ഫ്രാന്‍സിലെ പ്രശസ്ത സാഹിത്യ പുരസ്കാരത്തിനു പരിഗണിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരു ഇന്ത്യക്കാരിയും. വിദേശ ഭാഷാ വിഭാഗത്തില്‍ ചെറുകഥയ്ക്കുള്ള പുരസ്കാരത്തിനാണ് ഇന്ത്യക്കാരി പരിഗണിക്കപ്പെടുന്നത്. ശ്വേത തനേജയുടെ ‘ദ് ഡോട്ടര്‍ ദാറ്റ് ബ്ലീഡ്സ്’ എന്ന ചെറുകഥയാണ് അപൂര്‍വ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് പ്രി ഇമാജിനയര്‍ എന്നാണു വര്‍ഷം തോറും നല്‍കുന്ന  പുരസ്കാരത്തിന്റെ പേര്. ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയായ ഒരു യുവതി എങ്ങനെയെല്ലാം കച്ചവടവത്കരിക്കപ്പെടുന്നു എന്നാണ് ശ്വേതയുടെ കഥ പറയുന്നത്. 

‘‘ഫ്രഞ്ച് പുരസ്കാരത്തിനുള്ളചുരുക്കപ്പട്ടികയില്‍ എന്റെ കഥയും ഇടംപിടിച്ചെന്ന വാര്‍ത്ത വലിയൊരു ആദരവാണ്.  ഒരു ഇന്ത്യന്‍ കഥ ഫ്രാന്‍സിലെ വിധികര്‍ത്താക്കള്‍ക്കുമുന്നില്‍ എത്തി എന്നതിലും എനിക്ക് അഭിമാനമുണ്ട്’’ - ശ്വേത പറയുന്നു.

ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ എഴുതിയ കഥയാണ് ‘ദ ഡോട്ടര്‍ ദാറ്റ് ബ്ലീഡ്സ്’. ഗൗരവത്തേക്കാള്‍ നര്‍മത്തിനാണു പ്രാധാന്യം. ഒരു സാധാരണ വീട്ടമ്മയാണു കഥ പറയുന്നത്. ഇന്ത്യയിലെ ഏതൊരു സ്ത്രീയ്ക്കും പെട്ടെന്നു മനസ്സിലാക്കാനാവുന്ന, ഉള്‍ക്കൊള്ളാനാവുന്ന കഥ. ഒരു സ്ത്രീയുടെ മനസ്സിലെ പേടിയും ധര്‍മസങ്കടവും ആശങ്കകളും. ഓരോ നിമിഷവും ജീവിതം വെല്ലുവിളിയാകുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍. ഇവയൊക്കെയാണ് ശ്വേത തന്റെ കഥയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 

യൂറോപ്പിലെ പ്രശസ്ത എഴുത്തുകാരുടെ കഥകള്‍ക്കൊപ്പം ഇന്ത്യന്‍ കഥയ്ക്കും വിദേശത്ത് ഇരിപ്പിടം കിട്ടിയിരിക്കുന്നു എന്നതാണ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയുടെ ഏറ്റവും വലിയ പ്രത്യേകത. 

പ്രശസ്തമായ ഗ്രാന്‍ഡ് ഡി പുരസ്കാരം 1972 മുതല്‍ എല്ലാ വര്‍ഷവും തിരഞ്ഞെടുത്ത എഴുത്തുകാര്‍ക്ക് നല്‍കാറുണ്ട്. സയന്‍സ് ഫിക്‌ഷന്‍, ഫാന്റസി എന്നീ വിഭാഗങ്ങള്‍ക്കൊപ്പം ഫ്രഞ്ച് ഒഴിച്ചുള്ള വിദേശ ഭാഷകളില്‍ എഴുതപ്പെടുന്ന പുസ്തകങ്ങള്‍ക്കും പുരസ്കാരം നല്‍കാറുമുണ്ട്. 

ഫ്രാന്‍സില്‍നിന്നുള്ള മികച്ച നോവലിനും ചെറുകഥയ്ക്കും നല്‍കുന്ന പുരസ്കാരങ്ങള്‍ക്കു പുറമെയാണ് വിദേശ ഭാഷയിലെ കൃതികള്‍ക്കു നല്‍കുന്ന അംഗീകാരം.

English Summary: Shweta Taneja’s short story in Grand Prix de l’Imaginaire Awards’s shortlist