ന്യൂഡല്‍ഹി• ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍  ജീവിക്കുന്നത് അങ്ങേയറ്റം ദുഷ്കരമാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത കവി മുനവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണയ്ക്ക് ഉപദേശവുമായി ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍നിന്നുള്ള എംപി കൂടിയായ സതീഷ് ഗൗതമാണ് ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. 

രാജ്യം ശ്വാസം മുട്ടിക്കുന്നുവെങ്കില്‍ സുമയ്യയ്ക്ക് പാക്കിസ്ഥാനിലേക്കു പോകാം. അവര്‍ക്കു മുന്നില്‍ ഒട്ടേറെ വഴികള്‍ തുറന്നുകിടക്കുന്നു- സതീഷ് ഗൗതം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ആര്‍ക്കും സ്വാതന്ത്ര്യത്തോടെ എന്തും സംസാരിക്കാമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് സുമയ്യ നടത്തിയ പ്രസംഗത്തിനു മറുപടിയായാണ് സതീഷിന്റെ പ്രതികരണം. 

കവി മുനവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണ. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

രാജ്യത്തെ നിലവിലെ സാഹചര്യം വിദ്വേഷം നിറഞ്ഞതാണെന്നും സ്വതന്ത്രമായി ചിന്തിക്കുന്നവരെ ഇതു ശ്വാസം മുട്ടിക്കുന്നുവെന്നും സുമയ്യ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്. പൗരത്വ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനും പ്രസംഗിച്ചതിനും സുമയ്യയ്ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിട്ടുമുമുണ്ട്. എന്നാല്‍ തനിക്കെതിരെ കേസ് എടുത്ത നടപടിയെ ആദരവായാണു കാണുന്നതെന്ന് സുമയ്യ അഭിപ്രായപ്പെട്ടു. 

‘‘പൊലീസ് കേസ് എടുത്ത് എന്നെ ശിക്ഷിക്കാമെന്നായിരിക്കാം യോഗി ആദിത്യനാഥിന്റെ ഭരണകൂടം വിചാരിക്കുന്നത്. പക്ഷേ, ഈ കേസ് ഒരു ശിക്ഷയായി ഞാന്‍ എടുക്കുന്നില്ല. എനിക്ക് ഇത് ഒരു ആദരവാണ്. വരും തലമുറകള്‍ ഒരുപക്ഷേ ഈ കേസിന്റെ പേരിലായിരിക്കും എന്നെ ഓര്‍മിക്കാന്‍ പോകുന്നത്’’- സുമയ്യ പറയുന്നു. 

‘‘ഉത്തര്‍പ്രദേശ് പൊലീസ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്. അത് അംഗീകരിക്കാന്‍ ഞാനില്ല എന്നു പറഞ്ഞതിന്റെ പേരില്‍ എനിക്കും മകള്‍ക്കും  എതിരെ ചുമത്തിയിരിക്കുന്നത് സെക്‌ഷന്‍ 144 അനുസരിച്ചുള്ള കുറ്റങ്ങളാണ്’’- കവി മുനവ്വര്‍ റാണ അഭിപ്രായപ്പെട്ടു.

ആധുനിക ഉറുദു സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കവിയാണ് അലിഗഡില്‍ താമസിക്കുന്ന മുനവ്വര്‍ റാണ. ഉറുദു സാഹിത്യത്തിനുള്ള സംഭാവനകളുടെ പേരില്‍ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചെങ്കിലും പിന്നീട് സര്‍ക്കാരിന്റെ അസഹിഷ്ണുതയില്‍ മനംമടുത്ത് മുനവ്വര്‍ റാണ പുരസ്കാരം തിരികെ നല്‍കിയിരുന്നു. ഭാവിയില്‍ സര്‍ക്കാരിന്റെ ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും മുനവ്വര്‍ റാണ പറഞ്ഞിട്ടുണ്ട്. 

English Summary: Free To Go To Pak: BJP MP On Poet's Daughter