നികുതി കൂടിയതിൽ വിഷമിച്ചിരിക്കുകയാണ് അമ്മ. അടുത്തദിവസം കുറെ വിരുന്നുകാർ വരുന്നതുകൊണ്ടു ചെലവും കൂടും. അപ്പോഴാണ് മകൾ എന്തോ എഴുതുന്നതു ശ്രദ്ധിച്ചത്. ടീച്ചർ കൊടുത്ത ജോലിയാണ് – ദോഷകരമെന്ന് ആദ്യം തോന്നിയതും പിന്നീട് ഉപകാരപ്രദമെന്നു മനസ്സിലായതുമായ കാര്യങ്ങൾ എഴുതുക. 

അവൾ എഴുതിയിരിക്കുന്നത് അമ്മ വായിച്ചു: വാർഷിക പരീക്ഷ വരുന്നതു നന്നായി, സ്കൂൾ അടയ്ക്കാറായല്ലോ. അരുചിയുള്ള മരുന്നു കഴിച്ചതു നന്നായി, അസുഖം മാറിയല്ലോ. അമ്മ രണ്ടു വാചകങ്ങൾ കൂട്ടിച്ചേർത്തു: നികുതി കൂടിയതു നന്നായി, വരുമാനം കൂടിയതു കൊണ്ടാണല്ലോ. വിരുന്നുകാർ വരുന്നതു നന്നായി, കുറച്ചുപേരെങ്കിലും ബന്ധുക്കളായി ഉണ്ടല്ലോ!

ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും സംഭവിക്കുന്നതും സംഭവിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രിയങ്ങൾക്കും പദ്ധതികൾക്കും വിരുദ്ധമായി സംഭവിക്കുന്നവയും കൂടി ഉൾപ്പെടുന്നതാണു ജീവിതം. സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും എന്തെങ്കിലും പറയാനും പഠിപ്പിക്കാനും ഉണ്ടാകും. അപ്പോൾത്തന്നെ അർഥം പിടികിട്ടുന്നവയും കാലാന്തരത്തിൽ മാത്രം മനസ്സിലാകുന്നവയും ഉണ്ടാകും. പല കാര്യങ്ങളും അതിനാൽത്തന്നെ ദോഷമോ ആപത്തോ ആകില്ല.

ഭയപ്പെടുത്തുന്നവയുടെ മുൻപിൽ മുട്ടുമടക്കുന്നവരും നിർഭയരായി നിൽക്കുന്നവരുമുണ്ട്. ഒരു വെല്ലുവിളിയും അഭിമുഖീകരിക്കാത്തവർ നിർഗുണരായി ശേഷിക്കും. എന്തിനെയും സ്വീകരിക്കാനും നേരിടാനും തയാറാകുന്നവരിൽ ക്രിയാത്മകതയും പോരാട്ടവീര്യവും രൂപപ്പെടും. ചിന്തകൾ പ്രവൃത്തികളെ സ്വാധീനിക്കുമെങ്കിൽ, നല്ല ചിന്തകളിലൂടെ നല്ലതു പ്രവർത്തിച്ചുകൂടേ? എന്തിന്റെയും പോംവഴി ആദ്യം ഉടലെടുക്കേണ്ടതു മനസ്സിലാണ്. മനസ്സു തെളിഞ്ഞാൽ മാർഗവും തെളിയും.

English Summary : Subhadinam, Food For Thought