ്യാനം സാധ്യമാക്കുന്നത് –എഴുത്തുകാരി പഴയ ഫോട്ടോഗ്രഫുകൾ നോക്കുന്നു. അതിൽനിന്ന് എണ്ണമറ്റ ഭൂതഗണങ്ങൾ ഉയിർകൊള്ളുന്നു.

ADVERTISEMENT

ആനി ഇർനോയിൽ ഞാൻ നിരീക്ഷിച്ച പ്രധാന സംഗതി, അവർ സ്മരണകളെ സാമൂഹികശരീരത്തിനകത്തു വയ്ക്കുന്നുവെന്നതാണ്. തന്റെ സ്വകാര്യത താൻ ജീവിച്ചുകടന്നുപോയ കാലത്തിന്റെ ഗന്ധവും രുചിയും വിനിമയം ചെയ്യുന്നതാണത്. അതൊരു നൊസ്റ്റാൾജിയ അല്ല. നഷ്ടകാലങ്ങൾ തിരിച്ചുവരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കു നൊസ്റ്റാൾജിയയിൽ ഒരു താൽപര്യവുമില്ല. എല്ലാ ഓർമയും എന്നെ ഏതെങ്കിലും രീതിയിൽ നാണം കെടുത്തുന്നതാണ്.

ലജ്ജ തോന്നാത്ത പ്രവൃത്തികൾ ഒന്നുമില്ല കുട്ടിക്കാലത്തേക്കു നോക്കിയാൽ. സ്കൂൾ, കോളജ് പഠനകാലത്തെ പോരായ്മകൾ ഓർത്താൽ, അതെങ്ങനെ പിന്നിട്ടുവെന്നത് അതിശയമായി തോന്നാറുണ്ട്. അതിനാൽ ഭൂതകാലത്തെ മാറ്റിയെടുക്കുന്നതിലും അതിനെ വലിച്ചുകീറി കടലാസുതുണ്ടുകളാക്കി പറത്തുന്നതിലുമാണ് എനിക്കു താൽപര്യം. എന്റെ യഥാർഥ ആഹ്ളാദം ഈ നിമിഷം തന്നെയാണ്, ഇന്നലെത്തെ നിമിഷം പോലുമല്ല. നൊസ്റ്റാൾജിയ എന്ന വാക്കിന് അപ്പോൾ പ്രാധാന്യം ഇല്ലാതാകുന്നു. ദൈവമേ, അതൊരു കാലമായിരുന്നു! എന്ന പ്രലപനം എനിക്കു വയ്യ. വിട്ടുപോയ കൂട്ടുകാരനോ കൂട്ടുകാരിയോ മടങ്ങിവരുന്നത്, ദിനോസറുകൾ മടങ്ങിവരുന്നതുപോലെ അസംഭവ്യവും അനാവശ്യവുമാണെന്നു കൂടി ഞാൻ കരുതുന്നു. കാരണം അന്നത്തെ ആളല്ല നാമാരും. 

ADVERTISEMENT

അതിനാൽ ഞാൻ ശീലിച്ചിട്ടുള്ള ഒരു കാര്യം, ഭൂതകാലത്തിൽനിന്ന് ചില സ്വപ്നങ്ങളെ നിർമിക്കുക എന്നതാണ്. അത് യഥാർഥത്തിൽ ഉണ്ടായ സ്വപ്നമല്ല. കണ്ട ഒരു സ്വപ്നവും അതേപടി നമുക്ക് ഓർമിക്കാനോ എഴുതാനോ ആവില്ല. മിക്കവാറും നാം പങ്കുവയ്ക്കുന്ന സ്വപ്നങ്ങളിലേറെയും നാം സങ്കൽപിക്കുന്നതാണ്. നിങ്ങൾ നോവലുകളിൽ വായിക്കുന്ന അസംഖ്യം സ്വപ്നങ്ങൾ നോക്കൂ, അവയെല്ലാം സങ്കൽപിക്കപ്പെട്ടവയാണ്. യഥാർഥത്തിൽ നാം കണ്ട സ്വപ്നം വിവരണാതീതമോ അരോചകമോ ആയിരിക്കും. ഉദാഹരണത്തിന് നാം സ്വപ്നത്തിൽ ഒരാളുടെ ചുണ്ടുകളിൽ ഉമ്മ വയ്ക്കുകയാണെങ്കിൽ ചെന്നിനായകം പോലെ കയ്പാണു വായ്ക്കകം വരിക. ആ കയ്പോടെ ഉണരുമ്പോൾ ആ പ്രേമവും നഷ്ടമാകും.

