ഗിരീഷ് പുത്തഞ്ചേരി എന്ന അനുഗ്രഹീത ഗായകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് പത്തുവർഷം. പ്രിയഗാനങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന ആ ബഹുമുഖപ്രതിഭയെക്കുറിച്ച് കരൾതൊടുന്നൊരു കുറിപ്പു പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരിയായ കെ.പി സുധീര. 

സുധീരയുടെ കുറിപ്പിങ്ങനെ:-

സ്വന്തം സർഗ്ഗാത്മകതയിൽ അതിരറ്റ വിശ്വാസമുണ്ടായിരുന്ന ഗിരീഷ് പുത്തഞ്ചേരി. ഗാനങ്ങളുടെ, ആഘോഷങ്ങളുടെ കൊടുമയിൽ പാനപാത്രം ശബ്ദഘോഷങ്ങളോടെ തച്ചുടച്ച് രംഗത്ത് നിന്ന് നിഷ്ക്രമിച്ചു. അവന്റെ അന്തരാത്മാവ് മൗനമായി, അഗ്നി പോലെ ആളിക്കത്തുകയായിരുന്നു. ജീവിതവിഷാദത്തിന്റെ മാരക വിഷം കുടിച്ച് ആ സർഗധനൻ വീണുടഞ്ഞ സൂര്യകിരീടത്തെക്കുറിച്ച്, ആകാശദീപങ്ങൾ സാക്ഷിയാക്കി, വെൺശംഖ് പോലുള്ള ഹൃദയത്തിന്റെ തീരാ വ്യഥകൾ പിന്നേയും പിന്നേയും നമ്മോട് പറഞ്ഞു കൊണ്ടിരുന്നു. മനസ്സിന് മേൽ നായകത്വം നേടിയ പ്രിയ സുഹൃത്തേ നീ നിന്നിൽ തന്നെ സ്വയം അലങ്കോലപ്പെട്ടു കിടക്കയായിരുന്നു.

നമ്മുടെ സൗഹൃദത്തിന് ആയിരം ഓർമകളുണ്ട്. സ്നേഹപരിഭവങ്ങളുടെ കാർമേഘങ്ങളുണ്ട്. എന്നാൽ അവയ്ക്കെല്ലാം ആർജ്ജവം നിറഞ്ഞ ഒരു ആത്മാവിന്റെ അപരിമേയ പരിമളം! മാനവികതയുടെ ആത്മാവിൽ ലഹരിയുൽപാദിക്കുന്ന രാസ വിദ്യ അറിഞ്ഞ കവേ! അനുപമ സുന്ദരങ്ങളായ ഗാനങ്ങളുടെ സപ്ത വർണങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് കുടഞ്ഞിട്ട് നീ എവിടേക്കാണ് യാത്ര പോയത്! ഞങ്ങളുടെയെല്ലാം ജീവിതത്തിന്റെ തെരുവോരത്തുകൂടെ എന്നും നടന്നു പാടുന്ന കിന്നര ഗായക! മരിക്കില്ല നീ-

മറക്കില്ല ഞങ്ങൾ'

English Summary : K.P Sudheeras Facebook Post About Gireesh Puthenchery