ആൽബെർട്ടോ മാംഗ്വൽ സാഹിത്യത്തിൽ എങ്ങനെയാണു സ്വപ്നങ്ങൾ ഉപയോഗിക്കുന്നതെന്നു വിശദീകരിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിന്റെ പരിധിയിലേക്ക് അസാധ്യമായതിനെ കൊണ്ടുവരുന്ന പ്രക്രിയയാണത്. ആലീസ് കാണുന്ന സ്വപ്നമാണ് അവളുടെ അദ്ഭുതലോകം. ആ ലോകത്തിനകത്തു വേറെയും സ്വപ്ന വിവരണങ്ങളുണ്ട്. പണ്ടു സാഹിത്യത്തിൽ അവിശ്വസനീയമായതു മാത്രമല്ല ഭയങ്കര സംഭവങ്ങളും വിവരിച്ചു കഴിയുമ്പോൾ എല്ലാം ഒരു സ്വപ്നമായിരുന്നു എന്നു പറയും. എന്നാൽ കാഫ്ക ഇതിനു വിപരീതമായ കാര്യമാണു ചെയ്തത്. കാഫ്കയിൽ ഒരാൾ സ്വപ്നം വിട്ടുണരുമ്പോഴാണു ഭയങ്കരമായത്, അവിശ്വസനീയമായതു സംഭവിക്കുന്നത്–അയാൾ ഒരു ഭീമൻ കീടമായി മാറുന്നു! മാംഗ്വൽ ദെസ്തോവസ്കിയുടെ (ദ് പൊസസ്‌ഡ്) നോവലിൽനിന്ന് ഒരു രംഗം ഉദ്ധരിക്കുന്നുണ്ട്. ‘നീയെന്നെ ഒരു മനുഷ്യനോളം വലുപ്പമുള്ള ചിലന്തി വസിക്കുന്ന ഒരു സ്ഥലത്തേക്കു കൊണ്ടുപോയെന്നും അതിനെ നോക്കി പേടിച്ചരണ്ടു നാം നമ്മുടെ ശിഷ്ട ജീവിതം ചെലവഴിച്ചുവെന്നും കഴിഞ്ഞ രാത്രി ഞാൻ സ്വപ്നം കണ്ടു’.

നഷ്ടമായതു കാലമായാലും സ്വപ്നമായാലും അവയിൽനിന്ന് നിങ്ങൾ എന്തെല്ലാം എടുത്തുവച്ചിട്ടുണ്ടെന്നതാണു പ്രധാനം. വൈറ്റ് ക്വീൻ, ആലീസിന് ഉപദേശം നൽകുന്നു–‘എത്ര അതിശയപ്പെൺകുട്ടിയാണു നീയെന്നതു പരിഗണിക്കൂ, ഇന്ന് എത്ര ദൂരമാണു നീ പിന്നിട്ടതെന്നു പരിഗണിക്കൂ, ഇപ്പോൾ സമയം എത്രയായെന്നതു പരിഗണിക്കൂ, എന്തു വേണമെങ്കിലും പരിഗണിക്കൂ, പക്ഷേ കരയരുത്’.

English Summary: Web Column - Ezhuthumesha : Nostalgia : A mental time machine